19 April Friday

അഭിമാനം, ആഹ്ലാദം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

മലയാളികൾക്കാകെ അഭിമാനവും ആഹ്ലാദവും ധൈര്യവും പകർന്ന നിമിഷങ്ങൾ. പിഎസ്‌സി പരീക്ഷയിൽ മലയാളത്തിലും ചോദ്യങ്ങൾ നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം അംഗീകരിച്ചിരിക്കുന്നു. ഇനി പണ്ഡിതലോകവും സാംസ്‌കാരിക കേരളവും മലയാളികളൊന്നാകെയും സർക്കാരിനും പിഎസ്‌സിക്കും ഒപ്പം അണിനിരന്ന് തുടർന്നുള്ള കാര്യങ്ങൾ എളുപ്പമാക്കുകയാണ് വേണ്ടത്. മലയാളത്തിൽ ചോദ്യങ്ങൾ തയ്യാറാക്കുന്നതിന്റെ പ്രായോഗിക പ്രയാസങ്ങൾ പരിഹരിക്കുന്നതിന് ഉന്നതതല സമിതിയുടെ രൂപീകരണം, വൈസ് ചാൻസലർമാരുടെ യോഗം, സാങ്കേതിക ഭാഷാ നിഘണ്ടു തയ്യാറാക്കൽ എന്നിവയും ഉണ്ടാകുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ അർഥത്തിലും ആവേശകരമായ നിർദേശങ്ങൾ. സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന്, ഐക്യമലയാള പ്രസ്ഥാനം പിഎസ്‌സി ആസ്ഥാനത്തിനുമുന്നിൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരത്തിനും അർഥപൂർണമായ വിരാമം. എം ടി വാസുദേവൻനായരും സുഗതകുമാരിയും അടൂർ ഗോപാലകൃഷ്‌ണനുമടക്കം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരും സാംസ്‌കാരിക നായകരും അണിനിരന്നായിരുന്നു ആ സമരം.

പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീറുമായി നടത്തിയ ചർച്ചയിൽ പരീക്ഷയിൽ മലയാളത്തിലും ചോദ്യം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ചു. പിന്നീട്, പിഎസ്‌സി യോഗം ഈ നിർദേശം അംഗീകരിക്കുകയായിരുന്നു. പ്ലസ് ടുവരെ അടിസ്ഥാന യോഗ്യതയുള്ള പരീക്ഷകൾ നിലവിൽ  മലയാളത്തിലാണ് നടത്തുന്നത്. മൊത്തം ഉദ്യോഗാർഥികളിൽ തൊണ്ണൂറ്‌ ശതമാനവും ഈ പരീക്ഷകൾ എഴുതുന്നുണ്ട്. ശേഷിക്കുന്ന പരീക്ഷകൾകൂടി മലയാളത്തിലാക്കണമെന്നായിരുന്നു സർക്കാരിന്റെ നിർദേശം. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കടക്കം നടക്കാനിരിക്കുന്ന പരീക്ഷകൾക്ക് ചോദ്യം മലയാളത്തിലാകും.
മലയാളം നമ്മുടെ പെറ്റമ്മയാണ്, അഭിമാനമാണ്, സംസ്‌കാരമാണ്. മാതൃഭാഷയെ മറക്കുകയെന്നാൽ പെറ്റമ്മയെ മറക്കുന്ന പോലെയാകും.

"മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം,
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ '

മലയാളത്തെക്കുറിച്ച് മഹാകവി വള്ളത്തോൾ ചൊല്ലിയ ഈ വരികൾ ഓർക്കുമ്പോൾ മലയാളത്തിനുവേണ്ടി നിലകൊണ്ട സംസ്ഥാന സർക്കാരിനെ എല്ലാ മലയാളികളും ഹൃദയത്തിൽ ഏറ്റുവാങ്ങുകയാണ്. ഇന്ത്യക്ക് മുഴുവൻ ഒറ്റ ഭാഷയെന്ന പേരിൽ രാജ്യത്തെങ്ങും ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നൊരു കാലത്താണ് മലയാളത്തിനുവേണ്ടി സംസ്ഥാന സർക്കാരിന്റെ പ്രശംസനീയ നടപടികൾ എന്നതും ശ്രദ്ധേയമാണ്. ഇതോടൊപ്പം മുഖ്യമന്ത്രി പറഞ്ഞ മറ്റൊരു കാര്യവും എല്ലാവരും ഉൾക്കൊള്ളേണ്ടതാണ്. അതിങ്ങനെയാണ്- "മറ്റേതെങ്കിലും ഭാഷയ്‌ക്ക് നമ്മൾ എതിരല്ല. മറ്റു ഭാഷക്കാരുമായി ആശയവിനിമയം നടത്താൻ ഇംഗ്ലീഷും ഭാഷാന്യൂനപക്ഷ മേഖലകളിൽ ആ ഭാഷയുമാണ് ഉപയോഗിക്കുന്നത്. മറ്റെല്ലാ കാര്യങ്ങൾക്കും മലയാളം ഉപയോഗിക്കണം. മാതൃഭാഷയെ ചവിട്ടിത്താഴ്‌ത്തി മറ്റു ഭാഷകൾ പഠിക്കാൻ പാടില്ലെന്നതാണ് സർക്കാരിന്റെ സമീപനം.’

മലയാളഭാഷയെക്കുറിച്ചുള്ള ഈ ചർച്ചയ്‌ക്കിടെ നമ്മൾ ഓർക്കേണ്ട പ്രധാന പേരുകളിലൊന്ന് ഇ എം എസിന്റേതാണ്. പ്രത്യേകിച്ചും, പുതിയ പദാവലികളെക്കുറിച്ചൊക്കെ ആലോചിക്കുന്ന ഘട്ടത്തിൽ. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഏത് പുത്തൻ ആശയവും സമൂഹത്തിലെ എല്ലാവർക്കും, പണ്ഡിതനും പാമരനും ഒരേപോലെ മനസ്സിലാകണം എന്നതായിരുന്നു ഇ എം എസിന്റെ  ഭാഷാദർശനം. കേരളത്തിന്റെ ചരിത്രത്തിൽ, ഏതു ഗഹനമായ വിഷയവും ഏറ്റവും ലളിതമായി  ജനങ്ങളോട് സംസാരിച്ച ആചാര്യനായിരുന്നു ഇ എം എസ്. 


 

ഇനിയിപ്പോൾ മെഡിക്കൽ, എൻജിനിയറിങ്, കംപ്യൂട്ടറധിഷ്ഠിത പരീക്ഷകൾക്കാവശ്യമായ പദാവലികളൊക്കെ തയ്യാറാക്കുമ്പോൾ ഇ എം എസ് ഭാഷയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ മനസ്സിൽ വയ്‌ക്കാവുന്നതാണ്. മൂലഗ്രന്ഥത്തിലെ ആശയം നന്നായി മനസ്സിലാക്കണം, അതിന് അതിലെ ഭാഷയിൽ പ്രാവീണ്യം വേണം, അത് ഓജസ്സുറ്റ ശൈലിയിൽ, തെറ്റില്ലാതെ മലയാളത്തിലാക്കണം. ഇതിന് മലയാളവും നന്നായി അറിയണം എന്നൊക്കെ അദ്ദേഹം  പറഞ്ഞുവച്ചിട്ടുണ്ട്.  പഠനവും ഭരണവും മാതൃഭാഷയിലാക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് ഇക്കാര്യത്തിൽ മുൻകൈയെടുക്കാനാകുമെന്ന് അതിന്റെ ആദ്യ ചെയർമാൻ കൂടിയായ ഇ എം എസ് പറഞ്ഞതും സ്‌മരണീയം.
പുതിയ പദാവലികൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ, ഇന്ന് നാം കാണുന്ന രീതിയിൽ മലയാള പദാവലി വികസിച്ചതെങ്ങനെയെന്നും വിലയിരുത്തണം. മറ്റനേകം ഭാഷകളോട് കടപ്പെട്ടുകൊണ്ടാണ് മലയാളം വികസിച്ചത്.  സംസ്‌കൃതം, പാലി, മറാഠി, ഹിന്ദി, അറബി, ഉർദു, പേർഷ്യൻ, സിറിയൻ, പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളുടെ സമ്പർക്ക സ്വാധീനങ്ങൾ മലയാളത്തിന് വളരെ സഹായമായിട്ടുണ്ട്. ഇതരഭാഷകൾ പഠിക്കാനും അതിനെ മാനിക്കാനും നമുക്ക് കഴിയണം. 

മലയാളഭാഷ അറിയാതെ വളരുന്ന ഒരു തലമുറയും നമുക്കിടയിലുണ്ട്. മലയാളം അറിയില്ല എന്ന് ഊറ്റംകൊള്ളുന്ന ചിലരും ഇവിടെയുണ്ട്. ഇതെല്ലാം മാറ്റിയെടുക്കാൻ നല്ല ശ്രമം വേണം. ഈയൊരു സാഹചര്യത്തിൽ,  ഇ എം എസിന്റെ പിന്മുറക്കാർ നയിക്കുന്ന സംസ്ഥാന സർക്കാരിന്റെ പുതിയ ചുവടുകൾ കേരള ചരിത്രത്തിലൊരു മായാമുദ്രയാവുകയാണ്. സർക്കാരിന് അഭിനന്ദനങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top