20 April Saturday

തോട്ടങ്ങൾ ഇനി തളിരിടും

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018


കേരളത്തിന്റെ തോട്ടംമേഖലയെ ഗ്രസിച്ച കാതലായ പ്രശ്‌നങ്ങൾക്ക‌് പരിഹാരം കാണുന്നതാണ് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ഒമ്പതിന പരിപാടി. പല തോട്ടങ്ങളും ലാഭകരമല്ലാത്തതിനാൽ അടച്ചുപൂട്ടലിന്റെ വക്കിലാണിന്ന്. തൊഴിലാളികളാകട്ടെ തൊഴിലും കൂലിയും ലഭിക്കാതെ ആത്മഹത്യയുടെ വക്കിലും. ഈ ഘട്ടത്തിലാണ് തോട്ടംമേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കും ആശ്വാസം നൽകുന്ന തീരുമാനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചത്. മുൻ സർക്കാർ നിയമിച്ച ജസ്റ്റിസ് (റിട്ട.) എൻ കൃഷ്ണൻനായർ സമിതി നൽകിയ റിപ്പോർട്ടും അതിന്മേൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നൽകിയ ശുപാർശകളും പരിഗണിച്ചാണ് ഒമ്പതിന പരിപാടി പ്രഖ്യാപിക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറായത്.

സ്വന്തം ആവശ്യത്തേക്കാൾ കമ്പോളത്തെമാത്രം ലക്ഷ്യമിട്ടുള്ളതാണ് കേരളത്തിലെ തോട്ടംകൃഷി. ഏലം, കാപ്പി, തേയില, റബർ തുടങ്ങിയവയാണ് പശ്ചിമഘട്ടമേഖലകളിൽ വൻതോതിൽ കൃഷി ചെയ്യുന്നത്. ഉൽപ്പാദനച്ചെലവ് ഭീമമായി വർധിച്ചതോടെ തോട്ടങ്ങളിൽനിന്നുള്ള ആദായം കുറയാൻ തുടങ്ങി. സാർക്, ആസിയൻ കരാറുകളും വിവിധ രാഷ്ട്രങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളും തോട്ടംകൃഷിയെ പ്രതികൂലമായി ബാധിച്ചു. ഈ വിളകൾ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും അവർ സാർവദേശീയ കമ്പോളത്തിൽ ശക്തമായി ഇടപെടാൻ ആരംഭിക്കുകയും ചെയ്തതോടെ കേരളത്തിലെ തോട്ടംമേഖലയ‌്ക്ക് അത് തിരിച്ചടിയായി.  സ്വാഭാവികമായും പല തോട്ടങ്ങളും അടച്ചിട്ടു. ഈ ദശാബ്ദത്തിന്റെ ആദ്യം ഇരുപതിനായിരത്തിലധികം കോടി രൂപ വരുമാനം നേടിത്തന്ന മേഖലയിൽ ഇന്ന് ലഭിക്കുന്നത് 10,000 കോടി രൂപമാത്രമാണ്. തോട്ടങ്ങൾ അടച്ചിടാൻ ആരംഭിച്ചതോടെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് അവരുടെ ഉപജീവനമാർഗം അടഞ്ഞു. ചെറുകിടതോട്ടങ്ങൾ പലതും പൂട്ടാനുള്ള വഴിയിലാണ്. തോട്ടംമേഖലയിലെ മൂന്നരലക്ഷത്തോളം തൊഴിലാളികൾ കടുത്ത ആശങ്കയിലാണ് ജീവിതം തള്ളിനീക്കുന്നത്. ഇവരെ ആശ്രയിച്ചുജീവിക്കുന്ന 17 ലക്ഷംപേരുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിലാണ് ഈ മേഖലയ‌്ക്കാകെ ആശ്വാസം നൽകുന്ന നടപടികളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുവന്നിട്ടുള്ളത്. ജനപക്ഷത്താണ് ഈ സർക്കാർ നിലയുറപ്പിച്ചിട്ടുള്ളതെന്ന ഏറ്റവും നല്ല ഉദാഹരണമായി ചരിത്രം ഈ നടപടി രേഖപ്പെടുത്തും. കാർഷികമേഖലയിൽ ഉൾപ്പെടെ ബദൽ എന്തെന്ന് കാണിച്ചുകൊടുക്കാനും ഈ നടപടി സഹായിക്കും. 

രാജ്യത്ത് കേരളത്തിൽമാത്രം നിലനിൽക്കുന്ന പ്ലാന്റേഷൻ ടാക്‌സ് പൂർണമായും ഒഴിവാക്കാനും കാർഷിക ആദായനികുതി  മരവിപ്പിക്കാനുമാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തിരുമാനിച്ചത്. ഹെക്ടറിന് 700 രൂപയോളമാണ് പ്ലാന്റേഷൻനികുതി ഈടാക്കിയിരുന്നത്. ലാഭത്തിന്റെ 30 ശതമാനമാണ് കാർഷികാദായനികുതി. ഇതും രണ്ടും ഇനി നൽകേണ്ടതില്ല. തോട്ടംകൃഷിയെ സംബന്ധിച്ച വലിയ ആശ്വാസനടപടികൾതന്നെയാണിത്. പ്രതിസന്ധിയിൽപ്പെട്ട‌് നട്ടംതിരിയുന്ന തോട്ടങ്ങളിൽനിന്ന‌് പ്രായമായ റബർമരങ്ങർ മുറിച്ചുനീക്കുന്നതിന് മരമൊന്നിന് 2500 രൂപ സീനിയറേജ് തുക നൽകണമായിരുന്നു. ഇത് പൂർണമായും ഒഴിവാക്കാനും തീരുമാനിച്ചു.  

എന്നാൽ, ഏറെ അഭിനന്ദനീയമായ കാര്യം തോട്ടംതൊഴിലാളികളുടെ കണ്ണീരൊപ്പാൻ സർക്കാർ നടപടി കൈക്കൊണ്ടുവെന്നതാണ്. ചോർന്നൊലിക്കുന്ന ജീർണാവസ്ഥയിലായ കൊളോണിയൽ പാരമ്പര്യത്തിന്റെ ഭാഗമായ ലയങ്ങളിലാണ് ഇന്നും തോട്ടംതൊഴിലാളികൾ താമസിക്കുന്നത്. ഈ ലയങ്ങളെ കെട്ടിടനികുതിയിൽനിന്ന് ഒഴിവാക്കിയെന്നതാണ് ഒന്നാമത്തെ കാര്യം. സർക്കാരിന്റെ നാലു മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മാനദണ്ഡങ്ങളനുസരിച്ച് അർഹരായ എല്ലാ തൊഴിലാളികൾക്കും ചുവരുറപ്പുള്ള ചോരാത്ത വീടുതന്നെ നിർമിച്ചുനൽകാനാണ് സർക്കാർ പദ്ധതിയിട്ടിട്ടുള്ളത്. തുച്ഛമായ കൂലിമാത്രം ലഭിക്കുന്ന തൊഴിലാളികളെ സംബന്ധിച്ച് അവരുടെ ചിരകാലസ്വപ്‌നമാണ് പൂവണിയുന്നത്. തോട്ടംതൊഴിലാളികളെ ഇഎസ്‌ഐ പരിധിയിൽ കൊണ്ടുവരാനുള്ള നടപടികൾ തൊഴിൽവകുപ്പിന്റെ പരിഗണനയിലാണ്.

തോട്ടംതൊഴിലാളികളുടെ കൂലി കാലോചിതമായി പരിഷ്‌കരിക്കാനും തീരുമാനമായി. ഉപേക്ഷിക്കുകയോ പ്രവർത്തനരഹിതമായോ കിടക്കുന്ന തോട്ടങ്ങളും സർക്കാർ ഏറ്റെടുത്ത് നടത്താൻ നിയമനിർമാണം കൊണ്ടുവരും.  തൊഴിലാളികളുടെ സഹകരണസംഘങ്ങൾ രൂപീകരിച്ച് സർക്കാർ ധനസഹായത്തോടെ പ്രവർത്തിപ്പിക്കാനും വ്യവസ്ഥയുണ്ട്. അതായത് എല്ലാ തോട്ടങ്ങളിലും കൃഷിയിറക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നർഥം. സമഗ്രമായ ഒരു പ്ലാന്റേഷൻനയത്തിനും തൊഴിൽമന്ത്രാലയം രൂപംനൽകും. തോട്ടംമേഖലയെ എല്ലാ അർഥത്തിലും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള തീരുമാനത്തെപ്പോലും നിറംകെടുത്താനുള്ള ശ്രമങ്ങൾ ഒരു വിഭാഗം മാധ്യമങ്ങളിൽനിന്ന‌് ഉണ്ടായത് നിർഭാഗ്യമാണ്. കേരള വനനിയമപരിധിയിൽ തോട്ടങ്ങളെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു എന്നമട്ടിലായിരുന്നു മാധ്യമവ്യാഖ്യാനം. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട മാധ്യമങ്ങൾ നേർവിപരീതമായ ചെയ്തിയിലേക്ക് നീങ്ങുന്നത് ആശാസ്യമല്ലെന്നുമാത്രം ഓർമിപ്പിക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top