12 July Friday

നെറികെട്ട പ്രചാരണം സംസ്ഥാനവിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Saturday Oct 15, 2022


രാഷ്ട്രീയ നേതൃത്വവും മാധ്യമപ്രവർത്തകരും പൂർണ സത്യസന്ധരാകുന്നില്ലെങ്കിൽക്കൂടി വസ്‌തുതകളോട്‌ കുറച്ചെങ്കിലും നീതിപുലർത്തേണ്ടതുണ്ടെന്ന്‌ ആരും ആശിച്ചുപോകും. എന്നാൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ പച്ചക്കള്ളങ്ങളാണ്‌ ചിലർ തുടർച്ചയായി പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌. അവയിൽ പലതും സംസ്ഥാനത്തിന്റെ സർവതോൻമുഖമായ വികസനം അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളവയുമാണെന്ന്‌ കാണാം. ആർഎസ്‌എസ്‌ പ്രചാരകന്റെ നിലവാരത്തിലേക്ക്‌ തരംതാഴുന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരനും അത്‌ ഏറ്റുപാടുന്ന പ്രതിപക്ഷവും ചില മാധ്യമങ്ങളും ഏറ്റവും അവസാനം പാചകംചെയ്‌ത നുണ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന്‌ കേന്ദ്ര സർക്കാർ അനുമതി ഉണ്ടായിരുന്നില്ലെന്നതാണ്‌. യൂറോപ്യൻ പര്യടനശേഷം പിണറായി യുഎഇയിൽ തങ്ങിയത് ദുരൂഹമാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോൾ ദുബായ് അതിൽ  ഉണ്ടായിരുന്നില്ലെന്നും അക്കാര്യം അന്വേഷിക്കുമെന്നുമാണ്‌  മുരളീധരൻ തട്ടിവിട്ടത്‌.

യാത്രാവിശദാംശങ്ങൾ  സമർപ്പിക്കണമെന്ന നിർദേശം വിദേശമന്ത്രാലയം  ഇറക്കിയത് 2015ലാണ്.  മന്ത്രാലയത്തിന്റെ  അനുമതിയില്ലെങ്കിൽ സാധാരണ മുഖ്യമന്ത്രിമാരും മന്ത്രിമാരും വിദേശയാത്ര നടത്തില്ല. മുഖ്യമന്ത്രിയുടെ  യുഎഇ സന്ദർശനത്തിന്‌ അനുമതി നൽകിയിരുന്നതിന്റെ രേഖകൾ പുറത്തുവന്നത്‌ കള്ളപ്രചാരകരെ ഇളിഭ്യരാക്കിയിരിക്കുകയാണ്‌.  നോർവെ, ബ്രിട്ടൻ യാത്രകൾക്കുശേഷം യുഎഇ സന്ദർശിക്കുമെന്ന് വിദേശമന്ത്രാലയം നൽകിയ രേഖയിൽ വ്യക്തമാണ്‌. അതോടെ പുകമറസൃഷ്ടിക്കാൻ  വി മുരളീധരനും ചില  മാധ്യമകൂട്ടുകാരും നടത്തിയ ശ്രമങ്ങൾ വെള്ളത്തിലായി. ഒക്ടോബർ നാലുമുതൽ 12 വരെ നോർവെയും ബ്രിട്ടനും  മടക്കവേളയിൽ യുഎഇയും യാത്രാ പട്ടികയിൽ ഉണ്ടായതായി  മന്ത്രാലയത്തിന്റെ അനുമതി പത്രത്തിലുണ്ട്‌. ഒക്ടോബർ പത്തിന്‌  യുഎഇ സന്ദർശനത്തിനുള്ള അപേക്ഷ നൽകി. ഭാര്യ, മകൾ, കൊച്ചുമകൻ, പേഴ്സണൽ അസിസ്റ്റന്റ്  എന്നിവർ  അനുഗമിക്കുന്നതായും വ്യക്തമാക്കി.

തനിക്ക്‌ കാര്യമായ പണിയില്ലെങ്കിലും സ്വന്തം വകുപ്പ്‌ രേഖാമൂലം നൽകിയ അനുമതിയെക്കുറിച്ച്‌ മിണ്ടാതെ  മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ്‌ മുരളീധരൻ തുനിഞ്ഞത്‌.  മുഖ്യമന്ത്രി യുഎഇയിൽ എത്തുംമുമ്പ്‌ ചില മാധ്യമങ്ങൾക്ക്‌ കേന്ദ്ര സഹമന്ത്രിയുടെ ഓഫീസിൽനിന്ന്‌ വ്യാജവാർത്ത നൽകുകയായിരുന്നു. കേന്ദ്രാനുമതി ഇല്ലാതെയാണ് യുകെയിൽ ധാരണപത്രം ഒപ്പിട്ടതെന്നും മുരളീധരൻ വിവരദോഷം വിളമ്പി. ഇന്ധനവില ആകാശംമുട്ടെ ഉയർത്തിയപ്പോൾ,  ‘ആഗോള വിപണിയിൽ കുറഞ്ഞതിന്റെ ഒരംശം ഇവിടെ കൂട്ടി’യെന്ന  അദ്ദേഹത്തിന്റെ പ്രഹസന പ്രസ്‌താവം മലയാളികൾ അത്രവേഗം മറക്കില്ല. ആരോഗ്യപ്രവർത്തകർക്ക്‌ അവസരമൊരുക്കാൻ നോർക്ക ധാരണപത്രം ഒപ്പിട്ടത്‌ ബ്രിട്ടീഷ്‌  ഗവൺമെന്റ്‌ സ്ഥാപനങ്ങളുമായാണ്‌‐ ഹംബർ ആൻഡ്‌ നോർത്ത്‌ യോർക്‌ഷെയർ ഹെൽത്ത്‌ ആൻഡ്‌ കെയർ പാർട്‌ണർഷിപ് , നോർത്ത് ഈസ്റ്റ് ലിങ്കൻഷെയറിലെ ഹെൽത്ത്‌ സർവീസിന്റെ മാനസിക ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവയുമായി. കരട്‌ ധാരണപത്രം വിദേശമന്ത്രാലയത്തിന്റെ അനുമതിക്കായി നൽകി. അതിന്റെ  നിർദേശംകൂടി പരിഗണിച്ച ശേഷമാണ്‌ ഒപ്പിട്ടത്‌.

നെറികെട്ട എല്ലാ കുത്സിത മാർഗങ്ങൾ അവലംബിച്ചിട്ടും കേരളത്തിൽ  കാറ്റുപിടിക്കാത്ത ബിജെപി, സംസ്ഥാനത്തെ പലവിധത്തിൽ അവഹേളിക്കുകയാണ്‌. അഖിലേന്ത്യാ നേതാക്കളും വർഗീയപ്രചാരകരും കേന്ദ്രമന്ത്രിമാരും അടിക്കടി സന്ദർശിച്ചാണ്‌ ഈ അഭ്യാസങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. തെരുവിലേക്കെത്തിയ സംസ്ഥാന ഘടകത്തിലെ തമ്മിലടി അതിരുവിടുകയാണ്‌. കോഴ, കള്ളനോട്ട്‌, അനധികൃത നിയമന കേസുകൾ ഉൾപ്പെടെ കോടികളുടെ സാമ്പത്തിക ഇടപാടുകളിൽ നേതാക്കൾ പ്രതിക്കൂട്ടിലായി. കഴിഞ്ഞ ദിവസമാണ്‌ അഴിമതിയുടെ പേരിൽ സംസ്ഥാന വക്താക്കളിലൊരാളുടെ പദവി തെറിച്ചത്‌. അവയുടെയെല്ലാം തെളിവുകൾ പുറത്തുവന്നത്‌ അണികളെ രോഷാകുലരാക്കിയിട്ടുണ്ട്‌. നാണംകെട്ട ഇത്തരം തുടർച്ചയായ കച്ചവടങ്ങൾ ചൂണ്ടി ഒരു വിഭാഗം വന്നതിന്‌  മറയിടാനും നേതൃത്വം  വിയർപ്പൊഴുക്കുകയാണ്‌; അതിന്‌ ഫലമില്ലെന്ന്‌ കണ്ടപ്പോഴാണ്‌ കള്ളപ്രചാരണങ്ങളിൽ അഭയംതേടുന്നത്‌. മുങ്ങിമരിക്കാൻ പോകുന്നവർ കൈയും കാലുമിട്ടടിക്കും. എന്നാൽ, അതിനൊപ്പം സംസ്ഥാനത്തെയും മുക്കാൻ ശ്രമിക്കരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top