20 April Saturday

ഈ അറസ്റ്റിന് ന്യായീകരണമില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018


ഒരേ ദിവസം നാല് സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിലൂടെ രാജ്യത്തെ അഞ്ച് പൊതു പ്രവർത്തകരെ പുണെ പൊലീസ് അറസ്റ്റ‌് ചെയ്ത സംഭവം വൻ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്തുന്ന സമീപനമാണ് ഇവിടെ തെളിയുന്നത്. ഭിന്നാഭിപ്രായങ്ങളാണ് ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ് എന്ന് സുപ്രീംകോടതിക്കുതന്നെ സർക്കാരിനെ ഓർമിപ്പിക്കേണ്ടിവന്നിരിക്കുന്നു. വിമർശിക്കുന്നവരെ അറസ്റ്റ‌് ചെയ്യുന്നതും അടിച്ചുകൊല്ലുന്നതും അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിലേക്കാണ് രാജ്യം പോകുന്നതെന്ന അപകടകരമായ സൂചനയാണ് നൽകുന്നത്.  

ദീർഘകാലമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരെ ‘നഗര മാവോയിസ്റ്റുകൾ' എന്ന് മുദ്രകുത്തിയാണ് യുഎപിഎ ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്. സാധാരണ നിലയിൽ കൊടും ഭീകരവദികൾക്കെതിരെയാണ് യുഎപിഎയും മറ്റും ചുമത്താറുള്ളത്. എന്നാൽ, രാജ്യത്തെ പ്രമുഖ ബുദ്ധിജീവികൾക്കും അഭിഭാഷകർക്കും പത്രപ്രവർത്തകർക്കും പൊതു പ്രവർത്തകർക്കും നേരെയാണ് ഇത്തരം വകുപ്പുകൾ പുണെ പൊലീസ് ചുമത്തിയിട്ടുള്ളത്.  ഇവർ ചെയ്ത കുറ്റം എന്തെന്ന് വിശദീകരിക്കാതെയാണ് തീർത്തും സംശയാസ്പദമായ സാഹചര്യത്തിലുള്ള അറസ്റ്റ്. പ്രധാനമന്ത്രിയെ വധിക്കാൻ ഉൾപ്പെടെ ഇവർ ഗൂഢാലോചന നടത്തിയെന്ന പ്രചാരണമാണ് നടക്കുന്നതെങ്കിലും അത് കോടതിയെ ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. 

പുണെയ‌്ക്കടുത്ത ഭീമ കൊറേഗാവിൽ ജനുവരിയിൽ നടന്ന എൽഗർ പരീഷത്തുമായി ബന്ധപ്പെട്ടുണ്ടായ ദളിത് സവർണ സംഘർഷത്തിന്റെ പേരിലാണ് അറസ്റ്റ് നടന്നിട്ടുള്ളതെന്നാണ് വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ഒരു മലയാളി ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നാണ് പറഞ്ഞതെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ല. അതിനിടെയാണ് ഇതേ കാരണം പറഞ്ഞ് മറ്റ് അഞ്ചുപേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുള്ളത്. ഡൽഹി ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ് ഇവരെ പുണെയിലേക്ക് കൊണ്ടുപേകാൻ കഴിയാതിരുന്നത്. അഞ്ചുപേരെയും അവരവരുടെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ചാൽ മതിയെന്നും ജയിലിലേക്ക് മാറ്റേണ്ടതില്ലെന്നുമാണ് സുപ്രീംകോടതി നിർദേശിച്ചിട്ടുള്ളത്. റൊമീല ഥാപ്പർ, പ്രഭാത് പട്‌നായിക‌് എന്നിവരുടെ ഇടപെടലാണ് സുപ്രീംകോടതി ഉത്തരവിന് കാരണമായത്.

ഭീമ കൊറേഗാവിലെ സംഘർഷത്തിന് ഉത്തരവാദികൾ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ബന്ധമുള്ള സാംബാജി ഭിഡെയും മിലിന്ദ് എക്‌ബോട്ടെയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ഗുരുവെന്ന് വിശേഷിപ്പിച്ച സാംബാജി ഭിഡെയെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. മിലിന്ദ് എക്‌ബോട്ടെയെ അറസ്റ്റ് ചെയ‌്തെങ്കിലും ജാമ്യത്തിൽ വിടുകയും ചെയ്തു. സാംബാജി ഭിഡെയുടെ അടുത്ത അനുയായി തുഷാർ ദാംഗുഡെ നൽകിയ പരാതിയിലാണ് ഇപ്പോൾ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് വിചിത്രമായ കാര്യം. ഇരകളേക്കാൾ കുറ്റവാളികളെയാണ് സർക്കാർ വിലമതിക്കുന്നതെന്നർഥം. യഥാർഥ കുറ്റവാളികളെ രക്ഷിക്കുകയാണ്  കേന്ദ്ര﹣ സംസ്ഥാന സർക്കാരുകളുടെ താൽപ്പര്യമെന്ന് വ്യക്തം.

ഇവരുടെ അറസ്റ്റിനു പിന്നിൽ മറ്റൊരു വസ്തുതകൂടി മറഞ്ഞിരിപ്പുണ്ട്. അത് സനാതൻ സൻസ്ഥ എന്ന ഹിന്ദുത്വ ഭീകര സംഘടനയെ രക്ഷിച്ചെടുക്കുക എന്നതാണ്. നരേന്ദ്ര ധാബോൽക്കറെയും ഗോവിന്ദ് പൻസാരയെയും കെ എം കലബുർഗിയെയും ഗൗരി ലങ്കേഷിനെയും വധിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ഈ സംഘടനയാണെന്നാണ് ഇതുവരെയുള്ള അന്വേഷണങ്ങൾ വിരൽചൂണ്ടുന്നത്. നാല് കൊലപാതകത്തിനു തമ്മിലും ബന്ധമുണ്ടെന്നും അന്വേഷണ ഏജൻസിതന്നെ വിരൽചൂണ്ടിയിട്ടുമുണ്ട്. ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന പരശുറാം വഗ്മാറെയെ കർണാടക പ്രത്യേക അന്വേഷക സംഘം അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കർണാടക അന്വേഷക സംഘം സനാതൻ സൻസ്ഥയ‌്ക്കെതിരെ വ്യക്തമായ തെളിവുകൾ മഹാരാഷ്ട്ര പൊലീസിന് കൈമാറിയിട്ടും അവർക്കെതിരെ നടപടി കൈക്കൊള്ളാൻ തയ്യാറായിട്ടില്ല. ഇതിനെതിരെ ശക്തമായ വിമർശം ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് പ്രമുഖരായ അഞ്ചുപേരെ പുണെ പൊലീസ് അറസ്റ്റ‌് ചെയ്തിട്ടുള്ളത്. സനാതൻ സൻസ്ഥയിൽനിന്ന‌് ജനശ്രദ്ധ തിരിച്ചുവിടുകയാണ് ലക്ഷ്യം. ജനാധിപത്യത്തിനുനേരെയുള്ള ഈ കൈയേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top