06 June Tuesday

ആസൂത്രണ ബോർഡിനും കേന്ദ്രം കൊലക്കയർ മുറുക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 15, 2022


ആസൂത്രണ ബോർഡുകൾക്ക്‌ അന്ത്യംകുറിക്കാനുള്ള  കേന്ദ്ര സർക്കാർ നീക്കം വിനാശകരമാണ്‌. സംസ്ഥാനങ്ങളിലെ തനതായ ആസൂത്രണത്തിലും ഇടപെട്ട്‌  സർവതും കൈപ്പിടിയിൽ ഒതുക്കാനാണ്‌ കേന്ദ്രം ലക്ഷ്യമിടുന്നതെന്ന്‌ ഇതുസംബന്ധിച്ച്‌ പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. അമിതാധികാര വാഴ്‌ചയുടെയും തലതിരിഞ്ഞ വികസനനയങ്ങളുടെയും ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്‌ ഇത്‌. സമൂഹത്തിന്റെ ഭാവിയെ നിർണയിക്കുന്നതിൽ ഏറ്റവും പ്രധാന ഘടകമാണ്‌ ആസൂത്രണം. ആർക്കുവേണ്ടിയാണ്‌ വികസനമെന്ന ചോദ്യത്തിന്റെ അടിസ്ഥാനം ആർക്കുവേണ്ടിയാണ്‌ ആസൂത്രണമെന്നതിലാണ്‌. രണ്ടു നൂറ്റാണ്ടോളംനീണ്ട ബ്രിട്ടീഷ്‌ വാഴ്‌ച തകർത്തുതരിപ്പണമാക്കിയ സമ്പദ്‌ഘടനയെ വളർച്ചയുടെ പാതയിലേക്ക്‌ കൊണ്ടുവന്നത്‌ 1950 മുതൽ രാജ്യത്തു നടപ്പാക്കിയ ആസൂത്രണമാണ്‌. സോവിയറ്റ്‌ മാതൃകയിൽ 1951 മുതൽ പഞ്ചവത്സരപദ്ധതികളും ആരംഭിച്ചതോടെ ദീർഘകാല കാഴ്‌ചപ്പാടോടെ ആസൂത്രണസംവിധാനം നിലവിൽവന്നു. വളർച്ച, നവീകരണം, സ്വാശ്രയത്വം, അവസരസമത്വം എന്നിവയായിരുന്നു അക്കാലത്ത്‌ ആസൂത്രണത്തിന്റെയും പദ്ധതികളുടെയും പ്രഖ്യാപിത ലക്ഷ്യങ്ങൾ. 1991ൽ നരസിംഹ റാവു സർക്കാർ ഉദാരവൽക്കരണ, സ്വകാര്യവൽക്കരണ, ആഗോളവൽക്കരണ നയങ്ങൾക്ക്‌ തുടക്കമിട്ടതോടെ മിശ്രസമ്പദ്‌ഘടനയെന്ന തത്വം ഉപേക്ഷിക്കപ്പെടുകയും രാജ്യം കോർപറേറ്റുകളുടെ നിയന്ത്രണത്തിലേക്ക്‌ നീങ്ങുകയും ചെയ്‌തു. ഇടതുപക്ഷകക്ഷികളുടെ  നിയന്ത്രണം ഒന്നാം യുപിഎ സർക്കാരിനെ കുറെയൊക്കെ നീതിപൂർവമായ പാതയിൽ നയിച്ചെങ്കിലും രണ്ടാം യുപിഎ സർക്കാർ കടിഞ്ഞാണില്ലാത്ത പ്രയാണത്തിലായിരുന്നു.

അഴിമതിയും കെടുകാര്യസ്ഥതയും സൃഷ്ടിച്ച ജനരോഷം മുതലെടുത്തും വർഗീയ ധ്രുവീകരണം വളർത്തിയും 2014ൽ അധികാരത്തിൽവന്ന നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യകാലത്തെ ഏറ്റവും നിർണായക തീരുമാനം ആസൂത്രണ കമീഷൻ പിരിച്ചുവിടാനുള്ളതായിരുന്നു. 2015 ജനുവരി ഒന്നിന്‌ നിതി ആയോഗ്‌ നിലവിൽവന്നതോടെ 65 വർഷമായി നിലനിന്ന ആസൂത്രണസംവിധാനം ചരിത്രമായി. രാജ്യത്തിന്റെ രാഷ്‌ട്രീയ സമ്പദ്‌ഘടന ശിങ്കിടി മുതലാളിത്തത്തിന്റെ കൈപ്പിടിയിൽ പൂർണമായും ഒതുക്കാനുള്ള പാത തുറന്നുകൊടുക്കുകയാണ്‌ മോദിസർക്കാർ ചെയ്‌തത്‌.  തൽഫലമായി മനുഷ്യവികസന സൂചികയിൽ ഈവർഷം വീണ്ടും  പിറകോട്ടിറങ്ങി ഇന്ത്യ 132–--ാം സ്ഥാനത്തായി.  പരിസ്ഥിതി സൂചികയിൽ ഏറ്റവും പിന്നിലുള്ള അഞ്ച്‌ രാജ്യത്തിനൊപ്പമാണ്‌ ഇന്ത്യ. രൂപയുടെ മൂല്യം ഇടിഞ്ഞുതാഴുന്നു.

കേന്ദ്ര–-സംസ്ഥാന ബന്ധത്തെ  ജന്മി–-കുടിയാൻ നിലവാരത്തിലേക്ക്‌ തരംതാഴ്‌ത്താനും കേന്ദ്രത്തിന്റെ പരിഷ്‌കാരം വഴിതെളിച്ചു.  ആസൂത്രണ കമീഷൻ കാലത്ത്‌ സംസ്ഥാനങ്ങൾക്ക്‌ ഫണ്ടും ഗ്രാന്റുകളും  അനുവദിച്ചിരുന്നത്‌ കമീഷൻ ശുപാർശപ്രകാരമായിരുന്നു. നിതി ആയോഗ്‌ വന്നശേഷം ധനമന്ത്രാലയത്തിനാണ്‌ ഈ അധികാരവും. പദ്ധതിത്തുക മുഴുവൻ കേന്ദ്ര ധനമന്ത്രിയുടെ തന്നിഷ്ടപ്രകാരം വിനിയോഗിക്കുകയാണ്‌. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്ക്‌ യഥേഷ്ടം പണം നൽകുമ്പോൾ പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്‌ അർഹമായ വിഹിതംപോലും നിഷേധിക്കുന്നു. സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രം നൽകുന്ന ഔദാര്യമാണ്‌ ഗ്രാന്റുകളെന്ന പ്രചാരണവും നടത്തുന്നു.

ഇതിനു തുടർച്ചയായാണ്‌ അസൂത്രണ ബോർഡുകളെയും ഇല്ലാതാക്കുന്നത്‌.  നിതി ആയോഗിനു സമാനമായ സംവിധാനം  സംസ്ഥാനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ്‌ തീരുമാനം.  ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഇതിനുള്ള തിരക്കിട്ട നീക്കം നടക്കുന്നു.  കോർപറേറ്റ്‌ സാമ്പത്തികവിദഗ്‌ധരെ ഈ സംവിധാനത്തിൽ കുത്തിനിറയ്‌ക്കും.  2047ഓടെ ഇന്ത്യയെ വൻസാമ്പത്തിക ശക്തിയാക്കുകയെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാനാണ്‌ പരിഷ്‌കാരമെന്ന്‌  കേന്ദ്രം അവകാശപ്പെടുന്നു. നിതി ആയോഗ്‌ വിഭാവന ചെയ്യുന്ന  വികസനപാതയിൽ സംസ്ഥാനങ്ങളും എത്തണമത്രെ.  പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പന, സ്വകാര്യവൽക്കരണം,  സർക്കാർ സർവീസിൽ കരാർവൽക്കരണം എന്നിവയിൽ ഊന്നിയുള്ള പരിഷ്‌കരണതന്ത്രങ്ങളാണ്‌ നിതി ആയോഗ്‌ നടപ്പാക്കുന്നത്‌.  പൊതുആസ്‌തി വിൽപ്പനയ്‌ക്കും തുടക്കംകുറിച്ചിട്ടുണ്ട്‌.  ദീർഘകാല ആസൂത്രണമോ പദ്ധതി നിർവഹണമോ നിതി ആയോഗിന്റെ അജൻഡയിൽ വരുന്നില്ല. കേരളംപോലുള്ള സംസ്ഥാനങ്ങൾ ഇതിനിടയിലും ബദൽനയങ്ങൾ ആവിഷ്‌കരിച്ച്‌ ജനക്ഷേമപദ്ധതികൾ ആസൂത്രണംചെയ്‌ത്‌ നടപ്പാക്കുന്നു. ഇതിനു  തടയിടാനുമാണ്‌ ആസൂത്രണ ബോർഡുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്‌.  സംസ്ഥാന ആസൂത്രണ ബോർഡുകളുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്‌. ഉപാധ്യക്ഷനെയും അംഗങ്ങളെയും അതത്‌ സംസ്ഥാന സർക്കാരുകൾക്ക്‌ തീരുമാനിക്കാം. സംസ്ഥാനങ്ങളിൽ നിതി ആയോഗ്‌ വരുന്നതോടെ ഇക്കാര്യത്തിലും  കേന്ദ്രത്തിന്‌ ഇടപെടാൻ കഴിയും.  ഫെഡറൽ സംവിധാനത്തെ പൂർണമായും അട്ടിമറിക്കുന്നവിധത്തിൽ സംസ്ഥാനങ്ങളിലെ ആസൂത്രണമേഖലയിൽ ഇടപെട്ട്‌ കോർപറേറ്റ്‌ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ്‌ മോദിസർക്കാരിന്റെ ലക്ഷ്യം. ഇതിനെതിരെ ജനാധിപത്യവിശ്വാസികളിൽനിന്നും രാഷ്‌ട്രീയപ്രസ്ഥാനങ്ങളിൽനിന്നും അതിശക്തമായ ചെറുത്തുനിൽപ്പ്‌ ഉയരേണ്ടതുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top