20 April Saturday

കുട്ടികൾക്ക് ഈ നാട് കൂടുതൽ സുരക്ഷിതമാകട്ടെ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേകനിയമം ഇന്ത്യയിൽ നിലവിൽ വന്നിട്ട് എഴുവർഷമേ ആയിട്ടുള്ളൂ. മറ്റ് രാജ്യങ്ങളിൽ ഇത്തരം നിയമങ്ങൾ വന്നശേഷമാണ് 2012 ൽ പോക്‌സോ (ദി പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ  ഫ്രം സെക്‌ഷ്വൽ ഒഫൻസസ് ആക്റ്റ്) വരുന്നത്. നിയമം ഈ കുറ്റത്തെ ഗൗരവമായിത്തന്നെ കാണുന്നു. പ്രത്യേക കോടതികൾ, കർശന ശിക്ഷ തുടങ്ങിയ വ്യവസ്ഥകൾ നിയമത്തിലുണ്ട്. ഗൗരവതരമായ കുറ്റങ്ങൾക്ക് പത്തുവർഷംമുതൽ ജീവപര്യന്തംവരെ തടവുശിക്ഷ കിട്ടാവുന്ന തരത്തിലാണ് നിയമം.

എന്നാൽ,  ഈ നിയമപ്രകാരം എടുക്കുന്ന കേസുകളിൽ ശിക്ഷ കിട്ടാൻ കാലതാമസം വരുന്നുഎന്നത്  ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമാണ്. കൈലാസ് സത്യാർഥി ഫൗണ്ടേഷൻ നടത്തിയ ഒരു പഠനത്തിൽ പത്തുശതമാനത്തിൽ താഴെയാണ് ഇത്തരം കേസുകളിൽ രാജ്യത്തെ ശരാശരി ശിക്ഷാനിരക്ക് എന്ന് കണ്ടെത്തിയിരുന്നു. പലപ്പോഴും കേസുകൾ നീണ്ടുപോകുന്നു. മിക്കവാറും ദരിദ്രകുടുംബങ്ങളിലെ കുട്ടികളാകും ഇരകൾ. പീഡനത്തെ അതിജീവിക്കുന്നവരിൽ 42 ശതമാനം കുട്ടികളുടെയും പഠനം മുടങ്ങുന്നു. 50 ശതമാനം കുട്ടികളും പീഡനത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളിൽ കുടുങ്ങുന്നു. ഒരു നിയമസഹായവും കിട്ടാത്തവരാണ്  38 ശതമാനം ഇരകളും. ഇത്തരത്തിൽ, നടുക്കുന്ന വിവരങ്ങളാണ് ആ പഠനം പുറത്തുകൊണ്ടുവന്നത്.

കേരളത്തിൽ ഇത്തരം കേസുകളുടെ കാര്യത്തിൽ എൽഡിഎഫ് സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തിവരുന്നുണ്ട്.  സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ എത്രയുംവേഗം കേസെടുത്ത് നിയമനടപടികൾ കൈക്കൊള്ളണമെന്ന കർശനനിലപാടാണ് സർക്കാരിനെന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്. പോക്‌സോ കേസുകൾ വിചാരണ ചെയ്യുന്നതിനായി പതിനാല് ജില്ലയിലും  ഒരു കോടതിയെ പ്രത്യേകമായി നിശ്ചയിച്ച് വിജ്ഞാപനം ചെയ്‌തിട്ടുണ്ട്. എറണാകുളത്ത് പോക്‌സോ കേസുകൾക്ക്  പ്രത്യേക കോടതി ആരംഭിക്കാൻ  അനുമതി നൽകിയിട്ടുണ്ട്. ഇതുകൂടാതെ, കാലതാമസം ഒഴിവാക്കാൻ 57 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികൾ ആരംഭിക്കുമെന്നും  മുഖ്യമന്ത്രി ബുധനാഴ്‌ച നിയമസഭയിൽ പറഞ്ഞു. സർക്കാർ ഇക്കാര്യത്തിൽ പുലർത്തുന്ന ജാഗ്രത ഫലം കാണുന്നുണ്ട്. 2016ൽ പോക്‌സോ കേസുകളിൽ 19 ശതമാനമായിരുന്നു ശിക്ഷാനിരക്ക്.  2019 ൽ ഇത് 24 ശതമാനമായി ഉയർന്നിട്ടുണ്ട്. അഖിലേന്ത്യാ ശരാശരിയെക്കാൾ വളരെ ഉയർന്ന നിലയാണിത്.

ഇതൊക്കെയാണെങ്കിലും പോക്‌‌സോ കേസുകളുടെ നടത്തിപ്പിൽ ഒട്ടേറെ വെല്ലുവിളികൾ ഉണ്ടാകുന്നുണ്ട്. പലപ്പോഴും അടുത്ത ബന്ധുക്കളോ വീട്ടിൽ സ്വാതന്ത്ര്യമുള്ളവരോ ആയിരിക്കും പ്രതികൾ. കുട്ടിക്കൊപ്പം നിൽക്കാൻ കുടുംബാംഗങ്ങൾക്കുപോലും കഴിയാത്തവിധം സമ്മർദങ്ങൾ ഉണ്ടാകുന്നു. പുരുഷാധിപത്യ കുടുംബ സംവിധാനത്തിന്റെ സമ്മർദത്തിൽ പീഡനം നേരിട്ടുകണ്ട അമ്മമാർപോലും ഒത്തുതീർപ്പിനും മൊഴിമാറ്റത്തിനും വഴിപ്പെടുന്നു. ഇരയുടെ സാമൂഹ്യമായ ഒറ്റപ്പെടലും സാമ്പത്തിക പരാധീനതകളും സ്ഥിതിഗതികൾ പ്രതിക്ക്‌ അനുകൂലമാക്കുന്നു. പൊലീസിന്റെ ഒത്തുകളിയും പ്രോസിക്യൂഷന്റെ വീഴ്‌ചകളും എല്ലാം കേസിനെ തകർക്കുന്നു. കേരളത്തിലും ഒറ്റപ്പെട്ടതെങ്കിലും ചില കേസുകളിൽ ഇത്തരം ആരോപണങ്ങൾ ഉയരുന്നു. വാളയാറിൽ അട്ടപ്പള്ളത്ത്‌ സഹോദരിമാരായ രണ്ട്‌ പിഞ്ചുകുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി കൊന്ന കേസിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ചവന്നതായി വിവരങ്ങൾ വന്നു. സർക്കാർ ഈ കേസിൽ തുറന്നസമീപനം സ്വീകരിച്ചിട്ടുണ്ട്. സത്യം തെളിയാൻ പുനരന്വേഷണമോ സിബിഐ അന്വേഷണമോ ഏതിനും ഒരുക്കമാണെന്നും സർക്കാർ പറയുന്നു.

എന്നാൽ, പോക്‌സോ കേസുകളിൽ ഭാവിയിലും ഇത്തരം വീഴ്ചകൾ വരാതിരിക്കാൻ പഴുതടച്ച സംവിധാനം വേണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരം രൂപീകരിക്കുന്ന സമിതി ഈ ചുമതല നിറവേറ്റുമെന്ന്‌ പ്രതീക്ഷിക്കാം. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഈ സമിതിയിൽ  ആറു വകുപ്പുകളുടെ സെക്രട്ടറിമാരുണ്ട് . രണ്ടുമാസം കൂടുമ്പോൾ ഈ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്ന വ്യവസ്ഥ ഇക്കാര്യത്തിലെ മേൽനോട്ടം ഫലപ്രദമാക്കുമെന്ന്‌ കരുതാം.

എന്നാൽ, നിയമനടപടികൾക്കപ്പുറം സാമൂഹ്യ ഇടപെടൽ ആവശ്യപ്പെടുന്നതാണ് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ. ഇക്കാര്യത്തിലും സർക്കാർ ഇടപെടലിന് തുടക്കമായിട്ടുണ്ട്. എല്ലാ സ്‌കൂളിലും കുട്ടികൾക്ക് കൗൺസലിങ്‌ നൽകാൻ സംവിധാനമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.  പീഡനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികൾക്ക് നൽകണം. ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന് പാഠ്യപദ്ധതിയിൽ മാറ്റം വേണമെന്നും തീരുമാനിച്ചിട്ടുണ്ട്. അമ്മയും പെൺമക്കളുംമാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തി സംരക്ഷണം നൽകാനും ആലോചിക്കുന്നു. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് ബോധവൽക്കരണം നൽകാൻ  അധ്യാപക രക്ഷാകർതൃസമിതിയെ പ്രയോജനപ്പെടുത്താനും തീരുമാനമുണ്ട്.

ഇതെല്ലാം ഗുണഫലങ്ങൾ ഉണ്ടാക്കുമെന്ന് കരുതാം. എന്നാൽ, ഇക്കാര്യങ്ങളിൽ യാഥാസ്ഥിതികമായ സദാചാരമൂല്യങ്ങൾക്ക് അനുസൃതമായ ഇടപെടൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. പ്രത്യേകിച്ച് പെൺകുട്ടികളുടെ സ്വാതന്ത്ര്യബോധത്തെ ഇല്ലാതാക്കുന്ന വിധത്തിലോ അവരുടെ സാമൂഹ്യ ഇടപെടൽ പരിമിതപ്പെടുത്തുന്ന തരത്തിലോ ഉള്ളതാകരുത് ഈ ബോധവൽക്കരണം. അക്കാര്യത്തിലും  ജാഗ്രത വേണം. സർക്കാരിന്റെ ഈ മുൻകൈ ഉൾക്കൊണ്ടുള്ള സമീപനം പൊലീസിൽനിന്നും കോടതികളിൽനിന്നും പൊതുസമൂഹത്തിൽനിന്നും ഉണ്ടായാലേ, കേരളത്തെ കുട്ടികൾക്ക് ജീവിക്കാൻ കൂടുതൽ നല്ലൊരിടമായി  മാറ്റാൻ കഴിയൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top