27 April Saturday

സംഘർഷഭരിതമാകുന്ന ഡൽഹി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

മോഡി ഭരണത്തിൽ തലസ്ഥാന നഗരത്തിൽ ഭരണസംവിധാനം തകർന്നടിയുകയാണ്. രാജ്യ തലസ്ഥാനത്തെപ്പോലും അരാജകത്വത്തിലേക്കും ഭരണമില്ലായ്‌മയിലേക്കും നയിക്കുന്ന ദയനീയമായ കാഴ്ചയാണ് കാണാനാകുന്നത്. ഡൽഹിയിലെ രണ്ട് ജില്ലാ കോടതികളിൽ–-തീസ്ഹസാരിയിലും സാകേതിലും അഭിഭാഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. 20 പൊലീസുകാർക്കും എട്ട് അഭിഭാഷകർക്കും പരിക്കേറ്റു. മാത്രമല്ല, 20 വാഹനം അഗ്നിക്കിരയാക്കുകയും ചെയ്‌തു. തീസ്ഹസാരി കോടതിയിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. തൊട്ടടുത്തദിവസം ഡൽഹിയിൽ പൊലീസുകാർ പണിമുടക്കുകയും ഐടിഒവിലുള്ള പൊലീസ് ഹെഡ്ക്വാർട്ടേഴ്സിനു മുമ്പിൽ കുടുംബാംഗങ്ങൾക്കൊപ്പം പ്രകടനം നടത്തുകയും ചെയ്‌തു. പൊലീസ് മേധാവികൾ പറഞ്ഞിട്ടുപോലും അവർ ഡ്യൂട്ടി ചെയ്യാൻ തയ്യാറായില്ല. അവസാനം പൊലീസുകാരെ മർദിച്ച അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പരിക്കേറ്റവർക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും അധികൃതർ അറിയിച്ചതോടെയാണ്‌ പൊലീസ് പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറായത്. 

അടുത്തദിവസം അതിനു പകരമെന്നോണം ഡൽഹിയിലെ ആറ് കോടതിയും അടച്ചിട്ടു. ദൗർഭാഗ്യകരമെന്നു പറയട്ടെ നിഷ്‌പക്ഷത പാലിക്കേണ്ട ഡൽഹി ഹൈക്കോടതി അഭിഭാഷകർക്ക് അനുകൂലമായി നീതിന്യായ സംവിധാനം മാത്രമല്ല ക്രമസമാധാനപാലനവും അവതാളത്തിലാക്കിയിരിക്കുകയാണ്. ഒരു തലസ്ഥാന നഗരമെന്ന നിലയിൽ ഏറ്റവും കൂടുതൽ സുരക്ഷ വേണ്ട നഗരത്തിലാണ് അതുറപ്പുവരുത്തേണ്ട കോടതികളുടെയും പൊലീസിന്റെയും പ്രവർത്തനം താറുമാറായി കിടക്കുന്നത്. അന്തരീക്ഷ മലിനീകരണമെന്ന ഏറ്റവും വലിയ വിപത്തിനെ ഡൽഹി നിവാസികൾ അഭിമുഖീകരിക്കുമ്പോഴാണ് അവർക്ക് തുണയാകേണ്ട ഭരണസംവിധാനം പരസ്പരം കലഹിച്ച് ഭാരമാകുന്നത്. ഈ അരക്ഷിതാവസ്ഥയ്‌ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ, അതിനു ബാധ്യതയുള്ളവർ ഇത്തരമൊരു സംഭവം നടന്നിട്ടേയില്ല എന്ന മട്ടിലാണ് പെരുമാറുന്നത്.

തലസ്ഥാന നഗരിയിലെ പൊലീസിന്റെയും ക്രമസമാധാനത്തിന്റെയും നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർടിയുടെ സർക്കാർ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ് പൊലീസിന്റെമേൽ സംസ്ഥാന സർക്കാരിന് നിയന്ത്രണം വേണമെന്ന്. അപ്പോഴൊക്കെ അതിനെതിരെ ശക്തമായി നിലകൊണ്ടത് കേന്ദ്ര ഭരണത്തിന് നേതൃത്വം നൽകുന്ന ബിജെപിയായിരുന്നു. മോഡി മന്ത്രിസഭയിലെ ഏറ്റവും കരുത്തനായ മന്ത്രിയെന്ന് സംഘപരിവാരം അവകാശപ്പെടുന്ന അമിത് ഷാ തന്നെയാണ് ഇപ്പോൾ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത്. എന്നിട്ടുപോലും അഭിഭാഷകരും പൊലീസും തമ്മിലുള്ള തർക്കത്തിൽ ഫലപ്രദമായി ഇടപെടാനോ സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനോ ഒരുനീക്കവും നടത്തുകയുണ്ടായില്ല. ട്വിറ്ററിലും സാമൂഹ്യമാധ്യമങ്ങളിലും എന്നും സജീവമായി ഇടപെടുന്ന ബിജെപി അധ്യക്ഷൻകൂടിയായ അമിത് ഷാ ഇതുവരെയും ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കുക ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബിജെപി ഇക്കാര്യത്തിൽ മൗനംപാലിക്കുന്നതും ഈ അജൻഡയുടെ ഭാഗമായാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഏതായാലും സംഘർഷത്തിന് അയവുവരുത്താൻ ബന്ധപ്പെട്ടവർ ഉടൻ മുന്നോട്ടുവരണം. ഇരുഭാഗത്തും അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കേസെടുക്കാനും ശിക്ഷ ഉറപ്പുവരുത്താനും നടപടികളുണ്ടാകണം. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് നിർണായക പങ്കുവഹിക്കേണ്ടവരാണ് പൊലീസുകാരും അഭിഭാഷകരും എന്നകാര്യം മറന്നുപോകാതെയുള്ള നടപടിയാണ് കൈക്കൊള്ളേണ്ടത്. ഉയർന്ന ഉദ്യോഗസ്ഥരിൽനിന്നുള്ള മോശമായ പെരുമാറ്റം ഉൾപ്പെടെ നിരവധി ആവലാതികൾ പൊലീസുകാർക്കും മറ്റുമുണ്ട്. അതൊക്കെയാണ് ഡൽഹിയിലെ പ്രതിഷേധത്തിൽ നിഴലിച്ചുകണ്ടത്. ആവലാതികൾക്ക് പരിഹാരം കാണാൻ പൊലീസ് അസോസിയേഷൻ പോലുള്ള സംഘടനകൾ രാജ്യതലസ്ഥാനത്ത് ഇല്ലതാനും. വിഷയത്തെ അതിന്റെ സമഗ്രതയിൽ കാണാനും അതിന്റെ അടിസ്ഥാനത്തിലുള്ള പരിഹാരനിർദേശങ്ങളുമാണ് ഉണ്ടാകേണ്ടത്. എന്നാൽ, നിലവിലുള്ള ആഭ്യന്തര മന്ത്രിയിൽനിന്നും മന്ത്രാലയത്തിൽനിന്നും അത്‌ പ്രതീക്ഷിക്കാനാകുമോ? ഇതുവരെയും ആ ദിശയിലേക്കുള്ള സൂചനകളൊന്നും ലഭ്യമായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top