26 April Friday

കേരളത്തിനെതിരെ വർഗീയസഖ്യം

വെബ് ഡെസ്‌ക്‌Updated: Friday Dec 17, 2021


വിമോചനസമരകാലത്ത് സിഐഎയുടെ പണം സ്വന്തം കൈയിൽ വാങ്ങിയെന്ന് കുമ്പസരിച്ച ഒരു കോൺഗ്രസ് നേതാവ് ഇവിടെയുണ്ട്. കമ്യൂണിസ്റ്റുകാർ ഇനി 100 വർഷം അധികാരത്തിൽ വരരുതെന്നു പറയുകയും ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുകയും ചെയ്യുന്ന മറ്റൊരു കോൺഗ്രസ് നേതാവുമുണ്ട്. കമ്യൂണിസ്റ്റുകാർ വന്നാൽ വിഷംകുടിച്ചു മരിക്കുമെന്ന കുപ്രസിദ്ധ മാധ്യമ മേധാവിത്വം അതേപടി നിൽക്കുന്നു. എന്നിട്ടും കമ്യൂണിസ്റ്റുകാർക്ക് കേരളത്തിൽ ആദ്യമായി തുടർഭരണം കിട്ടി. ഇതിലുള്ള ഇവരുടെ അസഹിഷ്ണുത ഊഹിക്കാവുന്നതേയുള്ളൂ.

തങ്ങളാണ് ഇപ്പോഴും രാജ്യം ഭരിക്കുന്നതെന്നാണ് കോൺഗ്രസുകാരുടെ വിചാരം. അര നൂറ്റാണ്ടിലേറെ  ഇന്ത്യ ഭരിച്ചവർക്ക് ആ മാനസികാവസ്ഥയിൽനിന്ന് മാറാനായിട്ടില്ല. ഹൈക്കമാൻഡിൽ ഇപ്പോൾ ആരൊക്കെയാണെന്ന് അവർക്കുതന്നെ നിശ്ചയമില്ല. എങ്കിലും തറവാട്ടു കാരണവന്മാരെപ്പോലെ കിട്ടിയ അവസരത്തിലെല്ലാം കമ്യൂണിസ്റ്റ് വിരോധം വിളമ്പും. കേരളത്തിൽ പുതുതലമുറ നേതൃത്വമാണ്. എൽഡിഎഫിന്റെ തുടർഭരണത്തിൽ വിറളിപൂണ്ട മുള്ള്, -മുരുക്ക്, -മൂർഖൻ പാമ്പുകളെയെല്ലാം കൂട്ടിയോജിപ്പിക്കാൻ പറ്റിയ നേതൃനിര. ഹൈക്കമാൻഡിലെ രാഹുൽഗാന്ധി ഹിന്ദുരാഷ്ട്രം ആഹ്വാനം ചെയ്യുമ്പോൾ കെപിസിസി പ്രസിഡന്റ്‌ നേരത്തേ രണ്ടു തോണിയിൽ കാലുവച്ചിരിപ്പാണ്.

വിമോചനസമരകാലത്ത് ഇല്ലാത്ത മറ്റൊരു കൂട്ടർ ഇതിനിടയിൽ രംഗത്തുണ്ട്‌ എന്നതാണ് കേരളത്തിന്റെ ആധുനിക ദുര്യോഗം. മൗദൂദിസ്റ്റുകളെന്ന് സമുദായംതന്നെ വിളിക്കുന്ന മത തീവ്രവാദപ്രസ്ഥാനങ്ങൾ. സംഘപരിവാറിനെപ്പോലെ അവർ ഒരേ നിമിഷം വ്യത്യസ്ത വേഷത്തിലാണ്‌ അവതരിക്കുക. മനുഷ്യാവകാശം, പരിസ്ഥിതി തുടങ്ങി അവർക്ക് വഴങ്ങാത്ത മേഖലയൊന്നുമില്ല. പക്ഷേ, താലിബാനെക്കുറിച്ച് പറഞ്ഞാൽ പ്രശ്നം ദീനിന്റേതാകും. മതമാണ് പ്രശ്നമെന്നുപറഞ്ഞ് കൈവെട്ടും. വിഭജനകാലത്ത് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയവരാണ് മുസ്ലിംലീഗ്. മലബാറിൽ അവർ നടത്തിയ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ കുപ്രസിദ്ധം. വിഭജനശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗായി. ദേശീയ മുസ്ലിങ്ങളുടെ നേതൃത്വം ആ പ്രസ്ഥാനത്തെ വളരെയേറെ മുന്നോട്ടുനയിച്ചു. മൗലാനാ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമി പലേടത്തും പല പേര്‌ സ്വീകരിച്ചു. ബംഗ്ലാദേശ് ഉൾപ്പെടെ മിക്കയിടത്തും നിരോധിക്കപ്പെട്ടു; ഇപ്പോൾ അറബ് രാജ്യങ്ങളിലും. അറബ് വസന്തമെന്ന കേൾക്കാൻ ഇമ്പമുള്ള പ്രക്ഷോഭത്തിന്റെ ഉൽപ്പന്നം തുർക്കിയിൽ എർദോഗന്റെ നേതൃത്വത്തിൽ, ചരിത്രത്തിന്റെ നേർസാക്ഷ്യമായ ഹഗിയ സോഫിയ മ്യൂസിയം പള്ളിയാക്കി. അതിന്റെ വിജയഘോഷം മുസ്ലിംലീഗ് നേതൃത്വം ഇവിടെ ലേഖനത്തിലൂടെ അടയാളപ്പെടുത്തി. അഫ്ഗാനിൽ ബാമിയാനിൽ ബുദ്ധപ്രതിമ തകർത്ത താലിബാൻകാരും ബാബ്‌റി മസ്ജിദ് ത്രിശൂലംകൊണ്ട് വെട്ടിത്തകർത്ത സംഘപരിവാറുകാരും ഇവിടെ കേരളത്തിൽ സഖ്യകക്ഷികളായിരിക്കുകയാണ്.

കോഴിക്കോട്ട് ഈയിടെ നടത്തിയ ലീഗ് വർഗീയ റാലിയിൽ ഉയർത്തിയ വിഷലിപ്ത മുദ്രാവാക്യങ്ങൾ അവിഭക്ത ലീഗിനെ ഓർമിപ്പിക്കുന്നുണ്ട്. അതിനെ പൊതുസമൂഹം രൂക്ഷമായി വിമർശിച്ചപ്പോൾ ലീഗിനുതന്നെ പിന്മാറേണ്ടിവന്നു. കോൺഗ്രസിന്റെ കെ സുധാകരൻ –-വി ഡി സതീശൻ നേതൃത്വം ക മ മിണ്ടാതിരുന്നു. ലീഗിന്റെ നിലപാടിനെ കൈയടിച്ചു പിന്തുണയ്‌ക്കാൻ സംഘപരിവാറിന്റെ കുമ്മനം രാജശേഖരൻ ചാടിവീണു. കമ്യൂണിസ്റ്റുകാർക്ക് തുടർഭരണം ലഭിച്ചതുകൊണ്ട് കേരളമേ വേണ്ട എന്ന മനോഗതിക്കു പിന്നിൽ അന്താരാഷ്ട്രമായ ബുദ്ധികേന്ദ്രങ്ങളുടെ ഇടപെടലുണ്ടാകാം. പാട്രിക് മൊയ്നിഹാന്റെയും കേരളത്തിൽ ജീവിച്ചിരിക്കുന്ന വിമോചനസമര നേതാക്കളുടെയും വെളിപ്പെടുത്തലുകൾ ഇത്തരുണത്തിൽ ഓർക്കാം.

എൽഡിഎഫ് സർക്കാർ കേരളത്തിന്റെ മുന്നേറ്റത്തിനുവേണ്ടി കൊണ്ടുവരുന്ന എല്ലാ പദ്ധതിയെയും തുരങ്കംവയ്‌ക്കാനുള്ള ഒരു "മുല്ലപ്പൂ വിപ്ലവം' യുഡിഎഫ് ഏറ്റെടുത്തിരിക്കയാണ്. താമരക്കിടയിൽ മുല്ലപ്പൂവും കയറ്റിവച്ച് പ്രകൃതിസ്നേഹം പറയുന്ന സംഘി മൗദൂദി കൂട്ടുകെട്ട് പ്രബുദ്ധ കേരളത്തിൽ വിലപ്പോകില്ല. ഇവർ എല്ലാ സാമൂഹ്യമുന്നേറ്റത്തിനും എതിരാണ്. ഇതിനിടയിൽ വാലു കുടുങ്ങി കഴിയുന്ന കോൺഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top