24 April Wednesday

പി എഫ്‌ പെൻഷൻ : തുടരുന്ന വഞ്ചന

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023


നീണ്ട നിയമപോരാട്ടങ്ങൾക്കും തൊഴിലാളി പ്രക്ഷോഭങ്ങൾക്കുംശേഷമാണ്‌ എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ അംഗങ്ങൾക്ക്‌ ഉയർന്ന പെൻഷൻ ലഭിക്കുംവിധം സുപ്രീംകോടതി വിധി വന്നത്‌. ചില വിഭാഗം തൊഴിലാളികൾ അപ്പോഴും വിധിക്ക്‌ പുറത്തുനിൽക്കുന്ന പ്രശ്‌നമുണ്ട്‌. എന്നാൽ, വിധി ബാധകമായവർക്കുപോലും അതിന്റെ ആനുകൂല്യം ലഭ്യമാകരുതെന്ന വാശിയിലാണ്‌ കേന്ദ്ര സർക്കാരും പിഎഫ്‌ അധികൃതരും നീങ്ങുന്നത്‌. തുടർച്ചയായി തടസ്സങ്ങൾ വലിച്ചിട്ട്‌ ഉയർന്ന പെൻഷൻ നിഷേധിക്കാനാണ്‌ ശ്രമം.

2022 നവംബർ നാലിനാണ്‌ സുപ്രീംകോടതി വിധി വന്നത്‌. നടപടി സ്വീകരിക്കാൻ നാലുമാസമാണ്‌ കോടതി സമയം കൊടുത്തത്‌. ഒന്നരമാസത്തിലേറെ സർക്കാർ അനങ്ങിയില്ല. ഒടുവിൽ ഡിസംബർ 29ന്‌ ആദ്യ സർക്കുലർ വന്നു. ഇത്‌ 2014നു മുമ്പ്‌ ഉയർന്ന പെൻഷന്‌ ഓപ്‌ഷൻ നൽകി വിരമിച്ചവർക്കായി മാത്രമായിരുന്നു. ഭൂരിപക്ഷം തൊഴിലാളികളും പിന്നെയും കാത്തിരിപ്പ്‌ തുടർന്നു. ഒടുവിൽ സുപ്രീംകോടതി അനുവദിച്ച സമയം തീരാൻ 11 ദിവസം ബാക്കിനിൽക്കെ രണ്ടാം സർക്കുലർ വന്നു. ഇതോടെ കൂടുതൽ പേർ വർധിച്ച പെൻഷന്റെ പരിധിയിൽവന്നു.

എന്നാൽ, ഈ സർക്കുലർ അനുസരിച്ച്‌ അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുന്നവർ ചതിയിൽപ്പെട്ട മട്ടാണ്‌. അക്കൗണ്ടിൽ ലോഗിൻ ചെയ്‌തുകഴിഞ്ഞാൽമാത്രമേ എന്തൊക്കെ രേഖകളാണ്‌ വേണ്ടതെന്ന്‌ വ്യക്തമാകുകയുള്ളൂ. ഒട്ടേറെ രേഖകൾ വേണം. ഇതുസംബന്ധിച്ച്‌ ഒരു മാർഗനിർദേശവും വെബ്‌സൈറ്റിലൂടെയോ അല്ലാതെയോ ഇപിഎഫ്‌ഒ ലഭ്യമാക്കിയിട്ടില്ല.

രേഖകളിലേക്ക്‌ കടന്നാലും കടുത്ത ആശയക്കുഴപ്പമാണ്‌. തൊഴിലാളിയുടെയോ തൊഴിലുടമയുടെയോ കൈവശമില്ലാത്ത രേഖകളാണ്‌   ആവശ്യപ്പെട്ടിരിക്കുന്നതിൽ ചിലത്‌. ഇപിഎഫ്‌ സ്‌കീമിലെ  26(6) ഖണ്ഡിക പ്രകാരം ഓപ്ഷൻ നൽകിയതിന്റെ തെളിവ് അപ്‌ലോഡ് ചെയ്യണമെന്നാണ്‌ ഒരു നിർദേശം. ഇപിഎഫ്ഒ നിശ്ചയിച്ച പരിധിക്കു മുകളിലുള്ള ശമ്പളത്തിന്റെ വിഹിതം അക്കൗണ്ടിലേക്ക്‌ അടയ്‌ക്കാൻ നൽകിയ അനുമതി പത്രമാണ്‌ ചോദിക്കുന്നത്‌. ഇങ്ങനെയൊരു രേഖയില്ല. എന്നാൽ, ലക്ഷക്കണക്കിന്‌ തൊഴിലാളികളിൽനിന്ന്‌ ഇത്തരത്തിൽ അധിക വിഹിതം വാങ്ങി വർഷങ്ങളായി ഇപിഎഫ്‌ഒ അവർക്ക്‌ ആ തുകയ്‌ക്ക്‌  പലിശ നൽകുന്നുമുണ്ട്‌. അതിന്റെ തെളിവ്‌ പിഎഫ്‌ ഓഫീസിലുണ്ട്‌. എന്നിട്ടും അതുസംബന്ധിച്ച്‌ നിലവിലില്ലാത്ത രേഖ ആവശ്യപ്പെടുകയാണ്‌ ചെയ്യുന്നത്‌. സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഇതടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര പിഎഫ്‌ കമീഷണർക്ക്‌ കത്തുനൽകിയിരുന്നു. എന്നാൽ, നടപടി ഉണ്ടായിട്ടില്ല.

നൂറുകണക്കിന്‌ ഇപിഎഫ്‌ അംഗങ്ങളാണ്‌ വിവരവും വ്യക്തതയുംതേടി രാജ്യത്തെ വിവിധ റീജണൽ ഓഫീസുകൾ കയറിയിറങ്ങുന്നത്‌. പലരും പ്രായമായവരും അവശരുമാണ്‌. മറുപടി കൊടുക്കേണ്ടെന്നാണ്‌ മുകളിൽനിന്നുള്ള നിർദേശമെന്ന്‌ ജീവനക്കാർ പറയുന്നു. തങ്ങളെ ഇരുട്ടിൽനിർത്തിയാണ്‌ കാര്യങ്ങൾ നീങ്ങുന്നതെന്ന്‌  ഇപിഎഫ്‌ ട്രസ്റ്റ്‌ അംഗങ്ങളും പറയുന്നു.

2014 സെപ്തംബർ ഒന്നിനുമുമ്പ്‌ വിരമിച്ചവരുടെ കാര്യം അതിദയനീയമാണ്‌. അവരിൽ കുറെപ്പേർക്ക്‌ കോടതി വിധിയിലൂടെ അധിക പെൻഷൻ കിട്ടിയിരുന്നു. അധികത്തുക അങ്ങോട്ട്‌ അടച്ചാണ്‌ അവർ കൂടിയ പെൻഷൻ വാങ്ങിയത്‌. മുന്നറിയിപ്പുപോലും നൽകാതെ അത്‌ നിർത്തി. ഇപ്പോഴത്തെ സുപ്രീംകോടതി വിധിപ്രകാരം അവർക്ക്‌ വർധിച്ച പെൻഷന്‌ അപേക്ഷിക്കാനാകില്ല. പക്ഷേ, മുമ്പ് കൊടുത്തുവന്ന അധിക പെൻഷൻ ഇതിന്റെ പേരിൽ ഇല്ലാതാക്കുന്നത്‌ അനീതിയാണെന്ന വാദവുമുണ്ട്‌.

ആറേമുക്കാൽ കോടിയിലേറെ വരിക്കാർ ഇപിഎഫ്ഒയ്ക്ക്‌ കീഴിലുണ്ട്‌. ഇവരുടെ പ്രശ്‌നങ്ങൾ ആകെ കൈകാര്യം ചെയ്യാവുന്ന ഓഫീസ്‌ സംവിധാനമില്ല. ഉള്ള ജീവനക്കാർക്ക്‌ താങ്ങാവുന്നതല്ല ഇപ്പോഴത്തെ ഉത്തരവാദിത്വങ്ങൾ. അതിനും പരിഹാരമുണ്ടാകുന്നില്ല. ഇതൊന്നും കേന്ദ്രസർക്കാരിന്‌ വിഷയമല്ല. തൊഴിലാളിദ്രോഹ നടപടികളിൽ റെക്കോഡിട്ട്‌ മുന്നോട്ടുപോകുന്ന നരേന്ദ്ര മോദി സർക്കാർ വൻകിട കോർപറേറ്റുകളുടെ ലാഭം കൂട്ടാനുള്ള മാർഗങ്ങളിൽമാത്രം ശ്രദ്ധയൂന്നുന്നു.
ചുരുക്കത്തിൽ പിഎഫ്‌ കേസിലെ സുപ്രീംകോടതി വിധിയിൽ  തൊഴിലാളികൾക്ക്‌ ഗുണകരമായ കാര്യങ്ങൾ നടപടിക്രമങ്ങൾ  സങ്കീർണമാക്കി നിഷേധിക്കാനാണ്‌ നീക്കം. തെരുവിലും കോടതികളിലും ഇനിയും പോരാടുക മാത്രമേ തൊഴിലാളിക്ക്‌ വഴിയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top