28 March Thursday

ശക്തമായി തുടരുന്ന തപാൽ സമരം

വെബ് ഡെസ്‌ക്‌Updated: Wednesday May 30, 2018


ഗ്രാമീണമേഖലയിൽ പ്രവർത്തിക്കുന്ന ഗ്രാമീണ ഡാക് സേവക്  (ജി​ഡിഎസ്) ജീവനക്കാർക്ക് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നടത്തുന്ന അനിശ്ചിതകാല തപാൽ സമരം എട്ടു ദിവസമായി തുടരുകയാണ്. നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ്, ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ തുടങ്ങിയ പണിമുടക്കിന് വിവിധ ട്രേഡ് യൂണിയനുകളുടെ പിന്തുണയുമുണ്ട്. ഒന്നരവർഷംമുമ്പ‌് കമലേഷ് ചന്ദ്ര കമ്മിറ്റി ശമ്പള പരിഷ്കരണത്തെ സംബന്ധിച്ച റിപ്പോർട്ട് കൊടുത്തിട്ടും ഇതുവരെ അത് നടപ്പാക്കാൻ സർക്കാർ തയ്യാറാകാത്തതാണ് സമരത്തിന്‌ കാരണം.

രാജ്യത്തുടനീളം രണ്ടു ലക്ഷത്തിലധികം തൊഴിലാളികൾ ഒരാഴ്ചയിലേറെ പണിമുടക്കിയിട്ടും കേന്ദ്ര സർക്കാർ  ക്രിയാത്മകമായി അതിനോട് പ്രതികരിക്കുന്നില്ല. 2016 ജനുവരി ഒന്നുമുതൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾവരെ ജീവനക്കാർക്ക് നൽകിയിട്ടില്ല.

തുച്ഛവേതനം മാത്രമുള്ള, സാമ്പ്രദായിക പെൻഷനോ ഗ്രാറ്റുവിറ്റിയോ പ്രസവാവധിയോ ഒന്നുമില്ലാത്ത ജീവനക്കാരാണ് ജിഡിഎസ‌് വിഭാഗത്തിലുള്ളത്. രാജ്യത്തിന്റെ ഓണംകേറാമൂലകളിൽ ദിവസം എട്ടും പത്തും മണിക്കൂർവരെ ജോലിചെയ്യേണ്ടിവരുന്ന വിഭാഗമാണിത്.   മെച്ചപ്പെട്ട സേവനം, നിയമാനുസൃതമായ ഗ്രാറ്റുവിറ്റി, പ്രസവാവധി തുടങ്ങിയ ആനുകൂല്യങ്ങൾ ഈ വിഭാഗം ജീവനക്കാർക്ക് അനുവദിക്കണമെന്ന് കമലേഷ് ചന്ദ്ര കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അനുവർത്തിക്കുന്ന നിഷേധാത്മക നയത്തിനെതിരെയാണ് തൊഴിലാളികൾ പണിമുടക്കുന്നത്. 

നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായി  നിയോഗിക്കപ്പെട്ട കമലേഷ് ചന്ദ്ര കമ്മിറ്റി  റിപ്പോർട്ടിൽ  ശുപാർശ ചെയ്യുന്ന വേതനവർധന തുച്ഛമാണെങ്കിലും ഭേദപ്പെട്ട മറ്റാനുകൂല്യങ്ങൾ അതിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.  ജിഡിഎസ് ജീവനക്കാരുടെ സേവന വേതന പരിഷ്കരണത്തിനായി   നിയമിക്കപ്പെട്ട  ആ  കമ്മിറ്റി   റിപ്പോർട്ട് തയ്യാറാക്കാൻ എടുത്തത് 11 മാസമാണ്. എന്നാൽ,  ആ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കപ്പെട്ടിട്ട‌്  രണ്ടുവർഷം പിന്നിട്ടു. തീർത്തും നിഷേധാത്മകവും  ദ്രോഹപരവുമായ സമീപനമാണ് അതിനോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

തപാൽവകുപ്പിൽ ആകെയുള്ള നാലരലക്ഷം  ജീവനക്കാരിൽ 2.63 ലക്ഷം പേർ ഗ്രാമീണ ഡാക് സേവകരാണ്. അവരുടെ ഒറ്റക്കെട്ടായ ആവശ്യത്തോടാണ് കേന്ദ്ര  സർക്കാർ മുഖംതിരിഞ്ഞു നിൽക്കുന്നത്.  അടിസ്ഥാന വേതനം 10,000 രൂപയാക്കി  ഉയർത്തുക,  നിയമാനുസൃതം ആറുമാസത്തെ പ്രസവാവധി അനുവദിക്കുക, വർഷത്തിൽ 30 ദിവസത്തെ ലീവെങ്കിലും എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുക, ഗ്രാറ്റുവിറ്റി നിയമം അനുസരിച്ച് പരമാവധി അഞ്ചു ലക്ഷം രൂപവരെ ഗ്രാറ്റുവിറ്റി അനുവദിക്കുക, ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിൽ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക,  ഇഎസ്ഐ, പിഎഫ്, ഗ്രൂപ്പ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നിങ്ങനെയുള്ള തീർത്തും മിതവും ന്യായവുമായ ആവശ്യങ്ങളാണ് ജീവനക്കാർ ഉന്നയിക്കുന്നത്.

ഈ ആവശ്യത്തോട് അനുഭാവം പ്രകടിപ്പിച്ച് തപാൽമേഖലയിലെ മറ്റ് വിഭാഗങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരും സമരത്തിനിറങ്ങിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട‌് രംഗത്തുവന്നു. സംസ്ഥാനത്ത് 5500 തപാൽ ഓഫീസും 35 ആർഎംഎസ് ഓഫീസും തപാൽവകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് അക്കൗണ്ട്സ് ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. തപാൽനീക്കത്തിൽ പരിപൂർണ സ്തംഭനം ഉണ്ടായിരിക്കുന്നു. കേരളത്തിനു പുറത്തും ഏറെക്കുറെ  ഇതുതന്നെയാണവസ്ഥ. മെയിൽ ബാഗുകൾ പോസ്റ്റോഫീസുകളിൽ കെട്ടിക്കിടക്കുന്നു. സ്പീഡ് പോസ്റ്റ് സെന്ററുകൾ അടഞ്ഞുകിടക്കുന്നു. മെയിൽ  സംഭരണവും വിതരണവും നടക്കുന്നില്ല. തപാൽ  ലൈഫ് ഇൻഷുറൻസ് സംവിധാനം നിശ്ചലമായി. മത്സര പരീക്ഷകളുടെയും കോളേജ്‐ സ്കൂൾ പ്രവേശനത്തിന്റെയും അഭിമുഖങ്ങളുടെയും അറിയിപ്പുകൾ നീങ്ങുന്നില്ല. ഫലത്തിൽ ആകെ സ്തംഭനമാണ് വരുന്നത്. സർക്കാരും ജനങ്ങളുമായുള്ള ഔദ്യോഗിക ഇടപാടുകൾ   പൂർണമായും തപാൽവകുപ്പുവഴിയാണെന്നിരിക്കെ  ഉത്തരവാദിത്തബോധത്തോടെ ഇടപെട്ട‌് അടിയന്തര പരിഹാരം കാണേണ്ട പ്രശ്നമാണ് മോഡി സർക്കാർ അങ്ങേയറ്റം വഷളാക്കിയത്.

നാലുവർഷംമുമ്പ‌് എൻഡിഎ അധികാരത്തിലേറിയശേഷം ഒരു സർക്കാർ പൊതുമേഖലാ സംവിധാനത്തിൽ ഇത്രയേറെ പങ്കാളിത്തവും രൂക്ഷതയുമുള്ള മറ്റൊരു  പ്രക്ഷോഭം കണ്ടിട്ടില്ല. ഈ സമരം വിജയിപ്പിക്കാൻ രംഗത്തിറങ്ങുന്നതിനൊപ്പം ഈ രാജ്യത്തെ ഓരോ തൊഴിലാളിവിഭാഗവും അതിന‌്  ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതുണ്ട്. മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് സമരം. അത് മനസ്സിലാക്കി, എത്രയുംവേഗം ഇടപെട്ട‌് ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top