27 May Monday

പൊതുമേഖലാ വിൽപ്പനയും സംവരണവും

വെബ് ഡെസ്‌ക്‌Updated: Friday Aug 27, 2021


പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊഴിയാതെ സ്വകാര്യമേഖലയ്‌ക്ക്‌ തീറെഴുതാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം സാമൂഹ്യസുരക്ഷ എന്ന സങ്കൽപ്പത്തെത്തന്നെ ഇല്ലാതാക്കുകയാണ്‌. സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവർ കാലങ്ങളായി അനുഭവിക്കുന്ന തൊഴിൽസംവരണം പ്രായോഗികമായി നഷ്ടമാകാൻ പോകുകയാണ്‌.

12 മന്ത്രാലയത്തിന്റെ കീഴിലുള്ള 20 ഇനം ആസ്തി സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറാനുള്ള പ്രഖ്യാപനം ധനമന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളെ എന്തുചെയ്യും എന്ന്‌ പ്രഖ്യാപനവേളയിൽ മന്ത്രി ഒന്നും പറഞ്ഞില്ല. വാങ്ങാൻ പോകുന്ന സംരംഭകരുമായുള്ള കരാറിൽ(ഷെയർ ഹോൾഡേഴ്സ് എഗ്രിമെന്റ്‌ –--എസ്‌എച്ച്‌എ) തൊഴിലാളികളെ ഒരുവർഷത്തേക്ക്‌ പിരിച്ചുവിടരുതെന്നാണ്‌ നിർദേശിക്കുന്നത്‌. റെയിൽവേ, വിമാനത്താവളം, ദേശീയപാത, തുറമുഖം, വൈദ്യുതി നിലയം, ഖനി തുടങ്ങി സർവമേഖലകളും വിൽപ്പനയ്‌ക്കുവച്ചിരിക്കുകയാണ്‌. ഇതിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന്‌ തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്‌. ഒരുവർഷം കഴിഞ്ഞ്‌ അനാകർഷകമായ വിആർഎസ്‌ നൽകി ഇവരെ പിരിച്ചുവിടാം. ലാഭംമാത്രം ലക്ഷ്യമാക്കുന്ന കോർപറേറ്റുകൾ അതു ചെയ്യാതിരിക്കില്ല.

സാമൂഹ്യമായി പിന്നാക്കംനിൽക്കുന്നവർക്ക്‌ സ്വകാര്യമേഖലയിൽ ജോലി സംവരണമില്ല എന്നത്‌ ഇതോടൊപ്പം ഓർക്കേണ്ടതാണ്‌. പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നാക്കവിഭാഗങ്ങൾ(ഒബിസി) എന്നിവർക്കായി പൊതുമേഖലയിൽ 50 ശതമാനത്തോളം സംവരണമുണ്ട്‌. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇപ്പോൾ പതിനൊന്ന്‌ ലക്ഷത്തിലേറെ സ്ഥിരം തൊഴിലാളികളുണ്ട്‌. ഇവരിൽ 17 ശതമാനം എസ്‌സി, 10 ശതമാനം എസ്‌ടി, 22.8 ശതമാനം ഒബിസി എന്നിങ്ങനെയാണ്‌ സംവരണം. ഇവരെ സംരക്ഷിക്കുമെന്ന്‌ വാക്കാൽ പറയുന്നതല്ലാതെ എസ്‌എച്ച്‌എയുടെ കരടിൽ വ്യക്തമായ രൂപരേഖയില്ല. അതോടൊപ്പം പുതിയ നിയമനങ്ങളിൽ സംവരണതത്വം ബാധകവുമല്ല.

ഇതേക്കുറിച്ച്‌ ധനസഹമന്ത്രി ഭഗവത്‌ കിഷൻറാവു കാരാഡ്‌ ആഗസ്ത്‌ ഒമ്പതിന്‌ ലോക്‌സഭയിൽ നൽകിയ മറുപടി വ്യക്തമാണ്‌. ‘‘സംവരണനയം സർക്കാർ കമ്പനികൾക്കുമാത്രമാണ്‌ ബാധകം. ഓഹരി വിൽപ്പനയ്‌ക്കുശേഷം കമ്പനി സർക്കാരിന്റെ ഭാഗമല്ലാതാകുന്നു. അതോടെ സംവരണനയം ഇല്ലാതാകുന്നു.’’ ബിപിസിഎല്ലിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട്‌ കാർത്തി ചിദംബരത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. പെട്രോനെറ്റ്‌ എൽഎൻജി ലിമിറ്റഡിൽ(പിഎൽഎൽ) വിൽപ്പനയ്‌ക്കുശേഷവും സർക്കാരിന്‌ 50 ശതമാനം ഓഹരിയുണ്ട്‌. എന്നാൽ, ഇവിടെ സംവരണ തത്വം നടപ്പാക്കുന്നില്ല. ‘‘തൊഴിൽ സംവരണം അഭിലഷണീയമോ നിയമപരമായി സാധ്യമോ അല്ല’’ എന്നാണ്‌ മന്ത്രി ഇതേക്കുറിച്ച്‌ പറഞ്ഞത്‌.

സിപിഐ എം ഉൾപ്പെടെ ഇടതുപക്ഷ പാർടികളുടെ നിരന്തരമായ ആവശ്യമാണ്‌ സ്വകാര്യമേഖലയിലെ തൊഴിൽ സംവരണം. ഇതിന്‌ പാർലമെന്റിൽ നിയമ ഭേദഗതി ആവശ്യമാണ്‌. കോൺഗ്രസോ ബിജെപിയോ ഇതിന്‌ മുൻകൈ എടുക്കുന്നില്ല. ഇടതുപിന്തുണയുള്ള ഒന്നാം യുപിഎ ഭരണകാലത്ത്‌ 2006ൽ ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായില്ല.

സ്വാതന്ത്ര്യത്തിനുശേഷം മിശ്രസമ്പദ്‌വ്യവസ്ഥയാണ്‌ ഇന്ത്യ സ്വീകരിച്ചത്‌. രാജ്യത്തിന്റെ വളർച്ചയ്‌ക്ക്‌ വെല്ലുവിളി ഏറ്റെടുക്കാൻ അന്ന്‌ സ്വകാര്യമേഖലയ്‌ക്ക്‌ സന്നദ്ധതയോ കാര്യക്ഷമതയോ ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തിലാണ്‌ നവരത്നങ്ങൾ ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങൾ നാടിന്റെ നട്ടെല്ലായി ഉയർന്നുവന്നത്‌. ‘‘ഭരണകൂടത്തിന്റെ നയങ്ങൾ പൗരന്മാരുടെ സുരക്ഷിതത്വത്തിനു വേണ്ടിയുള്ളതാകണം, വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പൊതുനന്മയ്ക്ക്‌ ഉപയുക്തമാകണം, ഉൽപ്പാദനത്തിലൂടെ സമ്പത്ത്‌ കുന്നുകൂട്ടുന്ന സാമൂഹ്യദോഷം തടയണം’’ തുടങ്ങിയ സാമൂഹ്യനീതിയാണ്‌ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്‌. ഇതിനെ മുച്ചൂടും മുടിക്കുകയാണ്‌ ഹിന്ദുത്വശക്തികളും അവരുടെ ഭരണവും.

കേന്ദ്രസർവീസിലും എട്ട് ലക്ഷത്തോളം സ്ഥിരം തസ്തിക ഒഴിഞ്ഞു കിടക്കുന്നു. വിരമിച്ചവരെ ദിവസ വേതനത്തിനു നിയമിച്ചും പുറംതൊഴിൽ കരാർ നൽകിയും ദൈനംദിന കാര്യങ്ങൾ നടത്തുന്നു. കേന്ദ്ര സർവീസിൽ ക്ലാസ് ഫോർ (ഗ്രൂപ്പ് ഡി) തസ്തികകൾ നിർത്തലാക്കിയതും സാധാരണക്കാർക്ക് കിട്ടേണ്ടിയിരുന്ന തൊഴിലവസരങ്ങളുടെ എണ്ണം വൻതോതിൽ കുറച്ചു.

സംവരണത്തെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന ജാതിസംഘടനകൾ പൊതുമേഖല ഇല്ലാതാക്കുന്നതിനെക്കുറിച്ച്‌ വ്യാകുലപ്പെടാറില്ല. പൊതുമേഖലയിൽ സർക്കാർ സർവീസിലെപ്പോലെ സംവരണം നടപ്പാക്കിയത്‌ വലിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ്‌. ഇന്ത്യൻ തൊഴിലാളി വർഗമാണ്‌ ഇതിനു നേതൃത്വം നൽകിയത്‌. ജാതി–-മത സംഘടനകൾ സംവരണ വിഷയം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഉപായമായാണ്‌ ഉപയോഗിക്കുന്നത്‌. ബിജെപി ഭരിക്കുന്ന ഹരിയാന സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക്‌ 75 ശതമാനം സംവരണം ഏർപ്പെടുത്തിയത്‌ ഇതിന്‌ ഉദാഹരണമാണ്‌. ഭരണഘടന അനുശാസിക്കുന്ന സാമൂഹ്യസംവരണത്തിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്നതാണ്‌ ഈ നീക്കവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top