28 November Tuesday

സാവധാനത്തിലുള്ള വിഷപ്രയോഗം

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2017


പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് ഇന്ധനവില വര്‍ധനയുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ തള്ളിയും കാളവണ്ടിയിലേറിയും പ്രതിഷേധിച്ചവരാണ് ഭരണത്തിലുള്ളത്. ഒരു നിയന്ത്രണവുമില്ലാതെ എണ്ണവില കുതിച്ചുകയറുമ്പോള്‍ ഇടപെടാനാകില്ലെന്നാണ് പെട്രോളിയംമന്ത്രി പറയുന്നത്. എണ്ണക്കമ്പനികള്‍ തീവെട്ടിക്കൊള്ള നടത്തുന്നു; അതിന് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. നരേന്ദ്ര മോഡി അധികാരത്തിലേറിയ 2014 മെയില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍വില ബാരലിന് 106.9 ഡോളറായിരുന്നു. മുംബൈയില്‍ അന്ന് പെട്രോളിന് 80.1 രൂപ. ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 49.2 ഡോളറാണ്. മുംബൈയില്‍ പെട്രോള്‍വില 79.50 രൂപ. ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോഴും എക്സൈസ് തീരുവ പലതവണ വര്‍ധിപ്പിച്ചു. എന്‍ഡിഎ അധികാരത്തില്‍ എത്തുമ്പോള്‍ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ ലിറ്ററിന് യഥാക്രമം 9.48 രൂപയും 3.56 രൂപയുമായിരുന്നു. ഇന്നത് 21.48 രൂപയും 17.33 രൂപയുമാണ്.

കമ്പോളത്തിലെ ഗതിവിഗതികളനുസരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ദിവസേന പുതുക്കിനിശ്ചയിക്കുന്നതിന് എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് കഴിഞ്ഞ ജൂണിലാണ്. തുടര്‍ന്ന് മൂന്നുമാസത്തിനിടയ്ക്ക് പെട്രോള്‍വില ലിറ്ററിന് 12 രൂപയോളം വര്‍ധിച്ചു. ഡീസല്‍വില 10 രൂപകണ്ട് വര്‍ധിച്ചു. നേരത്തെ ഇടയ്ക്കിടെ വരുന്ന വിലവര്‍ധന ജനങ്ങളില്‍ ശക്തമായ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഓരോ ദിവസവും ഓരോ വിലയാകുമ്പോള്‍ സാവധാനത്തിലുള്ള  വിഷപ്രയോഗമായി അത് മാറിയിരിക്കുന്നു.  

മുമ്പ് സര്‍ക്കാരാണ് എണ്ണവില നിശ്ചയിച്ചത്. യുപിഎ സര്‍ക്കാര്‍തന്നെ ആ പതിവ് മാറ്റി. പെട്രോള്‍ ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് കൈമാറി. ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ആ രീതി കൂടുതല്‍ വ്യാപകമാക്കി. അതോടെ ഡീസല്‍വില നിയന്ത്രണവും നീക്കി. ലോകകമ്പോളത്തില്‍ എണ്ണവില സമീപകാലത്ത് വലിയതോതില്‍ വര്‍ധിച്ചത് 2008 ജൂലൈ മൂന്നിനാണ്. അന്ന് വീപ്പയ്ക്ക് 145.29 ഡോളറായിരുന്നു വില. അന്ന് ഇവിടെ പെട്രോള്‍വില ലിറ്ററിന് 50.56 രൂപയും ഡീസലിന് 34.8 രൂപയും ആയിരുന്നു. എണ്ണവില ലോകകമ്പോളത്തില്‍ ഏറ്റവും കുറഞ്ഞത് 2016 ഫെബുവരി 17നാണ്. ഒരു വീപ്പയ്ക്ക് വെറും 27.67 ഡോളര്‍. അന്നുപക്ഷേ, ഇവിടെ പെട്രോളിന് 59.63 രൂപയും ഡീസലിന് 44.96 രൂപയും ആയിരുന്നു. ഇതിനര്‍ഥം ലോകകമ്പോളത്തിലെ വിലക്കുറവിന്റെ പ്രയോജനം ഇന്ത്യന്‍ജനതയ്ക്ക് നിഷേധിക്കുന്നു എന്നുതന്നെയാണ്. എന്നാല്‍, ആഗോളവില വര്‍ധിക്കുമ്പോള്‍ ഇവിടെ എണ്ണവില ക്രമാതീതമായി കൂട്ടുന്നതിന് എണ്ണക്കമ്പനികള്‍ ഒരു മടിയും കാണിക്കാറില്ല.

ഇന്ധനത്തിന്റെ അനിയന്ത്രിത വിലക്കയറ്റം എല്ലാവിഭാഗം ജനങ്ങളെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. ഈ മേഖലയില്‍ ഒഎന്‍ജിസി, ഇന്ത്യന്‍ഓയില്‍, സിപിസിഎല്‍ മുതലായ പൊതുമേഖലാ സ്ഥാപനങ്ങളാണ് നേരത്തെ പ്രമുഖസ്ഥാനത്തുണ്ടായിരുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യകമ്പനികള്‍  ഇന്ന് പൊതുമേഖലയുടെ ചെലവില്‍ വളരുന്നു. ആ വളര്‍ച്ചയ്ക്ക് സൌകര്യപ്രദമായ നയമാണ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയത്. മോഡി ഭരണം വന്നതോടെ അത് തീവ്രവേഗത്തില്‍ നടപ്പാക്കുന്നു. പാചകവാതകത്തിന് പ്രതിമാസം വിലകൂട്ടി സബ്സിഡി മുഴുവന്‍ ഇല്ലാതാക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നു. എല്ലാ അര്‍ഥത്തിലും ജനങ്ങള്‍ക്കുമേല്‍ അധികഭാരം അനുദിനം അടിച്ചേല്‍പ്പിക്കുകയാണ്.

ഇന്നത്തെ ഉയര്‍ന്ന എണ്ണവിലയ്ക്ക് ഒരു ന്യായീകരണവുമില്ല.  എണ്ണയുടെമേലുള്ള എക്സൈസ് തീരുവ കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് രണ്ടര ഇരട്ടി അധികമാണ് ഈ വര്‍ഷം ഈടാക്കിയത്. ഇതില്‍ പുനര്‍ചിന്തനം നടത്തുകയും പരോക്ഷനികുതിയുടെ അധികഭാരത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കുകയും വേണം. പാചകവാതകവിലയും പെട്രോള്‍-ഡീസല്‍ മാതൃകയില്‍ കെട്ടഴിച്ചുവിടാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. സാധാരണ ജനങ്ങളുടെ ജീവിതം വിലക്കയറ്റത്തില്‍ മുങ്ങിയമരാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡി നിര്‍ത്തലാക്കിയ നടപടിക്കെതിരെ രാജ്യത്താകെ ജനരോഷം ഉയരുന്നുണ്ട്. ജനങ്ങളെ കൊള്ളയടിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സൌകര്യംചെയ്യുന്ന നയത്തിനെതിരെ വിപുലമായ ജനകീയ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. നിലവിലുള്ള ഈ വിലക്കയറ്റം സമ്മതിച്ചുകൊടുക്കുന്നത് കൂടുതല്‍ ആക്രമണോത്സുകമായ നടപടിക്കുള്ള സമ്മതിയായി മാറും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top