പുതുപ്പള്ളിയിലെ വോട്ടർമാർ ഇന്ന് വിധി എഴുതുകയാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും മാറ്റത്തിന്റെ അലയൊലി ഉയർന്നപ്പോൾ പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടർന്ന പുതുപ്പള്ളിക്കും വേണ്ടേ മാറ്റം എന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലും സംസ്ഥാനത്തും ഉയർന്ന പ്രധാന ചോദ്യം. മാറ്റം വേണമെന്ന ആവശ്യത്തിനാണ് പുതുപ്പള്ളിയിലെ വോട്ടർമാർക്കിടയിൽ മുൻതൂക്കം. നിർഭാഗ്യമെന്ന് പറയട്ടെ യുഡിഎഫ് നേതാക്കൾക്ക് വികസനമെന്ന് പറയാനും അത് ചർച്ചചെയ്യാനും വല്ലാത്ത വൈമനസ്യം വളരെ പ്രകടമായിരുന്നു. വികസനം ചർച്ചയാകാതിരിക്കാൻ യുഡിഎഫ് അനുകൂല മാധ്യമങ്ങളും പരമാവധി ശ്രമിച്ചു. മണ്ഡലത്തിന്റെ വികസനം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസിനെ നാലാംനിര നേതാവെന്ന് ആക്ഷേപിക്കാനും അത്തരക്കാരുമായി സംവാദത്തിനില്ലെന്നു പറയാനുമാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ തയ്യാറായത്. സെറ്റിടാതെതന്നെ 1960കൾ പുതുപ്പള്ളി മണ്ഡലത്തിൽ ചിത്രീകരിക്കാൻ കഴിയുമെന്ന ജനങ്ങളുടെ അഭിപ്രായം അക്ഷരംപ്രതി ശരിയാണെന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവിടെ പോയവർക്കെല്ലാം ബോധ്യമായി. പല മാധ്യമങ്ങൾക്കും അക്കാര്യം പറയേണ്ടിയും വന്നു.
തുടർച്ചയായി അരനൂറ്റാണ്ട് ഒരാളെത്തന്നെ ജയിപ്പിച്ചു വിട്ടിട്ടും പുതുപ്പള്ളി ഇന്നും അര നൂറ്റാണ്ടിനു പിന്നിലാണെന്ന് പറയേണ്ടിവരുന്ന ഗതികേട് പുതുപ്പള്ളിക്കാർക്ക് മാത്രമുള്ളതാണ്. തങ്ങളുടെ ജനപ്രതിനിധി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും മന്ത്രിയും പ്രതിപക്ഷ നേതാവുമെല്ലാം ആയിട്ടും മണ്ഡലത്തിന് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നത് പുതുപ്പള്ളിയുടെ സ്വകാര്യ ദുഃഖമാണ്. ചുരുങ്ങിയപക്ഷം കുടിവെള്ളത്തിനെങ്കിലും സംവിധാനം വേണമെന്ന് പറയേണ്ടി വരുന്നത് 53 വർഷം തുടർച്ചയായി ഒരാൾ പ്രതിനിധാനംചെയ്‌ത മണ്ഡലത്തിലാണെന്ന് ഓർക്കണം. ജില്ലാ ആസ്ഥാനത്തോടു ചേർന്നുകിടക്കുന്ന മണ്ഡലമായിട്ടും കുഗ്രാമമായി തുടരുന്നതിന് മാറ്റം വേണമെന്നാണ് ഇവിടത്തെ ജനങ്ങളുടെ ആഗ്രഹം.
യുഡിഎഫും അവരുടെ സൈബർ ടീമും തെരഞ്ഞെടുപ്പിനെ സഹതാപത്തിലൊതുക്കി എങ്ങനെയും രക്ഷപ്പെടാൻ പറ്റുമോ എന്നാണ് നോക്കിയത്. ഉമ്മൻചാണ്ടി മരിച്ചതുമുതൽ അത്തരമൊരു നീക്കത്തിലായിരുന്നു യുഡിഎഫ്. കെപിസിസി പ്രസിഡന്റ്‌തന്നെ സ്ഥാനാർഥിയെ കുടുംബം നിശ്ചയിക്കുമെന്ന് പറയുന്നത് നാം കേട്ടു. തിടുക്കത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിപ്പിച്ച് സഹതാപം നിലനിർത്താനും ശ്രമമുണ്ടായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും ഈ ലക്ഷ്യത്തിലായിരുന്നു.
എന്നാൽ, എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയതോടെ അവരുടെ പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റു. മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമെന്ന എൽഡിഎഫിന്റെ പ്രഖ്യാപനവും അതിന് പുതുപ്പള്ളിയിലെ ജനങ്ങൾ നൽകിയ പിന്തുണയും യുഡിഎഫിന്റെ കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ചു. എൽഡിഎഫ് സർക്കാരിന്റെ ഏഴു വർഷത്തെ നേട്ടങ്ങളും പുതുപ്പള്ളി മണ്ഡലത്തിലേക്ക് എത്തിനോക്കാത്ത വികസനവും തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായതോടെ വ്യക്തിഹത്യയിലേക്കായി യുഡിഎഫിന്റെ ശ്രദ്ധ. ഇടതുപക്ഷ സ്ഥാനാർഥിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും പരേതനായ പിതാവിനെയും അവഹേളിച്ച് കോൺഗ്രസ് സൈബർ ടീം സമൂഹമാധ്യമങ്ങളിൽ അർമാദിച്ചു. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കേട്ടാലറയ്‌ക്കുന്ന ഭാഷയിൽ തെറിവിളിച്ചായിരുന്നു കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ പ്രസംഗം.
കേന്ദ്ര സർക്കാരിനെയോ ബിജെപിയെയോ നോവിക്കാതിരിക്കാൻ യുഡിഎഫ് പ്രത്യേകം ശ്രദ്ധിച്ചുവെന്നത് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ പുതുപ്പള്ളി മണ്ഡലത്തിനോടു ചേർന്നുകിടക്കുന്ന കിടങ്ങൂർ പഞ്ചായത്തിൽ ബിജെപിയെ ഘടകകക്ഷിയാക്കി ഭരണം പിടിച്ചെടുത്തത് പുതുപ്പള്ളിയിൽ ഇവർ തമ്മിലുണ്ടാക്കിയ അന്തർധാരയ്‌ക്ക് തെളിവാണ്. നെല്ല് സംഭരിച്ച വകയിൽ കേന്ദ്രം പണം കൊടുക്കാൻ ഇല്ലെന്ന പച്ചക്കള്ളം വിളിച്ചുപറയാൻ സുധാകരന് മടിയുണ്ടായില്ലെന്നത് ഇവർ തമ്മിലുള്ള ധാരണയെ അടിവരയിടുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സഹായത്തോടെയാണ് യുഡിഎഫ് കഷ്‌ടിച്ച് കടന്നുകൂടിയത്. അത് ആവർത്തിക്കാനുള്ള ശ്രമത്തിലാണ് അവർ. എന്നാൽ, പുതുപ്പള്ളിയിലെ വോട്ടർമാർ ഇതെല്ലാം തിരിച്ചറിയാൻ ശേഷിയുള്ളവരാണ്. നാടിന്റെ വികസനത്തിനായി ജനങ്ങൾക്കൊപ്പം നിൽക്കുന്നവർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ട്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ഉമ്മൻചാണ്ടിയെ വിറപ്പിച്ച ജെയ്‌ക്കിന് ജനങ്ങൾക്കൊപ്പം നിൽക്കാൻ കഴിയുമെന്നും തങ്ങളുടെ പ്രതിനിധി ജെയ്‌ക് ആകണമെന്നും ഭൂരിപക്ഷവും തീരുമാനിച്ചതാണ് കലാശക്കൊട്ടിൽ കണ്ട ജനവികാരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..