26 April Friday

പാർലമെന്റിൽനിന്ന്‌ ഒളിച്ചോടുകയോ

വെബ് ഡെസ്‌ക്‌Updated: Friday Sep 4, 2020


പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കാനുള്ള മോഡി സർക്കാരിന്റെ തീരുമാനം ജനാധിപത്യ വിരുദ്ധതയും സഭാ കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണ്‌‌. അംഗങ്ങൾക്ക്‌ സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടാകില്ലെന്നാണ്‌ കോവിഡ്‌ മാനദണ്ഡപ്രകാരം സഭ ചേരാനുള്ള ലോക്‌സഭാ–-രാജ്യസഭാ സെക്രട്ടറിയറ്റുകളുടെ വിജ്ഞാപനത്തിൽ പറയുന്നത്‌. രാജ്യത്തെയും മണ്ഡലത്തെയും ബാധിക്കുന്ന പ്രധാന വിഷയങ്ങൾ ഉന്നയിക്കാൻ അംഗങ്ങൾക്ക്‌ അവസരം നൽകുന്ന ശൂന്യവേള അര മണിക്കൂറായി വെട്ടിച്ചുരുക്കിയതായും വിജ്ഞാപനം വ്യക്തമാക്കുന്നു. കോവിഡ്‌ മഹാമാരിയടക്കം ഗുരുതരമായ പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോകവെ സഭാതലത്തിൽ അംഗങ്ങളുടെ ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ സർക്കാർ ഭയപ്പെടുന്നുവെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.

 

പാർലമെന്റ്‌ നടപടികളിൽ സുപ്രധാനമാണ്‌ ചോദ്യോത്തരവേള. സഭയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയാൻ ഭരണഘടനാപരമായും നിയമപരമായും സർക്കാർ ബാധ്യതപ്പെടുന്ന ജനാധിപത്യത്തിന്റെ മനോഹര മുഹൂർത്തമെന്ന് ഇതിനെ വിശേഷിപ്പിക്കാം. സർക്കാരിന്റെ ഭരണപരമായ നടപടികളെയും രാജ്യത്തിന്റെ പൊതുസ്ഥിതിയെയും കുറിച്ചെല്ലാം ചോദ്യങ്ങൾ ഉന്നയിക്കാൻ ഇത്‌ അംഗങ്ങൾക്ക്‌ അവകാശം നൽകുന്നു. സഭയിൽ നേരിട്ട്‌ ഉത്തരം പറയേണ്ട നക്ഷത്രചിഹ്‌നമിട്ട ചോദ്യങ്ങളിൽ എതിർചോദ്യങ്ങൾ ഉന്നയിക്കാൻവരെ അംഗങ്ങൾക്ക്‌ അവസരമുണ്ട്. ഭരണത്തിലിരിക്കുന്നവർ സഭയിൽ ചോദ്യത്തിന്‌ മറുപടി പറയുക എന്നതിനർഥം രാജ്യത്തെ ജനങ്ങളോട്‌ കാര്യങ്ങൾ വിശദീകരിക്കുക എന്നുതന്നെയാണ്‌. ചോദ്യോത്തരവേള വേണ്ടെന്ന്‌ വയ്‌ക്കുകവഴി ജനങ്ങളുടെ ചോദ്യങ്ങളിൽനിന്ന്‌ ഒളിച്ചോടാനാണ്‌ മോഡി സർക്കാരിന്റെ ശ്രമം. 


 

കോവിഡ്‌ പ്രതിസന്ധി, സാമ്പത്തികമാന്ദ്യം, അതിർത്തി സംഘർഷം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ പാർലമെന്റിൽ വിശദീകരണം നൽകുകയും സ്ഥിതിവിവരങ്ങൾ അറിയിക്കുകയും വേണ്ടിവരുമെന്ന ഭീതിയാണ്‌ ചോദ്യോത്തരം ഒഴിവാക്കാൻ മോഡി സർക്കാരിനെ പ്രേരിപ്പിച്ചത്‌. കോവിഡ്‌ പ്രതിസന്ധിയിൽ ഇരുട്ടിൽ തപ്പുകയാണ്‌ രാജ്യം. സാമ്പത്തികത്തകർച്ച നാൾക്കുനാൾ വർധിക്കുന്നു. ചൈനയുമായുള്ള അതിർത്തി പ്രശ്‌നത്തിൽ പരസ്‌പരവിരുദ്ധമായ പ്രതികരണങ്ങളാണ്‌ പ്രധാനമന്ത്രിയടക്കം നടത്തിയത്‌. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര സർക്കാർ പാർലമെന്റിൽ വിശദീകരിക്കേണ്ടിവരും. അനിഷ്‌ടകരമായ കാര്യങ്ങൾ കേട്ടിരിക്കാനുള്ള സഹിഷ്‌ണുതയും ക്ഷമയും മോഡി സർക്കാരിനും സംഘപരിവാറിനുമില്ല. പാർലമെന്റിനെ നോക്കുകുത്തിയാക്കി ഇഷ്‌ടമില്ലാത്ത ചോദ്യങ്ങളിൽനിന്ന്‌ രക്ഷപ്പെടാമെന്നാണ്‌ അവർ കരുതുന്നത്‌.

ചോദ്യോത്തരം ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശമുയർത്തിയതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലാണ്‌. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷാംഗങ്ങൾ സ്‌പീക്കർക്കും രാജ്യസഭാധ്യക്ഷനും കത്തയച്ചിട്ടുണ്ട്‌. യുദ്ധസാഹചര്യത്തിലല്ലാതെ ആദ്യമായാണ്‌ ചോദ്യോത്തരവേള ഒഴിവാക്കുന്നത്‌. തീരുമാനം സംശയകരമാണെന്നും രാജ്യം പിന്തുടർന്ന കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും എംപിമാരായ കെ കെ രാഗേഷും ബിനോയ്‌ വിശ്വവും രാജ്യസഭാധ്യക്ഷനായ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന്‌‌ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. പ്രതിഷേധം കടുത്തതോടെ സഭയിൽ നേരിട്ട്‌ ഉത്തരം നൽകാത്ത നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾ ആകാമെന്ന നിലപാടിലേക്ക്‌ കേന്ദ്രത്തിന്‌‌ മാറേണ്ടിവന്നിരിക്കുകയാണ്‌. മോഡി സർക്കാരിന്റെ ഏകപക്ഷീയ നടപടിക്കെതിരെ പ്രതിപക്ഷം നേടിയ ധാർമികവിജയമാണ്‌ ഈ നിലപാട്‌ മാറ്റം. എന്നാൽ, സഭയിൽ ചോദ്യങ്ങൾ അനുവദിക്കുന്നതുവരെ പ്രതിഷേധം തുടരേണ്ടതുണ്ട്‌.

മോഡി സർക്കാർ രണ്ടാമതും അധികാരത്തിലേറിയതോടെ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും അപകടത്തിലാണെന്ന ആശങ്ക നാൾക്കുനാൾ വർധിക്കുകയാണ്‌. ഭരണഘടനയെയും പാർലമെന്റിനെയും നോക്കുകുത്തിയാക്കി ഏകപക്ഷീയമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നു. കശ്‌മീരിന്റ പ്രത്യേകപദവി എടുത്തുകളഞ്ഞും പൗരത്വനിയമം മതപരമായി ഭേദഗതി ചെയ്‌തും രാമക്ഷേത്രത്തിന്റെ‌ ശിലയിടൽ സർക്കാർ പരിപാടിയാക്കിയും ഭരണഘടനാ മൂല്യങ്ങളെല്ലാം സർക്കാർ കാറ്റിൽ പറത്തി‌. ബിജെപിയെ അധികാരത്തിലെത്തിച്ച ഭരണഘടനയെയും ജനാധിപത്യ മര്യാദകളെയും തകർത്ത്‌ മുന്നോട്ടുപോകാനാണ്‌ മോഡിയുടെ ശ്രമം. കോവിഡ്‌ മഹാമാരിയുടെ പേരുപറഞ്ഞ്‌ പാർലമെന്റിൽ ചോദ്യങ്ങൾ നിഷേധിക്കുന്നത്‌ ഈ ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്‌.

ജനപ്രതിനിധികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക്‌ പാർലമെന്റിൽ മറുപടി പറയാൻ ആത്മവിശ്വാസമില്ലാത്ത സർക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. ജനാധിപത്യപരമായ ചർച്ചകളോടും ചോദ്യങ്ങളോടും കേന്ദ്ര സർക്കാരും  നരേന്ദ്ര മോഡിയും അസഹിഷ്‌ണുത പുലർത്തുന്നു. മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ ആത്മവിശ്വാസവും സഹിഷ്‌ണുതയുമില്ലാത്ത മോഡിക്ക്‌ അനിഷ്‌ടകരമായ ചോദ്യങ്ങൾ ഉയരാത്ത വാചാടോപത്തിലാണ്‌ താൽപ്പര്യം. ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ കരുത്തില്ലാത്ത സർക്കാർ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top