20 April Saturday

ഇന്ധനവിലക്കയറ്റം കേന്ദ്രത്തിന്റെ ക്രൂരവിനോദം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 23, 2022


തെരഞ്ഞെടുപ്പുകാലത്ത്‌ നിർത്തിവച്ചിരുന്ന കൊള്ള പുനരാരംഭിച്ചിരിക്കുന്നു. എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിനും വീണ്ടും വില വർധിപ്പിച്ചു. സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത് അഞ്ചുമാസത്തിനുശേഷമാണ്. അഞ്ചുകിലോയുടെ സിലിണ്ടറിന്റെ വില 13 രൂപ കൂട്ടി.

ഉത്തർപ്രദേശ്‌ അടക്കം അഞ്ച്‌ സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ പൂർത്തിയായശേഷമാണ്‌ ഈ ജനദ്രോഹം. ഇന്ധനവില നിർണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക്‌ കൈമാറിയെന്ന്‌ കേന്ദ്ര സർക്കാർ പറയുമ്പോഴും യഥാർഥത്തിൽ രാഷ്‌ട്രീയതീരുമാനമാണ്‌ ഇക്കാര്യത്തിൽ വരുന്നതെന്ന്‌ വ്യക്തമാക്കുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞുടൻ ഉണ്ടായ വിലവർധന.   തെരഞ്ഞെടുപ്പുകാലങ്ങളിൽ മാസങ്ങളോളം വില വർധിപ്പിക്കുന്നില്ല; വോട്ട് വീണുകഴിഞ്ഞാൽ വില ഉയരും. വില വർധിപ്പിച്ചില്ലെങ്കിൽ എണ്ണക്കമ്പനികൾ പ്രതിസന്ധിയിലാകുമെന്ന വാദത്തിന്റെ പൊള്ളത്തരവും ഇതിൽനിന്ന്‌ തെളിയുന്നു. ഇപ്പോൾ 137 ദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ പെട്രോൾ, ഡീസൽ വില കൂട്ടിയത്‌. വൻകിട ഉപയോക്താക്കൾക്ക്‌ നൽകുന്ന ഡീസലിന്റെ വില ലിറ്ററിന്‌ 25 രൂപവീതം രണ്ടുദിവസംമുമ്പ്‌ വർധിപ്പിച്ചു.

റഷ്യ–- ഉക്രയ്‌ൻ സായുധ സംഘർഷത്തെതുടർന്ന്‌ രാജ്യാന്തരവിപണിയിൽ അസംസ്‌കൃത എണ്ണവില വീപ്പയ്‌ക്ക്‌ 100 ഡോളറിൽ കൂടുതലായെന്ന പേരിലാണ്‌ ഇപ്പോൾ രാജ്യത്ത്‌ ഇന്ധനവില വർധിപ്പിച്ചത്‌. എന്നാൽ, മോദിസർക്കാർ 2014ൽ അധികാരത്തിൽവന്നശേഷം കൂടുതൽകാലത്തും എണ്ണവില വീപ്പയ്‌ക്ക്‌ 50 ഡോളറിൽ താഴെയായിരുന്നു. അവസരം മുതലെടുത്ത്‌ കേന്ദ്രം ഇന്ധനങ്ങളുടെ തീരുവ കുത്തനെ ഉയർത്തുകയും ജനങ്ങൾക്ക്‌ എണ്ണവിലയിടിവിന്റെ പ്രയോജനം നിഷേധിക്കുകയും ചെയ്‌തു. മോദിയുടെ ഒന്നാം സർക്കാർ ഒരു ലിറ്റർ പെട്രോളിന്റെ _പ്രത്യേക എക്‌സൈസ്‌ തീരുവ 9.48 രൂപയിൽനിന്ന്‌ 32.90 രൂപയായും ഡീസലിന്റേത്‌ 3.56 രൂപയിൽനിന്ന്‌ 31.80 രൂപയായും വർധിപ്പിച്ചു. ഇന്ധനതീരുവ വഴിയുള്ള വരുമാനത്തിൽ കേന്ദ്രസർക്കാരിന്‌_300 ശതമാനം വർധന ഉണ്ടായി. ഇത്തരത്തിൽ ലക്ഷക്കണക്കിനു കോടി രൂപ ജനങ്ങളിൽനിന്ന്‌ പിടിച്ചുപറിച്ചു. ഒടുവിൽ കഴിഞ്ഞ നവംബറിൽ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ യഥാക്രമം ലിറ്ററിന്‌ അഞ്ചു രൂപ, പത്തു രൂപവീതം കുറച്ചു. ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക്‌ തിരിച്ചടിയേറ്റതിനു പിന്നാലെയാണ്‌ ഈ കുറവ്‌ വരുത്തിയത്‌. അതേസമയം, ജനങ്ങൾക്ക്‌ ആശ്വാസം നൽകാനുള്ള ദീപാവലിസമ്മാനം എന്നാണ്‌ ഇതിനെ കേന്ദ്രസർക്കാർ വിശേഷിപ്പിച്ചത്‌. പോക്കറ്റടിച്ച്‌ പണം എടുത്തശേഷം പേഴ‍്സുമാത്രം മടക്കിനൽകുന്നതുപോലെയാണ് ഇത്‌.


 

അഞ്ചു വർഷത്തെ ചരിത്രം പരിശോധിച്ചാൽ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും കള്ളക്കളി ബോധ്യമാകും. 2017 ഡിസംബറിൽ ഗുജറാത്ത്‌ തെരഞ്ഞെടുപ്പുകാലത്ത്‌ എണ്ണവില കൂട്ടിയില്ല. വോട്ടെടുപ്പ്‌ കഴിഞ്ഞയുടൻ വില വർധിപ്പിച്ചു. 2018 മെയിൽ കർണാടക തെരഞ്ഞെടുപ്പ്‌ പ്രചാരണവും വോട്ടെടുപ്പും നടന്ന 19 ദിവസവും വില കൂട്ടിയില്ല. വോട്ടെടുപ്പ്‌ കഴിഞ്ഞയുടൻ പെട്രോളിന്‌ 3.80 രൂപയും ഡീസലിന്‌ 3.38 രൂപയും കൂട്ടി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌, 2020ലെ ബിഹാർ തെരഞ്ഞെടുപ്പ്‌, 2021ൽ ബംഗാൾ, കേരളം, തമിഴ്‌നാട്‌, അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവ നടന്നപ്പോഴും ഇന്ധനവില കൂടിയില്ല. രാജ്യാന്തരവിപണിയിലെ എണ്ണവിലയെ ആശ്രയിച്ചാണ്‌ കമ്പനികൾ ഇന്ധനവില നിശ്ചയിക്കുന്നതെങ്കിൽ ഇത്രയുംനാൾ പിടിച്ചുനിൽക്കാൻ കഴിയുന്നത്‌ എങ്ങനെയെന്ന ചോദ്യത്തിന്‌ ഉത്തരമില്ല. ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ 2011ൽ നരേന്ദ്ര മോദി ഉയർന്ന ഇന്ധനവിലയുടെ പേരിൽ അന്നത്തെ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചിരുന്നു. നൂറുകണക്കിനു കോടി രൂപയുടെ അധികഭാരം ഗുജറാത്ത്‌ ജനതയ്‌ക്കുമേൽ യുപിഎ സർക്കാർ അടിച്ചേൽപ്പിക്കുകയാണെന്ന്‌ മോദി ആരോപിച്ചു.

പ്രധാനമന്ത്രിയായശേഷം മോദിയുടെ ഈ അഭിപ്രായം മാറിയോ എന്ന്‌ വ്യക്തമല്ല. ഇക്കാര്യത്തിൽ പാർലമെന്റിലും സർക്കാരിന്‌ മൗനമാണ്‌. ദരിദ്രർക്ക്‌ കക്കൂസ്‌ നിർമിച്ചുനൽകാനാണ്‌ ഇന്ധനനികുതി കൂട്ടുന്നതെന്ന്‌ കേന്ദ്രമന്ത്രിമാർ മുമ്പ്‌ അവകാശപ്പെട്ടിരുന്നു. കോർപറേറ്റുകൾക്ക്‌ ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതിയിളവ്‌ നൽകുന്ന സർക്കാരിന്റെ ക്രൂരവിനോദം എന്ന നിലയിൽ മാത്രമേ ഇത്തരം വാദങ്ങളെ കാണാനാകൂ. അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളെ പിഴിയുന്ന ബിജെപി സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top