26 April Friday

പ്രവാസികളുടെ സുരക്ഷ കേന്ദ്രം ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jun 19, 2020

സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള എല്ലാ സാധ്യതയും തടയുകയാണ്‌ പകർച്ചവ്യാധികൾക്കെതിരായ പോരാട്ടത്തിന്റെ അടിസ്ഥാനതത്വം. സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നത്‌ തടഞ്ഞാൽ മാത്രമേ പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ സാധിക്കൂ. രോഗമില്ലാത്തവർക്കൊപ്പം രോഗബാധിതർ യാത്രചെയ്യുന്നത്‌ പകർച്ചയ്‌ക്കിടയാക്കുമെന്നുറപ്പാണ്‌. കേരളത്തിലേക്ക്‌ തിരിച്ചുവരുംമുമ്പ്‌ പ്രവാസികളെ കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം തികച്ചും വൈദ്യശാസ്‌ത്രപരമായ കാരണങ്ങളാൽ കൈക്കൊണ്ടതാണെന്ന്‌ വ്യക്തം.

രോഗമുള്ളവർക്കൊപ്പം യാത്രചെയ്‌ത്‌ സ്വയം രോഗബാധിതരാകാൻ ആരും ആഗ്രഹിക്കുന്നില്ല. രോഗബാധിതരാരും സഹയാത്രികരായി ഇല്ലെന്ന വിശ്വാസത്തിലാണ്‌ എല്ലാവരും നാട്ടിലേക്ക്‌ വിമാനം കയറുന്നത്‌. വിമാനത്തിൽ ഒരു കോവിഡ്‌ രോഗിയുണ്ടെങ്കിൽ മുന്നിലും പിന്നിലും വശങ്ങളിലുമുള്ള സഹയാത്രികരെല്ലാം രോഗം ബാധിക്കാൻ ഏറ്റവും സാധ്യതയുള്ള പ്രൈമറി കോൺടാക്ട്‌ വിഭാഗത്തിലാകും. ഇവരെ മാറ്റി പാർപ്പിച്ച്‌ നിരീക്ഷിക്കേണ്ടിവരും. കുട്ടികൾ, ഗർഭിണികൾ, പ്രായം ചെന്നവർ, മറ്റ്‌ രോഗങ്ങളുള്ളവർ എന്നിങ്ങനെയുള്ളവരാണ്‌ കൂടുതൽ ഭീഷണിയിലാകുക. ഇവരിൽ ഒരാളെപ്പോലും മഹാമാരിക്ക്‌ വിട്ടുകൊടുക്കാതെ സംരക്ഷിക്കുകയാണ്‌ സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ്‌ വിദേശത്തുനിന്ന്‌ എത്തുന്നവർക്ക്‌ കോവിഡ്‌ പരിശോധന നിർബന്ധമാക്കിയത്‌.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ എൽഡിഎഫ്‌ സർക്കാർ എടുത്ത തീരുമാനം രാഷ്‌ട്രീയ വിവാദമാക്കാനാണ്‌ പ്രതിപക്ഷത്തിന്റെ ശ്രമം. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും കേന്ദ്ര സഹമന്ത്രി വി മുരളീധരനുമെല്ലാം സംസ്ഥാന സർക്കാരിനെതിരെ പ്രവാസികളെ വൈകാരികമായി ഇളക്കിവിടാൻ നോക്കുകയാണ്‌. കോവിഡ്‌ പരിശോധന നടത്തിയാണ്‌ പ്രവാസികളെ വിദേശത്തുനിന്ന്‌ കൊണ്ടുവരുന്നതെന്ന തന്റെ മുൻ പ്രസ്‌താവന മറച്ചുവച്ചാണ്‌ കേന്ദ്രമന്ത്രി പുതിയ നിലപാടുമായി രംഗത്തുവന്നത്‌.

കോവിഡ്‌ പരിശോധന നടത്തി വിദേശത്തുനിന്ന്‌ പ്രവാസികളെ സൗജന്യമായി മടക്കിക്കൊണ്ടുവരണമെന്ന്‌ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിലേ കേരളം കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാണിച്ച്‌ കേന്ദ്രത്തിന്‌ കത്ത്‌ നൽകുകയും ചെയ്‌തു. കോവിഡ്‌ പരിശോധന നടത്തി ഇറ്റലിയിൽനിന്ന്‌ പ്രവാസികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച കേന്ദ്ര സർക്കാർ പിന്നീട്‌ അതിൽനിന്ന്‌ പിൻവാങ്ങുകയാണുണ്ടായത്‌. സംസ്ഥാന സർക്കാർ നിരന്തരം സമ്മർദം ചെലുത്തിയാണ്‌ ഗൾഫ്‌ രാജ്യങ്ങളിൽനിന്ന്‌ ഇന്ത്യക്കാരെ കൊണ്ടുവരാൻ സമ്മതിപ്പിച്ചത്‌. എന്നാൽ, വന്ദേഭാരത്‌ മിഷൻ എന്ന്‌ ഓമനപ്പേരിട്ട്‌ വൻതുക ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ രോഗപരിശോധന നടത്താൻ തയ്യാറായില്ല. പ്രവാസികളിൽനിന്ന്‌ പിരിച്ചെടുത്ത കോടിക്കണക്കിന്‌ രൂപ കൈയിലുണ്ടായിട്ടും അവരിൽനിന്ന്‌ വിമാനക്കൂലി ഈടാക്കാൻ കേന്ദ്രത്തിന്‌ മടിയുമുണ്ടായില്ല. കോവിഡ്‌ പരിശോധന നടത്തി ഇറ്റലിയിൽനിന്ന്‌ പ്രവാസികളെ കൊണ്ടുവന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ്‌ ഗൾഫ്‌ രാജ്യങ്ങളിലെ പ്രവാസികളുടെ കാര്യത്തിൽ നിലപാട്‌ മാറ്റിയത്‌? രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ വലിയ സംഭാവന നൽകുന്ന പ്രവാസികളെ മഹാമാരിയിൽനിന്ന്‌ രക്ഷിക്കാനുള്ള ബാധ്യത കേന്ദ്രത്തിനില്ലേ? പ്രവാസികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ അവർ സഹായിക്കേണ്ടതല്ലേ?
വിദേശത്ത്‌ പിസിആർ ടെസ്‌റ്റ്‌ നടത്താൻ സൗകര്യമില്ലെന്നും പരിശോധനാ ഫലം വരാൻ ദിവസങ്ങൾ എടുക്കുമെന്നും വലിയ ചെലവ്‌ വരുമെന്നുമെല്ലാമാണ്‌ പ്രതിപക്ഷത്തിന്റെ വാദം.

വേഗത്തിൽ ഫലം ലഭിക്കുന്ന റാപ്പിഡ്‌ പിസിആർ ടെസ്‌റ്റോ ആന്റിബോഡി ടെസ്‌റ്റോ ട്രൂ നാറ്റ്‌ ടെസ്‌റ്റോ നടത്തിയാൽ മതിയെന്ന്‌ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. ഏതെങ്കിലും കോവിഡ്‌ പരിശോധന നടത്തി രോഗമില്ലെന്ന്‌ ഉറപ്പുവരുത്തണമെന്നു മാത്രമാണ്‌ കേരളം ആവശ്യപ്പെടുന്നത്‌. രോഗബാധിതരായ ആളുകളെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരാവുന്നതാണെന്നും നിർദേശിച്ചു.  പ്രവാസികൾക്ക് കോവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് കിറ്റ് കേരളം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്‌. ഇതിന്‌ ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ അനുവാദവും ആവശ്യമുണ്ട്‌. കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ എംബസികളിൽ രോഗപരിശോധനയ്‌ക്ക്‌ സംവിധാനം ഏർപ്പെടുത്താവുന്നതേയുള്ളൂ. ഗൾഫിലെ ആശുപത്രികളിലും സംവിധാനമൊരുക്കാനാകും. പ്രവാസിക്ഷേമത്തിന്‌ കേന്ദ്രം നീക്കിവച്ച ഫണ്ട്‌ ഇതിന്‌ ഉപയോഗിക്കാം. ഇതിനെല്ലാം പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും പെട്ടെന്ന്‌ ചെയ്യാനാകില്ലെന്നുമാണ്‌ കേന്ദ്രത്തിന്റെയും പ്രതിപക്ഷത്തിന്റെയും വാദം. രോഗം സ്ഥിരീകരിച്ചവരെ യാത്രചെയ്യാൻ വിദേശരാജ്യങ്ങൾ അനുവദിക്കില്ലെന്നും അവർ പറയുന്നു.

പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിച്ച്‌ രോഗവ്യാപനം തടയാനുതകുംവിധം പ്രവാസികളെ കൊണ്ടുവരാനാണ്‌ കേന്ദ്രം തയ്യാറാകേണ്ടത്‌. രോഗബാധിതരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കാനും കേന്ദ്ര സർക്കാർ ഇടപെടണം.
ശാസ്‌ത്രീയമായ പ്രവർത്തനത്തിന്റെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ കേരളം സ്വീകരിച്ച നിലപാട്‌ അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകണം. രോഗം പടർന്നുപിടിച്ച്‌ ആവശ്യത്തിന്‌ ഡോക്‌ടർമാരും ആരോഗ്യപ്രവർത്തകരും ഇല്ലാതെ പ്രതിസന്ധിയിലായ മുംബൈ, ഡൽഹി നഗരങ്ങളുടെ അനുഭവം ആവർത്തിച്ചുകൂടാ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top