19 April Friday

അഴിമതി മൂടാൻ ഈ സിഎജി റിപ്പോർട്ട്‌ പോരാ

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019


റഫേൽ ഇടപാടിലെ കള്ളക്കളികളും കൊള്ളയും ഒന്നൊന്നായി പുറത്തുവരികയാണ്‌. രാജ്യരക്ഷയ്‌ക്കുള്ള വമ്പൻനീക്കമായി അലങ്കരിച്ചവതരിപ്പിച്ച കച്ചവടത്തിന്റെ ഉള്ളു മുഴുവൻ ഇന്ന‌് ദൃശ്യമാണ്‌. അടിമുടി അഴിമതി; മറ്റൊന്നുമില്ല. പ്രധാനമന്ത്രിയുടെ ശിങ്കിടി മുതലാളിക്ക‌് പൊതുപണം  ഒഴുക്കിക്കൊടുക്കാൻ മാത്രമായിരുന്നു ആ ഇടപാട് എന്ന് വ്യക്തമായിക്കഴിഞ്ഞു. തട്ടിക്കൂട്ടിയ ഒരു സിഎജി റിപ്പോർട്ടിനു മറയ്ക്കാനാകുന്നതല്ല ഈ കൊള്ളക്കച്ചവടം.

റഫേൽ ഇടപാടിൽ ആദ്യം പുറത്തുവന്നത്‌ വിലയിലെ തട്ടിപ്പുകളായിരുന്നു. ഖത്തറിനും ഈജിപ്‌തിനും 1319 കോടി രൂപയ്‌ക്ക്‌ നൽകിയ വിമാനം ഇന്ത്യ 1670 കോടിരൂപയ്‌ക്ക്‌ ഫ്രാൻസിലെ ദസോൾട്ടിൽനിന്ന് വാങ്ങുന്നതിലെ വെട്ടിപ്പാണ്‌ വെളിവാക്കപ്പെട്ടത്‌. പൊതുമേഖലാ സ്ഥാപനമായ എച്ച്‌എഎല്ലിനെ ഒഴിവാക്കി അനിൽ അംബാനിയുടെ കമ്പനിയെ കൊണ്ടുവന്നതും വെളിപ്പെട്ടു. കരാർ ലംഘനം വന്നാൽ പിഴ ഈടാക്കാനാകില്ല, അഴിമതി തടയാനുള്ള വ്യവസ്ഥകൾ ഈ ഇടപാടിനു ബാധകമല്ലാതാക്കി, ഇതിനായി സാമ്പത്തിക ഉപദേഷ്ടാവിന്റെ ഉപദേശംപോലും തള്ളി. ഇങ്ങനെ ഒരുപിടി വിവരങ്ങൾ രേഖകളുടെ പിൻബലത്തോടെ പുറത്തെത്തി.

ബുധനാഴ്ച ‘ദ ഹിന്ദു' പുറത്തുവിട്ടത് കൂടുതൽ ഗൗരവമുള്ള വിവരങ്ങളാണ്. ഏഴംഗ ഉദ്യോഗസ്ഥസംഘമാണ്‌ പ്രതിരോധ മന്ത്രാലയത്തിൽനിന്ന്‌ ഫ്രഞ്ച് സർക്കാരുമായി ചർച്ചകളിൽ പങ്കെടുത്തത്‌. ഇവരിൽ മൂന്നുപേർ ഇടപാട്‌ സംബന്ധിച്ച്‌ ശക്തമായ വിയോജിപ്പാണ്‌ പ്രകടിപ്പിച്ചതെന്ന‌് പത്രം ചൂണ്ടിക്കാട്ടുന്നു. ഈ മൂന്നംഗങ്ങളുടെ വിയോജനക്കുറിപ്പിന്റെ പൂർണരൂപം പത്രം ബുധനാഴ്‌ച പ്രസിദ്ധീകരിച്ചു. 

മുമ്പ്‌ യുപിഎ സർക്കാരിന്റെ കാലത്ത്‌ വാഗ്‌ദാനം ചെയ്യപ്പെട്ട ഇടപാടിനേക്കാൾ മെച്ചമായിരുന്നില്ല ഇപ്പോഴത്തെ ഇടപാടെന്ന്‌ ഇവർ വിയോജനക്കുറിപ്പിൽ പറയുന്നു. മുമ്പത്തെക്കാൾ കുറഞ്ഞ വിലയ്‌ക്കാണ്‌ കിട്ടിയതെന്നും വേഗത്തിൽ വിമാനങ്ങൾ കൈമാറുംവിധമായിരുന്നു കരാർ എന്ന കേന്ദ്ര സർക്കാരിന്റെ പ്രധാനവാദങ്ങൾ രണ്ടും തെറ്റെന്ന്‌ തെളിയിക്കുന്നതാണ്‌ ആ കുറിപ്പുകൾ. ഫ്രഞ്ച്‌ സർക്കാരിന്റെ ഗ്യാരന്റിയോ ബാങ്ക്‌ ഗ്യാരന്റികളോ ഇല്ലാതെ ഒരു ‘ആശ്വാസകത്ത്‌’ മാത്രം സ്വീകരിച്ച്‌ കച്ചവടം ഉറപ്പിക്കുന്നത്  ശരിയല്ലെന്നും വിയോജനക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ കുറിപ്പ് എഴുതിയവർ  കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ ശത്രുക്കളല്ല. സർക്കാർതന്നെ ചർച്ചകൾക്കായി നിയോഗിച്ച ഏഴംഗ സംഘത്തിലെ മൂന്ന്‌ പ്രതിരോധ  ഉദ്യോഗസ്ഥരാണ്‌. ഇന്ത്യയും ഫ്രാൻസും തമ്മിൽ ഇക്കാര്യത്തിൽ കരാർ ഉറപ്പിക്കുന്നതിന്‌ മൂന്നുമാസംമുമ്പ്‌ ഈ വിയോജന റിപ്പോർട്ട്‌ അവർ നൽകിയിരുന്നു എന്നതും ‘ഹിന്ദു’ വ്യക്തമാക്കുന്നു. മുമ്പ്‌ വാഗ്‌ദാനം ചെയ്‌തതിലും മെച്ചപ്പെട്ട നിരക്കിലായിരിക്കും ഈ വിമാനങ്ങൾ ഇന്ത്യയ്‌ക്ക്‌ വിൽക്കുക എന്ന്‌ 2015ൽ മോഡിയുടെ ഫ്രാൻസ്‌ സന്ദർശനവേളയിൽ പുറത്തുവന്ന സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞിരുന്നു. ഈ പ്രഖ്യാപനത്തിൽനിന്ന്‌ വിലയിലും കൈമാറ്റ സമയത്തിലുമടക്കം വലിയതോതിൽ മോശപ്പെട്ട കരാറാണ്‌ പുതുതായി രൂപപ്പെടുത്തിയതെന്ന്‌ ഈ പ്രതിരോധവിദഗ്‌ധൻ പറയുന്നു. ഈ വിവരങ്ങളൊക്കെ റഫേൽ കേസ്‌ പരിഗണനയ്‌ക്ക്‌ വന്നപ്പോൾ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽനിന്ന്‌ ഒളിച്ചുവച്ചിരുന്നുവെന്ന സൂചനയും ഹിന്ദു റിപ്പോർട്ട്‌  നൽകുന്നു.

63000 കോടിരൂപയുടെ ഈ ഇടപാടിന്റെ ശരികേടിലേക്ക്‌ വെളിച്ചംവീശുന്ന റിപ്പോർട്ടുകളാണ് ഇതെല്ലാം. അതേസമയം  ഇടപാടിനു പിന്നാലെ യഥാർഥ ഗുണഭോക്‌താക്കൾ ആരെന്നത്‌ കൂടുതൽ വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.  നരേന്ദ്ര മോഡി ഫ്രാൻസിലെത്തുന്നതിനു തൊട്ടുമുമ്പ്‌ അനിൽ അംബാനി ഫ്രാൻസിലെത്തിയിരുന്നു എന്നു തെളിയിക്കുന്ന ഇമെയിൽ സന്ദേശങ്ങൾ ചൊവ്വാഴ്ച പുറത്തെത്തി. അനിൽ അംബാനി ഫ്രാൻസിൽ പ്രതിരോധ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നതും വ്യക്തമായിക്കഴിഞ്ഞു.

നരേന്ദ്ര മോഡിയും അഴിമതി കൂട്ടാളിയായ അനിൽ അംബാനിയും ചേർന്നെഴുതിയ തിരക്കഥയിൽ തെല്ലും വ്യത്യാസംവരാതെ യാഥാർഥ്യമാക്കിയ കൊടുംകൊള്ളയാണ്‌ റഫേൽ ഇടപാട്‌. അഴിമതിയുടെ തുകകണക്കുകൾ മാത്രമേ ഇനി പുറത്തുവരാനുള്ളു. ഇടപാടിന്റെ  ഉള്ളുകളികൾ മുഴുവൻ വിവിധ പത്രമാധ്യമങ്ങളിലൂടെ പൊതുകാഴ്‌ചയിൽ എത്തിക്കഴിഞ്ഞു.

പൂർണമായും നഗ്‌നമാക്കപ്പെട്ട സർക്കാർ നാണംമറയ്‌ക്കാൻ കണ്ടെത്തിയ ഏക തുണിത്തുണ്ടാണ് സിഎജി റിപ്പോർട്ട്‌. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തകർത്തോ ചൊൽപ്പടിയിലാക്കിയോ വിശ്വാസ്യത നശിപ്പിച്ച മോഡി സർക്കാർ സിഎജിയെയും അപഹാസ്യമാക്കി എന്ന‌് റിപ്പോർട്ടിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നു. ഇടപാട് നടക്കുന്ന കാലത്തെ ധന സെക്രട്ടറിയായിരുന്ന രാജീവ‌് മെഹ‌്റിഷിയെ വിരമിച്ചയുടൻ സിഎജി ആയി മോഡി സർക്കാർ നിയമിച്ചപ്പോൾത്തന്നെ ഈ റിപ്പോർട്ടിന്റെ ഉള്ളടക്കം പ്രവചിക്കപ്പെട്ടതാണ്.

വിമാനവിലയെപ്പറ്റി ഒരുവരി പരാമർശംപോലുമില്ലാതെ ഇടപാടിന്‌ ന്യായീകരണം ചമയ്‌ക്കുകയാണ്‌ സിഎജി ചെയ്‌തത്‌. ചർച്ചയ്‌ക്കുപോലും അവസരംനൽകാതെ ലോക‌്സഭയുടെ മേശപ്പുറത്തെത്തിച്ച ഈ റിപ്പോർട്ട്‌ ഒന്നിനും മറുപടിയല്ല. അഴിമതിയെപ്പറ്റി സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണം എന്ന ആവശ്യത്തിന‌് ശക്തിപകരുന്ന വിവരങ്ങളുടെ കുത്തൊഴുക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ഭാഗിക വിവരങ്ങൾ വിലയിരുത്തി നേരത്തെ നൽകിയ വിധി പുനഃപരിശോധിക്കാൻ സുപ്രീംകോടതിക്കും സ്വയം തീരുമാനിക്കാവുന്നതാണ്. രണ്ടു കാര്യത്തിലും എന്ത് തീരുമാനം വന്നാലും ബൊഫോഴ്‌സ്‌ ഇടപാടിനെ ഓർമിപ്പിക്കുന്ന ഈ അഴിമതി അടുത്ത  തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വർഗീയതയ്‌ക്കും ജനദ്രോഹ നയങ്ങൾക്കും ഒപ്പം ജനങ്ങൾ ചർച്ചചെയ്യുമെന്നുറപ്പ്‌.  ഈ അഴിമതിക്കേസിന്റെ അന്തിമവിധി ഈ ജനകീയകോടതിയിൽനിന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top