26 April Friday

ദുരിതംവിതച്ച‌് എണ്ണവില

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


രണ്ടു കാര്യങ്ങളിലാണ് എണ്ണക്കമ്പനികൾ നിർബന്ധം പിടിക്കുന്നത്.  രാജ്യത്താകെയുള്ള  പെട്രോൾ പമ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ  ചിത്രം പ്രദർശിപ്പിക്കാനും അനുദിനമെന്നോണം ലക്കും ലഗാനുമില്ലാതെ എണ്ണവില വർധിപ്പിക്കാനും.  'ചെറുകിട പമ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം പ്രദർശിപ്പിക്കാൻ നിർബന്ധിക്കുകയാണ്. ആരെങ്കിലും എതിര് പറഞ്ഞാൽ ഇന്ധനം നൽകില്ലെന്ന് ഭീഷണിപ്പെടുത്തുന്നു’‐ ഇതാണ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്‌സ്  സംഘടന ഉന്നയിക്കുന്ന പരാതി. എല്ലാ അർഥത്തിലും എണ്ണ കേന്ദ്ര ഭരണകക്ഷിയുടെ ആയുധമാകുകയാണ്.

നാലുദിവസമായി തുടർച്ചയായി വില ഉയർന്നു. ആഗസ‌്തിൽമാത്രം പെട്രോൾ വില  രണ്ടു രൂപയും ഡീസൽ വിലയിൽ രണ്ടര രൂപയോളവുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് എൺപതു രൂപ കടന്നുവെങ്കിൽ ഇതര പ്രദേശങ്ങളിൽ എൺപത്തൊന്നു കവിഞ്ഞു. ഡീസലിന് 74 രൂപ കടന്നു. അസംസ്കൃത എണ്ണയുടെ വിലവർധനയും  രൂപയുടെ വിനിമയമൂല്യ ഇടിവും അടിസ്ഥാനമാക്കിയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടുന്നതെന്നാണ് എണ്ണക്കമ്പനികളുടെ അവകാശവാദം.  അസംസ്കൃത എണ്ണയ്ക്ക് ജൂൺ അവസാനം ബാരലിന് 74.15 ഡോളറായിരുന്നു.   അന്ന്  പെട്രോളിന് കേരളത്തിൽ 77.36 രൂപയും ഡീസലിന് 70.95 രൂപയുമായിരുന്നു. ഇപ്പോൾ   ക്രൂഡിന് ബാരലിന് 68.72 ഡോളറാണ്. ജൂണിലേതിനേക്കാൾ  അഞ്ചു ഡോളർ കുറഞ്ഞിട്ടും ജനങ്ങൾക്ക്  പെട്രോളും ഡീസലും കിട്ടണമെങ്കിൽ  ലിറ്ററിന് മൂന്നു രൂപ കൂടുതൽ കൊടുക്കണം.

വിലനിർണയത്തിൽ ഇടപെടാനോ നികുതി കുറയ‌്ക്കാനോ തയ്യാറല്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.  എല്ലാ ദിവസവും എണ്ണവിലയിലെ തുടർച്ചയായ വർധന ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നു; അതിൽ  സർക്കാരിന് ഉൽക്കണ്ഠയുണ്ട് എന്ന് പറഞ്ഞുകൊണ്ടുതന്നെയാണ്  കേന്ദ്ര പെട്രോളിയംമന്ത്രി ധർമേന്ദ്ര പ്രധാൻ കൈമലർത്തുന്നത്. രാജ്യത്തിന്റെ   ഊർജമേഖല, ടെലി കമ്യൂണിക്കേഷൻ തുടങ്ങി നാനാ മേഖലകൾ കമ്പോളത്തിന്റെ ചൂതാട്ടത്തിന‌് തുറന്നുകൊടുത്തതിന്റെ തിക്തഫലമാണ് ഇന്ന് ജനം അനുഭവിക്കുന്നത്.  കേരളം പ്രളയക്കെടുതിയിൽ  വലയുമ്പോൾ രക്ഷാപ്രവർത്തനത്തിനും ദുരന്ത നിവാരണത്തിനും  ഇറങ്ങിയ വാഹനങ്ങളെയും ബോട്ടുകളെയും യന്ത്രവൽക്കൃത വള്ളങ്ങളെയും കൊള്ളയടിക്കുന്ന അനുഭവമാണുണ്ടായത്. 

തുടർച്ചയായ എണ്ണവിലവർധന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയാണ്. ചരക്കുനീക്കത്തിനുള്ള ചെലവ്‌ കൂടുന്നതിനാൽ നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരും. ഇത്‌ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കും. യുപിഎ ഭരണകാലത്ത്‌ വില വർധിപ്പിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക്‌  നൽകുന്നതിൽ  പ്രതിഷേധിച്ച പാർടിയാണ്‌ ബിജെപി. ആ ബിജെപി അധികാരത്തിൽ വന്നപ്പോൾ എണ്ണക്കമ്പനികൾക്ക്‌ ദിനംപ്രതി വില വർധിപ്പിക്കാനുള്ള അധികാരം നൽകുകയാണ്‌ ചെയ്‌തത്‌. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കോർപറേറ്റ്‌ കമ്പനികളെ സഹായിക്കുന്നതിനുവേണ്ടിയാണ്‌ ഇത്തരമൊരു തീരുമാനമെടുത്തത്‌. പ്രളയദുരന്തത്തെ അതിജീവിക്കാനുള്ള കേരളത്തിന്റെ പരിശ്രമങ്ങൾക്ക് തുരങ്കംവയ‌്ക്കുന്നത് കൂടിയാണ് കുതിച്ചുയരുന്ന  എണ്ണവില. ജനവിരുദ്ധവും കോർപറേറ്റ് അനുകൂലവുമായ നയത്തിന്റെ ഉൽപ്പന്നമാണിത്.  പുനഃപരിശോധിക്കാനും തിരുത്താനും തയ്യാറായില്ലെങ്കിൽ നിങ്ങൾ നിർബന്ധിപ്പിച്ച‌് പെട്രോൾ പമ്പുകളിൽ വയ‌്പിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രത്തിലേക്ക് ജനങ്ങളുടെ രോഷവും പ്രതിഷേധവുമാണ് ചെന്ന് പതിക്കുക.

പാലൂട്ടിയ കൈക്കുള്ള കടി
പ്രളയദുരന്തത്തെ അതിജീവിക്കുന്ന കേരളമാകെ നന്ദിയോടെമാത്രം ഒാർക്കുന്നതാണ് മത്സ്യത്തൊഴിലാളികളുടെ സംഭാവന. കേരളത്തിന്റെ സൈന്യമായി സ്വയം മാറി, ദുരന്തഭൂമിയിൽ ആയിരക്കണക്കിന് മനുഷ്യ ജീവനുകൾ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളി സഹോദരങ്ങളോടുള്ള സ്നേഹാദരങ്ങളാണ് മലയാളിയുടെ ഹൃദയവികാരം. അതുകൊണ്ടുതന്നെ ആ സൈന്യത്തിലൊരാൾക്കുണ്ടാകുന്ന വേദന കേരളീയന്റെയാകെ വേദനയായി മാറുന്നു. കഴിഞ്ഞദിവസം കൊല്ലം ജില്ലയിൽനിന്ന് വന്ന വാർത്ത, വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയവരെ  മരണത്തിൽനിന്ന‌് കൈപിടിച്ചു കയറ്റിയ മത്സ്യത്തൊഴിലാളി യുവാവിന്റെ  കരങ്ങൾ വെട്ടിമാറ്റാൻ ഒരുസംഘം ശ്രമിച്ചു എന്നതാണ്. ആലപ്പാട്  കാക്കത്തുരുത്ത് തൈമുട്ടിൽ ചിന്തു പ്രദീപിനെ തിരുവോണദിവസമാണ്  ഒരു സംഘം ആർഎസ‌്എസുകാർ  വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്

ചിന്തു ഉൾപ്പെടെ പതിനൊന്ന് പേരടങ്ങുന്ന സംഘം ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സൗത്ത്, വെൺമണി  പ്രദേശങ്ങളിൽ അഞ്ചുദിവസക്കാലം ദുരിതാശ്വാസ പ്രവർത്തനങ്ങളിലായിരുന്നു.  മുന്നൂറ്റമ്പതിലധികം പേരെയാണ്  ഇവർ രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിച്ചത്. ശക്തമായ കുത്തൊഴുക്കുള്ള പ്രദേശങ്ങളിലേക്ക് തോണി കയറ്റാൻ കഴിയാതെവന്ന അവസരത്തിൽ വടവുമായി വെള്ളത്തിലേക്ക‌് ചാടി വള്ളം ഉറപ്പുള്ള സ്ഥലത്ത് പിടിച്ചുകെട്ടി പ്രതിബന്ധങ്ങളെ മുറിച്ചുകടന്ന് മുന്നോട്ടുപോയത് ചിന്തുവായിരുന്നു. നാട് ആദരിക്കുന്ന  ആ യുവാവിനെ ആർഎസ്എസ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനുപിന്നിൽ  കേരളീയർ രക്ഷപ്പെടരുത് എന്ന സംഘപരിവാറിന്റെ ദുഷ്ടമനസ്സ് തന്നെയാണ്. കേരളത്തെയും കേരളീയരെയും ലോകവ്യാപകമായി അധിക്ഷേപിക്കുകയും സഹായങ്ങൾക്ക് തടയിടുകയും ചെയ്തവർതന്നെ, രക്ഷാപ്രവർത്തകന്റെ കൈവെട്ടാനൊരുമ്പെട്ടത് ഒറ്റപ്പെട്ട അക്രമമായി കാണാനാകില്ല. അത് ഒരു പ്രവണതയുടെ ഭാഗമാണ്. കേരളത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എന്ത് കൊള്ളരുതായ്മയും ചെയ്യുന്നതാണ് ആ പ്രവണത. സംസ്ഥാനത്തിന് യുഎഇയുടെ സഹായവാഗ്ദാനം ലഭിക്കില്ല എന്ന് കൂവിയാർത്തു സന്തോഷിക്കുന്നതും   മത്സ്യത്തൊഴിലാളിയുടെ കൈ വെട്ടുന്നതും കേരളത്തിന് ഒന്നും കൊടുക്കരുതെന്ന് ലോകത്തോട് വിളിച്ചുപറയുന്നതും ഒരേ  കൂട്ടരാണ്‐ സംഘപരിവാറുകാർ. അവർ കേരളത്തിന്റെ ശത്രുക്കളായി മാറിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top