20 April Saturday

ജനസംഖ്യാനിയന്ത്രണവും വർഗീയധ്രുവീകരണത്തിനോ

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021

നിയമസഭാ തെരഞ്ഞെടുപ്പിന്‌ ഏഴു മാസംമാത്രം ബാക്കിയിരിക്കെ വർഗീയധ്രുവീകരണം ശക്തമാക്കി വീണ്ടും വിജയിക്കാനുള്ള കുറുക്കുവഴി തേടുകയാണ്‌ യുപിയിലെ ആദിത്യനാഥ്‌ സർക്കാർ. കോവിഡിന്റെ രണ്ടാംതരംഗം നേരിടുന്നതിലുള്ള ദയനീയ പരാജയവും വർധിച്ച തൊഴിലില്ലായ്‌മയും സാമ്പത്തികപ്രതിസന്ധിയും സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ഭരണകക്ഷിയായ ബിജെപിയിലെ പടലപ്പിണക്കവും കാരണം നിയമസഭാ തെരഞ്ഞെടുപ്പിൽ  വിജയം ഉറപ്പിക്കാനാകാത്ത സ്ഥിതിയിലാണ്‌ ആദിത്യനാഥ്‌. അതിനാലാണ്‌ ജനങ്ങളെ ഭിന്നിപ്പിച്ച്‌ വീണ്ടും വിജയം നേടാൻ കഴിയുമോ എന്ന പരീക്ഷണത്തിന്‌ ബിജെപി മുതിർന്നിട്ടുള്ളത്‌. അതിനായി അവർ ഇക്കുറി പുറത്തെടുത്തത്‌ ജനസംഖ്യാനിയന്ത്രണ ബില്ലാണ്‌. അസമിനെ പിന്തുടർന്ന് യുപിയിലും ജനസംഖ്യാനിയന്ത്രണം ലക്ഷ്യമാക്കിയുള്ള കരട്‌ ബിൽ പുറത്തിറക്കിയിരിക്കുകയാണ്‌ ആദിത്യനാഥ്‌ സർക്കാർ.

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്‌ തദ്ദേശ തെരഞ്ഞെടുപ്പിലും സർക്കാർ ജോലിക്കും വിലക്കേർപ്പെടുത്തുന്നതും ക്ഷേമപദ്ധതിയിൽനിന്നും സബ്‌സിഡിയിൽനിന്നും റേഷൻകാർഡിൽനിന്നും ഒഴിവാക്കുന്നതും ഉൾപ്പെടെ നിരവധി വ്യവസ്ഥയാണ്‌ കരട്‌ ബില്ലിലുള്ളത്‌. രണ്ടു കുട്ടികൾമാത്രമുള്ളവർ വന്ധ്യംകരണ ശസ്‌ത്രക്രിയക്ക്‌ വിധേയമായാൽ നിരവധി സൗജന്യവും ഈ ബിൽ മുന്നോട്ട്‌ വയ്‌ക്കുന്നുണ്ട്‌. മൂന്നാമത്തെ കുട്ടിക്ക്‌ അങ്കണവാടിയിൽ പ്രവേശനം നിഷേധിക്കുമെന്നും സ്‌കൂളുകളിൽ ഉച്ചഭക്ഷണം നൽകില്ലെന്നതും ഉൾപ്പെടെ മനുഷ്യത്വരഹിതമായ വകുപ്പുകളാണ്‌ ഈ ബില്ലിൽ ഉടനീളം ഉള്ളത്‌. ഭക്ഷ്യസുരക്ഷാനിയമം ഉൾപ്പെടെ ഇന്ത്യൻ പാർലമെന്റ്‌ പാസാക്കിയ പല നിയമവും മറികടക്കാൻ ജനസംഖ്യാ നിയന്ത്രണബില്ലിൽ വ്യവസ്ഥകളുണ്ടെന്നത്‌ ആശങ്ക ഉളവാക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ ഹിന്ദുജനസംഖ്യ കുറയുകയാണെന്നും മുസ്ലിംജനസംഖ്യ വർധിക്കുകയാണെന്നും ആർഎസ്‌എസ്‌ ജന്മംകൊണ്ടതുമുതൽ നടത്തുന്ന പ്രചാരണമാണ്‌. അതിനാൽ, കൂടുതൽ പ്രസവിച്ച്‌ ഹിന്ദുസ്‌ത്രീകൾ ദേശസ്‌നേഹം പ്രകടിപ്പിക്കണമെന്നുവരെ ആഹ്വാനമുണ്ടായി. മുസ്ലിംജനതയെ ചൂണ്ടി ഭീതിപരത്തി ഹിന്ദുവോട്ടുകൾ നേടുക എന്ന തന്ത്രത്തിന്റെ ഭാഗമായുള്ള പ്രചാരണമാണ് ഇത്‌. യുപി ബിജെപിയിൽ അടുത്തകാലത്തായി പൊട്ടിപ്പുറപ്പെട്ട ബ്രാഹ്‌മണ– -രജപുത്ര പോരിന്റെ ഫലമായി ഹിന്ദുവോട്ടുകൾ നഷ്ടപ്പെട്ടുകൂടാ എന്ന നിർബന്ധവും ജനസംഖ്യാനിയന്ത്രണം എന്ന വിഷയം എടുത്തിട്ടതിനു പിന്നിലുണ്ട്‌. സെൻസസ്‌ കണക്ക്‌ പരിശോധിച്ചാലും ദേശീയ കുടുംബാരോഗ്യ സർവേകൾ (എൻഎഫ്‌എച്ച്‌എസ്‌) എടുത്താലും ഒരു പ്രത്യേക വിഭാഗത്തിന്റെ ജനസംഖ്യാ വിസ്‌ഫോടനമെന്ന സിദ്ധാന്തത്തിന്റെ ആണിക്കല്ല്‌ ഇളകും. ഒന്നാമതായി രാജ്യത്ത്‌ വർഷം കഴിയുന്തോറും ജനസംഖ്യാ വളർച്ചയുടെ നിരക്ക്‌ കുറയുകയാണെന്നു കാണാം. 1971–-81 കാലത്തെ ജനസംഖ്യാ വളർച്ച 25 ശതമാനമായിരുന്നെങ്കിൽ 2011–-21ൽ അത്‌ 12.6 ശതമാനമായി കുറയുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. 50 വർഷത്തിനിടയിൽ ജനസംഖ്യാ വളർച്ച പകുതിയായാണ്‌ കുറയുന്നത്‌. ഉത്തർപ്രദേശിലെ കണക്ക്‌ പരിശോധിച്ചാലും ഇതേ രീതി ആവർത്തിക്കുന്നതായി കാണാം. 1971–-81ൽ 25 ശതമാനമായിരുന്ന ജനസംഖ്യാ വളർച്ച 2011–-21ൽ 15.6 ശതമാനമായി താഴുമെന്നാണ്‌ പ്രവചനം. ഇനി പ്രത്യുൽപ്പാദന നിരക്ക്‌ പരിശോധിക്കാം (ഒരു സ്‌ത്രീക്ക്‌ പരമാവധി ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം). ദേശീയ കുടുംബാരോഗ്യ സർവേ അനുസരിച്ച്‌ 2006–-2016 കാലത്ത്‌ ഹിന്ദുക്കളിലെ പ്രത്യുൽപ്പാദന നിരക്ക്‌ 2.6ൽ നിന്ന്‌ 2.1 ആയി കുറഞ്ഞു. ഇതേ കാലയളവിൽ മുസ്ലിങ്ങളുടെ പ്രത്യുൽപ്പാദന നിരക്ക്‌ 3.4ൽ നിന്ന്‌ 2.6 ആയും കുറഞ്ഞു. അതായത്‌, 10 വർഷത്തിനിടയിൽ ഹിന്ദുക്കളിലെ പ്രത്യുൽപ്പാദന നിരക്ക്‌ 0.4 ശതമാനമാണ്‌ കുറഞ്ഞതെങ്കിൽ മുസ്ലിങ്ങളുടേത്‌ 0.8 ശതാനം കുറഞ്ഞു. ഇത്‌ വ്യക്തമാക്കുന്നത്‌ ഹിന്ദുക്കളേക്കാൾ കൂടുതൽ ജനസംഖ്യാനിയന്ത്രണം സ്വയമേവ സ്വീകരിക്കുന്നത്‌ മുസ്ലിങ്ങളാണെന്നാണ്‌. മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള ഏക സംസ്ഥാനമായ ജമ്മു കശ്‌മീരിൽ പ്രത്യുൽപ്പാദന നിരക്ക്‌ 1.45 ശതമാനംമാത്രമാണ്‌. ബിഹാറിൽ ഹിന്ദുക്കളുടെ പ്രത്യുൽപ്പാദന നിരക്ക്‌ 2.9 ശതമാനവും. ഈ കണക്കിൽനിന്ന്‌ രണ്ട്‌ കാര്യം എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയും. മുസ്ലിം ജനസംഖ്യാ വിസ്‌ഫോടനം എന്നത്‌ ആർഎസ്‌എസിന്റെ ഉപശാലകളിൽ ഊതിവീർപ്പിക്കപ്പെടുന്ന നുണ ബലൂൺ മാത്രമാണ്‌. രണ്ടാമതായി കടുത്ത ജനസംഖ്യാ നിയന്ത്രണ നടപടി ഒന്നുമില്ലാതെതന്നെ രാജ്യത്തെ ജനസംഖ്യാ വളർച്ച കുറയുകയാണെന്നതും.

ജനസംഖ്യ കുറയ്‌ക്കാൻ ശിക്ഷാ നടപടിയും സമ്മാനപ്പെരുമഴയുമല്ല ആവശ്യം. 1994ൽ കെയ്‌റോയിൽ ചേർന്ന ലോക ജനസംഖ്യാ സമ്മേളനത്തിൽ അവതരിപ്പിച്ചതും ഇന്ത്യ ഉൾപ്പെടെ 179 രാജ്യം അംഗീകരിച്ചതുമായ മുദ്രാവാക്യമാണ്‌ ‘വികസനമാണ്‌ ഏറ്റവും നല്ല ഗർഭനിരോധന മാർഗം’ എന്നത്‌. പൗരന്മാരെ ബോധവാന്മാരാക്കി സ്വയമേവ നിയന്ത്രണ നടപടി സ്വീകരിക്കുന്നതാണ്‌ നല്ലത്‌ എന്ന കെയ്‌റോ സമ്മേളനത്തിന്റെ നയം പ്രതിഫലിക്കുന്നതായിരുന്നു 2000ൽ പ്രധാനമന്ത്രി വാജ്‌പേയി കൊണ്ടുവന്ന ജനസംഖ്യാനയം. ദാരിദ്ര്യവും നിരക്ഷരതയും മറ്റുമാണ്‌ ജനസംഖ്യാവർധനയ്‌ക്ക്‌ കാരണമാകുന്നതെന്ന്‌ നിരവധി പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഈ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയ്‌ക്ക്‌ പരിഹാരം കാണുകയാണ്‌ ജനസംഖ്യ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗം. 1994ൽ ജനസംഖ്യാ നയത്തെക്കുറിച്ച്‌ എഴുതിയ ലേഖനത്തിൽ നൊബേൽസമ്മാന ജേതാവായ അമർത്യാസെൻ പറഞ്ഞതുപോലെ ‘കേരളത്തിലെ പ്രത്യുൽപ്പാദന നിരക്ക്‌ 1979ൽ മൂന്ന്‌ ആയിരുന്നത്‌ നിലവിൽ 1.8 ശതമാനമായി കുറഞ്ഞത്‌ സ്‌ത്രീകൾക്കിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിച്ചതുകൊണ്ടാണ്‌’ എന്നാണ്‌. അതിനാൽ, ജനസംഖ്യ നിയന്ത്രിക്കാൻ ആത്മാർഥമായി ആഗ്രഹമുണ്ടെങ്കിൽ ആദിത്യനാഥ്‌ ചെയ്യേണ്ടത്‌ കേരളത്തെ മാതൃകയാക്കി വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ദാരിദ്ര്യനിർമാർജനത്തിന്‌ നടപടി സ്വീകരിക്കുകയുമാണ്‌. അല്ലാതെ മുസ്ലിംഭീതി പരത്തി ജനങ്ങളെ തമ്മിലടിപ്പിക്കുകയല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top