19 April Friday

പിഎം കെയേഴ്സിന്‌ സുതാര്യത വേണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020



കോവിഡ് പകർച്ചവ്യാധിയുടെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിൽ ഇതുവരെ എത്ര തുക കിട്ടി? ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾ എന്തു ചെയ്യുന്നു? ആർക്ക്, എത്ര തുക നൽകി?  മാർച്ച് 28ന്  ഫണ്ട് രൂപീകരിച്ച് ദിവസങ്ങൾക്കകം കോടികൾ ലഭിച്ചുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ആദ്യ ആഴ്ചയിൽത്തന്നെ 6500 കോടി ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സർക്കാർ ഔദ്യോഗികമായി  ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. വെളിപ്പെടുത്താനൊട്ടു തയ്യാറുമല്ല.

ഫണ്ടിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ട്, ആ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങൾക്കും  മറുപടിയില്ല. ഫണ്ടിന്റെ വെബ്സൈറ്റിലും ജനങ്ങൾ അറിയേണ്ട ഇത്തരം വിവരങ്ങളില്ല. പ്രധാനമന്ത്രി അധ്യക്ഷനായ ഒരു ഫണ്ടിന്റെ വിവരങ്ങൾ എന്തിന് മറച്ചുവയ്‌ക്കുന്നു. സിപിഐ എം അടക്കം രാജ്യത്തെ ഒട്ടേറെ പ്രതിപക്ഷ പാർടികൾ തുടർച്ചയായി ഇക്കാര്യം ഉന്നയിച്ചിട്ടും സർക്കാർ ഒരു വിശദീകരണവും നൽകിയിട്ടില്ല.

ഒരു സ്വകാര്യ ട്രസ്റ്റായാണ്  പിഎം കെയേഴ്‌സ് ഫണ്ടിന്റെ രൂപീകരണം. അതുകൊണ്ടാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഫണ്ട് ഉൾപ്പെടാത്തത്. അതുകൊണ്ടുതന്നെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിനും ഫണ്ട് വിധേയമാകുന്നില്ല. എന്നാൽ, രാജ്യത്തിന്റെ പ്രധാനമന്ത്രി ട്രസ്റ്റിന്റെ അധ്യക്ഷനും പ്രതിരോധ, ആഭ്യന്തര, ധനമന്ത്രിമാർ ട്രസ്റ്റിമാരുമാണ്. അങ്ങനെയൊരു ഫണ്ടിലേക്ക് എത്തുന്ന പണത്തെക്കുറിച്ചും അത് ചെലവഴിക്കുന്നതിനെക്കുറിച്ചും എന്തിന് ഇത്ര രഹസ്യാത്മകത. ഫണ്ടിന്റെ എല്ലാ വിവരങ്ങളും രാജ്യത്തിനുമുന്നിൽ വെളിപ്പെടുത്തണം. കൃത്യമായ ഉത്തരവാദിത്തത്തോടെയാകണം ഫണ്ടിന്റെ പ്രവർത്തനം.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (പിഎംഎൻആർഎഫ്) നിലവിലുള്ളപ്പോൾ, പുതിയ ഫണ്ട് എന്തിനായിരുന്നുവെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. പിഎം കെയേഴ്സ് ഫണ്ട് രൂപീകരിക്കുമ്പോൾത്തന്നെ ഈ ചോദ്യമുയർന്നിരുന്നു. അതിനും സർക്കാരിന്റെ പ്രതികരണമുണ്ടായില്ല. വിഭജനകാലത്ത് അഭയാർഥികളെ സഹായിക്കാൻ 1948ൽ  രൂപീകരിച്ചതാണ് ദേശീയ ദുരിതാശ്വാസ നിധി. പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, കലാപങ്ങൾ, അക്രമങ്ങൾ എന്നിവയിലെല്ലാം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഈ നിധിയിൽനിന്ന് പണം ഉപയോഗിക്കുന്നുണ്ട്. നേരത്തേ ഈ ഫണ്ടിന് പ്രധാനമന്ത്രിയും ധനമന്ത്രിയുമെല്ലാം ഉൾക്കൊള്ളുന്ന ഒരു കമ്മിറ്റിയുണ്ടായിരുന്നു. എന്നാൽ, 1985 മുതൽ പൂർണമായും പ്രധാനമന്ത്രിയുടെ വിവേചനാധികാരത്തോടെയാണ്  പണം വിനിയോഗിക്കുന്നത്. 2019 ഡിസംബറിലെ കണക്കുപ്രകാരം നിധിയുടെ കോർപസ് ഫണ്ടിൽ 3800 കോടി രൂപ ബാക്കിയുണ്ടായിരുന്നു. ഈ നിധിയിലേക്ക് സഹായം സ്വീകരിച്ച് കോവിഡ് പ്രതിരോധത്തിനും ചെലവാക്കാം. സംസ്ഥാനങ്ങളിൽ ഇതുപോലെ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ട്. ഇതിലേക്ക് സഹായം സ്വീകരിച്ചാണ് സംസ്ഥാനങ്ങൾ കോവിഡ് പ്രതിരോധ ചെലവുകൾക്കും പണം കണ്ടെത്തുന്നത്.

പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകൾക്ക് നികുതി ഇളവുള്ളപ്പോൾ  മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുകയ്‌ക്ക് ആ ആനുകൂല്യമില്ല. പിഎം കെയേഴ്സിലേക്ക് കോർപറേറ്റുകളിൽനിന്ന് പണം സ്വീകരിക്കുന്നത് കമ്പനിയുടെ സാമൂഹ്യ ഉത്തരവാദിത്തത്തിൽപ്പെടുത്തിയാണ്. മാത്രമല്ല,  സംഭാവനകൾക്ക് 2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമവും ബാധകമല്ല.

ഇങ്ങനെ, പണം സ്വരൂപിക്കാൻ സൗകര്യമുള്ളപ്പോഴാണ് കേന്ദ്രം പുതിയ ഫണ്ട് രൂപീകരിച്ചത്. ഫണ്ടിന് മറ്റ്‌ പ്രത്യേകതകളുമുണ്ട്. ഫണ്ടിലേക്ക് നൽകുന്ന സംഭാവനയ്‌ക്ക് ആദായ നികുതിയിൽനിന്ന് ഇളവുണ്ട്. മാത്രമല്ല, വിദേശത്തുനിന്നടക്കം എവിടെനിന്നും സംഭാവന സ്വീകരിക്കാം. റഷ്യൻ ആയുധക്കമ്പനി തുടക്കത്തിൽത്തന്നെ 20 ലക്ഷം ഡോളർ നൽകി. കേരളം വലിയ പ്രളയക്കെടുതി നേരിട്ടപ്പോൾ, വിദേശരാജ്യങ്ങൾ നൽകാൻ തയ്യാറായ സഹായംപോലും കേന്ദ്രം തടയുകയായിരുന്നു. പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകൾക്ക് നികുതി ഇളവുള്ളപ്പോൾ  മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുകയ്‌ക്ക് ആ ആനുകൂല്യമില്ല. പിഎം കെയേഴ്സിലേക്ക് കോർപറേറ്റുകളിൽനിന്ന് പണം സ്വീകരിക്കുന്നത് കമ്പനിയുടെ സാമൂഹ്യ ഉത്തരവാദിത്തത്തിൽപ്പെടുത്തിയാണ്. മാത്രമല്ല,  സംഭാവനകൾക്ക് 2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമവും ബാധകമല്ല. ചുരുക്കത്തിൽ, രാജ്യത്തും പുറത്തുമുള്ള വ്യക്തികൾ, സംഘടനകൾ, കമ്പനികൾ തുടങ്ങി എവിടെനിന്നും പിഎം കെയേഴ്സ് ഫണ്ടിലേക്ക് പണം സ്വീകരിക്കാം. അതൊന്നും പരസ്യമാക്കില്ലെന്നുമാത്രം.

പൊതുമേഖല, -സ്വകാര്യ മേഖലാ ജീവനക്കാർ, ബോളിവുഡ് നടീനടന്മാർ, ഐഎഎസുകാരുടെ സംഘടന, കര-, നാവിക,- വ്യോമസേന എന്നിവരിൽ നിന്നെല്ലാമായി കോടികൾ ഇതിനകം സമാഹരിച്ചു. ടാറ്റയും റിലയൻസുമെല്ലാം 500 കോടിവീതം നൽകിയ വിവരവും മാധ്യമങ്ങളിൽ വന്നിരുന്നു. കേന്ദ്ര ജീവനക്കാരിൽനിന്ന് ശമ്പളം പിടിച്ചത് അവരുടെ അനുമതിയില്ലാതെയാണെന്ന് ആക്ഷേപമുണ്ട്. രണ്ടുവർഷത്തെ എംപി ഫണ്ടും ഇതിലേക്ക് വകമാറ്റിയിട്ടുണ്ട്. എന്നാൽ, പിഎം കെയേഴ്സ് ഫണ്ടിൽനിന്ന് സംസ്ഥാനങ്ങൾക്ക് ഒരു പൈസയും ഇതുവരെ നൽകിയിട്ടില്ല. സംസ്ഥാനങ്ങൾക്കും പണം കൈമാറാൻ കേന്ദ്രം തയ്യാറാകണം. കോവിഡിനെതിരെ മുന്നിൽനിന്ന് പൊരുതുന്നത് സംസ്ഥാനങ്ങളാണ്. സംസ്ഥാനങ്ങൾക്ക് കൊടുക്കുന്നില്ലെങ്കിൽ പിന്നെ എവിടേക്കാണ് പണം കൊടുക്കുന്നത്.

ഗുജറാത്തിൽ കച്ച് ഭൂകമ്പദുരന്തം കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച നിധിയെ മുൻനിർത്തി 2002-ൽ സംസ്ഥാന ഹൈക്കോടതി പ്രഖ്യാപിച്ച വിധി ഇവിടെയും പ്രസക്തമാണ്. ഗവൺമെന്റ്‌ കൈകാര്യം ചെയ്യുന്ന ഇത്തരം ഫണ്ടുകളിലെ ക്രമക്കേട് കണ്ടെത്താൻ ഓഡിറ്റ്മാത്രം മതിയാകില്ലെന്നുപറഞ്ഞ ഹൈക്കോടതി ജില്ലാ ജഡ്ജിയെ ഓംബുഡ്സ്മാനായി നിയമിക്കാനും ഉത്തരവിട്ടിരുന്നു. ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ പരാതി കേൾക്കാനും  അന്വേഷണം നടത്താനും അന്ന് കോടതി പറഞ്ഞു. നിശ്ചിതകാലയളവിൽ ഓഡിറ്റ് വേണമെന്നും നിർദേശമുണ്ടായി.  വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കാം. പൊതുപണം കൈകാര്യം ചെയ്യുന്നത് സുതാര്യമായി വേണമെന്നാണ് കോടതി ഇതിലൂടെ വ്യക്തമാക്കിയത്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ  പിഎം കെയേഴ്സ് ഫണ്ടിന്റെ വിശദാംശങ്ങൾ  രാജ്യത്തെ അറിയിക്കാൻ കേന്ദ്ര ഗവൺമെന്റ്‌ സന്നദ്ധമാകണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top