29 March Friday

പ്രതീക്ഷയേകുന്ന അവയവമാറ്റം

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021


ആദ്യകാല ചികിത്സയുടെ പ്രാകൃതരൂപങ്ങളിൽനിന്നാണ്‌ ആധുനിക വൈദ്യശാസ്‌ത്രം മുന്നേറി ഇന്നത്തെ ഘട്ടത്തിൽ എത്തിനിൽക്കുന്നത്‌. രോഗികൾക്ക്‌ വേദനയും അസ്വസ്ഥതയും നൽകുന്ന രീതികൾക്കെതിരായ സാന്ത്വനങ്ങളായും മരുന്നുകൾ മാറി. പ്രകൃതിയും വിശ്വാസങ്ങളും എല്ലാറ്റിനുംമേലെ പ്രതിഷ്‌ഠിക്കപ്പെട്ടതിനെതിരായ ശാസ്‌ത്രബോധവും യുക്തിചിന്തയും വളർന്നു. രോഗശാന്തിക്ക്‌ കല്ലിൽതീർത്ത സർപ്പവിഗ്രഹത്തിൽ പാലഭിഷേകം ചെയ്യുന്നവർ സർപ്പത്തെ കണ്ടാൽ കൊല്ലാൻ അലറുന്നുവെന്നാണ്‌ സാമൂഹ്യപരിഷ്‌കർത്താവായ ബസവേശ്വരന്റെ ഓർമപ്പെടുത്തൽ. നവരാത്രി ആഘോഷത്തിനിടെ ഒഡിഷാ ഗ്രാമത്തിൽ രണ്ട്‌ തലയും മൂന്ന്‌ കണ്ണുമായി പശുക്കുട്ടി ജനിച്ചത്‌ ദുർഗാദേവിയുടെ അവതാരമായാണ്‌ പ്രചരിപ്പിക്കപ്പെട്ടത്‌. ബിഹാറിൽ പകർച്ചവ്യാധിക്കെതിരെ പെൺകുട്ടികളുടെ നഗ്നനൃത്തവും തവളക്കല്യാണവുമായിരുന്നു. ചൈന ചൊവ്വയിൽ കൃഷിസാധ്യത തേടുമ്പോഴാണ്‌ ഇവിടെ ചൊവ്വാദോഷം  വിവാഹങ്ങൾ മുടക്കുന്നത്‌. അർബുദത്തിന് ധ്യാനചികിത്സയും കോവിഡിന്‌ ചാണകക്കുളിയും നിർദേശിക്കുന്നതും അസാധാരണമല്ലല്ലോ. ഈ പശ്‌ചാത്തലത്തിലാണ്‌ അമേരിക്കയിൽനിന്നുള്ള ഒരു വാർത്ത ഏറെ ശ്രദ്ധേയവും പ്രതീക്ഷാനിർഭരവുമാകുന്നത്‌. മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക മാറ്റിവച്ചത്‌ അത്ഭുതകരമായ ചുവടുവയ്‌പായിരിക്കുന്നു. ന്യൂയോർക്ക്‌ സർവകലാശാലാ ലാംഗോൺ മെഡിക്കൽ ഹെൽത്ത്‌ സെന്ററിലായിരുന്നു ചരിത്രനേട്ടം.

വൃക്കദാതാവായ പന്നിയുടെ ജീനുകളിൽ മാറ്റം വരുത്തിയതിനാൽ സ്വീകർത്താവിന്റെ ശരീരം ഉടൻ നിരസിക്കുന്നില്ലെന്നതാണ് പ്രതീക്ഷാനിർഭരമായ ഭാഗം. മസ്തിഷ്‌കമരണം സംഭവിച്ച സ്ത്രീയിലായിരുന്നു പരീക്ഷണം. രണ്ട് വൃക്കയും നിലച്ച അവരിൽ കുടുംബത്തിന്റെ അനുമതിയോടെ പന്നിയുടെ വൃക്ക മാറ്റിവച്ചു. പുതിയവ ശരീരം പുറന്തള്ളുമെന്നതാണ്‌ ഇതുവരെ ശസ്ത്രക്രിയ നേരിട്ട പ്രധാന പ്രതിബന്ധങ്ങളിലൊന്ന്‌. പന്നിയുടെ വൃക്ക സ്ത്രീയുടെ ശരീരം നിരസിച്ചില്ല. പ്രശ്‌നത്തിന്‌ അടിസ്ഥാനമായ മോളിക്യൂളിനെ ജനിതകമാറ്റത്തിലൂടെ മാറ്റിയതാണ്‌ എടുത്തുപറയേണ്ട വസ്‌തുത. പന്നിയുടെ വൃക്ക സ്ത്രീയുടെ രക്തക്കുഴലുമായി ചേർന്നെന്നാണ്‌ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തത്‌. മാറ്റിവച്ച വൃക്കകൾ സാധാരണ നിലയിൽ പ്രവർത്തിച്ചുതുടങ്ങിയതായി ശസ്‌ത്രക്രിയക്ക്‌ നേതൃത്വം നൽകിയ ഡോ. റോബർട് മോണ്ട്ഗോമറി അറിയിക്കുകയും ചെയ്‌തു. അവ മാലിന്യം അരിച്ചെടുക്കുകയും മൂത്രം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മൃഗങ്ങളുടെ അവയവങ്ങൾ അസുഖബാധിതരായ മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് ആരോഗ്യരംഗം പതിറ്റാണ്ടുകളായി ഗവേഷണത്തിലാണ്‌. പന്നികളിൽനിന്ന് ഹൃദയവാൽവ്‌ സ്വീകരിക്കാനാകുമോയെന്നും പരീക്ഷിക്കുന്നുണ്ട്. ജനിതകമാറ്റം വരുത്തിയ പന്നികളെ യുണൈറ്റഡ് തെറാപ്യൂടിക് കോർപ്സ് റെവിവികോർ യൂണിറ്റാണ് വികസിപ്പിച്ചത്. അതിന് 2020ൽ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ്സ് അനുമതി നൽകുകയുണ്ടായി. മനുഷ്യർ ആന്തരികാവയവങ്ങൾ നൽകാൻ വിമുഖത കാണിക്കുന്നതിനാലാണ്‌ ശാസ്ത്രലോകം മൃഗങ്ങളെ പരിഗണിക്കുന്നതിലെത്തിയത്‌. മനുഷ്യാവയവങ്ങളോട് വലുപ്പത്തിലും ഘടനയിലും മികച്ച സമാനതകളുള്ളതിനാലാണ് പന്നികളെ ആശ്രയിക്കുന്നതും. എളുപ്പത്തിൽ ലഭ്യമാകും എന്നതും അനുകൂലഘടകം. വൃക്കരോഗ ചികിൽസയിൽ വൻമാറ്റങ്ങൾക്കു വഴിവച്ചേക്കാവുന്നതാണ്‌ ഇപ്പോഴത്തെ പരീക്ഷണം. മനുഷ്യശരീരം തള്ളിക്കളയുന്നത് ഒഴിവാക്കാൻ പന്നിയുടെ വൃക്കയിലെ ചില ജീനുകളിൽ മാറ്റം വരുത്തി. വൃക്ക ശരിയായി പ്രവർത്തിക്കാത്തതിന്റെ ലക്ഷണമായ അസാധാരണ ക്രിയാറ്റിൻതോത്‌ പന്നിയുടെ വൃക്ക പിടിപ്പിച്ചതോടെ സാധാരണ നിലയിലായി.

ലോകത്തെമ്പാടുമുള്ള വൃക്കരോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ്‌ വാർത്ത. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത്‌ സർവീസസിലെ ഡോ. മര്യം ഖൊസ്‌റാവി മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്കുള്ള അവയവമാറ്റം ഗുണാത്മകമായി ചർച്ചചെയ്യണമെന്ന്‌ ലോകത്തോട്‌ അഭ്യർഥിച്ചതും പ്രധാനം. ദീർഘകാല വൃക്കരോഗങ്ങൾ ലോകത്ത് ലക്ഷക്കണക്കിനാളുകളെയാണ്‌ അലട്ടുന്നത്‌. ആറര ലക്ഷത്തിലധികം പേർ വൃക്ക മാറ്റിവയ്‌ക്കേണ്ട ഗുരുതരാവസ്ഥയിലും. 40 ശതമാനം രോഗികൾ ദാതാക്കളില്ലാതെ അകാലത്തിൽ മരണത്തിന്‌ കീഴടങ്ങുന്നു. ഒരു പതിറ്റാണ്ടിനുള്ളിൽ പന്നിയുടെ ഹൃദയം, ശ്വാസകോശം, കരൾ തുടങ്ങിയവയും മനുഷ്യനിൽ വച്ചുപിടിപ്പിക്കാവുന്ന നിലയിലാണ്‌ ശാസ്‌ത്രമുന്നേറ്റം. വിത്തുകോശ ഗവേഷണത്തിന്റെ വേഗം സൂചിപ്പിക്കുന്നത്‌ സമീപഭാവിയിൽ അവയവമാറ്റംതന്നെ അപ്രസക്തമാകുമെന്നാണ്‌. ശസ്‌ത്രക്രിയ നടത്താതെ സ്വന്തം അവയവങ്ങളിൽനിന്നുതന്നെ പരിഹാരമുണ്ടാക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top