29 May Monday

ഫുട്‌ബോൾ ഇനിയൊരു ഭൂഗോളം

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022


ലോകം ഒറ്റപ്പന്തിനുചുറ്റും കറങ്ങാൻ തുടങ്ങുന്നു. ഖത്തറിൽ ഫുട്‌ബോൾ ലോകകപ്പിന്‌ കിക്കോഫ്‌. 29 ദിവസം 64 കളി. നാലുവർഷത്തെ കാത്തിരിപ്പാണ്‌. രാപ്പകലില്ലാതെ, കണ്ണുചിമ്മാതെ കളി കണ്ടിരിക്കാം. അത്‌ സ്‌റ്റേഡിയത്തിലോ ടെലിവിഷനിലോ മറ്റ്‌ മാധ്യമങ്ങളിലൂടെയോ ആകാം. വൻകരകളും രാജ്യങ്ങളും കൊടികളും ഭാഷയും മതവും പ്രായവും നിറവുമെല്ലാം അപ്രസക്തമാകുന്ന സുന്ദരകാലം. റഷ്യയിൽ അവസാനം നടന്ന ലോകകപ്പ്‌ നേരിട്ടും വിവിധ മാധ്യമങ്ങൾ വഴിയും കണ്ടത്‌ 357 കോടി ജനങ്ങളാണ്‌. അതായത്‌ ലോകജനസംഖ്യയുടെ പകുതി.

ലോകകപ്പ്‌ ഫുട്‌ബോൾ എല്ലായ്‌പ്പോഴും ഇതിഹാസങ്ങളെ ഓർമിപ്പിക്കുന്നു. അതിലെ രംഗങ്ങളും കഥാപാത്രങ്ങളും അതുപോലെ പുനരാവിഷ്‌കരിക്കപ്പെടുന്നു. ഇവിടെയും യുദ്ധമുണ്ട്‌, തന്ത്രമുണ്ട്‌, പോർവിളിയുണ്ട്‌, വിജയമുണ്ട്‌, തോൽവിയുണ്ട്‌. കളിയും കാര്യവും സ്വപ്‌നവും ഉൾച്ചേർന്നിരിക്കുന്നു. ചതിയും ഉയിർപ്പും തിരിച്ചുവരവും ആധിപത്യവും തിരിച്ചടിയുമെല്ലാം അതുപോലെ. പ്രണയത്തിനും നിരാസത്തിനും _വെറുപ്പിനും ഒരുമാറ്റവുമില്ല._നായകനും പ്രതിനായകനും തേരാളിയും കാവൽക്കാരനുമെല്ലാം ഇവിടെയും. ഒറ്റയാൾ മുന്നേറ്റം, സംഘശക്തിയുടെ വിളംബരം, വിജയത്തിന്റെ ഉന്മാദം, പരാജയത്തിന്റെ കണ്ണീർ. അപ്പോൾപ്പിന്നെ ഇതിഹാസങ്ങൾ നമ്മുടെ ജീവിതംതന്നെയല്ലേയെന്ന്‌ തോന്നിപ്പോകും, ഫുട്‌ബോളും. ലോകത്ത്‌ കോവിഡിന്റെ ഭീതി ഒഴിഞ്ഞിരിക്കുന്നു. തൽക്കാലം എല്ലാം മറന്ന്‌ ഈ ഉരുളുന്ന പന്തിന്‌ പിന്നാലെകൂടാം.

സോക്കർ യുദ്ധത്തിന്റെ ഉറക്കമില്ലാത്ത രാവുകളിലേക്കാണ്‌ ഖത്തർ ലോകത്തെ നയിക്കുന്നത്‌. ഫിഫ വേദിയായി പ്രഖ്യാപിച്ചത്‌ 2010ലാണ്‌. 12 വർഷമായി _ലോകകപ്പ്‌ വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അറബ്‌രാജ്യം. അതിനിടെ ഒട്ടേറെ വിമർശങ്ങളും ആരോപണങ്ങളും ഉയർന്നു. അമേരിക്ക അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും പാശ്‌ചാത്യ മാധ്യമങ്ങളും ആക്ഷേപങ്ങളുമായി രംഗത്തുവന്നു. ഇതൊന്നും കൂസാതെ മുന്നോട്ടുപോയ ഖത്തർ പ്രഖ്യാപിക്കുന്നു ‘ഞങ്ങൾ തയ്യാർ, നിങ്ങളോ’.
ഏഷ്യയിൽ രണ്ടാം തവണയാണ്‌ ലോകകപ്പ്‌ നടക്കുന്നത്‌. അറബ്‌ലോകത്ത്‌ ആദ്യം. ലോകകപ്പിന്‌ വേദിയാകുന്ന ഏറ്റവും ചെറിയ രാജ്യമെന്ന സവിശേഷതയുമുണ്ട്‌. 32 ടീം അണിനിരക്കുന്ന അവസാനത്തെ ലോകകപ്പാണ്‌. അമേരിക്കയും മെക്‌സിക്കോയും ക്യാനഡയും ആതിഥേയരാകുന്ന 2026ലെ ലോകകപ്പ്‌ 48 ടീമിന്റേതാണ്‌. സാധാരണ ലോകകപ്പ്‌ നടക്കുന്നത്‌ ജൂൺ, ജൂലൈ മാസങ്ങളിലാണ്‌. ആ സമയത്ത്‌ ഖത്തറിൽ കടുത്ത ചൂടായതിനാലാണ്‌ തണുപ്പുള്ള നവംബർ, ഡിസംബർ തെരഞ്ഞെടുത്തത്‌. പുരുഷ ലോകകപ്പിൽ ആദ്യമായി വനിതാ റഫറിമാരെത്തുന്നതും സവിശേഷതയാണ്‌.

ലോകകപ്പ്‌ എക്കാലത്തും പരമ്പരാഗത ശക്തികളുടെ ആധിപത്യത്തിന്റേതാണ്‌. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുള്ള പോരിൽ ആഫ്രിക്കയ്‌ക്കും ഏഷ്യക്കും എപ്പോഴും കാഴ്‌ചക്കാരന്റെ റോളാണ്‌. ഇരുപത്തിരണ്ടാമത്തെ ലോകകപ്പ്‌ നടക്കുമ്പോൾ ഇതുവരെ എട്ട്‌ രാജ്യമാണ്‌ കിരീടം നേടിയിട്ടുള്ളത്‌. ബ്രസീൽ അഞ്ചുതവണ ജേതാക്കളായി. നാലു തവണ ലോകകിരീടം നേടിയത്‌ ജർമനിയും ഇറ്റലിയുമാണ്‌. യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലി തുടർച്ചയായി രണ്ടാം ലോകകപ്പിലുമില്ലാത്തത്‌ ഖത്തറിന്റെ നഷ്‌ടമാണ്‌. അർജന്റീനയും ഫ്രാൻസും ഉറുഗ്വേയും രണ്ടുതവണ വീതം കപ്പെടുത്തു. ഇംഗ്ലണ്ടിനും സ്‌പെയ്‌നിനും ഓരോ തവണ.

കേരളം എക്കാലവും ലോകകപ്പ്‌ ആവേശത്തിനൊപ്പമുണ്ട്‌. പന്തുരുളുംമുമ്പേ തെരുവുകളിൽ ഇഷ്‌ട ടീമിന്റെ കമാനങ്ങളും കളിക്കാരുടെ ബോർഡുകളും നിരന്നു. കോഴിക്കോട്‌ ചാത്തമംഗലം പുള്ളാവൂരിൽ പുഴയിലെ കട്ടൗട്ടുകൾ ആഗോളശ്രദ്ധ നേടി. ഈ ചിത്രം പങ്കുവച്ച്‌ ഫിഫ കേരളത്തിന്റെ കളിആവേശത്തെ ആദരിച്ചു. ലോകകപ്പ്‌ കേരളത്തിന്റെ ഇത്രയും അടുത്തെത്തുന്നത്‌ ആദ്യമാണ്‌. നാലരമണിക്കൂർ വിമാനയാത്ര നടത്തിയാൽ ഖത്തറിലെത്താം. അതിനാൽ കൂടുതൽ മലയാളികൾ കാണുന്ന ലോകകപ്പെന്ന ബഹുമതിയും സ്വന്തം. ഖത്തറിലെ ജനസംഖ്യ 30 ലക്ഷമാണ്‌. അതിൽ ഏഴുലക്ഷം ഇന്ത്യക്കാരുണ്ട്‌. അവരിൽ മൂന്നരലക്ഷമാണ്‌ മലയാളികൾ.
ലോക ഫുട്‌ബോളിലെ സൂപ്പർതാരങ്ങളായ ലയണൽ മെസിയും നെയ്‌മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും കളിക്കുന്ന അവസാന ലോകകപ്പാകും. പിൻഗാമികളാകാൻ ശേഷിയുള്ള വലിയൊരു യുവനിര വളർന്നുവരുന്നുണ്ട്‌. അവരുടേതാകാം ഈ ലോകകപ്പ്‌. ഉണർന്നിരിക്കാം, താരോദയത്തിന്‌. കാത്തിരിക്കാം, പുതിയ രാജാവിനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top