21 September Thursday

സലാം ഖത്തർ, സല്യൂട്ട്‌ അർജന്റീന

വെബ് ഡെസ്‌ക്‌Updated: Tuesday Dec 20, 2022


ഖത്തർ ഇനി വെറുമൊരു രാജ്യത്തിന്റെ പേരല്ല. അഭിമാനത്തിന്റെ  പ്രതീകമാണ്‌. എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത്‌ ഫുട്‌ബോൾ ലോകകപ്പ്‌ മഹത്തരമാക്കിയ കൊച്ചുരാജ്യം. സംഘാടനത്തിൽ പുതിയൊരു മാതൃക സൃഷ്‌ടിച്ചാണ്‌ ഖത്തർ വിടവാങ്ങുന്നത്‌. ഏഷ്യൻ വൻകരയ്‌ക്കാകെ അഭിമാനിക്കാവുന്ന നിമിഷം. കേരളത്തിലെ ഒരു ജില്ലയുടെ അത്ര വലിപ്പവും ജനസംഖ്യയുമുള്ള രാജ്യം കാണിച്ചത്‌ അത്ഭുതമാണ്‌. ലോക ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ പ്രസിഡന്റ്‌ ജിയാനി ഇൻഫാന്റിനോ പറഞ്ഞത്‌ ഇത്‌ മഹത്തായ ലോകകപ്പെന്നാണ്‌. കെട്ടിലും മട്ടിലും അവതരണത്തിലും പുതിയൊരു രീതിയും സമീപനവും ഖത്തറിനെ വേറിട്ടുനിർത്തുന്നു.
ഫിഫ വേദിയായി പ്രഖ്യാപിച്ചത്‌ 2010 ൽ ആണ്‌. 12 വർഷം ലോകകപ്പ്‌ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു അറബ്‌രാജ്യം.

അതിനിടെ കേൾക്കാത്ത വിമർശങ്ങളും ആക്ഷേപങ്ങളുമില്ല. യൂറോപ്യൻ രാജ്യങ്ങളുടെയും പാശ്‌ചാത്യ മാധ്യമങ്ങളുടെയും  ആക്ഷേപം കടുത്തതായിരുന്നു. ചില കളിക്കാരും രംഗത്തുവന്നു. മനുഷ്യാവകാശ പ്രശ്‌നം, അടിസ്ഥാന സൗകര്യക്കുറവ്‌, കാലാവസ്ഥ, സമൂഹത്തിലെ ഭിന്നവിഭാഗങ്ങളുടെ പങ്കാളിത്തം, വനിതകൾക്കുള്ള സ്വാതന്ത്ര്യം തുടങ്ങി തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ. ഖത്തർ ഒന്നിനും മറുപടി പറഞ്ഞില്ല. അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽമാത്രം ശ്രദ്ധിച്ചു. കളി തുടങ്ങിയതോടെ എല്ലാം കെട്ടടങ്ങി.
എട്ട്‌ സ്‌റ്റേഡിയത്തിലും വലിയ ജനക്കൂട്ടമായിരുന്നു. 35 ലക്ഷം പേർ നേരിട്ട്‌ കളി കണ്ടതായാണ്‌ പ്രാഥമിക കണക്ക്‌. ടെലിവിഷനിലും മറ്റ്‌ മാധ്യമങ്ങളിലുമായി 500 കോടിയോളം പേർ ലോകകപ്പ്‌ വീക്ഷിച്ചതായി ഫിഫ വിലയിരുത്തുന്നു. ലോകജനസംഖ്യ 800 കോടിയാണെന്ന്‌ ഓർക്കുക. കഴിഞ്ഞതവണ റഷ്യൻ ലോകകപ്പ്‌ കണ്ടത്‌ 357 കോടി പേരാണ്‌.

ഒട്ടേറെ സവിശേഷതകൾ ഇക്കുറി ഉണ്ടായിരുന്നു. 32 ടീമിന്റെ അവസാന ലോകകപ്പായിരുന്നു. അടുത്തതവണമുതൽ 48 ടീമാണുണ്ടാകുക. വനിതകൾ ആദ്യമായി കളി നിയന്ത്രിച്ചു. മുൻകാല ലോകകപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ എട്ട്‌ സ്‌റ്റേഡിയവും അടുത്തായിരുന്നു. കളി കൂടുതൽ കൃത്യമാക്കാനും പരാതികൾ ഒഴിവാക്കാനും  സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചു.

ലോകകപ്പ്‌ എക്കാലത്തും പരമ്പരാഗത ശക്തികളുടെ ആധിപത്യത്തിന്റേതാണ്‌. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുള്ള പോരിൽ ആഫ്രിക്കയ്‌ക്കും ഏഷ്യക്കും എപ്പോഴും കാഴ്‌ചക്കാരന്റെ റോളാണുണ്ടാകുക. എന്നാൽ, ഇക്കുറി ആഫ്രിക്കൻ രാജ്യമായ മൊറോക്കോ ഞെട്ടിച്ചു. സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി. ഏഷ്യൻ പ്രതിനിധികളായ സൗദി അറേബ്യയും ദക്ഷിണകൊറിയയും ജപ്പാനും പൊരുതിയാണ്‌ മടങ്ങിയത്‌. അവർ നൽകിയ ആവേശവും ഊർജവും ഇന്ത്യക്കും പിന്തുടരാവുന്നതാണ്‌. ഓരോ ലോകകപ്പ്‌ കഴിയുമ്പോഴും ഇന്ത്യയിലെ സാഹചര്യങ്ങളുടെ വിലയിരുത്തൽ ഉണ്ടാകാറുണ്ട്‌. വലിപ്പത്തിലും സൗകര്യത്തിലും ചെറുതായ രാജ്യങ്ങളുടെ നേട്ടം ചർച്ചയാകാറുണ്ട്‌. അടുത്ത തവണ 48 രാജ്യമാണ്‌ അണിനിരക്കുന്നത്‌. സ്വാഭാവികമായി ഏഷ്യൻ പ്രാതിനിധ്യം കൂടും. ഇന്ത്യയുടെ നിലവിലെ റാങ്ക്‌ 106  ആണ്‌. പൂർണമായ ഒരു പൊളിച്ചെഴുത്തിലൂടെ മാത്രമേ ലോകകപ്പ്‌ യോഗ്യത സാധ്യമാകൂ.
ഇരുപത്തിരണ്ട്‌ ലോകകപ്പിൽ ഇതുവരെ എട്ട്‌ രാജ്യമാണ്‌ കിരീടം നേടിയത്‌. ഇക്കുറി ലയണൽ മെസിയുടെ ചിറകിലേറി അർജന്റീന ജേതാക്കളായി. 36 വർഷത്തെ കാത്തിരിപ്പിനുശേഷമാണ്‌ മൂന്നാം കിരീടം. ഈ ലോകകപ്പ്‌ മെസിയുടെ പേരിലായിരിക്കും അറിയപ്പെടുക. ആകെ 64 കളി ഉണ്ടായിരുന്നു. 172 ഗോളടിച്ചു. ഒരു കളിയിൽ ശരാശരി 2.69 ഗോൾ.

കേരളം എക്കാലവും ലോകകപ്പ്‌ ആവേശത്തിനൊപ്പമുണ്ട്‌. ഖത്തറിലെ ആഘോഷങ്ങൾക്കും മലയാളികളായ പ്രവാസികളായിരുന്നു മുന്നിൽ. ലോകകപ്പ്‌ കേരളത്തിന്റെ ഇത്രയും അടുത്തെത്തുന്നത്‌ ആദ്യമായിരുന്നു. അതിനാൽ കൂടുതൽ മലയാളികൾ കണ്ട ലോകകപ്പായിരിക്കും ഇത്‌.

ലോക ഫുട്‌ബോളിലെ സൂപ്പർതാരങ്ങളായ ലയണൽ മെസിയും നെയ്‌മറും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ലൂകാ മോഡ്രിച്ചും കളിച്ച അവസാന ലോകകപ്പാണിത്‌. ഇവരുടെ പിൻഗാമികളാകാൻ വലിയൊരു യുവനിര വളർന്നുവരുന്നുണ്ട്‌. കിലിയൻ എംബാപ്പെയെപ്പോലുള്ള കിടിലൻ സ്‌ട്രൈക്കർമാർ ലോകം കീഴടക്കുമെന്ന്‌ വ്യക്തമായി. അതിനാൽ ഫുട്‌ബോളിന്റെയോ ലോകകപ്പിന്റെയോ ആരവം അവസാനിക്കുന്നില്ല. അത്‌ മനുഷ്യനുള്ളിടത്തോളം കാലം ജീവിതത്തിന്റെ ഭാഗമായി തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top