26 April Friday

രാജ്യം വിൽക്കുന്നവരോ "രാജ്യസ്നേഹികൾ'

വെബ് ഡെസ്‌ക്‌Updated: Wednesday Aug 25, 2021


ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വർഗപരമായ ദൗത്യം നടപ്പാക്കുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങളാണ് ഓരോ ദിവസവും നമ്മുടെ രാജ്യം കാണുന്നത്. സർക്കാരിന്റെ, പൊതുമേഖലയുടെ ആസ്തി വിൽപ്പനയെന്ന വിപുല പദ്ധതി ആ ദൗത്യത്തിലെ പ്രധാനപ്പെട്ട ഒരിനമാണ്. ഇത് കോർപറേറ്റ് അജൻഡയുടെയും മുഖ്യ ലക്ഷ്യമാണ്. നാലു വർഷത്തിനകം ഇരുപതിനം ആസ്തികൾ വിറ്റഴിച്ച് ആറു ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച പ്രഖ്യാപിച്ചത് ഈ അജൻഡയുടെ ഭാഗംതന്നെ.

ഹിന്ദുത്വത്തിന്റെയും കോർപറേറ്റ് ധനമൂലധന പ്രമാണിമാരുടെയും താൽപ്പര്യങ്ങൾ ഒരു മറയുമില്ലാതെ നടപ്പാക്കുന്ന പ്രഖ്യാപനമായി മന്ത്രിയുടേത്. നാടിന്റെ വിലപ്പെട്ട ആസ്തികൾ സ്വദേശത്തെയും വിദേശത്തെയും കോർപറേറ്റ് മുതലാളിമാർക്ക് ചുളുവിലയ്ക്ക് വിറ്റഴിക്കുന്നതിന്റെ വിശദമായ പദ്ധതിയും മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. "ദേശസ്നേഹി'കളുടെ രാജ്യഭരണം രാജ്യംതന്നെ വിറ്റഴിച്ചുകൊണ്ടാണെന്ന് വെളിപ്പെടുത്തുന്നതായിരുന്നു നിർമല സീതാരാമൻ വിശദീകരിച്ച പരിപാടികൾ.

നൂറു വർഷത്തിനിടെ ഇന്ത്യ കാണാത്ത ബജറ്റാണ് ഇക്കുറി അവതരിപ്പിക്കുന്നതെന്ന് ബജറ്റ് അവതരണവേളയിൽ നിർമല സീതാരാമൻ പറഞ്ഞിരുന്നു. മോദി സർക്കാരിന്റെ "ആത്മ നിർഭർ' പദ്ധതിയെക്കുറിച്ചും പെരുമ്പറ കൊട്ടലുകൾ പലതവണ കണ്ടു. ഇതൊക്കെ കേൾക്കുമ്പോൾ, പൊതു ആസ്തികൾ അക്ഷരാർഥത്തിൽ വിറ്റഴിക്കലാണ് മോദി ഭരണം ഉദ്ദേശിക്കുന്നതെന്ന് എല്ലാവരും കരുതിക്കാണില്ല. ഇനി ആർക്കും ആ സംശയം വേണ്ട. റോഡുകൾ, വൈദ്യുതി ഉൽപ്പാദന–--വിതരണ സൗകര്യങ്ങൾ, വിമാനത്താവളങ്ങൾ, സ്പോർട്സ് സ്‌റ്റേഡിയങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, ട്രെയിനുകൾ, വെയർഹൗസുകൾ എന്നിവയെല്ലാം വിൽപ്പനയുടെ പട്ടികയിലുണ്ട്. 12 മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ആസ്തികൾ വിറ്റഴിക്കും. കോഴിക്കോട്‌ വിമാനത്താവളവും വിൽപ്പനപ്പട്ടികയിലുണ്ട്‌. ഓരോ മേഖലയിലും വിൽപ്പനയിലൂടെ സ്വരൂപിക്കേണ്ട തുകയും പ്രഖ്യാപിച്ചു. റോഡുകൾ - 1,60, 200 കോടി, റെയിൽവേ 1,52, 496 കോടി, വൈദ്യുതിവിതരണ ശൃംഖല 45,200 കോടി... അങ്ങനെ പോകുന്നു ലക്ഷ്യമിടുന്ന തുകയുടെ കണക്ക്. നാലു വർഷത്തിനിടെ ഓരോ വർഷത്തിലും സമാഹരിക്കേണ്ട തുകയും എത്രയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൂർണമായും വിറ്റഴിക്കലല്ലെന്നും നിശ്ചിത കാലം കഴിഞ്ഞാൽ സർക്കാരോ ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളോ ആസ്തികൾ തിരിച്ചു വാങ്ങുമെന്നും പറയുന്നുണ്ടെങ്കിലും അതാരും വിശ്വാസത്തിലെടുക്കുന്ന കാര്യമല്ല.

പുതിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും അതുവഴി സാമ്പത്തികവളർച്ച നേടുന്നതിനുമാണ് ഈ വിറ്റഴിക്കലെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ട്. അത് വസ്തുതയല്ല. സർക്കാർ കോർപറേറ്റുകൾക്ക് വലിയ തോതിൽ ഇളവുകൾ നൽകുന്നതുമൂലം ചെലവിന് പണമില്ല. അതുകൊണ്ടുതന്നെ ധനകമ്മി വർധിക്കുന്നു. ആ കമ്മി നികത്തുകയാണ് വിൽപ്പനയുടെ ഒരു ലക്ഷ്യം. അപ്പോൾ, കോർപറേറ്റുകൾക്ക് രണ്ടു തരത്തിൽ സഹായം. നികുതിയിളവുകൾ വഴി ഒരു വശത്ത്, പൊതു ആസ്തികൾ ചുളുവിലയ്ക്ക്‌ നൽകി മറുവശത്ത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഓരോരോ രൂപങ്ങൾ.

പൊതുമേഖലാ സ്ഥാപനങ്ങളും വിവിധ മേഖലകളിലെ രാജ്യത്തിന്റെ ആസ്തിയുമെല്ലാം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകങ്ങളാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയ്‌ക്കെതിരെ നടത്തിയ അതിശക്തമായ പോരാട്ടത്തിന്റെ തുടർച്ചയായാണ് ഇന്ത്യയിൽ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളും അവയുടെ ആസ്തിയും രൂപം കൊള്ളുന്നത്. ബ്രിട്ടനെ ഇന്ത്യയിൽനിന്ന് കെട്ടുകെട്ടിക്കുമ്പോൾ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പം നാടിന്റെ വിഭവങ്ങളും സാമ്പത്തിക സ്ഥാപനങ്ങളുമെല്ലാം നമ്മൾ തിരിച്ചുപിടിച്ചു. അങ്ങനെ, ശക്തമായ പൊതുമേഖല ഇന്ത്യൻ ജനതയുടെ അഭിമാനമായി. ഇപ്പോൾ, നമ്മുടെ സ്വാതന്ത്ര്യം 75 വർഷത്തിലെത്തുമ്പോൾ അതൊക്കെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. പരാശ്രയത്വത്തിന്റെയും പാരതന്ത്ര്യത്തിന്റെയും നാളുകൾ തിരിച്ചു വരുന്നതിന്റെ ആശങ്കകൾ. സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനശിലകൾ ഓരോന്നായി നശിപ്പിക്കുകയാണ് മോദി ഭരണം. ഈ ആസ്തി വിൽപ്പനയും അതിനോടു ചേർത്തു കാണണം. 

ഇന്ത്യ വൻ സാമ്പത്തികത്തകർച്ചയും തൊഴിലില്ലായ്മയുമാണ് അഭിമുഖീകരിക്കുന്നത്. കോവിഡ് വ്യാപനത്തോടെ എവിടെയും പ്രതിസന്ധി രൂക്ഷമായി. അടിത്തട്ടിലെ സാധാരണ മനുഷ്യരുടെ ജീവിതം ദയനീയാവസ്ഥയിലാണ്. ഇത് പരിഹരിക്കണമെങ്കിൽ പൊതു മുതൽ മുടക്ക് വർധിക്കണം. അതുവഴി തൊഴിലും വരുമാനവും വർധിക്കണം. അതിനൊന്നും മുതിരാതെ, സ്വകാര്യവൽക്കരണവും ആസ്തി വിൽപ്പനയുമൊക്കെ നടപ്പാക്കുന്നത് രാജ്യതാൽപ്പര്യമല്ല. ദേശവിരുദ്ധ താൽപ്പര്യമാണ്. ഇതാണ് "ദേശസ്നേഹികളുടെ' രാജ്യഭരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top