23 April Tuesday

പോപ്പുലർ ഫ്രണ്ടും ആർഎസ്‌എസും

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയെയും ക്യാമ്പസ്‌ ഫ്രണ്ട്‌ അടക്കം അതിന്റെ എട്ട്‌ പോഷക സംഘടനകളെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചിരിക്കുന്നു. ഒരാഴ്‌ചയ്‌ക്കിടെ രണ്ടു ഘട്ടമായി പതിനഞ്ചിൽപ്പരം സംസ്ഥാനങ്ങളിലും ഡൽഹിയടക്കം ചില കേന്ദ്രഭരണപ്രദേശങ്ങളിലും നടത്തിയ റെയ്‌ഡുകളുടെയും കൂട്ട അറസ്റ്റുകളുടെയും തുടർച്ചയിൽ ബുധനാഴ്ച പുലര്‍ച്ചെയാണ്‌ മന്ത്രാലയം നിരോധന ഉത്തരവ്‌ പുറത്തിറക്കിയത്‌. ഭീകര സംഘടനകളുമായുള്ള ബന്ധം, ക്രിമിനൽ–-ഭീകര കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം, ഹവാലയിലൂടെയും സംഭാവനകളായും രാജ്യത്തിന്‌ പുറത്തുനിന്നടക്കം ധനശേഖരണം തുടങ്ങിയ കുറ്റങ്ങളാണ്‌ നിരോധന ഉത്തരവിൽ പറയുന്നത്‌. പോപ്പുലർ ഫ്രണ്ട്‌ ഭീകരസ്വഭാവമുള്ള തീവ്രവാദ സംഘടനയാണ്‌ എന്നത്‌ വസ്‌തുതയാണ്‌. അപ്പോഴും ഈ നിരോധനം ചില ചോദ്യങ്ങൾ ഉയർത്തുന്നു.

തീവ്രവാദം പോലുള്ള ഒരു രാഷ്‌ട്രീയ പ്രശ്‌നത്തിന്‌ രാഷ്‌ട്രീയ പരിഹാരമല്ലേ വേണ്ടത്‌? അതിന്‌ ഇടയാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ സംഘടനകളെ നിരോധിച്ച്‌ പ്രശ്‌നം പരിഹരിക്കാമെന്നാണോ കേന്ദ്ര സർക്കാർ കരുതുന്നത്‌? അങ്ങനെയെങ്കിൽ പോപ്പുലർ ഫ്രണ്ടിന്റെ പൂർവരൂപമായി കണക്കാക്കാവുന്ന സിമി 2001ൽ വാജ്‌പേയി സർക്കാർ നിരോധിച്ചതോടെ ഇന്ത്യയിൽ ഇസ്ലാമിക തീവ്രവാദം അവസാനിക്കുമായിരുന്നില്ലേ? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം തേടുമ്പോഴാണ്‌ കേന്ദ്ര സർക്കാരിനെ നയിക്കുന്ന ബിജെപിയുടെ വർഗീയ രാഷ്‌ട്രീയ അജൻഡകൾ പ്രസക്തമാകുന്നത്‌. ഇന്ത്യയിൽ ഇസ്ലാമിക തീവ്രവാദത്തിന്‌ വളക്കൂറുള്ള മണ്ണൊരുക്കുന്നത്‌ ആർഎസ്‌എസിന്റെയും അതിന്റെ നിരവധിയായ പോഷക സംഘടനകളുടെയും വർഗീയ തീവ്രവാദ പ്രവർത്തനങ്ങളാണ്‌. ബിജെപിയുടെ വളർച്ചയ്‌ക്ക്‌ സമാന്തരമായാണ്‌ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യയിൽ ഇസ്ലാമിക തീവ്രവാദം ശക്തിപ്രാപിച്ചതെന്ന്‌ കാണാനാകും.

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയെന്ന ലക്ഷ്യവുമായി 1977ലാണ്‌ സ്റ്റുഡന്റ്‌സ്‌ ഇസ്ലാമിക മൂവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യ (സിമി) രൂപീകരിക്കപ്പെട്ടത്‌. കശ്‌മീർ ജനതയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട്‌ അവിടെ ഉയർന്ന പ്രതിഷേധം എൺപതുകളിൽ സിമിക്ക്‌ ചെറിയ വേരോട്ടത്തിന്‌ സഹായിച്ചു. എന്നാൽ, സിമിയുടെയും അനുബന്ധ സംഘടനകളുടെയും സ്വാധീനം വർധിച്ചത്‌ ബാബ്റി മസ്‌ജിദ്‌ തകർക്കാൻ ആർഎസ്‌എസ്‌ പരിവാരം ശ്രമം ആരംഭിച്ചതോടെയാണ്‌. ‘92ൽ സംഘപരിവാർ ഭീകരർ അയോധ്യയിലെ പള്ളി പൊളിച്ചത്‌ പലയിടത്തും വർഗീയ സംഘർഷങ്ങൾക്കും ഭീകരപ്രവർത്തനങ്ങൾക്കും ഇടയാക്കിയതും രാജ്യം കണ്ടു. ആ പശ്ചാത്തലത്തിലാണ്‌ കേരളത്തിൽ എൻഡിഎഫ്‌ അടക്കം വിവിധ സംസ്ഥാനങ്ങളിൽ ഇസ്ലാമിക തീവ്രവാദ സംഘടനകൾ ഉയർന്നുവന്നത്‌. അമേരിക്കയിലെ 9/11 ഭീകരാക്രമണത്തെത്തുടർന്ന്‌ 2001ൽ ഇവിടെ സിമിയെ നിരോധിച്ചെങ്കിലും ഇസ്ലാമിക തീവ്രവാദത്തിന്‌ ഒരു കുറവുമുണ്ടായില്ല. 2006ലാണ്‌ എൻഡിഎഫ്‌ മറ്റു സംസ്ഥാനങ്ങളിലെ സമാന സംഘടനകളുമായി ചേർന്ന്‌ പോപ്പുലർ ഫ്രണ്ടായി വേഷം മാറിയത്‌.

2014ൽ മോദി സർക്കാർ അധികാരമേറ്റശേഷം സംഘപരിവാർ നടത്തിയ വിദ്വേഷപ്രചാരണവും ഹിന്ദുത്വ തീവ്രവാദികൾ രാജ്യത്തെങ്ങും നടത്തിയ കൊലപാതകങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും ഇസ്ലാമിക തീവ്രവാദത്തെ പിന്നെയും ശക്തിപ്പെടുത്തുകയായിരുന്നു. മോദി വീണ്ടും അധികാരമേറ്റശേഷം പൗരത്വം, കശ്‌മീർ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാർ തന്നെ സ്വീകരിച്ച വർഗീയ നടപടികളും ഇസ്ലാമികവാദികൾക്ക്‌ സഹായകമായി. ബാബ്‌റി മസ്‌ജിദ്‌ വിഷയത്തിൽ സുപ്രീംകോടതിവിധി നീതിപീഠത്തിൽനിന്നുപോലും നീതികിട്ടില്ലെന്ന തോന്നൽ ന്യൂനപക്ഷങ്ങളിൽ ഒരു വലിയ വിഭാഗത്തിൽ സൃഷ്ടിച്ചിട്ടുണ്ട്‌. അതുണ്ടാക്കിയ നിരാശയും രോഷവും ഇസ്ലാമിക തീവ്രവാദത്തിന്‌ ശക്തിപകരുന്നുണ്ട്‌.

ഈ സാഹചര്യത്തിലാണ്‌ തീവ്രവാദം അവസാനിപ്പിക്കാൻ രാഷ്‌ട്രീയവും ഭരണപരവുമായ നടപടികളാണ്‌ വേണ്ടതെന്ന സിപിഐ എമ്മിന്റെ നിർദേശം പ്രസക്തമാകുന്നത്‌. ഭൂരിപക്ഷ വർഗീയ തീവ്രവാദവും ന്യൂനപക്ഷ വർഗീയതീവ്രവാദവും പരസ്‌പരം എതിർക്കുന്നതായി ഭാവിക്കുമെങ്കിലും തമ്മിൽ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌. ഇസ്ലാമിക തീവ്രവാദത്തിനെതിരെ എന്നപേരിൽ ഇപ്പോൾ കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികൾ തീവ്രവാദത്തെ അൽപ്പംപോലും തളർത്തില്ല എന്ന്‌ മുന്നനുഭവങ്ങൾ കാണിക്കുന്നുമുണ്ട്‌. പ്രതിപക്ഷ ഐക്യം വളരുന്ന സാഹചര്യത്തിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിനുമുമ്പ്‌ വർഗീയമായ ധ്രുവീകരണം ശക്തമാക്കേണ്ടത്‌ ബിജെപിക്ക്‌ ആവശ്യമാണ്‌. മതനിരപേക്ഷതയിൽ അടിയുറച്ച്‌ എല്ലാ വർഗീയതകളെയും ഒറ്റപ്പെടുത്താൻ അതത്‌ മതവിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ മുന്നോട്ടുവന്നാൽ മാത്രമേ ഇത്തരം കുതന്ത്രങ്ങളെയും തീവ്രവാദങ്ങളെയും പരാജയപ്പെടുത്താനാകൂ. അങ്ങനെ മാത്രമേ ഇന്ത്യയുടെ ഐക്യവും ശക്തിയും സംരക്ഷിക്കാനാകൂ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top