26 April Friday

നയപ്രഖ്യാപനത്തിലെ ബദൽ നയങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Feb 19, 2022


സംസ്ഥാനത്തിന്റെ സർവതോൻമുഖമായ പുരോഗതി, ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നതി, ബദൽ വികസന പരിപ്രേക്ഷ്യം, രാജ്യത്തിന്‌ മാതൃകയായ കോവിഡ്‌കാല സഹായങ്ങൾ, ആരോഗ്യപരമായ വ്യാവസായിക അന്തരീക്ഷവും പരിസ്ഥിതി സൗഹൃദ പദ്ധതികളും, വിനാശകരങ്ങളായ കേന്ദ്രനയങ്ങളും നിഷേധാത്മക രാഷ്ട്രീയവും‐ ഗവർണറുടെ നയപ്രഖ്യാപനം സ്‌പർശിച്ച പ്രധാന വിഷയങ്ങൾ ഇവയാണ്‌. സമവായത്തിന്റെ സാധ്യത അടിവരയിട്ട പ്രസംഗം, എല്ലാ വിഷയത്തിലും തുറന്ന ചർച്ചയാകാമെന്ന് ഉറപ്പുനൽകി. താൻ സഭയിലെത്തിയ വേളയിൽ ബഹളംവച്ച പ്രതിപക്ഷത്തെ വിമർശിച്ച ഗവർണർ, പ്രതിഷേധത്തിനുള്ള അവസരം ഇതല്ലെന്ന് ഓർമപ്പെടുത്തുകയും ചെയ്‌തു.

കേന്ദ്ര‐സംസ്ഥാന ബന്ധത്തിൽ അടിച്ചേൽപ്പിച്ച അപകടകരങ്ങളായ പ്രവണതകളെ ദിശാബോധത്തോടെ തുറന്നുകാട്ടി. കേന്ദ്രം സംസ്ഥാനത്തിന് കാര്യമായ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതാണ്‌ വിമർശത്തിലെ കാതൽ. ജിഎസ്ടി വിഹിതം കുറച്ചു. അർഹതപ്പെട്ട 6500 കോടി രൂപ ലഭിക്കാത്തത് പ്രതികൂലമായി. ധനകമ്മി കുറയ്‌ക്കുന്നതിനുള്ള ഗ്രാൻഡും വായ്പാ പരിധിയും ചുരുക്കി. കേന്ദ്ര പൂളിൽനിന്ന്‌ നികുതി കുറച്ചു. സാമ്പത്തികബാധ്യതയുടെ കാലത്ത് സഹായിക്കാൻ ബാധ്യതയുണ്ടായിട്ടും അവഗണിക്കുകയായിരുന്നു. എന്നിട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം പതറാതെ കുതിച്ചു. സാമ്പത്തിക ക്ലേശങ്ങൾ ഒന്നിനും തടസ്സമായില്ല. നൂറുദിന കർമപരിപാടി ആ അർഥത്തിൽ രാജ്യത്തിനാകെ മാതൃകയാണ്‌.

സംസ്ഥാനവുമായി ചർച്ച നടത്താതെ കേന്ദ്രം നിയമനിർമാണങ്ങൾ ഏറ്റെടുക്കുന്നതും സൂചിപ്പിച്ചു. കൺകറന്റ് ലിസ്റ്റിൽ കൂടിയാലോചന നടത്താത്തത്‌ ഫെഡറലിസത്തെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പ്‌ സമകാലീനാവസ്ഥയിൽ ഗൗരവമാണ്‌. കേന്ദ്രബജറ്റിനെയും തുറന്നുകാട്ടി. സംസ്ഥാനങ്ങളുമായി പലവിഷയത്തിലും കൂടിയാലോചനയില്ലെന്ന്‌ തുറന്നടിച്ച പ്രസംഗം, കാർഷിക പ്രശ്‌നങ്ങൾക്ക് കേന്ദ്രം പരിഹാരം കാണണമെന്നും അഭിപ്രായപ്പെട്ടു. ഫെഡറലിസം ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്ന്‌ വ്യക്തമാക്കാൻ സഹകരണമേഖലയിലെ ഇടപെടലാണ്‌ ഉദാഹരിച്ചത്‌. വികസന വിരുദ്ധർ ഒറ്റക്കെട്ടായി തുരങ്കംവയ്‌ക്കാൻ പാടുപെടുന്ന സിൽവർ ലൈൻ പദ്ധതിയുടെ ആവശ്യകതയും പ്രസംഗത്തിലുണ്ട്‌. സൗകര്യപ്രദമായ യാത്രയ്ക്കാണ് അതെന്നും കേന്ദ്രാനുമതി പ്രതീക്ഷിക്കുന്നതായും പറ‍ഞ്ഞു. ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി പരിസ്ഥിതി സൗഹൃദമാണെന്നും ഓർമിപ്പിച്ചു.

ജനകീയ സിവിൽസർവീസിന്റെ സംഭാവനകളും നിസ്സാരമല്ല. സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നടപടി കൈക്കൊണ്ടു. ഓൺലൈൻ സംവിധാനങ്ങളാണ്‌ പ്രധാനം. കോവിഡ് പ്രതിരോധത്തിലെ നേട്ടങ്ങൾ അന്താരാഷ്ട്ര പ്രശംസനേടി. ആ അതിജീവനം നയിച്ച പോരാളികൾക്ക് അഭിവാദ്യം അർപ്പിച്ചായിരുന്നു ഗവർണറുടെ പ്രസംഗ തുടക്കം. ഏവർക്കും ആശ്വാസമെത്തിക്കാൻ സർക്കാർ ഒപ്പംനിന്നു. ചികിത്സ സൗജന്യം. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം. പ്രതിരോധ വാക്‌സിൻ പരിപാടി വിജയകരമായതും കൂട്ടായ്‌മയുടെ ഫലം. കാലാവസ്ഥാ വ്യതിയാനം വരുത്തിയ കെടുതികൾ നേരിടാൻ ദീർഘവീക്ഷണമുള്ള നടപടികൾ സ്വീകരിച്ചു. പ്രകൃതി ദുരന്തങ്ങൾക്കിടയിലും പിടിച്ചുനിൽക്കാനായത്‌ അതിനാലാണ്‌. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയാക്കി നിലനിർത്തണം, പുതിയ അണക്കെട്ട് അനിവാര്യം, തമിഴ്‌നാടുമായി ചർച്ച തുടരും എന്നിങ്ങനെ വിഷയത്തിലെ ജാഗ്രതയും പ്രധാനം. നിതി ആയോഗിന്റെ കണക്കുകളിൽ മികച്ച സ്ഥാനമാണ്‌ കേരളം. സുസ്ഥിര വികസന സൂചികകളിൽ ഏറെ മുന്നിൽ. ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം.

ആരോഗ്യമേഖലയിൽ വിസ്‌മയ നേട്ടങ്ങൾ. നിരവധി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനായത് മറ്റൊരു നേട്ടം. ദാരിദ്ര്യരേഖയ്‌ക്ക്‌ ചുവടെയുള്ള കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ്. എല്ലാവർക്കും ഭൂമിയും വീടും. സ്ത്രീകളെയും യുവജനങ്ങളെയും പ്രചോദിപ്പിക്കുന്ന ഇടപെടലുകൾ. പച്ചക്കറി ഉൽപ്പാദന വർധന. കൈത്തറിക്ക് കേരള ബ്രാൻഡ്‌. വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിലെ ശ്രദ്ധ. സംരംഭകരുടെ ആത്മവിശ്വാസം കൂട്ടുന്ന നടപടികൾക്ക് പ്രാമുഖ്യം. അനാവശ്യ പരിശോധന ഒഴിവാക്കുമെന്ന ഉറപ്പ്‌. കൊച്ചി-‐പാലക്കാട് വ്യവസായ ഇടനാഴി വികസിപ്പിക്കൽ. പെട്രോ കെമിക്കൽ പദ്ധതിക്ക്‌ 481 ഏക്കർ ഭൂമി‐തുടങ്ങിയ പ്രഖ്യാപനങ്ങൾ ബദൽ നയങ്ങളുടെ തുടർച്ചയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top