08 May Wednesday

ഇന്ധനക്കൊള്ളയ്‌ക്ക്‌ അറുതിവേണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 2, 2021


പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവർധന ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്‌. പെട്രോൾ, ഡീസൽ വിലയിൽ ചെറുതുക ദൈനംദിനം വർധിപ്പിച്ച്‌ സാവധാനത്തിലുള്ള വിഷപ്രയോഗമാണെങ്കിൽ, പാചകവാതകത്തിന്റെ കാര്യത്തിൽ ആ ദാക്ഷിണ്യവുമില്ല. വാണിജ്യാവശ്യത്തിനുള്ള എൽപിജിക്ക്‌ ഒറ്റയടിക്ക്‌ 268 രൂപ കൂട്ടി ജനങ്ങളെ ഞെട്ടിക്കുകയാണ്‌ കേന്ദ്രസർക്കാർ. വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതകത്തിന്‌ കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 205 രൂപയാണ്‌ വർധിച്ചത്‌. ഇതോടൊപ്പം വാണിജ്യാവശ്യത്തിനുള്ള ഗ്യാസിന്റെ വിലയും ഉയർന്ന അനുപാതത്തിൽ വർധിച്ചുകൊണ്ടിരുന്നു. ഇപ്പോൾ വീട്ടിലേക്കുള്ള എൽപിജിയെ വിലവർധനയിൽനിന്ന്‌ ഒഴിച്ചുനിർത്തി. ഇത്‌ ശുദ്ധ തട്ടിപ്പാണ്‌. വാണിജ്യാവശ്യത്തിനുള്ള എൽപിജി സാധാരണക്കാരുടെ ഉപയോഗത്തിനുള്ളതല്ലെന്ന ധാരണ പരത്തുന്നതിനാണ്‌ ഈ കുതന്ത്രം.

വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്‌ മുമ്പ്‌ സബ്‌സിഡി അനുവദിച്ചിരുന്നു. എല്ലാ പെട്രോളിയം ഉൽപ്പന്നങ്ങൾക്കും സർക്കാർ വിലനിയന്ത്രണവും അന്നുണ്ടായിരുന്നു. മൻമോഹൻസിങ്ങിന്റെ രണ്ടാം യുപിഎ സർക്കാർ ആദ്യം പെട്രോൾ വിലനിർണയാവകാശം സർക്കാരിൽനിന്ന്‌ മാറ്റി എണ്ണക്കമ്പനികൾക്ക്‌ നൽകി. തുടർന്നുവന്ന മോദി ഡീസലിനും വിലനിയന്ത്രണം ഇല്ലാതാക്കി. ഇതോടെ കമ്പോള വിലനിർണയമെന്ന ‘അന്യായം’ നടപ്പായി. എന്നാൽ, ക്രൂഡ്‌ ഓയിൽ വില താഴുമ്പോഴും ഉൽപ്പന്നവില കയറിക്കൊണ്ടിരിക്കുന്ന വിരോധാഭാസമാണ്‌ ഇന്ത്യയിൽ അരങ്ങേറിയത്‌. പിന്നീട്‌ കൈവച്ചത്‌ പാചകവാതകത്തിനുമേൽ. സബ്‌സിഡി സിലിണ്ടർ ഇതര ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നത്‌ തടയാനെന്നപേരിൽ എണ്ണം പരിമിതപ്പെടുത്തി. തുടർന്ന്‌, സബ്‌സിഡി ഉപയോക്താവിന്‌ ബാങ്ക്‌ അക്കൗണ്ടിലൂടെ നൽകി. ആരുമറിയാതെ സബ്‌സിഡി നിർത്തിയിട്ട്‌ മാസങ്ങളായി.

വീട്ടാവശ്യം, വാണിജ്യാവശ്യം എന്ന വേർതിരിവിനുതന്നെ ഇനി എന്താണ്‌ അടിസ്ഥാനം. വിലവർധന സ്വാഭാവികപ്രക്രിയ എന്ന പ്രതീതി ജനിപ്പിച്ച്‌ ക്രമേണ ഗാർഹിക എൽപിജിയും കമ്പോള വിലനിർണയത്തിന്‌ വിട്ടുകൊടുക്കും. പെട്രോൾ, ഡീസൽ വിലപോലെ ദൈനംദിന വർധനയായിരിക്കും ഗാർഹിക എൽപിജിയുടെ കാര്യത്തിലുമുണ്ടാകുക. കേരളമടക്കം അഞ്ച്‌ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന്റെ പിറ്റേന്നുമുതൽ തുടങ്ങിയ പ്രതിദിന വർധനയിലൂടെ പെട്രോൾവില ലിറ്ററിന്‌ 126 രൂപവരെയായി. തൊട്ടുപിന്നാലെ ഡീസലുമുണ്ട്‌. പെട്രോളിന്‌ 50 രൂപയാക്കുമെന്നതായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമെന്നോർക്കണം. വാണിജ്യാവശ്യമെന്നാൽ ജനങ്ങൾക്ക്‌ അന്യായമായതെന്തോ ആണെന്ന്‌ വിശ്വസിക്കുന്നവർ കണ്ണടച്ച്‌ ഇരുട്ടാക്കുകയാണ്‌. ജനകീയ ഹോട്ടലുകളിലും സ്‌കൂൾ ഉച്ചഭക്ഷണത്തിനുമെല്ലാം ഉപയോഗിക്കുന്നതടക്കം സമൂഹത്തിലെ ഏറ്റവും അടിസ്ഥാന വിഭാഗങ്ങളും വാണിജ്യ എൽപിജിയുടെ ഉപയോക്താക്കളാണ്‌. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരും ചെറുകിട തൊഴിൽ സംരംഭകരുമെല്ലാം ഈ വിലവർധനയുടെ ഇരകളാണ്‌.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ അടിസ്ഥാനവിലയും വിൽപ്പനവിലയും തമ്മിലുള്ള അന്തരം പരിശോധിക്കുമ്പോഴാണ്‌ കേന്ദ്ര സർക്കാർ നടത്തുന്ന കൊള്ളയുടെയും കോർപറേറ്റ്‌ സേവയുടെയും യഥാർഥചിത്രം വ്യക്തമാകുക. ക്രൂഡ്‌ ഓയിൽ വില വളരെയധികം കുറഞ്ഞപ്പോൾ എക്‌സൈസ്‌ തീരുവ ഉയർത്തിയതിനെ ന്യായീകരിക്കാൻ ഭാഷാവഴക്കം ഇല്ലാതെപോയ കേന്ദ്രമന്ത്രി വി മുരളീധരനെ ഈ ഘട്ടത്തിൽ ഓർക്കാതിരിക്കാനാകില്ല. ഇപ്പോഴത്തെ പാചകവാതക വിലവർധനയ്‌ക്ക്‌ അദ്ദേഹം എന്തു ഭാഷ്യമാണാവോ ചമയ്‌ക്കാൻ പോകുന്നത്‌. മോദി സർക്കാർ വന്നശേഷം പെട്രോളിന്‌ 3.5 മടങ്ങും ഡീസലിന്‌ 9.5 മടങ്ങുമാണ്‌ കേന്ദ്രം നികുതി വർധിപ്പിച്ചത്. അഞ്ചുലക്ഷം കോടിയിൽപ്പരം രൂപയാണ്‌ ഇങ്ങനെ ജനങ്ങളിൽനിന്ന് തട്ടിയെടുത്തത്‌. സംസ്ഥാനങ്ങൾ വിൽപ്പനനികുതി കുറച്ചാണ്‌ ജനങ്ങൾക്ക്‌ ആശ്വാസം നൽകേണ്ടതെന്ന്‌ വാദിക്കുന്നവർ യാഥാർഥ്യത്തിനുനേരെ കണ്ണടയ്‌ക്കുകയാണ്‌. ജിഎസ്‌ടി വന്നതോടെ സംസ്ഥാനങ്ങൾക്കുള്ള നാമമാത്ര വരുമാനങ്ങളിലൊന്നാണിത്‌. അതിലും യഥാസമയം കുറവുവരുത്താൻ കേരളം തയ്യാറായി. ഇപ്പോൾ കുറഞ്ഞ വിൽപ്പന നികുതി ഈടാക്കുന്ന സംസ്ഥാനമാണ്‌ കേരളം. കേന്ദ്രമാകട്ടെ സംസ്ഥാനങ്ങളുമായി പങ്കിടാത്ത അധിക എക്‌സൈസ്‌ തീരുവ വർധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്‌. കാർഷിക–- പൊതുമേഖലാ കോർപറേറ്റുവൽക്കരണം സൃഷ്‌ടിച്ച പ്രത്യാഘാതങ്ങളുടെമേൽ ഇരട്ടപ്രഹരമാണ്‌ ഇന്ധനക്കൊള്ള ഏൽപ്പിക്കുന്നത്‌. ഇത്‌ അവസാനിപ്പിക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ സാർവത്രിക വിലക്കയറ്റത്തിന്റെ ദുരന്തഭൂമിയായി ഇന്ത്യ മാറുന്ന കാലം അകലെയല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top