26 September Tuesday

നെഞ്ചിടിപ്പുയർത്തുന്ന എണ്ണവില

വെബ് ഡെസ്‌ക്‌Updated: Friday Jun 25, 2021


ജീവിതത്തിന്റെ സർവമേഖലയെയും പ്രതിസന്ധിയിലാഴ്‌ത്തിക്കൊണ്ടാണ്‌ കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്‌. സാവധാനത്തിലുള്ള ഈ വിഷപ്രയോഗത്തിൽ പെട്രോൾ വില കേരളത്തിലും നൂറ്‌ കടക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ അമ്പത്തിനാല്‌ ദിവസത്തിനിടെ മുപ്പത്‌ തവണയാണ്‌ വിലകൂട്ടിയത്‌. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞത്‌ കോവിഡ്‌ വാക്‌സിനും അനുബന്ധ കാര്യങ്ങൾക്കും പണം കണ്ടെത്താനാണ്‌ വില കൂട്ടുന്നതെന്നാണ്‌. കോവിഡ്‌ ബാധിച്ച്‌ മരിച്ചവർക്ക്‌ നഷ്ടപരിഹാരം നൽകാനാകില്ലെന്ന്‌ കേന്ദ്രം സുപ്രീംകോടതിയിൽ നിലപാട്‌ സ്വീകരിച്ചത്‌ കഴിഞ്ഞദിവസമാണ്‌. കോവിഡ്‌മൂലം നിത്യവൃത്തി വിറങ്ങലിച്ചുനിൽക്കുകയും ലക്ഷങ്ങൾ ദാരിദ്ര്യത്തിലേക്ക്‌ നീങ്ങുകയും ചെയ്യുമ്പോഴാണ്‌ കേന്ദ്രമന്ത്രിയുടെ ഈ പറച്ചിൽ. എന്നാൽ, ഇന്ധനവില കൂട്ടുന്നത് കേന്ദ്രംതന്നെയെന്ന ഏറ്റുപറച്ചിലായി ഈ പ്രസ്‌താവനയെ കണക്കാക്കാം.

രാജ്യാന്തരവിപണിയിൽ ക്രൂഡ്‌ ഓയിൽവില വർധിക്കുന്നതാണ്‌ ഇന്ത്യയിലെ വിലക്കയറ്റത്തിന്‌ കാരണമെന്ന വാദത്തിന്‌ ഇപ്പോഴാരും വിലകൽപ്പിക്കാറില്ല. ക്രൂഡ്‌ ഓയിൽവില 144 ഡോളറെന്ന റെക്കോഡിലായ 2008ൽ ഇന്ത്യയിൽ പെട്രോൾവില  അമ്പത്‌ രൂപയായിരുന്നു. ഇപ്പോൾ  ക്രൂഡ്‌ ഓയിൽവില ബാരലിന്‌ ശരാശരി 70 ഡോളറാണ്.

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്‌ 2010ൽ പെട്രോളിന്റെയും 2014 ൽ ഡീസലിന്റെയും വിലനിയന്ത്രണം മോഡിസർക്കാരും ഉപേക്ഷിച്ചതോടെയാണ്‌ വില നിയന്ത്രണംവിട്ടത്‌.  സബ്‌സിഡിച്ചെലവ്‌ വർധിക്കുന്നു എന്നകാരണം പറഞ്ഞാണ്‌ മൻമോഹൻസിങ്‌ സർക്കാർ എണ്ണവില കമ്പോളത്തിന്‌ വിട്ടുകൊടുത്തത്‌. അതിനുമുമ്പ്‌  ‘ഓയിൽ പൂൾ അക്കൗണ്ട്‌’(ഒപിഎ) തുടങ്ങിയ സംവിധാനങ്ങളിലൂടെ വില നിയന്ത്രിച്ചുനിർത്തുകയായിരുന്നു. അന്താരാഷ്‌ട്രവിപണിയിൽ വില കയറുമ്പോൾ കമ്പനികൾക്ക്‌ അക്കൗണ്ടിൽനിന്ന്‌ സബ്‌സിഡി ലഭിക്കുകയും കുറയുമ്പോൾ കിട്ടുന്ന മിച്ചം അക്കൗണ്ടിലേക്ക്‌ പോകുകയും ചെയ്യുന്ന സംവിധാനം 80 മുതൽ ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. പെട്രോളിയം മേഖലയിൽ സ്വകാര്യ കുത്തകകൾ പിടിമുറുക്കാൻ തുടങ്ങിയതോടെ 2002ൽ ബിജെപി സർക്കാരാണ് ഒപിഎ നിർത്തലാക്കിയത്. അന്ന്‌ ഇടതുപക്ഷം മാത്രമാണ്‌ അതിനെ ശക്തമായി എതിർത്തത്‌. യുപിഎ ഭരണകാലത്ത് എണ്ണക്കമ്പനികൾ മാസംതോറുമാണ്‌ വില പുതുക്കിയിരുന്നത്‌. മോഡിസർക്കാർ വന്നതോടെ ദിവസേന വിലമാറ്റാനുള്ള സംവിധാനമായി. വിലവർധനയ്‌ക്കെതിരായ  കൂട്ടായ പ്രതിഷേധം അപ്രത്യക്ഷമാക്കാനുള്ള അടവായി അതുമാറി. രണ്ടാംമോഡി സർക്കാർ പാചകവാതക വിലയും ദിനേന മാറ്റാനുള്ള തയ്യാറെടുപ്പിലാണ്‌. പാചകവാതക സബ്‌സിഡി ഇപ്പോൾ ബാങ്ക്‌ അക്കൗണ്ടിൽ എത്താറില്ല.

മുമ്പ്‌ എണ്ണവിപണി പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോൾ റിലയൻസ്‌ ഉൾപ്പെടെയുള്ള ബഹുരാഷ്‌ട്ര ഭീമന്മാരുടെ പിടിയിലായി. ഭരണകൂടവും  ഭീമൻമുതലാളിമാരും തമ്മിൽ ‘രണ്ടും ഒന്ന്‌’ എന്ന പൂരണമാണ്‌ ബിജെപി ഭരണം നിർവഹിക്കുന്നത്‌. ഭരണം നിയന്ത്രിക്കുക മാത്രമല്ല, കൈയാളുകയുംകൂടിയാണ്‌ ഇപ്പോൾ കോർപറേറ്റുകൾ. ‘ഭരണകൂട കോർപറേറ്റിസം’ എന്ന ഈ പ്രതിഭാസം ഫാസിസത്തിന്റെ മുഖമുദ്രയാണ്‌.

അയൽരാജ്യമായ പാകിസ്ഥാനിലും ശ്രീലങ്കയിലും ഇന്ത്യൻ രൂപയുടെ മൂല്യവുമായി തുലനംചെയ്‌താൽ പെട്രോളിയംവില പകുതിയേവരൂ. എങ്കിൽ പാകിസ്ഥാനിലേക്ക്‌ പൊയ്‌ക്കൊള്ളൂ എന്നാണ്‌ സംഘപരിവാർ നേതാക്കളുടെ പുളിച്ച പരിഹാസം. ഇന്ത്യയിൽ പെട്രോളിന്റെ വില 37.29 രൂപ അടിസ്ഥാനവിലയും 32.90 രൂപ എക്‌സൈസ്‌ നികുതിയും മറ്റു സംസ്ഥാന നികുതിയും അടക്കമാണ്‌ ലിറ്ററിന്‌ 100 രൂപ. ഉപഭോക്താവ്‌ കൊടുക്കുന്നതിന്റെ പകുതിയിലേറെ വില നികുതിയിനത്തിലാണ്‌. ലോക കമ്പോളത്തിൽ വിലകൂടുമ്പോൾ നികുതി കൂട്ടും. കുറയുമ്പോൾ വർധന ഒഴിവാക്കുകയുമില്ല.

കേരളത്തേക്കാൾ കൂടുതൽ വിൽപ്പന നികുതി ഈടാക്കുന്ന, കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ 36 ശതമാനമാണ്‌. മഹാരാഷ്‌ട്രയിൽ 38.11. പഞ്ചാബിൽ 35.12. കേരളത്തിൽ 30.08ശതമാനം. രാജസ്ഥാനിലും മഹാരാഷ്‌ട്രയിലും മധ്യപ്രദേശിലും ആഴ്‌ചകൾക്കുമുമ്പേ വില നൂറ്‌ കടന്നിരുന്നു. തെരഞ്ഞെടുപ്പുകാലത്ത്‌ വില കൂട്ടാതിരിക്കുകയും കഴിഞ്ഞശേഷം കൂട്ടുകയും ചെയ്യുന്ന പതിവ്‌ ഇത്തവണയും തെറ്റിച്ചില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത്‌ മാസങ്ങളോളം വില കൂട്ടിയിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ 65 ദിവസം വിലക്കയറ്റം നിർത്തിവച്ചു. കർണാടകം, ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ സമയത്തും വർധനയുണ്ടായില്ല. ഇനി ഉത്തർപ്രദേശ്‌ തെരഞ്ഞെടുപ്പുകാലം കാത്തിരിക്കാം.

നിർമാണ–-കാർഷികം, ചരക്ക്‌–-പൊതുഗതാഗതം തുടങ്ങി നാനാമേഖലയെയും ബാധിക്കുന്ന ഇന്ധന വിലക്കയറ്റം സാധാരണക്കാരന്റെ നെഞ്ചിൽ തീയാളിക്കുകയാണ്‌. പെട്രോൾ പമ്പുകളിൽ അനുനിമിഷം മാറുന്ന അക്കപ്പോരിൽ ഇരകളാകുന്ന മനുഷ്യന്റെ നെഞ്ചിടിപ്പ്‌ സീമകൾ കടക്കുന്നു. കോവിഡ്‌ വാക്‌സിൻ നയത്തിന്റെ കാര്യത്തിലെന്നപോലെ തീവ്രമായ ജനരോഷമുയർന്നാലേ എണ്ണവില പിടിച്ചുകെട്ടാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top