25 April Thursday

റഫേലിൽ മോഡി മറുപടി പറയേണ്ടിവരും

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019


റഫേൽ വിമാന ഇടപാടിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ഡിസംബറിൽ സുപ്രീംകോടതി തള്ളിയതോടെ തനിക്കും തന്റെ നേതൃത്വത്തിലുള്ള സർക്കാരിനും ‘ക്ലീൻചിറ്റ‌്' ലഭിച്ചുവെന്ന രാഷ്ട്രീയ ആഖ്യാനമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയും സൃഷ്ടിക്കാൻ ശ്രമിച്ചത്.  റഫേൽ വിമാനമായിരുന്നുവെങ്കിൽ ബാലാകോട്ടിലേത് വൻ വിജയമായിരിക്കുമെന്നുകൂടി നരേന്ദ്ര മോഡി പറഞ്ഞുവച്ചു.  അതായത് റഫേൽ വിമാനം ഇന്ത്യക്ക് അത്യാവശ്യമാണെന്നും അത് വാങ്ങുന്നതിൽ പ്രതിപക്ഷം ആരോപിക്കുന്ന അഴിമതിയൊന്നും നടന്നിട്ടില്ലെന്നുമാണ് മോഡി ആവർത്തിച്ചുകൊണ്ടിരുന്നത്. എന്നാൽ, ഈ ഇടപാടിൽ നല്ലപിള്ള ചമയാനുള്ള മോഡി സർക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് പ്രതിരോധ മന്ത്രാലയത്തിൽനിന്ന‌് മോഷ്ടിക്കപ്പെട്ടുവെന്ന് കേന്ദ്ര സർക്കാർ വാദിക്കുന്ന നിർണായകരേഖകൾ തെളിവായി പരിഗണിക്കാമെന്ന സുപ്രീംകോടതിയുടെ തീരുമാനം. പതിനേഴാം ലോക‌്സഭയിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ‌്ച തുടങ്ങവെ മോഡി സർക്കാരിന് ലഭിച്ച കനത്ത തിരിച്ചടിയാണ‌് കോടതിയുടെ തീരുമാനം.

വാജ്പേയി മന്ത്രിസഭയിലെ അംഗങ്ങളായ അരുൺ ഷൂരിയും യശ്വന്ത്സിൻഹയും  പ്രശസ‌്ത അഭിഭാഷകനായ പ്രശാന്ത്ഭൂഷണും മറ്റ‌് രണ്ടുപേരും നൽകിയ പുനഃപരിശോധനാ ഹർജികൾ കേൾക്കുന്ന വേളയിൽ ‘ദ ഹിന്ദു' പുറത്തുകൊണ്ടുവന്ന രേഖകളുംകൂടി പരിഗണിക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് ചീഫ് ജസ്റ്റീസ് രഞ‌്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഏകകണ്ഠമായി ഈ വിധിന്യായം പുറപ്പെടുവിച്ചത്.  ഒദ്യോഗിക രഹസ്യനിയമത്തിന്റെ വാളുയർത്തി റഫേൽ സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നടത്തിയ നീക്കങ്ങളുടെ മുനയൊടിക്കാനും സുപ്രീംകോടതി തയ്യാറായി. സുരക്ഷ, രഹസ്യാന്വേഷണം എന്നീ വിഭാഗങ്ങളിലെ അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നതിന് വിവരാവകാശനിയമം അനുശാസിക്കുന്നുണ്ടെന്നും അതിനാൽ സുരക്ഷയുടെ പേരിൽ അഴിമതി മൂടിവയ‌്ക്കാൻ കഴിയില്ലെന്നുമുള്ള വ്യക്തമായ മുന്നറിയിപ്പും കോടതി നൽകുന്നുണ്ട്.  ഔദ്യോഗിക രഹസ്യനിയമത്തെ മറികടക്കാനുള്ള വകുപ്പുകൾ വിവരാവകാശ നിയമത്തിലുണ്ടെന്ന് ജസ്റ്റിസ് കെ എം ജോസഫ് എടുത്തുപറഞ്ഞത് റഫേൽ അഴിമതി അധികകാലം മൂടിവയ‌്ക്കാനാകില്ലെന്ന വസ‌്തുതയിലേക്കാണ് വിരൽചൂണ്ടുന്നത്.

‘ദ ഹിന്ദു' പുറത്തുകൊണ്ടുവന്ന ഏറ്റവും പ്രധാനകാര്യം ഫ്രാൻസിലെ അധികൃതരുമായി ചർച്ച നടത്തുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ഏഴംഗ സംഘത്തിന് സമാന്തരമായി പ്രധാനമന്ത്രി കാര്യാലയം ഫ്രഞ്ച് സർക്കാരുമായി ചർച്ച നടത്തിയെന്നാണ്.  ഈ സമാന്തര ചർച്ചയ‌്ക്കൊടുവിലാണ് ഏഴംഗ സംഘത്തിന്റെ പല നിർദേശങ്ങളും മറികടന്ന് 36 റഫേൽ വിമാനം വാങ്ങാൻ ധാരണയായതെന്നും റിപ്പോർട്ടുകൾ പറയുന്നു. അതായത് ഈ ഇടപാട് സംബന്ധിച്ച‌് പരമോന്നത കോടതിയുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രിയും പ്രധാനമന്ത്രികാര്യാലയവും ഇനി മറുപടി പറയേണ്ടിവരും.  126 വിമാനം വാങ്ങുന്നതിന് യുപിഎ സർക്കാർ ഒപ്പിട്ട കരാർ അട്ടിമറിച്ചാണ് മോഡി ഫ്രഞ്ച് സന്ദർശനവേളയിൽ പ്രതിരോധമന്ത്രാലയത്തെപോലും ഇരുട്ടിൽനിർത്തി 36 വിമാനംമാത്രം വാങ്ങുന്ന കരാറിൽ ഒപ്പിട്ടത്. ഈ ഇടപാടിന്റെ പങ്കാളിയായി നേരത്തേ നിശ്ചയിച്ചിരുന്ന ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്ക് ലിമിറ്റഡിന് പകരം റിലയൻസ് എയ്റോസ്ട്രക്ചർ കടന്നുവരുന്നതും ദുരൂഹമാണ്. പുതിയ കരാർ അനുസരിച്ച് വിമാനത്തിന്റെ വിലയെന്താണെന്ന കാര്യം സിഎജിയെപോലും അറിയിക്കാൻ കേന്ദ്ര സർക്കാർ വിസമ്മതിക്കുകയും ചെയ്തു.  30000 കോടിരൂപയുടെ അഴിമതി ഇക്കാര്യത്തിൽ നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനെല്ലാം ഇനി പ്രധാനമന്ത്രി കാര്യാലയം കോടതിയിൽ മറുപടി പറയേണ്ടിവരുമെന്നതാണ് ബുധനാഴ്ചത്തെ സുപ്രീംകോടതിയുടെ വിധിയുടെ അർഥം. പ്രധാനമന്ത്രി കാര്യാലയത്തിന്റെ നേതൃത്വത്തിലുള്ള സമാന്തരചർച്ച പ്രതിരോധമന്ത്രാലയ സംഘത്തിന്റെ മെച്ചപ്പെട്ട കരാറിനുള്ള ശ്രമത്തെ ദോഷകരമായി ബാധിച്ചുവെന്ന ആരോപണത്തിനും  പ്രധാനമന്ത്രി മറുപടി പറയേണ്ടിവരും.

ചരിത്രത്തിൽനിന്ന് പാഠമുൾക്കൊള്ളാൻ മോഡി തയ്യാറാകണം എന്ന് ഓർമിപ്പിക്കുന്നത‌ുകൂടിയാണ് സുപ്രീംകോടതിയുടെ വിധിന്യായം. ‘മിസ്റ്റർ ക്ലീൻ' എന്ന പേരുമായി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന വൈമാനികൻ രാജീവ് ഗാന്ധി രാജ്യത്തെ കോളിളക്കം സൃഷ്ടിച്ച ബൊഫോഴ്സ് അഴിമതിക്കയത്തിൽ വീഴുകയും അതിന്റെ ഫലമായി അധികാരം നഷ്ടമാകുകയും ചെയ‌്ത ചരിത്രം ആരും മറന്നുപോകരുത്. മോഡിയുടെ കാര്യത്തിലും അതാവർത്തിക്കപ്പെടുമെന്ന ശക്തമായ സൂചന നൽകിയാണ് റഫേൽ ഇടപാടിൽ അന്വേഷണം തള്ളിയ സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹർജി പരിഗണിക്കുമ്പോൾ പുതിയ തെളിവുകളുംകൂടി പരിഗണിക്കാമെന്ന പരമോന്നത കോടതിയുടെ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top