10 June Saturday

വിദ്യാർഥി ഉച്ചകോടിയുടെ സന്ദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019


യുവതലമുറയുടെ സാങ്കേതിക വിദ്യാവിനിയോഗത്തെപ്പറ്റി ആശങ്കകളാണ്‌ എവിടെയും ഉയരുന്നത്‌. സ്‌മാർട്ട്‌ഫോണിൽ കുടുങ്ങിയ തലമുറ സമൂഹത്തിന്‌ ശാപമാണെന്നുവരെ ശപിക്കുന്നവരാണ്‌ ചുറ്റും. എന്നാൽ, സാങ്കേതികവിദ്യയുടെയും ശാസ്‌ത്രഗവേഷണത്തിന്റെയും രംഗത്ത്‌ പുതിയ ചുവടുകൾവച്ച്‌ മുന്നേറുകയാണ്‌ യുവതലമുറ. വിദ്യാർഥി ജീവിതഘട്ടത്തിൽ തന്നെ സമൂഹത്തിന്‌ പ്രയോജനപ്രദമായ കണ്ടെത്തലുകളിലൂടെയും ഗവേഷണങ്ങളിലൂടെയും അവർ നീങ്ങുന്നു. സാങ്കേതികവിദ്യയ്‌ക്ക്‌ അടിമകളാകുന്നവരല്ല പുതിയ തലമുറ‌; അതിനെ നാടിനുതകുന്നവിധം അധീനതയിലാക്കുന്നവരാണെന്ന്‌ കൂടുതൽ വ്യക്തമാക്കുന്ന കാലമാണിത്‌.

കൊച്ചിയിൽ ഞായറാഴ്‌ച സംഘടിപ്പിച്ച സംസ്ഥാനതല പ്രൊഫഷണൽ വിദ്യാർഥി ഉച്ചകോടി വ്യക്തമാക്കിയത്‌ ഈ പ്രവണത ശക്തിപ്പെടുന്നുവെന്നാണ്‌. ആദ്യമായിട്ടാണ്‌ ഇത്തരത്തിലൊരു വിദ്യാർഥി കൂട്ടായ്‌മ സംഘടിപ്പിക്കപ്പെടുന്നത്‌. ഉച്ചകോടിയിലും പിന്നീട്‌ മുഖ്യമന്ത്രിയുമായി നടന്ന സംവാദത്തിലും വിദ്യാർഥികൾ ആവേശത്തോടെയാണ്‌ പങ്കെടുത്തത്‌. അവർ പല ആവശ്യങ്ങളും ഉന്നയിച്ചു. മിക്കതിനും ആശാവഹമായ പ്രതികരണം മുഖ്യമന്ത്രിയിൽ നിന്നുണ്ടാകുകയും ചെയ്‌തു.

യുവാക്കളുടെ കഴിവുകളെ തുറന്നുവിടേണ്ടതിന്റെ ആവശ്യകതയാണ് മുഖ്യമന്ത്രി ഉദ‌്ഘാടന പ്രസംഗത്തിൽ മുഖ്യമായി സൂചിപ്പിച്ചത്‌. ചട്ടങ്ങളുടെയും ചട്ടക്കൂടുകളുടെയും പരിമിതികൾ മറികടന്ന്‌ നീങ്ങാൻ അവരെ അനുവദിക്കണം എന്ന്‌ ഒരു ഭരണാധികാരിയിൽനിന്നുതന്നെ നിർദേശമുണ്ടാകുന്നത്‌ തികച്ചും ആശാവഹമാണ്‌.

കേരളം വിദ്യാഭ്യാസരംഗത്ത്‌ മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഏറെ മുമ്പിലാണെന്നത്‌ തർക്കമറ്റ കാര്യം. എന്നാൽ, ഉന്നത വിദ്യാഭ്യാസരംഗത്തും പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തും ആ മികവ്‌ അതേ തോതിൽ നമുക്ക്‌ അവകാശപ്പെടാനാകില്ല. കേന്ദ്ര സർക്കാർ നേരിട്ടുനടത്തുന്ന ഐഐടിയും ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും പോലുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ ഇല്ലായ്‌മ മുതൽ ഒട്ടേറെ കാരണങ്ങൾ അതിനുണ്ട്‌.

എന്നാൽ, ഈ എൽഡിഎഫ്‌ സർക്കാർ പരിമിതികളെപ്പറ്റി ആവലാതിപ്പെട്ടിരിക്കുകയല്ല; പരിഹാരം തേടുകയാണ്‌ ചെയ്യുന്നത്‌. ഇക്കാര്യം പ്രകടനപത്രികയിൽതന്നെ മുന്നണി വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിമുഖീകരിക്കുന്ന തരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ കൊടുക്കുംവിധം കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളെ രൂപപ്പെടുത്തുമെന്ന്‌ പ്രകടനപത്രിക വ്യക്തമാക്കിയിരുന്നു. അതുപോലെ കലാലയങ്ങളിൽനിന്ന‌ും അല്ലാതെയുമായോ നൂതനാശയങ്ങളുമായി എത്തുന്നവർക്ക്‌ സാമ്പത്തികസഹായം നൽകുമെന്നും ഇത്തരത്തിൽ ഉയർന്നുവരുന്ന നൂതനാശയങ്ങൾ സർക്കാർതലത്തിൽത്തന്നെ പ്രയോജനപ്പെടുത്താനുള്ള പരിശ്രമങ്ങൾ ഉണ്ടാകുമെന്നും ഉറപ്പുനൽകിയിരുന്നു.
ഇതൊന്നും വെറുംവാക്കുകളല്ല എന്ന്‌ തെളിയിക്കുന്നതായിരുന്നു ഉച്ചകോടിയിലെ മുഖ്യമന്ത്രിയുടെ സമീപനം.

സ്‌റ്റാർട്ടപ് പ്രോജക്ടുകൾക്ക്‌ സർക്കാർ നൽകുന്ന പരിഗണന ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇവർക്ക്‌ നിക്ഷേപം നേടിയെടുക്കാനും നികുതി ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ശ്രമമുണ്ടാകുമെന്ന്‌ വ്യക്തമാക്കിയത്‌ ശ്രദ്ധേയമാണ്‌. അതുപോലെതെന്നെ പൊതു ലൈബ്രറികൾപോലെ ഗവേഷകർക്ക്‌ പരീക്ഷണങ്ങൾക്കായി ആശ്രയിക്കാനുള്ള പൊതു ലാബോറട്ടറികൾ രൂപപ്പെടുത്താൻ സർക്കാർ ശ്രമിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഇക്കാര്യത്തിൽ സർക്കാരിനുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നു.

പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെ പുതുതലമുറ അവരുടെ പഠനവിഷയത്തിന്റെ ഇത്തിരിവട്ടത്തിൽ ഒതുങ്ങി നിൽക്കുന്നവരല്ല എന്ന്‌ വ്യക്തമാക്കുന്നതായിരുന്നു അവരുടെ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ സംവാദം. ഒരു വിദ്യാർഥി ചൂണ്ടിക്കാട്ടിയത്‌ ഉച്ചകോടിയിൽ അവർക്ക്‌ ലഭിച്ച മെന്റർമാരുടെ (മാർഗദർശികളുടെ) സഹായം തുടർന്നും കിട്ടാൻ സ്ഥിരംസംവിധാനം ഉണ്ടാക്കാനാകുമോ എന്നതാണ്‌. തീർച്ചയായും പരിശ്രമിക്കാം എന്ന ഉറപ്പ്‌ മുഖ്യമന്ത്രിയിൽ നിന്നുണ്ടാകുകയും ചെയ്‌തു.

ആദിവാസികൾക്കിടയിലെ നവജാത ശിശുമരണനിരക്ക്‌ കൂടുന്ന ഏറ്റവും പ്രസക്തമായ വിഷയത്തിലേക്കാണ്‌ ഒരു മെഡിക്കൽ വിദ്യാർഥിനി മുഖ്യമന്ത്രിയുടെ ശ്രദ്ധക്ഷണിച്ചത്‌. ആദിവാസികൾക്കിടയിൽ പലപ്പോഴും പ്രസവശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നൽകുന്ന വയറ്റാട്ടിമാരുടെ അറിവിന്റെ പരിമിതി ആ വിദ്യാർഥിനി ചൂണ്ടിക്കാട്ടി. നഗരത്തിലേക്ക്‌ ആദിവാസി സ്‌ത്രീകളെ പ്രസവത്തിനായി എത്തിക്കാൻ പലപ്പോഴും സാധിക്കാതെ വരുന്നതിനാൽ ഈ വയറ്റാട്ടിമാർക്ക്‌ കുറച്ചുകൂടി ശാസ്‌ത്രീയമായ അറിവ്‌ പകരുന്നതിനെപ്പറ്റി ആലോചിച്ചൂകൂടെ എന്ന ചോദ്യമാണ്‌ ഉയർന്നത്‌. ഇത്തരത്തിലൊരു പ്രയോഗികനിർദേശം ഉയർത്തിയ വിദ്യാർഥിനിയെ അഭിനന്ദിച്ചുകൊണ്ടാണ്‌ മുഖ്യമന്ത്രി ഇക്കാര്യം പരിഗണിക്കാമെന്ന്‌ ഉറപ്പുനൽകിയത്‌.

എല്ലാ രംഗത്തും പുതിയ ചുവടുകൾക്കാണ്‌ കേരളം ശ്രമിക്കുന്നത്‌. അതിൽ ഉന്നതവിദ്യാഭ്യാസരംഗത്തെ നീക്കങ്ങൾ പ്രധാനമാണ്‌. ഒരു ദിവസത്തിന്റെ പകുതിയിലേറെ വിദ്യാർഥികൾക്കൊപ്പം ചെലവിട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിലെ സർക്കാരിന്റെ ആത്മാർഥത വ്യക്തമാക്കി. പുതുതലമുറയ്‌ക്കൊപ്പമാണ്‌ ഈ സർക്കാർ. അവരുടെ പ്രതിഭയെ, അറിവിനെ, ഗവേഷണത്വരയെ കൂട്ടിലടയ്‌ക്കാതെ പറക്കാനനുവദിക്കുകയാണ്‌ സർക്കാർ നയം. കൊച്ചിയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ ഉച്ചകോടി ദിശാബോധത്തോടെയുള്ള ഈ സമീപനത്തിന്റെ വ്യക്തമായ തെളിവായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top