22 March Wednesday

സുപ്രീംകോടതിയേയും കബ‌ളിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 18, 2018


വ്യോമസേനയ‌്ക്ക‌്  ഫ്രാൻസിൽനിന്ന‌് റഫേൽ വിമാനങ്ങൾ വാങ്ങാനായി ഒപ്പിട്ട കരാറിന്റെ മറവിൽ നടന്ന വൻ അഴിമതിക്ക‌് കൂടുതൽ തെളിവുകൾ പുറത്തുവരികയാണ‌്. ഇതിൽനിന്ന‌് തലയൂരാൻ ഒടുവിൽ സുപ്രീംകോടതിയേയും  കേന്ദ്ര സർക്കാർ കബളിപ്പിച്ചു. തെറ്റായ വിവരങ്ങൾ നൽകി കോടതി വ്യവഹാരത്തെപോലും വഴിതെറ്റിച്ചു. ഇന്ത്യയുടെ പ്രതിരോധസംവിധാനത്തിന്റെ വിശ്വാസ്യത തന്നെ  തകർത്ത ഈ ഇടപാടിൽ  പ്രധാനമന്ത്രിതന്നെ നഗ്നമായ സ്വജനപക്ഷപാതം കാണിച്ചുവെന്ന‌് വ്യക്തമാണ‌്.  പാർലമെന്റിനെയും ഭരണസംവിധാനത്തെയും ഇരുട്ടിൽ നിർത്തി നരേന്ദ്ര മോഡി, ഉറ്റ തോഴനായ അനിൽ അംബാനിയുടെ തട്ടിപ്പുകമ്പനിയെ കരാർ പങ്കാളിയാക്കിയതിലൂടെ ഞെട്ടിപ്പിക്കുന്ന കുംഭകോണത്തിനാണ‌് വഴിതുറന്നത‌്. യുപിഎ ഭരണകാലത്ത‌് നിശ്ചയിക്കപ്പെട്ടതിന്റെ പലമടങ്ങ‌് വില ഉറപ്പിച്ചാണ‌് മോഡി സർക്കാർ കരാർ ഒപ്പിട്ടത്‌. റിലയൻസ‌് എയ‌്റോസ‌്ട്രക‌്ചർ എന്ന തട്ടിക്കൂട്ട‌് കമ്പനിക്ക‌് പുനർനിക്ഷേപകരാർ പൂർണമായി നൽകാൻ കാരണം ഇന്ത്യാ ഗവൺമെന്റിന്റെ സമ്മർദമാണെന്ന‌് ഫ്രഞ്ച‌് അധികൃതർതന്നെ വ്യക്തമാക്കിയതാണ‌്. ഇതെല്ലാം വലിയതോതിൽ വിവാദമായപ്പോൾ ഇടപാടിന്റെ വിവരങ്ങൾ പാർലമെന്റിനെ ധരിപ്പിക്കണമെന്ന ആവശ്യമുയർന്നെങ്കിലും സർക്കാർ വഴങ്ങിയില്ല. പ്രതിരോധരഹസ്യം എന്ന ന്യായത്തിൽ എല്ലാ കാര്യങ്ങളും മറച്ചുവച്ചു.

സമഗ്രമായ അന്വേഷണമെന്ന ആവശ്യം  പാർലമെന്റിൽ ഉയർന്നപ്പാേഴെല്ലാം മുഖംതിരിച്ച ബിജെപിഭരണം സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യഹർജി എത്തിയപ്പോഴാണ‌് തനിനിറം കാണിച്ചത‌്. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നൽകിയ സത്യവാങ്മൂലം വ്യാജരേഖയായിരുന്നുവെന്ന വിവരമാണ‌് പുറത്തുവന്നിരിക്കുന്നത‌്. ഇതുവഴി പരമോന്നത നീതിപീഠത്തിന്റെ വിധിന്യായത്തിൽത്തന്നെ പിഴവു സംഭവിച്ചു. സ്വതന്ത്ര അന്വേഷണമെന്ന ആവശ്യം കോടതി തള്ളിയതിൽ ആഹ്ലാദിക്കുന്ന  സർക്കാർ  വിധിയിലെ ‘ വസ‌്തുതകൾ’ തിരുത്താൻ സുപ്രീംകോടതിയിൽ ഹർജി നൽകിയതിലെ വിരോധാഭാസം പ്രകടമാണ‌്. പാർലമെന്ററി വ്യവസ്ഥയോടും ഭരണഘടനാ സ്ഥാപനങ്ങളോടുമുള്ള വിരോധം ബിജെപി മറച്ചുവയ‌്ക്കാറില്ല. സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്നതും ശബരിമല വിഷയത്തിൽ ഉൾപ്പെടെ കണ്ടു. എന്നാൽ, കോടതിയെ തെറ്റിദ്ധരിപ്പിച്ച‌് തങ്ങളുടെ രാ‌ഷ്ട്രീയലക്ഷ്യത്തിന‌് അനുഗുണമായ ഉത്തരവ‌് സമ്പാദിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ കള്ളക്കളി ജുഡീഷ്യറിയുടെ മുഖത്താണ‌് കരിതേച്ചത‌്.

റഫേൽ ഇടപാടുമായി ബന്ധപ്പെട്ട ‘ചില വിവരങ്ങൾ സർക്കാർ സിഎജിയുമായി‌ പങ്കിട്ടു. അത‌് പബ്ലിക‌് അക്കൗണ്ട‌്സ‌് കമ്മിറ്റി പരിശോധിച്ച‌് പാർലമെന്റിലും പൊതുജനസമക്ഷവും വച്ചു’വെന്നാണ‌് സർക്കാർ സത്യവാങ്‌മൂലത്തിലെ ‘വസ‌്തുതകൾ’ ഉദ്ധരിച്ചുകൊണ്ട‌് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയത‌്

റഫേൽ ഇടപാടുമായി ബന്ധപ്പെട്ട ‘ചില വിവരങ്ങൾ സർക്കാർ സിഎജിയുമായി‌ പങ്കിട്ടു. അത‌് പബ്ലിക‌് അക്കൗണ്ട‌്സ‌് കമ്മിറ്റി പരിശോധിച്ച‌് പാർലമെന്റിലും പൊതുജനസമക്ഷവും വച്ചു’വെന്നാണ‌് സർക്കാർ സത്യവാങ്‌മൂലത്തിലെ ‘വസ‌്തുതകൾ’ ഉദ്ധരിച്ചുകൊണ്ട‌് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയത‌്. റഫേൽ സംബന്ധിച്ച‌് സിഎജി എന്തെങ്കിലും റിപ്പോർട്ട‌് തയ്യാറാക്കുകയോ പിഎസിക്ക‌് സമർപ്പിക്കുകയോ ചെയ‌്തിട്ടില്ല. പിഎസിയും റഫേലിനെക്കുറിച്ച‌് ഒരു റിപ്പോർട്ടും പാർലമെന്റിൽ വച്ചിട്ടില്ല. വസ‌്തുതകൾ ഇതായിരിക്കെ ബോധപൂർവം കള്ളസത്യവാങ്മൂലം നൽകിയ സർക്കാർ ഗുരുതരമായ ആഘാതമാണ‌് നീതിന്യായവ്യവസ്ഥയ‌്ക്ക‌് ഏൽപ്പിച്ചത‌്.

സ്വതന്ത്ര അന്വേഷണമെന്ന ആവശ്യം  തള്ളിയ  സുപ്രീംകോടതി ഉത്തരവ‌് പുറത്തുവന്ന ഉടനെ വൻ ആഘോഷമാക്കിയ ബിജെപിക്കും കേന്ദ്ര സർക്കാരിനും കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ‌് മാധ്യമങ്ങൾ  സത്യം തുറന്നുകാട്ടിയത‌്. അങ്ങനെ ഒരു സിഎജി റിപ്പോർട്ടോ പിഎസി റിപ്പോർട്ടോ ഇല്ലെന്ന‌് പ്രതിപക്ഷ കക്ഷികളും തുറന്നടിച്ചതോടെ ഭരണപക്ഷം വെട്ടിലായി. തങ്ങളുടെ പ്രസ‌്താവന ഉദ്ധരിച്ചപ്പോൾ സുപ്രീംകോടതിക്ക‌് പറ്റിയ വ്യാകരണപ്പിശകാണ‌് ഉത്തരവിലെ പിഴവിന‌് കാരണമെന്ന ബാലിശമായ ന്യായീകരണവും ഭരണപക്ഷം നിരത്തി.  വ്യാജ സത്യവാങ്‌മൂലവും അതിനെ ന്യായീകരിക്കാൻ നടത്തിയ വ്യാകരണവാദവും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ‌് പ്രതിപക്ഷവും മാധ്യമങ്ങളും നൽകിയപ്പോഴാണ‌് മോഡിഭരണത്തിന‌് അപകടം മണത്തത‌്. പ്രധാനമന്ത്രിക്കും മറ്റുമെതിരെ കോടതിയലക്ഷ്യത്തിനും പാർലമെന്റിന്റെ അവകാശലംഘനത്തിനും നടപടി വേണമെന്ന ആവശ്യവും ഉയർന്നു. ഉടനെ സർക്കാർ  മറ്റൊരു ഹർജിയുമായി കോടതിയെ സമീപിച്ചു. കോടതി ഉത്തരവിലെ പിഴവുകൾ തിരുത്തണമെന്നാണ‌് പുതിയ ആവശ്യം.

ഈ ഹർജിയോട‌് ചീഫ‌് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച‌് എങ്ങനെ പ്രതികരിക്കുമെന്ന ചിന്ത  ബിജെപിയെ അങ്കലാപ്പിലാക്കുന്നുണ്ട‌്. നുണ പ്രചാരണവും ലളിതവൽക്കരണവും അത്യുക്തിയുമൊക്കെ തരാതരം പോലെ ബിജെപിയുടെ ശൈലിയാണ‌്. സഹസ്രകോടികളുടെ  റഫേൽ അഴിമതി പാർലമെന്ററി സമിതി അന്വേഷിക്കുകയെന്ന ഗൗരവതരമായ വിഷയത്തിൽനിന്ന‌് ശ്രദ്ധമാറ്റി, പ്രശ‌്നത്തെ സങ്കേതികക്കുരുക്കിലാക്കുക എന്ന അതിബുദ്ധിയാണ‌് മോഡി സർക്കാർ കാണിക്കുന്നത‌്. അതിന‌് സുപ്രീംകോടതിയെവരെ കരുവാക്കാനും അവർക്ക‌് മടിയില്ല. പ്രതിരോധ ഇടപാടുകളിലെ അന്വേഷണത്തിനുള്ള പരിമിതികളിൽ വലിയൊരു കുംഭകോണത്തെ ഒളിപ്പിക്കാനുള്ള ശ്രമത്തെ ഗൗരവപൂർവം കാണേണ്ടതുണ്ട‌്.  അവരുടെ വക്രബുദ്ധിയും മലക്കംമറിച്ചിലുകളും അപകടപ്പെടുത്തുന്നത‌് രാജ്യത്തിന്റെ  ജനാധിപത്യവ്യവസ്ഥയെ ത്തന്നെയാണെന്നതും ആശങ്കയുളവാക്കുന്നു.  എന്നാൽ, ഈ വിഷയത്തിൽ മാധ്യമങ്ങളും പ്രതിപക്ഷവും കാണിച്ച ജാഗ്രതയും പോരാട്ടവീര്യവും പ്രതീക്ഷാനിർഭരമാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top