18 April Thursday

ഈ നീക്കം നാടിന്‌ ആപത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022


മിന്നൽ ഹർത്താൽ പ്രഖ്യാപിച്ച്‌ സംസ്ഥാനത്താകെ ആക്രമണം അഴിച്ചുവിട്ട പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ നീക്കം ആപത്താണെന്ന്‌ പറയാതിരിക്കാനാകില്ല. കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഐഎയും ഇഡിയും അവർക്ക്‌ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 15 സംസ്ഥാനത്താണ്‌ റെയ്‌ഡും അറസ്റ്റും നടത്തിയത്‌. എന്നാൽ, കേരളത്തിൽ മാത്രമാണ്‌ ഹർത്താൽ പ്രഖ്യാപിച്ച്‌ വ്യാപക ആക്രമണം അരങ്ങേറിയത്‌. കേന്ദ്ര ഏജൻസികളുടെ നടപടിക്കെതിരെ എന്തിനാണ്‌ സംസ്ഥാനത്തിന്റെ പൊതുമുതൽ നശിപ്പിച്ച്‌ പൊതുജനങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും ആക്രമിക്കുന്നത്‌.

കേരളത്തെ കലാപഭൂമിയാക്കാനുള്ള സംഘപരിവാർ നീക്കത്തിനൊപ്പം ചേരാനാണ്‌ മത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനും താൽപ്പര്യമെന്നതാണ്‌ ഹർത്താലിനു മറവിലെ ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്‌. എന്തും ചെയ്യാൻ മടിയില്ലാത്ത കുറച്ചാളുകൾ നിരത്തിലിറങ്ങി  വാഹനങ്ങൾക്കുനേരെ കല്ലെറിഞ്ഞും കടകൾ അടിച്ചുതകർത്തും പൊലീസിനെ  ആക്രമിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതാണ്‌ വെള്ളിയാഴ്‌ച കണ്ടത്‌. 70 കെഎസ്‌ആർടിസി ബസാണ്‌ തകർത്തത്‌. അരക്കോടിയോളം രൂപയുടെ നഷ്ടമുണ്ടെന്നാണ്‌ അധികൃതർ പറയുന്നത്‌. നിരവധി ജീവനക്കാർക്ക്‌ പരിക്കേറ്റു. നിലനിൽപ്പിനായി കഷ്ടപ്പെടുന്ന കെഎസ്‌ആർടിസിക്കു നേരെ  ആക്രമണം  നടത്തിയത്‌ ബോധപൂർവമാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ കഴിയുമോയെന്ന ഗൂഢോദ്ദേശ്യം ഇതിനുപിന്നിലുണ്ടാകാം. കെഎസ്‌ആർടിസിയെ രക്ഷിക്കണമെന്ന്‌ ആവശ്യപ്പെടുന്നവർതന്നെയാണ്‌ അതിനുനേരെ  വ്യാപക ആക്രമണം നടത്തിയത്‌.

മാരകായുധങ്ങളുമായാണ്‌  ക്രിമിനൽസംഘം ഹർത്താൽ വിജയിപ്പിക്കാൻ തെരുവിലിറങ്ങിയത്‌. സംഘബലമില്ലാത്തവർ മെയ്‌ക്കരുത്തിൽ ഹർത്താൽ വിജയിപ്പിക്കാൻ ശ്രമിക്കുന്നതാണ്‌ നാം കണ്ടത്‌. ഇതിനെ ചില സ്ഥലങ്ങളിൽ ജനങ്ങൾതന്നെ നേരിടുന്ന സ്ഥിതിയും ഉണ്ടായി. ലോട്ടറി വിൽക്കുന്ന പെട്ടിക്കടപോലും തല്ലിത്തകർത്തു. പൊലീസുകാരെ ബൈക്കിടിപ്പിച്ച്‌ കൊല്ലാൻ ശ്രമിച്ചു. ബൈക്കിൽ കറങ്ങി ആക്രമിച്ച്‌ പാഞ്ഞുപോകുന്ന രീതിയാണ്‌ ഇവർ പലയിടത്തും സ്വീകരിച്ചത്‌. സംഘടിതമായെത്തിയ സ്ഥലങ്ങളിൽ പൊലീസ്‌ കർശന നടപടി സ്വീകരിച്ച്‌ അക്രമികളെ പിന്തിരിപ്പിച്ചില്ലായിരുന്നെങ്കിൽ വൻതോതിലുള്ള ആക്രമണം സംസ്ഥാനത്ത്‌ അരങ്ങേറിയേനെ. പാത്തും പതുങ്ങിയും വന്ന്‌ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയെന്ന തീവ്രവാദ സ്വഭാവംതന്നെയാണ്‌ പോപ്പുലർ ഫ്രണ്ടും എസ്‌ഡിപിഐയും ഹർത്താലിലും സ്വീകരിച്ചത്‌. പോപ്പുലർ ഫ്രണ്ടും അവരുടെ രാഷ്‌ട്രീയ സംഘടനയായ എസ്‌ഡിപിഐയും മത തീവ്രവാദ സംഘടനയാണെന്ന്‌ സിപിഐ എമ്മും ഇടതുപാർടികളും മുമ്പേ പറഞ്ഞതാണ്. അവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്‌ ആരും എതിരല്ല. എന്നാൽ, ഇപ്പോഴത്തെ റെയ്‌ഡിന്റെയും അറസ്‌റ്റിന്റെയും ഉദ്ദേശ്യശുദ്ധിയെക്കുറിച്ച്‌ പലകോണുകളിൽ നിന്നും സംശയം ഉണർന്നിട്ടുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഒന്നര വർഷം മാത്രമുള്ളപ്പോൾ സംഘപരിവാർ അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമാണോ ഇതെന്ന സംശയമാണ്‌ ഉയരുന്നത്‌.

റെയ്‌ഡിന്റെ കാരണമെന്തെന്ന്‌ കേന്ദ്രസർക്കാരോ അന്വേഷണ ഏജൻസികളോ വ്യക്തമാക്കിയിട്ടില്ല. അതേസമയം, മിന്നൽ റെയ്‌ഡും നേതാക്കൻമാരുടെ അറസ്‌റ്റും നടത്തി പോപ്പുലർ ഫ്രണ്ടിനെ ആക്രമണത്തിന്‌ പ്രേരിപ്പിക്കുകയല്ലേ കേന്ദ്രസർക്കാർ ചെയ്‌തതെന്ന്‌ ന്യായമായും സംശയിക്കാം. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാതെ കോർപറേറ്റ്‌ മൂലധനശക്തികളുടെ താൽപ്പര്യംമാത്രം  സംരക്ഷിക്കുന്ന ബിജെപിക്ക്‌ അടുത്ത തെരഞ്ഞെടുപ്പിലും അധികാരത്തിൽ വരണമെങ്കിൽ  വിദ്വേഷം വളർത്തി കലാപം സൃഷ്ടിക്കണം. കേരളംപോലെ മതനിരപേക്ഷതയിൽ അടിയുറച്ച്‌ നിൽക്കുന്ന സംസ്ഥാനങ്ങളിലും ജനങ്ങളെ വിഭജിച്ച്‌ രാഷ്‌ട്രീയനേട്ടം ഉണ്ടാക്കാൻ പറ്റുമോ എന്നാണ്‌ സംഘപരിവാർ ശ്രമം. അതിന്‌ നാട്ടിൽ കലാപം ഉണ്ടാകണം. അതിനുള്ള കെണിയിൽ പോപ്പുലർഫ്രണ്ടും വീഴുമെന്ന്‌ അവർക്കറിയാം. ഹർത്താലിലെ ആക്രമണങ്ങൾക്കുശേഷം ബിജെപി നേതാക്കളുടെ പ്രസ്താവന ഇത്‌ ശരിവയ്‌ക്കുന്നതാണ്‌. സംസ്ഥാന സർക്കാരിനെ പഴിക്കാനാണ്‌ ബിജെപി ഉത്സാഹം കാണിക്കുന്നത്‌. ഭൂരിപക്ഷ വർഗീയതയെ താലോലിച്ചാണ്‌ ബിജെപി  പ്രവർത്തിക്കുന്നതെന്ന്‌ എല്ലാവർക്കും അറിയാം. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം അഴിച്ചുവിട്ടാണ്‌ അവർ വർഗീയത വളർത്തുന്നത്‌. സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡകൾ ന്യൂനപക്ഷ വിഭാഗത്തിനിടയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തിയാണ് ന്യൂനപക്ഷ തീവ്രവാദ സംഘടനകൾ സ്വാധീനം ഉറപ്പിക്കുന്നത്. ഇവരുടെ പ്രവർത്തനങ്ങൾ ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തിലൂടെ മാത്രമേ ഹിന്ദുത്വ രാഷ്ട്രീയത്തെയും വർഗീയതയെയും പരാജയപ്പെടുത്താനാകൂ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top