രണ്ട് ഗുജറാത്തികൾക്കുവേണ്ടി രണ്ട് ഗുജറാത്തികൾ നടത്തുന്ന ഭരണമെന്ന വിമർശം കഴിഞ്ഞ ഒമ്പത് വർഷത്തിലധികമായി ഇന്ത്യൻ രാഷ്‌ട്രീയമണ്ഡലത്തിൽ നിരന്തരം ഉയരുന്നതാണ്. അത് ശരിവയ്‌ക്കുന്നതാണ് ഇക്കാലത്തിനിടയിൽ മോദി സർക്കാർ കൈക്കൊണ്ട പല തീരുമാനവും. പതിറ്റാണ്ടുകൾകൊണ്ട് രാജ്യം കെട്ടിപ്പടുത്ത പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതും ഏതാനും വർഷംകൊണ്ട് മോദി സർക്കാർ വിറ്റുതുലച്ചു. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ കൈയിട്ടുവാരി പോലും പണമെടുത്ത് വൻകിട മുതലാളിമാരെ സന്തോഷിപ്പിച്ചു. അതെല്ലാം മറച്ചുവച്ച്, ഇന്ത്യ ഉത്തരോത്തരം വളരുകയാണെന്ന് കാണിക്കാൻ കുത്തക മാധ്യമങ്ങളെ കൂട്ടുപിടിച്ച് വമ്പിച്ച പ്രചാരണകോലാഹലം നടത്തി. എന്നാൽ, യാഥാർഥ്യം മറ്റൊന്നാണെന്നും മോദി സർക്കാർ ഇന്ത്യയെ അത്യഗാധമായ സാമ്പത്തികക്കുഴപ്പത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നതെന്നും വ്യക്തമാക്കുന്ന ഔദ്യാഗിക കണക്കുകൾ പുറത്തുവന്നിരിക്കുന്നു. വിദേശകടം വൻതോതിൽ കുറച്ചുകാണിച്ചും ഫണ്ടുകൾ വകമാറ്റിയും കേന്ദ്ര സർക്കാർ നടത്തിയ ഭീമമായ തട്ടിപ്പുകളാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
ബോണ്ടുകൾ വാങ്ങാൻ 2021–-22ൽ ദേശീയ സമ്പാദ്യപദ്ധതി, പ്രോവിഡന്റ് ഫണ്ട് എന്നിവയിൽനിന്ന് സർക്കാർ 6,23,006 കോടി രൂപയെടുത്തതിൽ 21,560 കോടി രൂപ കാണാനില്ലെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. ഇതേകാലത്ത് രാജ്യത്തിന്റെ വിദേശകടം 2.19 ലക്ഷം കോടി രൂപ കുറച്ചുകാണിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പൊതുപണം രഹസ്യശേഖരങ്ങളാക്കി മാറ്റിയ നിരവധി ഇടപാടുകളും പുറത്തുവന്നിട്ടുണ്ട്. ടെലികോം കമ്പനികളിൽനിന്ന് പിരിച്ച തീരുവയിൽ 3000 കോടിയിലധികം രൂപ കണക്കിലില്ല. ആരോഗ്യ– -വിദ്യാഭ്യാസ സെസ് വകയിൽ ശേഖരിച്ചതിൽനിന്ന് 20,988 കോടി രൂപ സെക്കൻഡറി, ഉന്നതവിദ്യാഭ്യാസ നിധിയിലേക്ക് നൽകിയിട്ടില്ല. നികുതിവിഹിതം കൃത്യമായി നൽകാതെയും കടമെടുപ്പുപരിധി വെട്ടിക്കുറച്ചും സംസ്ഥാനങ്ങളെ ശ്വാസംമുട്ടിച്ച് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വമായ ഫെഡറലിസത്തിന്റെ കഴുത്തുഞെരിക്കുമ്പോൾത്തന്നെയാണ് മോദി സർക്കാർ കുത്തഴിഞ്ഞ നടപടികളിലൂടെ രാജ്യത്തിന്റെ സാമ്പത്തികഭദ്രത അപകടത്തിലാക്കുന്നത്.
ബിജെപി ഭരണത്തിൽ വിവിധ ആഗോള സൂചികകളിലും സാമ്പത്തികരംഗത്തും മറ്റും ഇന്ത്യ പിന്നോട്ടുപോയപ്പോഴും മോദിയുടെ അധികാരത്തിന്റെ തണലിൽ ഗൗതം അദാനിയെ പോലുള്ളവരുടെ വ്യവസായസാമ്രാജ്യം അതിവേഗം വളരുന്നത് ഇതിന്റെ മറുവശമാണ്. മോദി അധികാരത്തിലേറുന്നതിനുമുമ്പ് 2013ൽ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 22–-ാം സ്ഥാനത്തുമാത്രമായിരുന്ന അദാനി ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും സമ്പന്നനാണെന്ന് മാത്രമല്ല, ലോകത്തെ സമ്പന്നരിൽ മൂന്നാമനുമാണ്. കഴിഞ്ഞവർഷം ഓരോ ദിവസവും 1600 കോടി രൂപയെന്ന തോതിലാണ് അദാനിയുടെ സമ്പത്ത് വർധിച്ചത്. മോദിയുടെ ചില വിദേശയാത്രകൾ അദാനിക്ക് കച്ചവടം ഉറപ്പിക്കാനായിരുന്നെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഇവർ തമ്മിലുള്ള ബന്ധം. ഈ വർഷമാദ്യം ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിലുടെ അദാനിയുടെ കള്ളക്കളികൾ പുറത്തുവന്നപ്പോൾ സംരക്ഷിക്കുന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിച്ചത്. സംഘടിത കുറ്റകൃത്യങ്ങൾക്കും അഴിമതിക്കുമെതിരായ മാധ്യമപ്രവർത്തകരുടെ രാജ്യാന്തര പ്രോജക്ട് (ഒസിസിആർപി) മൂന്നാഴ്‌ച മുമ്പും അദാനിയുടെ കള്ളത്തരങ്ങൾ വെളിച്ചത്തുകൊണ്ടുവന്നു. ഈ കൊള്ളയ്‌ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ കള്ളക്കേസുകളിലൂടെയും നിഷ്‌ഠുരം അടിച്ചമർത്തിയും നിശ്ശബ്ദമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഭരണനേതൃത്വവും കോർപറേറ്റ് ശക്തിയും ലയിച്ച് ഒന്നിക്കുന്ന ഭരണവ്യവസ്ഥയാണ് ഫാസിസമെന്ന് അതിന്റെ ആചാര്യനായ മുസോളിനി വ്യക്തമാക്കിയിട്ടുണ്ട്. അദാനി–-മോദി സഖ്യത്തിൽ ഇന്ത്യ അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ മോദിയുടെ പരിഗണനയിലേയില്ല.
ഇന്ത്യയെ ഒരു കമ്പോളമായും പൗരരെ കേവലം ഉപയോക്താക്കളായുമാണ് മോദി സർക്കാർ കാണുന്നത്. വികസിത മുതലാളിത്ത രാജ്യങ്ങളുമായി വിലപേശലിനുള്ള കരുവാണ് മോദിക്ക് ഇന്ത്യൻ ജനത. 140 കോടി ഉപയോക്താക്കളുള്ള, ലോകത്തെ ഏറ്റവും വലിയ കമ്പോളത്തിന്റെ അധിപനായ മോദിയെ പിണക്കാൻ അമേരിക്കയ്‌ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും പ്രയാസമാണ്. ഗുജറാത്തിലെ മുസ്ലിം വംശഹത്യയെത്തുടർന്ന് ഒരുപതിറ്റാണ്ടിലേറെ മോദിക്ക് വിലക്കുകൽപ്പിച്ചിരുന്ന പാശ്ചാത്യ രാജ്യങ്ങൾ മോദിയെ പ്രീണിപ്പിക്കാനാരംഭിച്ചത് മോദി ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നതോടെയാണ് എന്നോർക്കണം. തങ്ങളുടെ താൽപ്പര്യങ്ങൾ കൂടി മോദി നടപ്പാക്കുമെന്ന് പാശ്ചാത്യ സാമ്രാജ്യത്വ രാഷ്‌ട്രങ്ങൾക്ക് അറിയാം. അതിനാൽ മോദി–- അദാനി വാഴ്‌ചയിൽനിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ജനകീയമുന്നേറ്റം സാമ്രാജ്യത്വവിരുദ്ധ രാഷ്‌ട്രീയത്തിന്റെ ദിശാബോധത്തോടെയുള്ളതാകണം. ഇടതുപക്ഷത്തിന്റെ സജീവ പങ്കാളിത്തത്തോടെ വളരുന്ന കൂട്ടായ്‌മയെ അത്തരത്തിലേക്കുയർത്തുകയാണ് ഇന്നത്തെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..