26 April Friday

പ്രതീക്ഷ ഉണർത്തി കേരള പൊതുമേഖല

വെബ് ഡെസ്‌ക്‌Updated: Tuesday May 29, 2018


രണ്ടുവർഷം പിന്നിട്ട എൽഡിഎഫ്‌ ഗവൺമെന്റ്‌ ജനങ്ങളുടെ മുന്നിൽവയ്‌ക്കുന്ന ഒട്ടേറെ നേട്ടങ്ങളിൽ വേറിട്ടുനിൽക്കുന്നതാണ്‌ പൊതുമേഖലാ വ്യവസായങ്ങളുടെ ഗതിമാറ്റം. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായസ്ഥാപനങ്ങൾ 131.60 കോടി രൂപയുടെ നഷ്ടക്കണക്ക്‌ കാണിക്കുമ്പോഴാണ്‌ യുഡിഎഫ്‌ ഗവൺമെന്റ്‌ 2016 മേയിൽ സ്ഥാനമൊഴിഞ്ഞത്‌. എൽഡിഎഫ്‌ വരും; എല്ലാം ശരിയാകും  എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണി ജനങ്ങളോട്‌ ഇങ്ങനെ പറഞ്ഞു: പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ മുഴുവൻ വീണ്ടും ലാഭത്തിലാക്കും. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെകാലത്ത്‌ സ്വീകരിച്ച പുനഃസംഘടനാതന്ത്രമായിരിക്കും ഇതിനായി ഉപയോഗപ്പെടുത്തുക. ധനപരമായ പുനഃസംഘടന, സർക്കാർ വാങ്ങൽ നയത്തിലെ പരിഷ്‌കാരം, പൊതുമേഖലാസ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം, കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുമായുള്ള സംയോജനം, മാനേജ്‌മെന്റിലെ പൊളിച്ചെഴുത്ത്‌, തുടർച്ചയായ മോണിറ്ററിങ്‌, അഴിമതി ഒഴിവാക്കാനുള്ള സുതാര്യനടപടികൾ തുടങ്ങിയ പാക്കേജാണ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. പൊതുമേഖലയെ വിപുലീകരിക്കും. മൂന്നുവർഷം കൊണ്ട്‌ സ്വന്തം ലാഭത്തിൽനിന്ന്‌ ഇതിനുള്ള  മൂലധനം സ്വായത്തമാക്കാൻ കഴിയും.

പ്രകടനപത്രിക വെറും വ്യാമോഹമല്ലെന്ന്‌ തെളിയിച്ച്‌  അഭിമാനപൂർവം മൂന്നാംവർഷത്തിലേക്ക്‌ കടക്കുകയാണ്‌ പിണറായി സർക്കാർ. പൊതുമേഖലാസ്ഥാപനങ്ങൾ എല്ലാംചേർന്ന് 106.91 കോടി രൂപ ലാഭം കൈവരിച്ചുവെന്നത്‌  അക്കക്കണക്കിൽ ചെറുതായിരിക്കാം.  കണക്കുകൾക്കപ്പുറത്ത്‌  സർക്കാരിന്റെ  നയസമീപനത്തിലെ  ഗുണപരമായ മാറ്റം ഇതിൽ തെളിഞ്ഞുകാണാം. യുഡിഎഫ്‌ ഭരണത്തിൽ വരുന്ന ഘട്ടങ്ങളിലെല്ലാം പൊതുമേഖല കാട്ടാന കയറിയ കരിമ്പിൻതോട്ടമായി മാറുന്നത്‌ പുതുമയുള്ള കാര്യമല്ല. വ്യക്തമായ ദിശാബോധത്തോടും പ്രായോഗികസമീപനത്തോടുംകൂടി നീങ്ങിയ എൽഡിഎഫ്‌ ഗവൺമെന്റ്‌ ആദ്യവർഷം  നഷ്ടം 80.67 കോടി രൂപയാക്കി കുറച്ചു.  ഈ വർഷമാകട്ടെ ആ നഷ്ടം കൂടി നികത്തി 106.91 കോടി രൂപ ലാഭമുണ്ടാക്കി എന്നറിയുമ്പോഴാണ്‌ ഈ നേട്ടത്തിന്റെ മാറ്റുവർധിക്കുന്നത്‌. 14 പൊതുമേഖലാസ്ഥാപനങ്ങൾ 303.74 കോടി ലാഭമുണ്ടാക്കിയപ്പോൾ ഇപ്പോഴും തകർച്ചയിൽ തുടരുന്ന 26 സ്ഥാപനങ്ങളുടെ നഷ്ടം 196.83  കോടി രൂപയാണ്‌. മൊത്തം വിറ്റുവരവിൽ 7.5 ശതമാനം വർധനയും രേഖപ്പെടുത്തി.  നമ്മുടെ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളിൽ ബഹുഭൂരിഭാഗവും നേരിടുന്ന പ്രശ്‌നങ്ങൾ ഏറെക്കുറെ സമാനമാണ്‌. പ്രവർത്തന മൂലധനത്തിന്റെ അപര്യാപ്‌തത, കാലഹരണപ്പെട്ട സാങ്കേതികവിദ്യ, പ്രൊഫഷണൽ മാനേജ്‌മെന്റിന്റെ അഭാവം എന്നിവയാണിതിൽ പ്രധാനം.  ടെക്‌സ്‌റ്റൈൽ, പരമ്പരാഗത രംഗങ്ങളിൽ ഈ പ്രശ്‌നങ്ങൾ രൂക്ഷവുമാണ്‌. വിറ്റുവരവിന്റെ 48 ശതമാനവും വരുന്ന കെമിക്കൽ മേഖലയിലെ മെച്ചപ്പെട്ട പ്രകടനമാണ്‌ പൊതുവിൽ ആശ്വാസകരമാകുന്നത്‌. കെഎംഎംഎൽ, ട്രാവൻകൂർ ടൈറ്റാനിയം, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ എന്നീ സ്ഥാപനങ്ങളുടെ ഏഴു യൂണിറ്റുകളിൽ അഞ്ചും നല്ല ലാഭത്തിൽ പ്രവർത്തിക്കുന്നു. കെഎംഎംഎൽ  ചരിത്രത്തിലെ ഏറ്റവും വലിയ  നേട്ടമാണ് രേഖപ്പെടുത്തിയത്‌.  കഴിഞ്ഞതവണത്തെ 40 കോടിയിൽനിന്ന്‌ ലാഭം 195 കോടിയിലധികമായി ഉയർത്തി.  ഇലക്ട്രിക്കൽ മേഖലയിൽ  ടെൽക്ക്‌മാത്രമാണ്‌ മെച്ചപ്പെട്ട പ്രകടനം നിലനിർത്തുന്നത്‌. വൈദ്യുതി ബോർഡിൽനിന്നുള്ള ഓർഡർകൂടി ക്രമത്തിലാകുന്നതോടെ  മറ്റ്‌ സ്ഥാപനങ്ങൾകൂടി ലാഭത്തിലേക്ക്‌ കടക്കും. 

കെൽട്രോൺ യൂണിറ്റുകളുടെ  വിറ്റുവരവ്‌ വർധിക്കുകയും ചിലത്‌ ലാഭത്തിലാകുകയും ചെയ്‌തത്‌ ഇലക്‌ട്രോണിക്‌ രംഗത്തെ  സാധ്യതകളിലേക്ക്‌ വിരൽചൂണ്ടുന്നു.  ഇടതുഭരണത്തിലെ സ്വാഭാവിക അച്ചടക്കവും പ്രവർത്തനരീതിയും കൊണ്ടുമാത്രം സാധ്യമായതല്ല പൊതുമേഖലാവ്യവസായങ്ങളുടെ ഉയിർത്തെഴുന്നേൽപ്‌. പുനഃസംഘടനയും നവീകരണപ്രവർത്തനങ്ങളുമാണ്‌ കേരള പൊതുമേഖലയിൽ ഉണർവിന്‌ വഴിമരുന്നിടുന്നത്‌. ഇതാകട്ടെ എൽഡിഎഫ്‌  രൂപപ്പെടുത്തിയ വ്യക്തമായ പ്രവർത്തനപദ്ധതിയുടെയും നയസമീപനങ്ങളുടെയും ഉൽപ്പന്നവും. യുഡിഎഫ്‌ ഭരണകാലത്ത്‌ തലപ്പത്തിരിക്കുന്നവരുടെ സുഖലോലുപതയും സാമ്പത്തിക നേട്ടവുമല്ലാതെ പൊതുനന്മയോ തൊഴിലാളിതാൽപ്പര്യമോ   പരിഗണിക്കപ്പെടാറില്ല.   സംസ്ഥാന ഖജനാവിന്‌ ബാധ്യതയും നിരവധി തൊഴിലാളികൾക്ക്‌  ജീവിതപ്രാരാബ്ധങ്ങളും സമ്മാനിക്കുന്ന  പൊതുമേഖലാസ്ഥാപനങ്ങളുടെ ദുഷ്‌പേര്‌ മാറ്റിയെടുക്കുകയെന്നത്‌ ശ്രമകരമായ   ദൗത്യംതന്നെയാണ്‌. വ്യവസായമന്ത്രി എ സി മൊയ്തീൻ  പറഞ്ഞതുപോലെ സർക്കാർ നടത്തിയ സമഗ്ര ഇടപെടലാണ് ചരിത്ര നേട്ടത്തിന്‌ ആധാരം. ഈ അടിത്തറയിൽനിന്നുകൊണ്ട്‌  നിലവിലുള്ള എല്ലാ വ്യവസായങ്ങളെയും  പുനരുദ്ധരിക്കുകയും അതിൽനിന്നുള്ള ആദായം ഉപയോഗപ്പെടുത്തി പുതിയ സംരംഭങ്ങൾക്ക്‌ വഴിയൊരുക്കുകയുംചെയ്‌താൽ സംസ്ഥാനത്തിന്റെ വ്യവസായരംഗം വലിയ പുരോഗതിയിലേക്ക്‌ നീങ്ങുമെന്നുറപ്പാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top