രമേഷ് ബാബു പ്രഗ്നാനന്ദ ഇനി വെറുമൊരു പേരല്ല. ലോകം കീഴടക്കാനുള്ള ആത്മവിശ്വാസത്തിന്റെ ചുരുക്കപ്പേരാണ്. അല്ലെങ്കിൽ നിശ്ചയദാർഢ്യത്തിന്റെയും അഭിമാനത്തിന്റെയും മറു പേര്. ചെസ് ലോകകപ്പ് ഫൈനലിൽ റണ്ണറപ്പായ പതിനെട്ടുകാരന്റെ പ്രകടനം ഇന്ത്യൻ യുവത്വത്തെ തീർച്ചയായും പ്രചോദിപ്പിക്കും. അഞ്ചു തവണ ലോക ചാമ്പ്യനായ നോർവെയുടെ മാഗ്നസ് കാൾസനോട് ടൈബ്രേക്കിൽ തോറ്റെങ്കിലും പ്രഗ്നാനന്ദ വിശ്വം ജയിച്ചു കഴിഞ്ഞിരുന്നു. ഈ ചെറുപ്രായത്തിൽ ലോക ചെസിന്റെ നെറുകയിൽനിന്നുള്ള വെള്ളി വെളിച്ചം ഇന്ത്യൻ ചെസിന് പുതിയ ദിശാബോധം പകരും. അസർബൈജാനിലെ ബാകുവിലായിരുന്നു ചെസ് ലോകകപ്പ്. പുരുഷവിഭാഗത്തിൽ ഇരുനൂറോളം കളിക്കാരുടെ സാന്നിധ്യം. ഇന്ത്യയിൽനിന്ന് പത്തുപേരാണ് അണിനിരന്നത്. അതിൽ പ്രഗ്നാനന്ദയെ കൂടാതെ അർജുൻ എറിഗൈസി, ഡി ഗുകേഷ്, വിദിത്ത് ഗുജറാത്തി എന്നിവർ ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രഗ്നാനന്ദ സെമിയിലേക്കും ഫൈനലിലേക്കും കുതിച്ചു. മലയാളികളായ നിഹാൽ സരിനും എസ് എൽ നാരായണനും ലോകകപ്പിനുണ്ടായിരുന്നു. ഫൈനലിനു മുമ്പ് രണ്ടു വമ്പൻമാരെ പ്രഗ്നാനന്ദ തോൽപ്പിച്ചിരുന്നു. ലോക രണ്ടാം റാങ്കുകാരൻ അമേരിക്കയുടെ ഹികാരു നകാമുറയെയും മൂന്നാം റാങ്കുകാരൻ ഫാബിയാനോ കരുവാനയെയും കീഴടക്കി. ഫൈനലിലെ രണ്ടു മത്സരത്തിലും കാൾസനെ ചെന്നൈക്കാരൻ സമനിലയിൽ തളച്ചു. പിന്നീട് സമയനിയന്ത്രണമുള്ള ടൈബ്രേക്കിലാണ് കാൾസൻ ആദ്യമായി ലോകകപ്പ് സ്വന്തമാക്കിയത്. തോൽവിയിലും തല ഉയർത്തിയാണ് "പ്രഗ്ന' യുടെ മടക്കം. നിലവിലെ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ നിശ്ചയിക്കാൻ അടുത്ത വർഷം നടക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിന് അർഹത നേടി. ഈ നേട്ടം കൈവരിക്കുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ താരമാണ്. മറ്റ് രണ്ടു പേരെക്കുറിച്ച് അറിയുമ്പോഴാണ് നേട്ടത്തിന്റെ വലിപ്പം മനസ്സിലാകുക. ഇതിഹാസ താരങ്ങളായ ബോബി ഫിഷറും കാൾസനുമാണ് മുൻഗാമികൾ.
ചെന്നൈയിലെ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന പ്രഗ്നാനന്ദയുടെ ജീവിതം പുതിയ തലമുറയ്‌ക്ക് പാഠമാണ്. ഈ വിജയം ഒരു രാത്രി കൊണ്ടുണ്ടായതല്ല. ആത്മസമർപ്പണത്തിന്റെയും സഹനത്തിന്റെയും ഫലമാണ്. ഈ യാത്രയിൽ അവനൊപ്പമുണ്ടായിരുന്ന അമ്മ നാഗലക്ഷ്മിയെക്കുറിച്ച് പറയാതെ വയ്യാ. ഓരോ കളിയും ജയിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന "പ്രഗ്ന'യ്ക്കരികെ അഭിമാനത്തോടെ നിൽക്കുന്ന അമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. അവന് ആത്മവിശ്വാസവും സ്നേഹവും പകർന്ന് ആ അമ്മ കൂടെയുണ്ടായിരുന്നു. ബാങ്ക് മാനേജരായ അച്ഛൻ രമേഷ് ബാബു പോളിയോ ബാധിതനാണ്. അതിനാൽ ദീർഘയാത്രയ്‌ക്ക് അമ്മയായിരുന്നു കൂട്ട്. ചേച്ചി വൈശാലിയിൽനിന്നാണ് കളിയുടെ ആദ്യ പാഠങ്ങൾ അറിയുന്നത്. ഗ്രാൻഡ് മാസ്റ്ററായ തന്നേക്കാൾ വളർന്ന കൊച്ചനുജനെ ഓർത്ത് ആ ചേച്ചി അഭിമാനിക്കുന്നുണ്ടാകും.
ഇന്ത്യയിൽ നൂറ്റാണ്ടുകൾക്കു മുമ്പ് പിറവിയെടുത്തതാണ് ചെസ്. പുരാതന ഇന്ത്യയിലെ കളിരൂപമായ ചതുരംഗത്തിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ആറാം നൂറ്റാണ്ടിൽ ചെസിന്റെ ആദിമരൂപം ഇവിടെ അവതരിച്ചെങ്കിലും ഒരു ലോക ചാമ്പ്യന്റെ പിറവിക്ക് രണ്ടായിരാമാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു. അതാണ് വിശ്വനാഥൻ ആനന്ദ്. അഞ്ചു തവണ ലോകകിരീടം ചൂടിയ തമിഴ്നാട്ടുകാരൻ ആനന്ദാണ് ഇന്ത്യയിൽ ചെസ് വിപ്ലവത്തിന് വഴിയൊരുക്കിയത്. ആനന്ദ് പകർന്ന ആവേശത്തിന്റെ ഫലമാണ് രണ്ടു പതിറ്റാണ്ടിനുശേഷം നമ്മൾ കൊയ്തെടുക്കുന്നത്. പ്രഗ്നാനന്ദയ്‌ക്കൊപ്പം ഒരുപിടി താരങ്ങളാണ് ലോകശ്രദ്ധ നേടിയത്. ലോക ചെസ് സംഘടനയായ ഫിഡെയുടെ കണക്കുപ്രകാരം ആദ്യ 100 റാങ്കുകാരിൽ ഒമ്പതു പേർ ഇന്ത്യക്കാരാണ്. ഇതിൽ ആറു പേരും 25 വയസ്സിൽ താഴെയുള്ളവരാണ്. പ്രഗ്നാനന്ദയെപ്പോലെ മിടുക്കരാണ് ഡി ഗുകേഷും വിദിത്ത് ഗുജറാത്തിയും അർജുൻ എറിഗൈസിയും. മലയാളികളായ നിഹാൽ സരിനും എസ് എൽ നാരായണനും ആദ്യ നൂറിലുണ്ട്.
ക്ഷമയും ഏകാഗ്രതയും അർപ്പണബോധവും വേണ്ട കളിയാണ് ചെസ്. ശരിക്കും തലച്ചോറുകൊണ്ടുള്ള കളി. സമയവും സാവകാശവും അനിവാര്യം. സൂക്ഷ്മതയും നിരീക്ഷണപാടവവും തീരുമാനമെടുക്കാനുള്ള കഴിവും പ്രധാനം. ചെറുപ്പത്തിൽ കുട്ടികളെ ചെസ് പഠിപ്പിക്കാൻ വിട്ടാൽ അവരതിന്റെ പിന്നാലെ പൊയ്ക്കോളും. കൗമാര പരിഭ്രമകാലത്ത് അവർക്ക് ചെസാകും ലഹരി. വിശ്വനാഥൻ ആനന്ദ് സൃഷ്ടിച്ചത് ഒരു സുവർണ തലമുറയെയാണ്. അവരുടെ കൈയിൽ ഇന്ത്യൻ ചെസ് ഭദ്രമാണ്. ആനന്ദിനു ശേഷം ലോക ചെസ് ചാമ്പ്യൻഷിപ് ഫൈനലിൽ ഒരു ഇന്ത്യക്കാരൻ എത്തുന്ന കാലം വിദൂരമല്ല. അത് പ്രഗ്നാനന്ദയാകാം, ഗുകേഷാകാം അല്ലെങ്കിൽ മറ്റാരെങ്കിലുമാകാം. ഒന്നുറപ്പാണ് ലോക ചെസിൽ ഇന്ത്യൻ കൊടി താഴില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..