27 April Saturday

ഇന്ധന വിലവർധന : പ്രധാനമന്ത്രി ജനങ്ങളെ വിഡ്‌ഢികളാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 29, 2022


ഇന്ധന വിലവർധനയ്‌ക്കു കാരണം സംസ്ഥാനങ്ങൾ നികുതി കുറയ്‌ക്കാത്തതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം രാഷ്ട്രീയപ്രേരിതം. സെസും സർചാർജും ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഇന്ധനവില ഉയർത്തിയശേഷം സംസ്ഥാനങ്ങളെ പഴിചാരുന്നത്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയ്‌ക്ക്‌ കാരണം കേന്ദ്ര സർക്കാരാണ്‌. ഇത്‌ മറച്ചുവച്ചാണ്‌ പ്രധാനമന്ത്രി പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത്‌. കോവിഡ്‌ സ്ഥിതി അവലോകനം ചെയ്യാൻ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു തികച്ചും അനുചിതമായ പ്രതികരണം.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ സഹായിക്കുന്നതിനുപകരം കുറ്റപ്പെടുത്തുന്ന സമീപനം പ്രധാനമന്ത്രിക്ക്‌ ചേർന്നതല്ല. ഇന്ധനവില വർധനയിൽനിന്ന്‌ മോദി ഒളിച്ചോടുകയാണ്‌. ബിജെപിയുടെ നയങ്ങളെ കണ്ണുംപൂട്ടി അനുകൂലിക്കുന്ന ദേശീയ മാധ്യമങ്ങൾവരെ രാജ്യത്ത്‌ വിലക്കയറ്റം രൂക്ഷമാണെന്നും ഇത്‌ വൻപ്രത്യാഘാതം ഉണ്ടാക്കുമെന്നും മുന്നറിയിപ്പുനൽകുന്നുണ്ട്‌. ഇന്ധന വിലവർധനയാണ് എല്ലാ മേഖലയിലുമുള്ള  വിലക്കയറ്റത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. വരുംമാസങ്ങളിൽ വിലക്കയറ്റം കുതിച്ചുയരുമെന്ന്‌ റിസർവ്‌ ബാങ്കും സാമ്പത്തിക വിദഗ്‌ധരും മുന്നറിയിപ്പുനൽകിയിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ വിലക്കയറ്റത്തിന്‌ ഉത്തരവാദി സംസ്ഥാനങ്ങളാണെന്നു വരുത്താൻ പ്രധാനമന്ത്രി തന്നെ രംഗത്തിറങ്ങിയത്‌.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പേരെടുത്ത്‌ വിമർശിക്കുകയായിരുന്നു. കേരളത്തിൽ എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല. ഒരിക്കൽ നികുതി കുറച്ചു. കൂട്ടാത്ത നികുതി കുറയ്‌ക്കണമെന്ന്‌ എങ്ങനെയാണ്‌ പ്രധാനമന്ത്രിക്ക്‌ പറയാനാകുക. ഇന്ധനവില വർധനയുടെ കാരണക്കാർ കേന്ദ്ര സർക്കാരാണ്‌. മോദി 2014ൽ അധികാരത്തിൽ വന്നശേഷം ക്രൂഡോയിൽ വില വീപ്പയ്‌ക്ക്‌ 50–-60 ഡോളറായിരുന്നു. കോവിഡ്‌ കാലത്താണെങ്കിൽ 20 ഡോളർവരെ താഴ്‌ന്നു.

ക്രൂഡോയിൽ വില കുറയുമ്പോൾ തീരുവ കുത്തനെ ഉയർത്തി. സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതായ ബേസിക്‌ എക്‌സൈസ്‌ തീരുവ കുറച്ചശേഷം മറ്റു തീരുവകൾ വർധിപ്പിക്കുകയായിരുന്നു ഓരോ ഘട്ടത്തിലും. ഒരു ലിറ്റർ പെട്രോളിന്റെ പ്രത്യേക എക്‌സൈസ്‌ തീരുവ 9.48 രൂപയിൽനിന്ന്‌ 32.90 രൂപയായും ഡീസലിന്റേത്‌ 3.56 രൂപയിൽനിന്ന്‌ 31.80 രൂപയായും വർധിപ്പിച്ചു. കഴിഞ്ഞ നവംബറിൽ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ യഥാക്രമം ലിറ്ററിന്‌ അഞ്ചു രൂപ, പത്തു രൂപവീതം കുറച്ചെങ്കിലും മാർച്ച്‌ നാലാംവാരംമുതൽ ദിവസേന വില ഉയർത്തി. 40 ദിവസത്തിനിടയിൽ പെട്രോളിനും ഡീസലിനും ഘട്ടംഘട്ടമായി 13 രൂപ വർധിപ്പിച്ചു. കഴിഞ്ഞ ആറു വർഷത്തിനിടയിൽ അടിക്കടി ഇന്ധന നികുതി വർധിപ്പിച്ച്‌ കേന്ദ്രം ഏതാണ്ട് 23 ലക്ഷം കോടി രൂപയാണ്‌ സമാഹരിച്ചത്. കേന്ദ്രം കൂട്ടിയ സെസും സർചാർജും പൂർണമായും പിൻവലിച്ചാൽ വില കുറയ്‌ക്കാനാകും. ഇന്ധന നികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കുന്ന മോദിയുടെ വാദം തെറ്റിദ്ധരിപ്പിക്കലാണ്‌. കേന്ദ്രം പിരിക്കുന്ന മൊത്തം ഇന്ധന നികുതിയുടെ 42 ശതമാനമല്ല, മറിച്ച്‌ ബെയ്‌സിക്‌ എക്‌സൈസ്‌ ഡ്യൂട്ടിയുടെ 42 ശതമാനമാണ്‌ സംസ്ഥാനങ്ങൾക്ക്‌ നൽകുന്നത്‌. അതായത്‌ ഒരു ലിറ്റർ പെട്രോളിന്റെ ബെയ്‌സിക്‌ നികുതിയായ 1.40 രൂപയുടെ 42 ശതമാനമാണ്‌ എല്ലാ സംസ്ഥാനത്തിനുമായി ലഭിക്കുക. കേരളത്തിന്‌ ഒരു ലിറ്റർ പെട്രോളിന്‌ ഒരു പൈസ മാത്രമാണ്‌ കേന്ദ്രം പിരിക്കുന്ന ഇന്ധന നികുതിയിൽനിന്ന്‌ ലഭിക്കുന്നത്‌. 

നികുതി വിഹിതത്തിന്റെ കാര്യത്തിൽ വലിയ അവഗണനയാണ്‌ കേരളം നേരിടുന്നത്‌. നികുതിവിഹിതം പങ്കിടുന്നതിൽ ഉണ്ടാകുന്ന മാനദണ്ഡങ്ങൾ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമാണ്‌. രണ്ടു പതിറ്റാണ്ടുമുമ്പ്‌ കേന്ദ്രനികുതി വിഹിതത്തിന്റെ മൂന്നര ശതമാനം ലഭിച്ചിരുന്ന കേരളത്തിന്‌ 15–ാം ധനകാര്യ  കമീഷന്റെ  ശുപാർശപ്രകാരം 2021–-26 കാലയളവിൽ ലഭിക്കുക 1.92 ശതമാനം മാത്രം. കൈവരിച്ച വികസന നേട്ടത്തിന്റെയും പുരോഗതിയുടെയും പേരിൽ ശിക്ഷിക്കപ്പെടുകയാണ്‌ കേരളം.  ജിഎസ്‌ടി നടപ്പാക്കിയതിലൂടെ നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ ഭരണഘടനാവകാശംതന്നെ കേന്ദ്രം കവർന്നെടുത്തു. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക്‌ വിരുദ്ധമായാണ്‌ കേന്ദ്രം പെട്രോളിനും ഡീസലിനും സെസും സർചാർജും പിരിക്കുന്നത്‌. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഒരു നിശ്ചിതകാലത്തേക്ക്‌ സെസും സർചാർജും ചുമത്താൻ ഭരണഘടനാ അനുച്ഛേദം 271 കേന്ദ്ര സർക്കാരിന്‌ പ്രത്യേക അധികാരം നൽകുന്നുണ്ട്‌. ന്യായമല്ലാത്ത രീതിയിൽ ചുമത്തിയ ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കുന്നില്ല. കേന്ദ്ര–-സംസ്ഥാന ബന്ധങ്ങളെ തകർത്ത്‌ ഫെഡറലിസത്തിന്റെ കടയ്‌ക്കൽകത്തിവയ്‌ക്കുകയാണ്‌ മോദി സർക്കാർ. പ്രധാനമന്ത്രിയുടെ വിമർശത്തിനെതിരെ സംസ്ഥാനങ്ങളും കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികളും രംഗത്തുവന്നുവെന്നത്‌ ശുഭസൂചനയാണ്‌. കേന്ദ്രം അന്യായമായി പിരിക്കുന്ന ഇന്ധന നികുതി പിൻവലിപ്പിക്കാൻ ദേശവ്യാപകമായി ശക്തമായ പ്രതിഷേധം ഉയർന്നുവരണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top