11 August Thursday

പ്രതിഷേധച്ചൂടിൽ വടക്കുകിഴക്കൻ മേഖല

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019


 

പൗരത്വഭേദഗതിനിയമ ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കത്തിപ്പടർന്ന അമർഷവും രോഷവും എളുപ്പത്തിൽ ശമിക്കുന്നതല്ല. ‘വിനാശകാലേ വിപരീതബുദ്ധി’ എന്ന്‌ വിശേഷിപ്പിക്കപ്പെട്ട സമീപനത്തോടെ മോഡിസർക്കാർ കൊണ്ടുവന്ന ഈ ബിൽ ദൂരവ്യാപകമായ പ്രത്യാഘാതമാണ്‌  സൃഷ്ടിക്കുക. ചരിത്രപരമായ കാരണങ്ങളും ഇതുവരെ രാജ്യം ഭരിച്ച പല കേന്ദ്രസർക്കാരുകളുടെയും സങ്കുചിത രാഷ്ട്രീയനടപടികളും ചേർന്ന്‌ അസ്വസ്ഥമാക്കിയ വടക്കുകിഴക്കൻ മേഖലയെ കൂടുതൽ കുഴപ്പങ്ങളിലേക്കും കലാപങ്ങളിലേക്കും തള്ളിവിട്ടിരിക്കയാണ്‌ ബിജെപി സർക്കാർ.

മേഖലയിലെ ഏറ്റവും വലിയ സംസ്ഥാനമായ അസം ശരിക്കും കത്തുകയാണ്‌. കുടിയേറ്റം, പൗരത്വം എന്നീ വിഷയങ്ങളുടെ പേരിൽ ഒരുപാട്‌ ചോര വീണ മണ്ണാണ്‌ അസമിലേത്‌. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കുടിയേറ്റക്കാർ വൻതോതിൽ എത്തുന്നതുകാരണം അസമിന്റെ തനതുസംസ്‌കാരവും ഭാഷയും നഷ്ടപ്പെടുന്നതായി ആരോപിച്ച്‌ 1979–-85 കാലത്ത്‌ രക്തരൂക്ഷിത പ്രക്ഷോഭം അവിടെ അലയടിച്ചു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഓൾ അസം സ്‌റ്റുഡന്റ്‌സ്‌ യൂണിയന്റെയും അസം ഗണപരിഷത്തിന്റെയും നേതൃത്വത്തിൽ നടത്തിയ കലാപസമാനമായ പ്രക്ഷോഭം 1985 ആഗസ്‌ത്‌ 15നു കേന്ദ്ര സർക്കാരുമായി അസം കരാർ ഒപ്പിട്ടതോടെയാണ്‌  അവസാനിച്ചത്‌. 1966 ജനുവരി ഒന്നിനുമുമ്പ്‌ എത്തിയ വിദേശികൾക്ക്‌ നിരുപാധികമായി പൗരത്വം നൽകും. 1966 ജനുവരി ഒന്നിനുശേഷം 1971 മാർച്ച്‌ 24 വരെ എത്തിയവർക്ക്‌  വിദേശികൾക്കായുള്ള നിയമത്തിലെ (1946) വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകാവുന്നതാണ്‌. 1971 മാർച്ച്‌ 25നോ അതിനുശേഷമോ എത്തിയവരെ കണ്ടെത്തി മടക്കിഅയക്കും. ഈ മൂന്ന്‌ വ്യവസ്ഥകളാണ്‌ അസം കരാറിന്റെ കാതൽ.

ഇതിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്‌റ്റർ (എൻആർസി) പ്രകാരമാണ്‌ ഇവിടെ 19 ല-ക്ഷ-ത്തി-ല-ധി-കംപേർക്ക്‌ പൗരത്വം നഷ്ടമായത്‌. ഇതിൽ 16 ലക്ഷം പേരും ബംഗാളി ഹിന്ദുക്കളാണ്‌. ഇവർക്ക്‌ ഇന്ത്യൻ പൗരത്വം നൽകാനാണ്‌ പൗരത്വഭേദഗതി നിയമബിൽ കൊണ്ടുവന്നതെന്ന്‌ വാദമുണ്ട്‌. അസമിൽ ഇപ്പോൾ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്കും ബിജെപിക്കുംനേരെ കലാപം പൊട്ടിപ്പുറപ്പെടാനുള്ള പ്രകോപനം ഇതാണ്‌. ‘പുറത്തുനിന്നുള്ളവർ’ അസമിനെ കീഴടക്കുമെന്ന്‌ തദ്ദേശീയ ജനവിഭാഗങ്ങൾ ഭയക്കുന്നു. രൂക്ഷമായ സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്‌മയും യുവജനങ്ങളെ അരക്ഷിതബോധത്തിൽ എത്തിച്ചത്‌  ഇത്തരം വിഷയങ്ങൾ ആളിപ്പടരാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്‌. അതേസമയം, അസമിലെ ബിജെപി സർക്കാർ അസ്ഥിരമാകാൻ നിലവിലെ സംഭവവികാസങ്ങൾ ഇടയാക്കും.

സഖ്യകക്ഷിയായ അസം ഗണപരിഷത്തിന്‌ ബിജെപിയുമായി ഒത്തുപോകാൻ ബുദ്ധിമുട്ടാകും. അസം ഗണപരിഷത്തിന്റെ രാഷ്ട്രീയ പരിപാടി ‘വിദേശി വിഷയത്തിൽ’ കേന്ദ്രീകൃതമാണ്‌. പൗരത്വനിയമ ഭേദഗതി ബില്ലിന്റെ കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കാതെ ഗണപരിഷത്തിനു മുന്നോട്ടുപോകാൻ കഴിയില്ല. സ്വാർഥ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ ഗണപരിഷത്ത്‌ നേതൃത്വം മൗനംപാലിക്കുകയാണെന്ന്‌ പാർടി സ്ഥാപകനും മുൻമുഖ്യമന്ത്രിയുമായ പ്രഫുല്ലകുമാർ മഹന്ത ആരോപിച്ചിട്ടുണ്ട്‌. ഗണപരിഷത്തിന്റെ ദിബ്രുഗഡിലെ ഓഫീസ്‌ കഴിഞ്ഞദിവസം പ്രക്ഷോഭകർ തകർത്തിരുന്നു.


 

മേഖലയിലെ ഇതരസംസ്ഥാനങ്ങളിലും സമാന സാഹചര്യമാണ്‌. അനധികൃത കുടിയേറ്റക്കാരെ കൊണ്ടുതള്ളാനുള്ള ഇടമായി മേഖലയെ മാറ്റാൻ അനുവദിക്കില്ലെന്നാണ്‌ നോർത്ത്‌ ഈസ്‌റ്റ്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നത്‌. മേഖലയിൽ മുമ്പുതന്നെ ഉയർന്ന ശക്തമായ എതിർപ്പിനെ തുടർന്ന്‌ 2016 ബില്ലിൽ ചില മാറ്റംവരുത്തിയതാണ്‌  ഇപ്പോഴത്തെ ബിൽ. അസം, മേഘാലയ, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ വരുന്ന പ്രദേശങ്ങളിലും 1873ലെ ബംഗാൾ കിഴക്കൻ അതിർത്തി നിയന്ത്രണപ്രകാരം പുറപ്പെടുവിച്ച ‘ഇന്നർ ലൈൻ’ വിജ്ഞാപനം ബാധകമായ  പ്രദേശങ്ങളിലും ഈ ബില്ലിലെ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന്‌ വ്യവസ്ഥ ചെയ്‌തു. അസം, ത്രിപുര, മേഘാലയ, മിസോറം സംസ്ഥാനങ്ങളിലെ പത്ത്‌ ജില്ലയാണ്‌ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുന്നത്‌. ആദിവാസികൾ കൂടുതലുള്ള  ഈ പ്രദേശങ്ങൾക്ക്‌ ഭരണഘടനപ്രകാരം സ്വയംഭരണാവകാശവും പ്രത്യേകാധികാരങ്ങളും ഉറപ്പുനൽകുന്നുണ്ട്‌. അരുണാചൽപ്രദേശ്‌, നാഗാലാൻഡ്‌, മിസോറം സംസ്ഥാനങ്ങളാണ്‌ ‘ഇന്നർ ലൈൻ’ വിജ്ഞാപനം ബാധകമായ പ്രദേശങ്ങൾ. ഈ മൂന്ന്‌ സംസ്ഥാനങ്ങളെ ബില്ലിന്റെ പരിധിയിൽനിന്ന്‌ പൂർണമായി ഒഴിവാക്കി. എന്നാൽ,  ഇത്രയും പ്രദേശങ്ങളെ ഒഴിവാക്കിയെന്ന്‌ പറയുന്നത്‌ പ്രായോഗികമായി നിരർഥകമാണ്‌.

5,182 കിലോമീറ്റർ നീളത്തിൽ രാജ്യാന്തര അതിർത്തി പങ്കിടുന്നതാണ്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. പല ഭാഗത്തും അതിർത്തിവേലിയിൽ വിടവുകളുണ്ട്‌. അനധികൃത കുടിയേറ്റം വ്യാപകമാണ്‌. ഈ ബിൽ അയൽരാജ്യങ്ങളിൽ സൃഷ്ടിച്ചേക്കാവുന്ന അസ്വസ്ഥതകൾ കാരണം അവിടെനിന്ന്‌ ഇങ്ങോട്ട്‌ കൂടുതൽ അഭയാർഥികൾ എത്തേിയേക്കാം. 

ത്രിപുരയിൽ ബിജെപി ഘടകകക്ഷിയായ ഐപിഎഫ്‌ടി ബില്ലിനെതിരെ പരസ്യമായ കലാപത്തിലാണ്‌. ബിജെപിക്കുള്ളിലും ഭിന്നത രൂപംകൊണ്ടിട്ടുണ്ട്‌. ത്രിപുര മുഖ്യമന്ത്രി  ബിപ്ലബ്‌ കുമാർ ദേബിന്റെ മാതാപിതാക്കൾ ബംഗ്ലാദേശിൽനിന്ന്‌ എത്തിയവരാണ്‌. ഇപ്പോൾ ‘ബംഗ്ലാദേശിയായ ബിപ്ലബ്‌ ദേബ്‌’ അങ്ങോട്ടുതന്നെ മടങ്ങണമെന്ന്‌ ത്രിപുരയിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴങ്ങുന്നു. വടക്കുകിഴക്കൻ മേഖലയിൽ ഇത്തരത്തിൽ വിനാശകരമായ പ്രത്യാഘാതമാണ്‌ പൗരത്വഭേദഗതിനിയമ ബിൽ വരുത്തിവച്ചിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top