04 June Sunday

കൊള്ളക്കാർക്ക് കുടപിടിക്കുന്നവർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 17, 2018


പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുംബൈ ശാഖയിൽനിന്ന് 11,346 കോടി രൂപ തട്ടിയെടുത്ത സംഭവം കേവലമൊരു ബാങ്ക് തട്ടിപ്പിന്റെ ഗണത്തിലല്ല. ആറ് ലോകനഗരങ്ങളിൽ ശാഖകളുള്ള നീരവ് ഡയമണ്ട് ജ്വല്ലറിയുടെ ഉടമസ്ഥനും ലോകത്തെ അതിസമ്പന്നന്മാരിൽ ഒരാളുമായ നീരവ് മോഡിക്ക് നൽകിയ ബയേഴ്സ് ക്രഡിറ്റ് എന്ന ബാങ്ക് ഗ്യാരന്റിയിലൂടെയാണ് തട്ടിപ്പ് നടത്തിയത്. അതേ നീരവ് മോഡിയെയാണ് ജനുവരി 24ന് സ്വിറ്റ്സർലൻഡിലെ ദാവോസിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കൂടെനിൽക്കുന്നതായി ലോകം കണ്ടത്. സങ്കൽപ്പത്തിനതീതമായ രാഷ്ട്രീയ അഴിമതിയും രാജ്യത്തിന്റെ സാമ്പത്തികസ്ഥിരതയെത്തന്നെ ബാധിക്കുന്ന പടുകൂറ്റൻ തട്ടിപ്പുമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ബാങ്കുകളെ കബളിപ്പിച്ച് ഏതാനും വർഷത്തിനുള്ളിൽ അറുപതിനായിരത്തിൽപ്പരം കോടി രൂപ ഇങ്ങനെ തട്ടിയെടുത്തുവെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിന് പൊതുമേഖലാ ബാങ്കുകൾ ദുരുപയോഗംചെയ്തു എന്നുമുള്ള വാർത്തകൾ ഇതിനുപിന്നാലെ വരുന്നു. ഭരണനേതൃത്വവും കോർപറേറ്റുകളും തമ്മിലുള്ള ചങ്ങാത്തത്തിന്റെ അപകടകരമായ അനുഭവത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 

തൊണ്ണൂറുകളുടെ തുടക്കത്തിൽ നരസിംഹറാവു ഗവൺമെന്റ്  വാരിപ്പുണർന്ന സാമ്രാജ്യത്വ ആഗോളവൽക്കരണ നയങ്ങളുടെ ദുരന്തമാണിത്. വൻകിടക്കാർക്ക് യഥേഷ്ടം നിബന്ധനരഹിതമായി വഴിവിട്ട വായ്പകൾ നൽകുന്നതിന് ബാങ്കുകൾ നിർബന്ധിക്കപ്പെട്ടത് ഉദാരവൽക്കരണനയങ്ങളുടെ ബലത്തിലാണ്. ഭരണാധികാരികളുടെ നിർബന്ധത്തിന് വഴങ്ങി വൻകിടക്കാർക്ക് നൽകിയ വായ്പകളാണ് ഇന്ത്യൻ ബാങ്കുകളുടെ നാശത്തിലേക്ക് നയിക്കുന്നത്.

നീരവ് മോഡിയും കുടുംബാംഗങ്ങളും ഒരു സുപ്രഭാതത്തിൽ തട്ടിപ്പ് തുടങ്ങിയതല്ല. വർഷങ്ങളായി തുടരുന്നതാണത്. അതിനെക്കുറിച്ച് 2016ൽതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ആ പരാതി ആവശ്യമായ നടപടികളില്ലാതെ നിസ്സാരമായി മാറ്റിവയ്ക്കുകയായിരുന്നു. പ്രധാനമന്ത്രിയോ ധനമന്ത്രിയോ ധനകാര്യ ഇന്റലിജൻസ് യൂണിറ്റോ നീരവ് മോഡിക്കെതിരെ നടപടി എടുത്തില്ല. തട്ടിപ്പ് കണ്ടെത്തി പിഎൻബി രേഖാമൂലം പരാതി നൽകിയതിന്റെ തുടർച്ചയായി സിബിഐ ജനുവരി 31ന് എഫ്ഐആർ രജിസ്റ്റർചെയ്ത് പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എന്നാൽ, അതിനുമുമ്പ് ജനുവരി ഒന്നിനുതന്നെ നീരവ് രാജ്യം വിട്ടിരുന്നു. നീരവിന്റെ മാതൃസഹോദരനും വ്യാപാരപങ്കാളിയുമായ മെഹുൽ ചോക്ക്സി ജനുവരി നാലിനും നീരവിന്റെ ഭാര്യ എമ്മി ജനുവരി ആറിനും ഇന്ത്യ വിട്ടു. മറ്റൊരു പ്രതിയും നീരവിന്റെ സഹോദരനുമായ നിശാൽ ബെൽജിയം പൗരനാണ്. ഇവർക്കൊക്കെ രക്ഷപ്പെടാൻ പ്രധാനമന്ത്രിയും സിബിഐയും അവസരമൊരുക്കിയെന്നാണ് പുറത്തുവന്ന തെളിവുകൾ.

കൂറ്റൻ സാമ്പത്തികക്കുറ്റം പ്രകടമായി നിലനിൽക്കെത്തന്നെയാണ് നീരവ് മോഡിക്ക് രാജ്യം വിടാൻ അവസരമൊരുക്കിയത്. അതും കഴിഞ്ഞാണ് കൂട്ടുപ്രതികൾ ഒരു തടസ്സവുമില്ലാതെ വിദേശങ്ങളിലേക്ക് പറന്നത്. ആ സമയത്തെല്ലാം പരാതിയും നിയമ നടപടികളും അതിന്മേൽ നടപടിയെടുക്കാൻ ചുമതലപ്പെട്ട സിബിഐ അടക്കമുള്ള സംവിധാനങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസും മൗനത്തിലായിരുന്നു. അതും കഴിഞ്ഞാണ് ജനുവരി 23 മുതൽ 26 വരെ നടന്ന ദാവോസ് ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രധാനമന്ത്രിയോടൊപ്പം നീരവ് മോഡി പങ്കെടുത്തത്. അതും ഔദ്യോഗിക പരിവേഷത്തോടെ. എങ്ങനെ ഇതെല്ലാം സംഭവിച്ചു എന്നതിന് ഉത്തരം പറയേണ്ടത് നരേന്ദ്ര മോഡിതന്നെയാണ്. കോർപറേറ്റ് മേധാവികളായ അംബാനിമാരെയും അദാനിമാരെയും കൂടെക്കൂട്ടി വിദേശസഞ്ചാരം നടത്തുന്നതിനാണ് മോഡി നേരത്തെ വിമർശിക്കപ്പെട്ടതെങ്കിൽ, രാജ്യത്തെ കൊള്ളയടിക്കുന്ന കള്ളപ്പണ രാജാക്കന്മാരും തട്ടിപ്പുവീരന്മാരുമാണ് മോഡിയുടെ സംരക്ഷണയിലും സൗഹൃദത്തിന്റെ ശീതളിമയിലും തിമിർത്താടുന്നത്. ബാങ്കുകളിൽനിന്ന് ശതകോടികൾ തട്ടിയ 'മദ്യരാജാവ്' വിജയ് മല്യക്ക് ഇന്ത്യയിൽനിന്ന് രക്ഷപ്പെടാൻ വഴിയൊരുക്കിയത് ഇതേ മോഡിസംഘമാണ്. വെറുതെ ചിത്രത്തിൽ പോസ് ചെയ്യുകമാ്രതമല്ല, നീരവ് മോഡിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ ദാവോസിൽ ഉച്ചകോടിക്കിടെ രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലും വന്നിട്ടുണ്ട്.

വൻകിട കുത്തകകൾ എടുത്ത വായ്പകൾ തിരിച്ചടയ്ക്കാത്തതുമൂലം ബാങ്കുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. കുത്തകകളെ വഴിവിട്ട് സഹായിക്കുമ്പോൾ ബാങ്കുകൾക്ക് ഉണ്ടാകുന്ന നഷ്ടം സാധാരണക്കാരായ നിക്ഷേപകരുടെ ചുമലിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളും നിർലജ്ജം നടത്തുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന ക്രമക്കേടിന് ബാങ്കിന്റെ പരിശോധനാസംവിധാനങ്ങളും ഉദ്യോഗസ്ഥ‐ ഭരണവൃന്ദവും മാത്രമല്ല, കേന്ദ്ര ധനമന്ത്രാലയവും റിസർവ് ബാങ്കും ഉത്തരവാദികളാണ്. ബാങ്കുകൾ നൽകിയ കോടികളുടെ വായ്പകൾ അടിയന്തരപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ബാങ്കിങ് സംവിധാനത്തിന്റെ തകർച്ചയ്ക്കുതന്നെ വഴിയൊരുക്കുന്ന തട്ടിപ്പുകൾ നിയമത്തിനുമുന്നിലും നിയമനിർമാണസഭയിലും നിശിതമായി പരിശോധിക്കണം.

എല്ലാറ്റിനുമുപരി, നരേ്രന്ദ മോഡി ഭരണത്തിലുണ്ടായ നോട്ടുനിരോധനം ഉൾപ്പെടെയുള്ള സാമ്പത്തികനടപടികൾ നീതിപൂർവകമായ പരിശോധനയ്ക്ക് വിധേയമാക്കണം. യുപിഎ ഭരണത്തെ അടയാളപ്പെടുത്തിയത് 2ജി സ്പെക്ട്രം അടക്കമുള്ള ഹിമാലയൻ കുംഭകോണങ്ങളാണെങ്കിൽ, നരേന്ദ്ര മോഡിഭരണത്തിന്റെ സംഭാവന കോൺഗ്രസിനുപോലും കയറിപ്പറ്റാനാകാത്ത അഴിമതിയുടെയും തട്ടിപ്പിന്റെയും എവറസ്റ്റുകളാണ്. അഴിമതിരഹിതഭരണമാണ് തന്റേതെന്ന് മോഡി പറയുേമ്പാൾ, അഴിമതി എന്ന വാക്കുപോലും ലജ്ജിക്കുന്ന വമ്പൻ തട്ടിപ്പിന്റെയും കൊള്ളയുടെയും കൊള്ളക്കാർക്ക് കുടപിടിക്കുന്നതിന്റെയും ഭരണമാണ് അതെന്നുതന്നെ വായിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top