02 October Monday

എണ്ണവിലവർധനയുടെ കാരണക്കാർ ആര്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 8, 2021പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന സംസ്ഥാനത്ത്‌ സജീവ ചർച്ചാ വിഷയമാണിന്ന്‌. പെട്രോളിന്റെയും ഡീസലിന്റെയും (പാചകവാതകത്തിന്റെയും) വില കുത്തനെ കൂട്ടിയശേഷം നേരിയ ഇളവ്‌ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ കേന്ദ്രം. അതിന്റെ ചുവടുപിടിച്ച്‌ സംസ്ഥാന സർക്കാരും മൂല്യവർധിത നികുതി കുറയ്‌ക്കണമെന്നാണ്‌ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും അവരെ എതിർക്കുന്നെന്നു പറയുന്ന കോൺഗ്രസും ആവശ്യപ്പെടുന്നത്‌. ഈ രണ്ട്‌ കക്ഷികളോടും ഞങ്ങൾക്ക്‌ ചോദിക്കാനുള്ളത്‌ ഇതാണ്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ തീപിടിച്ച വിലയ്‌ക്ക്‌ എന്താണ്‌ യഥാർഥ കാരണം? 2010 വരെയും ആഗോളവിപണിയിൽ വിലവർധന ഉണ്ടായാലും അത്‌ ആഭ്യന്തരവിപണിയെ ബാധിക്കാറില്ലായിരുന്നു. കാരണം ഓയിൽപൂൾ അക്കൗണ്ട്‌ ഉണ്ടായിരുന്നു. ആഗോളവിപണിയിൽ എണ്ണവില കയറിയാലും ആഭ്യന്തര കമ്പോളത്തിൽ വില ഉയരാതിരിക്കാനായി രൂപീകരിച്ച പ്രത്യേക നിധിയായിരുന്നു ഇത്‌.

ഈ സംവിധാനം തകർക്കണമെന്ന ചർച്ച തുടങ്ങിയത്‌ നവ ഉദാരവൽക്കരണനയം സ്വീകരിക്കാൻ നരസിംഹ റാവു സർക്കാർ തയ്യാറായതോടെയായിരുന്നു. എണ്ണവിലനിർണയം കേന്ദ്ര സർക്കാരിൽനിന്ന്‌ മാറ്റി വിപണിക്ക്‌ വിട്ടുകൊടുക്കണമെന്ന വാദം ശക്തമായി ഉയർത്തിയ പാർടികളായിരുന്നു കോൺഗ്രസും ബിജെപിയും. ഇതുസംബന്ധിച്ച ആദ്യ നിയമനിർമാണത്തിന്‌ തയ്യാറായതുപോലും ബിജെപിയായിരുന്നു; വാജ്‌പേയി സർക്കാരിന്റെ കാലത്ത്‌. എന്നാൽ, 2004ൽ ഭരണം നഷ്ടപ്പെട്ടതിനാൽ അത്‌ നടപ്പാക്കാനായില്ലെന്നുമാത്രം. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരാണ്‌ ഇത്‌ നടപ്പാക്കിയത്‌. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തുതന്നെ ഇതിനുള്ള ശ്രമം ഉണ്ടായെങ്കിലും സർക്കാരിന്‌ നിർണായക പിന്തുണ നൽകുന്ന ഇടതുപക്ഷത്തിന്റെ എതിർപ്പ്‌ കാരണം അതിനായില്ല. എന്നാൽ, ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ രണ്ടാം യുപിഎ സർക്കാർ അധികാരമേറിയപ്പോഴാണ്‌ 2010 ജൂണിൽ പെട്രോളിന്റെ വിലനിർണയം കമ്പോളശക്തികൾക്ക്‌ വിട്ടുകൊടുത്തത്‌. 2014ൽ മോദി സർക്കാർ അധികാരമേറിയപ്പോൾ ഡീസലിന്റെ വിലനിയന്ത്രണവും ഒഴിവാക്കി.

വിലനിയന്ത്രണം ഒഴിവാക്കിയത്‌ വൻ വിലവർധനയ്‌ക്ക്‌ കാരണമാകുമെന്ന് സിപിഐ എമ്മും ഇടതുപക്ഷ പാർടികളും ആവർത്തിച്ച്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. സിപിഐ എം നേതാവായ ദീപാങ്കർ മുഖർജി രാജ്യസഭയിൽ വിലനിയന്ത്രണം എടുത്തുകളയുന്നതിനെതിരെ നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്‌. അന്ന്‌ ഇടതുപക്ഷം രാജ്യത്തിന്‌ നൽകിയ മുന്നറിയിപ്പ്‌ അക്ഷരാർഥത്തിൽ ശരിവയ്‌ക്കുംവിധമാണ്‌ ഇപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുന്നത്‌. ആഗോളവിപണിയിൽ വില കുറയുമ്പോൾ ആഭ്യന്തരവിപണിയിലും വിലകുറയുമെന്നുപറഞ്ഞ്‌ വിപണിവിലയ്‌ക്ക്‌ അനുകൂലവികാരം സൃഷ്ടിച്ച ബിജെപിയും കോൺഗ്രസും കേന്ദ്രം ഭരിക്കുമ്പോൾ ചെയ്‌തത്‌ വിലക്കുറവിന്റെ നേട്ടം ജനങ്ങൾക്ക്‌ നൽകാതിരിക്കാൻ എക്‌സൈസ്‌ തീരുവ കൂട്ടുകയായിരുന്നു. ആഗോളവിപണിയിൽ വിലവർധിക്കുമ്പോൾ ആഭ്യന്തരവിപണിയിലും അതിന്‌ അനുപാതമായി വില വർധിപ്പിക്കുകയും വിലകുറയുമ്പോൾ അത്‌ ഉപയോക്താക്കൾക്ക്‌ നൽകാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു വിലനിർണയം എടുത്തുകളഞ്ഞതിന്റെ അന്തിമ ഫലം.

ജനങ്ങളെ കൊള്ളയടിക്കുന്ന ഈ നയത്തിന്‌ ഹലേലൂയ പാടിയവരാണിപ്പോൾ കേരളം വിലകുറയ്‌ക്കുന്നില്ലെന്നുപറഞ്ഞ്‌ എൽഡിഎഫ്‌ സർക്കാരിനെതിരെ ഗ്വാ ഗ്വാ വിളി നടത്തുന്നത്‌. വിലനിർണയം കമ്പോളശക്തികൾക്ക്‌ വിട്ടതിനെ ഇടതുപക്ഷം അന്നും ഇന്നും എതിർക്കുകയാണ്‌. വിലവർധനയ്‌ക്ക്‌ യഥാർഥ കാരണം ജനവിരുദ്ധമായ ഈ നയമാണ്‌. ജനങ്ങളോടാണ്‌ കോൺഗ്രസിനും ബിജെപിക്കും പ്രതിബദ്ധതയെങ്കിൽ ഈ നയം തിരുത്തണമെന്ന്‌ ആവശ്യപ്പെടുകയും മോദി സർക്കാരിനെക്കൊണ്ട്‌ തിരുത്തിക്കുകയുമാണ്‌ വേണ്ടത്‌. എന്നാൽ, ബിജെപിക്കും കോൺഗ്രസിനും അതിന്‌ താൽപ്പര്യമില്ല. മറിച്ച്‌ നയം തിരുത്തി ജനങ്ങൾക്ക്‌ ആശ്വാസം നൽകണമെന്നുപറയുന്ന എൽഡിഎഫ്‌ സർക്കാരിനെതിരെ പ്രക്ഷോഭം നടത്താനാണ്‌ തുനിയുന്നത്‌. റിലയൻസ്‌, എസ്സാർ ഉൾപ്പെടെയുള്ള കോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കാനാണ്‌ കോൺഗ്രസും ബിജെപിയും എസ്‌ഡിപിഐയും ഉൾപ്പെടെയുള്ളവർ തോളോടുതോൾ ചേർന്ന്‌ രംഗത്തുവന്നിട്ടുള്ളത്‌. ജനങ്ങളുടെ പിച്ചച്ചട്ടിയിൽ മണ്ണുവാരിയിടുന്ന നവ ഉദാരവൽക്കരണ നയത്തെ സംരക്ഷിക്കാനാണ്‌ ഇവർ കൈകോർക്കുന്നത്‌. അത്‌ തിരിച്ചറിയാതെ പോകരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top