25 April Thursday

അയിത്തത്തിനെതിരായ പോരാട്ടം തുടരുക

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019


അയിത്തത്തിനെതിരെ സമരംചെയ‌്ത ചെറുപ്പക്കാരനാണ് തിരുനെൽവേലിയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ടത്.  തൊട്ടുകൂടായ‌്മയും തീണ്ടിക്കൂടായ‌്മയും ഇന്നും നിലനിൽക്കുന്നു എന്ന് മാത്രമല്ല, അതിന്റെ പേരിൽ അരുംകൊലയും  തുടരുന്നു എന്നത് ആധുനിക ഇന്ത്യ വീണുകിടക്കുന്ന അഴുക്കുചാലിന്റെ സൂചകമാണ്. ഡിവൈഎഫ്‌ഐ തിരുനെൽവേലി ജില്ലാ ട്രഷററും സിപിഐ എം തിരുനെൽവേലി ഏരിയ കമ്മിറ്റി അംഗവും അയിത്തനിർമാർജന മുന്നണി പ്രവർത്തകനുമായ അശോകിനെ (26)യാണ് ജാതിസംഘർഷങ്ങൾക്കെതിരെ സമരം ചെയ‌്തതിന്റെ പേരിൽ പതിയിരുന്നു വെട്ടിക്കൊന്നുകളഞ്ഞത്. തമിഴ്നാട്ടിൽ പലയിടത്തും ജാതിയുടെ പേരിൽ കൊടിയ ദുരാചാരങ്ങൾ നിലനിൽക്കുന്നു.  2007ൽ രൂപീകരിച്ച അയിത്ത നിർമാർജന മുന്നണിയാണ്, ജാതിക്കോമരങ്ങളുടെ വിനാശകരമായ ഇടപെടലുകൾക്കെതിരെ പോരാട്ടം നയിക്കുന്നത്. 

ട്രേഡ് യൂണിയനുകൾ, പുരോഗമന ആശയം ഉയർത്തിപ്പിടിക്കുന്ന സർവീസ് സംഘടനകൾ, കിസാൻസഭ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, മുർപ്പോക്ക് എഴുത്താളർ സംഘം തുടങ്ങിയ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങൾ, 68 ദളിത് സംഘടന എന്നിവയുൾപ്പെടുന്നതാണ് ഈ മുന്നണി.  40 ലക്ഷത്തിലേറെ പേർ ഒരു ലക്ഷ്യത്തിനായി അതിനുപിന്നിൽ അണിചേരുന്നു. 1348 ഗ്രാമത്തിലായി നടത്തിയ സർവേയിൽ അയിത്തത്തിന്റെ 85 വകഭേദമാണ‌് മുന്നണി കണ്ടെത്തിയത്. ദളിതരുടെ ഉന്നമനത്തിനായി സംസ്ഥാനമെങ്ങും വലിയ പ്രക്ഷോഭം തമിഴ്നാട് അയിത്ത നിർമാർജന മുന്നണി നേതൃത്വത്തിൽ സംഘടിപ്പിച്ചു. ദളിതർക്ക് വിലക്കേർപ്പെടുത്തിയ 28 ക്ഷേത്രത്തിലേക്ക് ദളിതരുമായി പ്രവേശിച്ചു. ഉത്തപുരത്ത് ദളിതരെ അകറ്റിനിർത്തുന്നതിനായി കെട്ടിപ്പൊക്കിയ ജാതിമതിൽ പ്രക്ഷോഭത്തെത്തുടർന്ന് പൊളിച്ചു. ഇങ്ങനെ സാമൂഹ്യപരിഷ‌്കരണത്തിന്റെ കൊടിയേന്തി തമിഴ് ജനതയെ മുന്നോട്ടു നയിക്കുന്നവർക്കുനേരെ നടക്കുന്ന ആക്രമണങ്ങളിൽ ഒടുവിലത്തേതാണ് അശോകിന്റെ കൊലപാതകം.

ഇത് തമിഴ്നാടിന്റെമാത്രം ചിത്രമല്ല. ദളിതർക്കുനേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ ഒറ്റപ്പെട്ട സാമൂഹ്യ പ്രതിഭാസമോ വ്യതിയാനമോ അല്ല. അവരുടെ അന്തസ്സിനുനേരെയുള്ള കരുതിക്കൂട്ടിയുള്ള കടന്നാക്രമണമാണ്. ഭീമ കൊറേഗാവിൽ ദളിതർക്കുനേരെ ഉണ്ടായ അക്രമണവും തുടർന്ന് രാജ്യവ്യാപകമായി അംബേദ്കർ പ്രതിമകൾ നശിപ്പിച്ചതും ദളിതരെ തല്ലിക്കൊന്നതും എല്ലാം ഈ മനോഘടന വ്യക്തമാക്കുന്നു. അയ്യൻകാളി, ജ്യോതിബാ ഫൂലേ, സാവിത്രിഭായി ഫൂലേ, ഡോ. അംബേദ്കർ  തുടങ്ങിയ സാമൂഹ്യപരിഷ്‌കർത്താക്കളുടെ നേതൃത്വത്തിൽ നടന്ന സുദീർഘമായ പോരാട്ടങ്ങളെത്തുടർന്ന് ദളിതർക്കിടയിൽ ഉയർന്നുവരുന്ന അവബോധത്തെ അടിച്ചമർത്താനാണ്  ശ്രമം.രാജ്യത്ത് ഓരോ 15 മിനിറ്റിനുള്ളിലും ദളിതർക്കെതിരായ അതിക്രമങ്ങൾ നടക്കുന്നു.  ബഹുമുഖമായ ആക്രമണമാണുണ്ടാകുന്നത്.  സർവകലാശാലകളിലെ ദളിത് സംവരണ സീറ്റുകൾ കുറയ‌്ക്കുകയും  ദളിത് സ്‌കോളർഷിപ്പുകൾ തടയുകയും ചെയ്യുന്നു. 

ജാതിവിവേചനത്തിനും അനീതിക്കും എതിരായ ഉശിരൻ പോരാട്ടങ്ങൾ നടത്തുന്നത് സിപിഐ എമ്മും  ഇടതുപക്ഷവും മാത്രമാണ്. ജാതിക്കെതിരായ പോരാട്ടവും സാമ്പത്തികവും സാമൂഹ്യവുമായ അടിച്ചമർത്തലിനെതിരായ പോരാട്ടവും ഏകോപിപ്പിക്കാൻ പാർടി തയ്യാറായതിന്റെ ഭാഗമാണ് തമിഴ്നാട്ടിലെ അയിത്തവിരുദ്ധ മുന്നേറ്റം.  നമ്മുടെ തൊട്ട‌് അയൽ സംസ്ഥാനത്ത‌് അയിത്തം കൊടികുത്തി വാഴുമ്പോൾ കേരളം വേറിട്ട് നിൽക്കുകയാണ് എന്നതും ഓർക്കണം.  ഇന്ത്യയിലാദ്യമായി കേരളത്തിലാണ് ദളിത് വിഭാഗത്തിൽപ്പെട്ടവരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചത‌്. സമത്വാധിഷ്ഠിതമായ പരിഷ്‌കാരങ്ങൾ നടപ്പാക്കിയതും ഇടതുപക്ഷ സർക്കാരുകൾ മാത്രമാണ്. കേരളം, ത്രിപുര, ബംഗാൾ, സംസ്ഥാനങ്ങളിലെ ഇടതുപക്ഷ സർക്കാരുകളാണ് ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ പരിഷ്‌കരണവും നടപ്പാക്കിയത്. ഈ സംസ്ഥാനങ്ങൾ സാമൂഹ്യപുരോഗതിയിൽ ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ ദളിതർക്കെതിരായ അതിക്രമങ്ങൾ ഇവിടങ്ങളിൽ കുറവാണ്.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി കേരളത്തിൽ പുരോഗമനശക്തികൾ രംഗത്തിറങ്ങുമ്പോൾ പരിഹാസത്തോടെ നോക്കുന്നവരുണ്ട്. അവർക്കുള്ള മറുപടി കൂടിയാണ് തമിഴ്‌നാട്ടിലെ അനുഭവം. കേരളം ദശാബ‌്ദങ്ങൾക്കുമുമ്പ‌് നേടിയ സാമൂഹ്യപുരോഗതി അവിടെ ഇല്ല. അതിന്റെ ഫലം കൊടിയ സാമൂഹ്യ അനാചാരങ്ങളാണ്. അതിനെതിരായ പോരാട്ടത്തിലെ രക്തസാക്ഷിയാണ് അശോക്. തമിഴ്നാട്ടിലെയും രാജ്യത്താകെയുമുള്ള മനുഷ്യർക്കുവേണ്ടിയാണ് ആ ജീവൻ ബലിയർപ്പിച്ചത് എന്ന് തിരിച്ചറിഞ്ഞ‌്, ആ പോരാട്ടം കൂടുതൽ ശക്തിയായി തുടരാനുള്ള കടമ സമൂഹത്തിനാകെയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top