26 April Friday

ഇന്ധനവിലയില്‍ പകല്‍ക്കൊള്ള

വെബ് ഡെസ്‌ക്‌Updated: Wednesday Aug 30, 2017


അച്ഛേ ദിന്‍ വാഗ്ദാനംചെയ്ത് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സഖ്യ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റിട്ട് മൂന്നേകാല്‍ വര്‍ഷം പിന്നിട്ടു. മുന്‍ യുപിഎ സര്‍ക്കാരിന്റെ അഴിമതികളെയും വികലനയങ്ങളെയും വിമര്‍ശിച്ചും സമരനാടകങ്ങള്‍ നടത്തിയും മതപരമായ ധ്രുവീകരണമുണ്ടാക്കിയും 2014ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ തങ്ങള്‍ മുന്‍ഗാമികളെക്കാള്‍ മോശമാണെന്ന് ഇക്കാലത്തിനകംതന്നെ തെളിയിച്ചുകഴിഞ്ഞു. ദളിതരും ന്യൂനപക്ഷ മതവിഭാഗങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിശേഷിച്ച് ഉത്തരേന്ത്യയില്‍ അനുദിനമെന്നോണം വേട്ടയാടപ്പെടുകയും സമസ്തരംഗങ്ങളിലും സര്‍ക്കാര്‍ പരാജയപ്പെടുകയുംചെയ്യുമ്പോള്‍ ദേശസ്നേഹംപോലുള്ള വൈകാരികവിഷയങ്ങളുയര്‍ത്തി വിമര്‍ശനങ്ങളെ നേരിടാനാണ് കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ആര്‍എസ്എസിന്റെ പരിവാരം ശ്രമിക്കുന്നത്. ഇത്തരത്തിലെ വൈകാരികപ്രകടനങ്ങള്‍ക്കൊപ്പംതന്നെ അങ്ങേയറ്റം ജനദ്രോഹപരമായ കുത്തകപ്രീണന സാമ്പത്തിക നയങ്ങള്‍ സൂത്രത്തില്‍ നടപ്പാക്കുകയുംചെയ്യുന്നു എന്നതാണ് മോഡി സര്‍ക്കാരിന്റെ സവിശേഷത. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം. അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വീപ്പയ്ക്ക് 46-47 ഡോളറായിരിക്കുമ്പോഴും ഇന്ത്യയില്‍ പെട്രോളിന്റെ വില ലിറ്ററിന് 73 രൂപയിലേക്ക് കുതിക്കുകയാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ആഗസ്ത് ഒന്നിന് കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 68.11 രൂപയായിരുന്നു. ചൊവ്വാഴ്ച അത് 71.71 രൂപയാണ്്. ഇതിലുമധികമാണ് തിരുവനന്തപുരവും കോഴിക്കോടുമടക്കം കേരളത്തിലെ മറ്റ് പ്രദേശങ്ങളില്‍.

ഇന്ധനവില ദിവസവും പുതുക്കുന്ന രീതിയാരംഭിച്ചിട്ട് രണ്ടര മാസമാകുന്നു. ഏതാനും വര്‍ഷങ്ങളായി നിലവിലിരുന്ന, രണ്ടാഴ്ച കൂടുമ്പോള്‍ വില പുതുക്കുന്ന, രീതി മാറ്റിയാണ് 2017 മാര്‍ച്ച് 16 മുതല്‍ പ്രതിദിന വിലമാറ്റം നടപ്പാക്കിയത്. മുന്‍ യുപിഎ സര്‍ക്കാര്‍ ഇന്ധനവില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം കൈമാറിയിരുന്നു. ഇത് ജനങ്ങളെ കൊള്ളയടിക്കാന്‍ എണ്ണക്കമ്പനികളെ കയറൂരിവിടുന്ന നടപടിയാണെന്ന് ഇടതുപക്ഷ  പാര്‍ടികള്‍ അന്നേ മുന്നറിയിപ്പ് നല്‍കിയതാണ്. നഷ്ടക്കണക്കുകള്‍ പറഞ്ഞ് എണ്ണക്കമ്പനികള്‍ പിന്നീട് തോന്നിയപോലെ വില കൂട്ടാന്‍ തുടങ്ങിയതോടെ ഇടതുപക്ഷ വിമര്‍ശനം ശരിയാണെന്ന് മറ്റുള്ളവര്‍ക്കും ബോധ്യമായി. യുപിഎ ഭരണകാലത്ത് ഇന്ധനവിലവര്‍ധനയ്ക്കെതിരെ ബിജെപി നടത്താത്ത സമരനാടകങ്ങളില്ല. പാചകവാതകവില വര്‍ധനയ്ക്കെതിരെ ഇന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും വിദേശമന്ത്രി സുഷ്മ സ്വരാജും മറ്റും അന്ന് ഗ്യാസ്കുറ്റികളുമായി ഡല്‍ഹിയില്‍ നടത്തിയ സമരംമുതല്‍ പെട്രോള്‍ വിലവര്‍ധനയില്‍ 'പ്രതിഷേധിച്ച്' ഇരുചക്ര മോട്ടോര്‍ വാഹനങ്ങള്‍ തള്ളി കേരളത്തിലെ ബിജെപി നേതാക്കള്‍ നടത്തിയ നാടകംവരെ ജനങ്ങളുടെ ഓര്‍മയിലുണ്ട്. എന്നാല്‍, ഇപ്പോള്‍ പെട്രോള്‍വില അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിക്കുമ്പോള്‍ കേന്ദ്ര ഭരണകക്ഷിക്ക് ഉത്തരമില്ല.

രാജ്യത്ത് മുമ്പ് പെട്രോള്‍വില ഏറ്റവും ഉയര്‍ന്നത് 2012 മെയ് മാസത്തിലാണ്. അന്ന് ലിറ്ററിന് 77.5 രൂപ വരെ വിലയെത്തി. അന്ന് അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില 150 ഡോളറിനടുത്തായിരുന്നു. എന്നാല്‍, ഇപ്പോള്‍ അന്താരാഷ്ട്രവിപണിയില്‍ വില അതിന്റെ മൂന്നിലൊന്നായിരിക്കുമ്പോഴാണ് ഒരു ന്യായീകരണവുമില്ലാതെ ഇന്ത്യയില്‍ വില കൂട്ടിക്കൊണ്ടിരിക്കുന്നത്.  അന്താരാഷ്ട്രവിലയിലെ മാറ്റത്തിനനുസരിച്ചാണ് വിലവര്‍ധന എന്നാണ് പറയുന്നതെങ്കിലും മറ്റ് രാജ്യങ്ങളിലെ വിലയുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്തതാണ് ഇന്ത്യയിലെ വില. ഇന്ധനവില ദിവസവും പുതുക്കാനാരാംഭിച്ച ജൂണിന് ശേഷം പെട്രോള്‍വിലയില്‍ ലിറ്ററിന് ആറ് രൂപയുടെ വര്‍ധനയുണ്ടായി. ഈ മാസംമാത്രം മൂന്നരരൂപയോളം കൂട്ടി. ഡീസലിന് രണ്ടരമാസത്തിനിടെ മൂന്നേമുക്കാല്‍ രൂപ കൂട്ടി. ഇന്ത്യയെ പോലെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിയെ ആശ്രയിക്കുന്ന പാകിസ്ഥാന്‍, ബംഗ്ളാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ ഇന്ധനവില ഇവിടത്തേതിനേക്കാള്‍ കുറവാണെന്നതും കാണേണ്ടതുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന ഏറ്റവും ദോഷകരമായി ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സവിശേഷമായ കാരണങ്ങളാല്‍ പച്ചക്കറികളും മറ്റ് പല നിത്യോപയോഗസാധനങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരേണ്ടിവരുന്ന ഇവിടെ എല്ലാത്തിനും വിലക്കയറ്റത്തിന് ഇടയാക്കുന്നതാണ് ഇന്ധനവിലവര്‍ധന. ചരക്കുകടത്തുകൂലിയും പൊതുഗതാഗതച്ചെലവും വര്‍ധിക്കാന്‍ ഇതിടയാക്കും

പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടക്കണക്ക് പറഞ്ഞാണ് വിലനിര്‍ണയാധികാരം കമ്പനികള്‍ക്ക് കൈമാറിയതെങ്കിലും കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ കക്ഷികളുടെ രക്ഷിതാക്കളായ വന്‍കിട സ്വകാര്യകമ്പനികളെ സഹായിക്കാനായിരുന്നു ആ നടപടിയെന്ന് അന്നേ വ്യക്തമായതാണ്. ഇപ്പോഴാകട്ടെ, മോഡിയുടെ വിദേശയാത്രകള്‍ ഓരോന്നും ഇന്ത്യയുടെ യശസ്സുയര്‍ത്തുകയാണ് എന്ന് പരിവാരക്കാര്‍ കൊട്ടിപ്പാടുമ്പോഴും ഓരോ യാത്രയും യഥാര്‍ഥത്തില്‍ അദാനിമാരുടെയും അംബാനിമാരുടെയും ബിസിനസ് സാമ്രാജ്യങ്ങളുടെ വ്യാപനമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് തെളിഞ്ഞുവരികയാണ്. അതിനിടയില്‍ ചില പൊട്ടുപൊടിയും രാജ്യത്തിനും.

പെട്രോള്‍വില മുമ്പ് വല്ലപ്പോഴും ഒന്നും രണ്ടും രൂപ വച്ച് കൂട്ടിയിരുന്നപ്പോള്‍ രാജ്യത്താകെ വന്‍ പ്രതിഷേധമുയരുമായിരുന്നു. എന്നാലിപ്പോള്‍ മോഡിയിലെ കൌശലക്കാരന്റെ ഭരണത്തില്‍ എണ്ണക്കമ്പനികള്‍ ദിവസവും ചില്ലറപൈസകള്‍ വീതം കൂട്ടുമ്പോള്‍ അതിനോട് പൊരുത്തപ്പെടുന്ന മനോഭാവമാണ് മുമ്പ് പ്രതിഷേധങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന ഇടത്തരക്കാരടക്കമുള്ള ജനവിഭാഗങ്ങളിലുള്ളത്. എങ്കിലും മുന്‍ വര്‍ധനകളെല്ലാം നിസ്സാരമാക്കുന്ന ആസൂത്രിതമായ കൊള്ളയാണ് മോഡിയുടെ ഭരണത്തില്‍ നടക്കുന്നതെന്ന തിരിച്ചറിവ് കൂടുതലാളുകളിലുണ്ടാകുന്നുണ്ട് എന്നത് പ്രത്യാശയേകുന്നതാണ്്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top