മതത്തിന്റെയോ വിശ്വാസത്തിന്റെയോ മുൻവിധികൾ ഇല്ലാതെ സാമൂഹ്യ യാഥാർഥ്യങ്ങളോട് പ്രതികരിച്ച പുരോഹിത ശ്രേഷ്ഠനായിരുന്നു ബുധനാഴ്ച പുലർച്ചെ അന്തരിച്ച മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലീത്താ. അദ്ദേഹത്തിന് ഒരിക്കലും കടുംപിടിത്തങ്ങൾ ഉണ്ടായിരുന്നില്ല. മാറുന്ന ലോകത്തെ തുറന്ന മനസ്സോടെ ഉൾക്കൊണ്ടു. ഏറ്റവും പുതിയ തലമുറയോടുപോലും അവരുടെ ഭാഷയിൽ, നൂറുവയസ്സ് പിന്നിട്ടപ്പോഴും, അദ്ദേഹം സംവദിച്ചു. പല മത മേലധ്യക്ഷന്മാരും ശത്രുപക്ഷത്ത് നിർത്തിയ കമ്യൂണിസ്റ്റുകാരോടും ഇടതുപക്ഷത്തോടും സഹകരിക്കാവുന്ന എല്ലാരംഗത്തും സഹകരിക്കാൻ അദ്ദേഹം തയ്യാറായതും ഈ സ്വഭാവ സവിശേഷതകൊണ്ടാണ്. ഇ എം എസുമായും പി ഗോവിന്ദപിള്ളയുമായും മറ്റും അദ്ദേഹം സംവാദത്തിലേർപ്പെട്ടത് ഇടതുപക്ഷവുമായി വിയോജിപ്പിനേക്കാൾ ഏറെ യോജിപ്പിന്റെ മേഖലകൾ കണ്ടെത്താനായിരുന്നു.
മതത്തിന്റെ പിൻബലം രാഷ്ട്രീയ ഇടപെടലുകൾക്കുള്ള ഉപാധിയാക്കുന്ന മത മേധാവികളിൽനിന്ന് അദ്ദേഹം എന്നും വേറിട്ടുനിന്നു. "നാം വസിക്കുന്ന മതബഹുല സമൂഹത്തിന്റെ ആത്യന്തിക ലക്ഷ്യം മതനിരപേക്ഷമായിരിക്കണ'മെന്നായിരുന്നു തിരുമേനിയുടെ കാഴ്ചപ്പാട്. മതനിരപേക്ഷ ജനാധിപത്യ ക്ഷേമരാഷ്ട്ര നിർമിതിയാകണം ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതാന്ധതയും വർഗീയവാദവും മൗലികവാദവും ആത്മീയ ന്യൂനതയാണെന്ന് ഉറക്കെ പറയാനും അദ്ദേഹം മടിച്ചില്ല.
വേദനിക്കുന്നവനൊപ്പം എന്നതിൽ തെല്ലും വിട്ടുവീഴ്ചയില്ലാത്തതായിരുന്നു ആ ജീവിതം. അവരോടുള്ള കരുണയും കരുതലുമാണ് ക്രിസ്തുവിന്റെ വഴിയെന്ന് മാർ ക്രിസോസ്റ്റം തിരിച്ചറിഞ്ഞിരുന്നു. അധ്വാനിക്കുന്നവനോടും ഭാരം ചുമക്കുന്നവനോടുമുള്ള ആഭിമുഖ്യം അദ്ദേഹം സഭാപ്രസംഗങ്ങളിൽ ഒതുക്കിയില്ല. റെയിൽവേ പോർട്ടർമാരുടെ ജീവിതവ്യഥകൾ അടുത്തറിയാൻ തമിഴ്നാട്ടിൽ ജൊലാർപേട്ടിലെ ചുമട്ടുതൊഴിലാളിയായി ഒരുമാസം പ്രവർത്തിച്ചത് ആത്മകഥയിൽ വിവരിക്കുന്നുണ്ട്.
ക്രിസ്ത്യൻ സഭയ്ക്കുള്ളിലെ സങ്കുചിത ചിന്താഗതികൾക്കെതിരെ എപ്പോഴും വിമർശമുയർത്തി. അയൽക്കാരനെ സ്നേഹിക്കാൻ ക്രിസ്തു പറഞ്ഞത് ക്രിസ്ത്യാനിയായ അയൽവാസിയുടെമാത്രം കാര്യം ഉദ്ദേശിച്ചല്ല എന്ന് അദ്ദേഹം ഓർമപ്പെടുത്തിയിരുന്നു. ഈ വിശാലമായ കാഴ്ചപ്പാടിലൂടെ സർവമതവിഭാഗത്തിനും സ്വീകാര്യനായി. ജീവകാരുണ്യ പ്രവർത്തനങ്ങളെ മാർത്തോമാ സഭയിൽ ഒതുക്കിനിർത്താതിരിക്കാനും അദ്ദേഹം ജാഗ്രത കാട്ടി. തന്റെ നവതി ആഘോഷങ്ങൾ ഒഴിവാക്കി ഭവനരഹിതരെ സഹായിക്കാൻ തീരുമാനിച്ചപ്പോൾ സഭയ്ക്ക് പുറത്തുള്ളവർക്കാണ് കൂടുതൽ വീടുകൾ നൽകിയത്. ആയിരം വീട് ലക്ഷ്യമിട്ടെങ്കിലും അത് മൂവായിരമായി. മനുഷ്യന്റെ അടിസ്ഥാന ജീവിതാവശ്യങ്ങൾക്ക് അധികാര വികേന്ദ്രീകരണത്തിലൂടെ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് ഇ എം എസിന്റെ നേതൃത്വത്തിൽ തുടക്കമായപ്പോൾ അതിനോട് സഹകരിക്കാൻ തെല്ലും താമസിച്ചില്ല.
നർമത്തിന്റെ വലിയ തിരുമേനിയായി അദ്ദേഹം എപ്പോഴും വാഴ്ത്തപ്പെടാറുണ്ട്. എന്നാൽ, ആ നർമം ഒരിക്കലും ആഴം കുറഞ്ഞ തമാശകളായിരുന്നില്ല. മൂർച്ചയുള്ള സാമൂഹ്യവിമർശം അതിൽ എന്നും ഉൾച്ചേർന്നിരുന്നു. മതത്തെയും സ്വന്തം പൗരോഹിത്യത്തെയും സഭയെയും എന്തിന് ദൈവത്തെപ്പോലും അദ്ദേഹം നർമത്തിന് വിഷയമാക്കി.
ആത്മീയാചാര്യന്മാരുടെ കൂട്ടത്തിൽ വേറിട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. ഒരിക്കൽ വിദ്യാർഥികളുമായുള്ള സംവാദത്തിൽ “ആരെങ്കിലും യഥാർഥ മനുഷ്യനെ കണ്ടിട്ടുണ്ടോ?'' എന്നൊരു ചോദ്യം അദ്ദേഹം ഉയർത്തി. ഒന്ന് നിർത്തിയിട്ട് “എന്നെ കാണുന്നതുവരെ’’ എന്നുകൂടി പെട്ടെന്ന് കൂട്ടിച്ചേർത്തു. അതെ, അതുതന്നെയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ഒന്നും അന്യമായി കരുതാത്ത യഥാർഥ മനുഷ്യൻ. ആ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..