21 May Tuesday

രഘുറാം രാജന്റെ മുന്നറിയിപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 9, 2020


സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ജനങ്ങളുടെ ജീവനും ജീവനോപാധികളുമെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്നു. പക്ഷേ, രാജ്യം ഭരിക്കുന്ന ഗവൺമെന്റിനുമാത്രം ഇതേക്കുറിച്ച് ഒരു ധാരണയുമില്ല, ഉൽക്കണ്ഠയുമില്ല. അഥവാ ഗവൺമെന്റ് എല്ലാം അവഗണിക്കുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക റിപ്പോർട്ടുകൾതന്നെ ഇതിന്‌ തെളിവ്. ആഭ്യന്തരോൽപ്പാദനം 25 ശതമാനത്തോളം ഇടിഞ്ഞിട്ടും സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പിന്റെ പാതയിലാണെന്നാണ് ധനമന്ത്രാലയം പറയുന്നത്. സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ ചിത്രം കാണാൻ ധനമന്ത്രാലയം കൂട്ടാക്കുന്നില്ലെന്ന് ചുരുക്കം.

ഈയൊരു സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ മുൻ ഗവർണർ രഘുറാം രാജൻ കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പുകൾക്ക് വലിയ പ്രസക്തിയും പ്രാധാന്യവുമുണ്ട്. അദ്ദേഹമടക്കം പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരും സീതാറാം യെച്ചൂരിയെപ്പോലുള്ള രാഷ്ട്രീയ പാർടി നേതാക്കളും ഇക്കാര്യങ്ങൾ നേരത്തേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതൊന്നും മോഡി ഭരണം ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് രാജ്യം ഭയാനകമായ സ്ഥിതിയാണ് നേരിടുന്നതെന്ന് രഘുറാം രാജൻ വീണ്ടും ഓർമിപ്പിക്കുന്നത്.  ഒരു നേരത്തെ അന്നത്തിനുപോലും വഴിയില്ലാതെ  സാധാരണ ജനങ്ങൾ യാചകരായി മാറാനിടയാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.

കോവിഡ് മഹാമാരി വ്യാപകമായ പ്രത്യാഘാതമുണ്ടാക്കിയ അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളേക്കാൾ വലിയ തകർച്ചയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്നത്. ആഭ്യന്തരോൽപ്പാദനത്തിൽ ഇറ്റലിയിൽ 12.4 ശതമാനവും അമേരിക്കയിൽ 9.5 ശതമാനവും മാത്രമാണ് തകർച്ച. എന്നാൽ, ഇന്ത്യയിൽ നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ മൊത്തം ആഭ്യന്തരോൽപ്പാദനം (ജിഡിപി) 23.9 ശതമാനം ഇടിഞ്ഞു.  ഇത് സമ്പദ്‌വ്യവസ്ഥയുടെ ഔപചാരിക മേഖലകളിലെമാത്രം കണക്കാണ്. അസംഘടിത മേഖലകളിലെ കണക്കുകൂടി വന്നാൽ പേടിപ്പെടുത്തുന്ന ചിത്രമായിരിക്കും തെളിയുകയെന്ന് രഘുറാം രാജൻ പറയുന്നു. കോവിഡ് ഇന്ത്യയിൽ പിടിമുറുക്കിയ സാഹചര്യത്തിൽ വരുംനാളുകളിലെ സ്ഥിതി ഊഹിക്കാൻപോലുമാകില്ല. അതുകൊണ്ട്, സർക്കാർ ചെലവുകൾ അടിയന്തരമായി വർധിപ്പിക്കണം, ആശ്വാസ നടപടികൾ ഉടൻ വേണം. ഇതാണ് രഘുറാം രാജൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം.


 

സമ്പദ്‌വ്യവസ്ഥയെ രോഗിയായി കണക്കാക്കി എത്രയും വേഗം ആശ്വാസം നൽകുകയും രോഗത്തോട്‌ പൊരുതുകയും വേണം. സാമ്പത്തിക ഉത്തേക പാക്കേജുകൾ ടോണിക്‌ പോലെയാണ്‌.  രോഗം ഭേദമാകുമ്പോൾ, രോഗക്കിടക്കയിൽനിന്ന് വേഗം എഴുന്നേൽക്കാൻ അത് രോഗിയെ സഹായിക്കും. രോഗി ഇല്ലാതായിട്ട് ഏതു ടോണിക്കുണ്ടായിട്ടും എന്ത്‌ കാര്യം. അതിനാൽ, ധനകമ്മിയെ തെല്ലും പേടിക്കാതെ പണം ചെലവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഐഎംഎഫിന്റെ മുൻ മുഖ്യസാമ്പത്തിക വിദഗ്ധൻ കൂടിയായ രഘുറാം രാജൻ അർഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു. കടമെടുത്ത് പണം ചെലവഴിക്കണം.

സർക്കാർ ഇങ്ങനെ ചെയ്യുന്നില്ലെങ്കിൽ ജനങ്ങൾ ഭിക്ഷക്കാരായി മാറും. ആഹാരത്തിനായി കുട്ടികളെ യാചിക്കാൻ വിടേണ്ടിവരും. കെട്ടുതാലിയടക്കം വീട്ടിലുള്ള സകലതും വിറ്റുപെറുക്കേണ്ടി വരും. കടം പെരുകും. സാധാരണക്കാർക്ക് വായ്പകൾ തിരിച്ചടയ്‌ക്കാനാകില്ല. കുട്ടികളെ പഠിപ്പിക്കാൻ കഴിയില്ല. ചെറിയ ഹോട്ടലുകളും റസ്‌റ്റോറന്റുകളുമെല്ലാം പൂട്ടേണ്ടിവരും. കൂലി കൊടുക്കാൻ നയാ പൈസയില്ലാതെ തൊഴിലാളികളെ പറഞ്ഞയക്കേണ്ടിവരും. രോഗത്തെ നിയന്ത്രിച്ചിട്ട് ഇതൊക്കെ പരിഹരിക്കാമെന്നല്ല സർക്കാരും ഉദ്യോഗസ്ഥരും തീരുമാനിക്കേണ്ടത്. ഇപ്പോൾത്തന്നെ വേണം.

ഗ്രാമീണമേഖലകളിൽ ആശ്വാസമെത്തിക്കാൻ  തൊഴിലുറപ്പ് പദ്ധതി ശക്തമാക്കണം. പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കണം. പാവപ്പെട്ടവർക്കെല്ലാം നേരിട്ട് പണമെത്തിക്കണം. ചെറുകിട വ്യാപാരങ്ങൾക്ക് ചരക്കുസേവന നികുതിയിൽ ഇളവ് നൽകണം. ഇങ്ങനെ തുടരുന്ന നിർദേശങ്ങൾ പുതിയതല്ലെങ്കിലും രഘുറാം രാജനെപ്പോലൊരാൾ ഇക്കാര്യം തുടർച്ചയായി ഉന്നയിക്കുന്നുവെന്നതാണ് ഇവിടെ ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇടതുപക്ഷ പാർടികൾ സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെടുന്നതാണ് ഇക്കാര്യങ്ങൾ.

കോവിഡിനു മുന്നേതന്നെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യം വിഴുങ്ങിയിരുന്നു. അപ്പോഴൊന്നും സർക്കാർ അത് അംഗീകരിച്ചിരുന്നില്ല.  ഇപ്പോൾ സമ്പദ്‌വ്യവസ്ഥ “ദൈവത്തിന്റെ (കോവിഡ് )അദൃശ്യ കര’ങ്ങളിലാണെന്നു പറഞ്ഞ് കൈയും കെട്ടിയിരുപ്പാണ്. സമ്പദ്‌വ്യവസ്ഥയിൽ സംഭവിച്ചത് സർക്കാർ ശരിയായ നടപടി യഥാസമയം സ്വീകരിക്കാത്തതിന്റെ പ്രത്യാഘാതങ്ങളാണ്, അല്ലാതെ ദൈവത്തിന്റെ പിടിയൊന്നുമല്ല.  പ്രഖ്യാപനങ്ങൾക്കു പകരം നടപടി വേണം.  ജനങ്ങളുടെ കൈയിൽ പണം എത്തണം. സംസ്ഥാനങ്ങൾക്ക് ചരക്കുസേവന നികുതിവിഹിതം നൽകണം. കോവിഡിനെ നേരിടാൻ കൂടുതൽ സഹായങ്ങളും നൽകണം. പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തണം. കേരളത്തിലെപ്പോലെ എല്ലാവർക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകണം. വായ്പകളുടെ മൊറട്ടോറിയം നീട്ടണം. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കും കൃഷിക്കും വായ്പ എത്തിക്കണം. ഇതാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്.  ഇതിന് പണം വേണമെന്നതിൽ തർക്കമില്ല.  അതെവിടെനിന്ന് എന്നാണ് ചോദ്യമെങ്കിൽ അതിനും ഉത്തരമുണ്ട്. കേന്ദ്ര സർക്കാർ റിസർവ് ബാങ്കിൽനിന്ന് പണം വാങ്ങി ചെലവാക്കണം. ലോകത്ത് ഒട്ടേറെ സർക്കാരുകൾ ഇതാണ് ഇപ്പോൾ ചെയ്യുന്നത്. ഒപ്പം, ബഹുരാഷ്ട്ര കുത്തകകളിൽനിന്നും രാജ്യത്തെ കോർപറേറ്റുകളിൽനിന്നും നികുതി ഈടാക്കുകയും ചെയ്യണം. സമ്പന്നർക്ക് സ്വത്ത് നികുതിയും ചുമത്താം.

ഇതൊന്നും പക്ഷേ, ബിജെപി ഗവൺമെന്റിന്റെ അജൻഡയിലില്ല. കോവിഡ് കാലത്തും കോർപറേറ്റ് മേഖലയെ സഹായിക്കാനും പൊതുസ്വത്തുക്കൾ ചുളുവിലയ്ക്ക് വിറ്റഴിക്കാനുമാണ് അവർക്ക് തിടുക്കം. റിലയൻസും അവരുടെ ജിയോയും അടുത്തിടെ ഓഹരി വിൽപ്പനയിലൂടെ 1.5 ലക്ഷം കോടി രൂപ സമാഹരിച്ചു. ഇതിൽനിന്ന് നികുതിയിനത്തിൽ സർക്കാർ ചില്ലിക്കാശ് ഈടാക്കിയില്ല. എൽഐസിയുടെ ഓഹരി വിൽപ്പന ലക്ഷ്യമിട്ട് എൽഐസി നിയമംതന്നെ ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സർക്കാർ. അടുത്തുചേരുന്ന പാർലമെന്റ് സമ്മേളനത്തിൽത്തന്നെ ഇതിനായി ബിൽ കൊണ്ടുവരാൻ തിരക്കിട്ട നീക്കമുണ്ട്. ജനങ്ങൾ പട്ടിണി കിടന്നാലും യാചകരായാലും മോഡി സർക്കാരിന് ഒരു ഉൽക്കണ്ഠയുമില്ലെന്ന് ചുരുക്കം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top