20 April Saturday

കോൺഗ്രസിലെ ജീർണതയുടെ ആഴം

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018


കേരളത്തിലെ കോൺഗ്രസിന്റെ പരിതാപകരവും അതീവദുർബലവുമായ  അവസ്ഥയാണ് വി എം സുധീരൻ മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടി അവതരിപ്പിച്ചത്.  'ഇതുവരെയുണ്ടായിട്ടില്ലാത്ത അനുഭവമാണ‌് കഴിഞ്ഞദിവസത്തെ കെപിസിസി യോഗത്തിലുണ്ടായത‌്. ഞാൻ സംസാരിക്കുമ്പോൾ രണ്ട‌്  യുവ എ ഗ്രൂപ്പുകാർ ഭീഷണിയുമായി എഴുന്നേറ്റു. ഉമ്മൻചാണ്ടിക്കെതിരെ സംസാരിക്കരുതെന്ന‌് ആക്രോശിച്ചു. പറയാനുള്ളത‌് പറഞ്ഞിട്ടേ നിർത്തൂവെന്ന‌് ഞാൻ പറഞ്ഞു.’ പതിറ്റാണ്ടുകളായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന മുതിർന്ന നേതാവിനെ നേതൃയോഗത്തിൽ അനുയായികളെ വിട്ടു ഭീഷണിപ്പെടുത്തുന്നതാണ് ഇന്ന് കോൺഗ്രസിലെ രീതി.  2014 മുതൽ 2017 മാർച്ച് 10 വരെ കെപിസിസി പ്രസിഡന്റായിരുന്ന സുധീരൻ, നാലുവട്ടം ലോക‌്സഭാംഗവും അത്രതന്നെ തവണ നിയമസഭാംഗവും സംസ്ഥാന മന്ത്രിയും സ്പീക്കറുമായി പ്രവർത്തിച്ച നേതാവാണ്. ആ പാർടിയിൽ എ കെ ആന്റണിക്കും ഉമ്മൻചാണ്ടിക്കും സമശീർഷനായ സുധീരന് കെപിസിസി യോഗത്തിൽ ഈ ഗതിയുണ്ടായത് കോൺഗ്രസുകാർ പരിശോധിക്കേണ്ട വിഷയമാണ്. 

സുധീരൻ ആവർത്തിച്ചു വ്യക്തമാക്കിയതുപോലെ, കോൺഗ്രസ‌് അതീവ ദുർബലമാണ് ഇന്ന്. അഴിമതിയും ഉപജാപങ്ങളും കൈമുതലാക്കിയ നേതൃത്വം ആ ദൗർബല്യത്തെ കൂടുതൽ ആഴത്തിലേക്ക് വലിക്കുകയാണ്. കോൺഗ്രസുകാരൻ എന്ന നിലയിൽ പാർടിക്കകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി ജനങ്ങളോട് പറയുന്നതാണ് സുധീരന്റെ ശരിയെങ്കിൽ, അതിന്റെ ന്യായാന്യായങ്ങളും  ആ പാർടി പരിശോധിക്കട്ടെ. ഉമ്മൻചാണ്ടി എന്ന മുതിർന്ന കോൺഗ്രസ‌് നേതാവിന്റെയും അദ്ദേഹം നയിച്ച യുഡിഎഫ് സർക്കാരിന്റെയും കൊള്ളരുതായ്മകൾ കൃത്യമായി പ്രതിഫലിച്ച കണ്ണാടിയാണ് സുധീരന്റെ വാക്കുകൾ.

കോൺഗ്രസിന്റെ സംഘടനാകാര്യങ്ങൾക്കുപുറമെ, ബാർ അഴിമതിയുടെയും അദാനി ഗ്രൂപ്പിന് വിഴിഞ്ഞം കരാർ നല്കിയതിന്റെയും വൻകിട തോട്ടമുടമകൾക്കനുകൂലമായി നിന്നതിന്റെയും വിവരങ്ങൾ സുധീരന്റെ പത്രസമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. 418  നിലവാരമില്ലാത്ത  ബാർ പൂട്ടണമെന്ന‌്  താൻ ആവശ്യപ്പെട്ടപ്പോൾ കടുത്ത അസൂയമൂലം മുഴുവൻ ബാറും ഉമ്മൻചാണ്ടി പൂട്ടുകയായിരുന്നു എന്നാണ‌് ഒരാരോപണം. ബാർ പൂട്ടലിനെ യുഡിഎഫിന്റെ ഉദാത്തമായ മദ്യനയമായി കൊണ്ടാടിയപ്പോൾ അന്ന് ഇടതുപക്ഷം വ്യക്തമായി പറഞ്ഞതാണ്, കോൺഗ്രസിലെ തമ്മിലടിയുടെയും കോഴ വാങ്ങലിന്റെയും ഫലമായാണ്  തീരുമാനമെന്ന്.  ഭീതിയോ  പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞയെടുത്ത‌് അധികാരമേൽക്കുന്നയാളാണ് മുഖ്യമന്ത്രി. ആ പദവിയിലിരിക്കുമ്പോഴാണ്, സ്വന്തം പാർടിയിൽപോലും ചർച്ച ചെയ്യാതെ, നാടിനെ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കാതെ പോക്കറ്റിൽനിന്നെടുത്ത ഒരു തുണ്ടു കടലാസ് സംസ്ഥാനത്തിന്റെ 'മദ്യ നയ’മായി അവതരിപ്പിച്ചത്.  അന്ന് പുറത്തുവന്നതിനേക്കാൾ എത്രയോ വലുതാണ് ബാർ ലൈസൻസുമായി ബന്ധപ്പെട്ട അണിയറരഹസ്യം എന്ന് സുധീരൻ പരസ്യമായി പറയുകയാണ്.

 

വിഴിഞ്ഞം കരാറിലെ ദുരൂഹത അന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ വികസനവിരോധികൾ എന്ന് വിളിച്ചാക്ഷേപിച്ചത‌് കോൺഗ്രസുകാർ മാത്രമല്ല,  ചില മാധ്യമങ്ങളുമായിരുന്നു. അത്തരക്കാർ ഇപ്പോൾ സുധീരന്റെ വാക്കുകൾ മൂടിവയ‌്ക്കാൻ ശ്രമിക്കുന്നുമുണ്ട്. സുധീരന്റെ ആരോപണം വ്യക്തമാണ്:'വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറിൽ അദാനി ഗ്രൂപ്പിന്റെ താൽപ്പര്യം മാത്രമാണ‌് സംരക്ഷിച്ചത‌്. സംസ്ഥാന താൽപ്പര്യം ബലികഴിച്ചു. ഉമ്മൻചാണ്ടി ഏകപക്ഷീയമായാണ‌് തീരുമാനമെടുത്തത‌്. എല്ലാ വശങ്ങളും പരിഗണിച്ച‌് ഹൈക്കമാൻഡുമായി ചർച്ച ചെയ‌്തശേഷമേ കരാറിൽ ഒപ്പിടാവൂ എന്ന‌് അന്നത്തെ കോൺഗ്രസ‌് പ്രസിഡന്റ‌് സോണിയ ഗാന്ധി, വൈസ‌്പ്രസിഡന്റ‌് രാഹുൽ ഗാന്ധി എന്നിവരുമായി താനും ഉമ്മൻചാണ്ടിയും രമേശ‌്  ചെന്നിത്തലയും ചേർന്ന‌്  നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ, ഡൽഹിയിൽനിന്ന‌് തിരിച്ചുവന്ന‌് രണ്ടാം ദിവസം ആരോടും ആലോചിക്കാതെ കരാറിൽ ഒപ്പിട്ടു.’ അതായത്, സ്വന്തം പാർടിയുടെ അഖിലേന്ത്യാ, സംസ്ഥാന നേതൃത്വങ്ങളെ ധിക്കരിച്ച‌് ഉമ്മൻചാണ്ടി ദുരൂഹമായി എടുത്ത തീരുമാനമായിരുന്നു വിഴിഞ്ഞം കരാർ എന്ന്.  വിഴിഞ്ഞം കരാർ സംസ്ഥാന താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും നിർമാണ കാലാവധി 10 വർഷം കൂട്ടി നൽകിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടുമെന്നും സിഎജി  റിപ്പോർട്ട്  വന്നിരിക്കുന്നു. സുധീരന്റെ വാക്കുകളും സിഎജി റിപ്പോർട്ടും ചേർത്തു വായിക്കുമ്പോൾ ഉമ്മൻചാണ്ടിക്ക‌് ഒരുതരത്തിലും ഒഴിഞ്ഞുമാറാനാകാത്ത കുറ്റകൃത്യമാണ് ദൃശ്യമാകുന്നത്. വൻകിട ഭൂമി കൈയേറ്റക്കാർക്കുവേണ്ടി വാശിപിടിച്ച‌് കെപിസിസി യോഗത്തിൽനിന്ന് ഉമ്മൻചാണ്ടി ഇറങ്ങിപ്പോയ അനുഭവവും സുധീരൻ വെളിപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾക്കുമുമ്പാകെ പറഞ്ഞ കാര്യങ്ങൾ തെളിവുസഹിതം നിയമത്തിനു മുന്നിലെത്തിക്കാൻ സുധീരൻ തയ്യാറാകണം. ഉമ്മൻചാണ്ടി അഖിലേന്ത്യാനേതൃത്വം ഏറ്റെടുത്ത്‌ ആന്ധ്രയിൽ പോയതുകൊണ്ടോ സുധീരന്റെ 'ആദർശം’ വാചകങ്ങളിൽ ഒതുക്കുന്നതുകൊണ്ടോ തേഞ്ഞുമാഞ്ഞുപോകുന്നതാകരുത്‌  ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഈ നാടിനോട് ചെയ്ത പാതകങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top