30 September Saturday

കോവിഡ്‌കാലത്തെ ഇന്ധനക്കൊള്ള

വെബ് ഡെസ്‌ക്‌Updated: Saturday Jun 13, 2020കോവിഡ്‌ ലോക സമ്പദ്‌വ്യവസ്ഥയെ പ്രത്യേകിച്ച്‌ മുതലാളിത്തത്തെ നെടുകെ പിളർത്തിയ അവസ്ഥയാണ്‌. അമേരിക്കയിലും യൂറോപ്പിലും ഗൾഫ്‌ മേഖലയിലും ഇന്ത്യയടക്കമുള്ള മൂന്നാം ലോകത്തും  കാര്യങ്ങൾ വ്യത്യസ്‌തമല്ല. 1930കളിലെ കടുത്ത മാന്ദ്യം ഓർമിപ്പിക്കുന്ന പ്രതിസന്ധിയിലാണ്‌ അമേരിക്ക. ഒരു നേരത്തെ ആഹാരത്തിന്‌ വഴിയില്ലാതെ കുടുംബസമേതം പതിനായിരങ്ങൾ കിലോമീറ്ററുകളോളം ഭക്ഷ്യബാങ്കുകൾക്കു മുന്നിൽ വരിനിൽക്കുന്നു. ആയിരക്കണക്കിനു കാറുകളും സമീപ റോഡുകളിൽ നിർത്തിയിട്ടിരിക്കുന്നതിൽനിന്ന്‌ കാര്യങ്ങൾ വ്യക്തം. ഈ ജനക്കൂട്ടത്തെ  ‘അമേരിക്കയുടെ വിശപ്പ്‌’  എന്നാണ്‌ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്‌. മധ്യവർഗ വിഭാഗത്തിൽപ്പെട്ട ആളുകളാണ്‌ ദുരിതത്തിലായതും. ഇതുവരെ മൂന്നേമുക്കാൽ കോടിയിലധികം പേർ തൊഴിൽരഹിതരായി. അക്കൂട്ടത്തിൽ ഡോക്ടർമാരും നേഴ്‌സുമാരും ഐടി വിദഗ്‌ധരും എൻജിനിയർമാരും സാധാരണ തൊഴിലാളികളും മറ്റുമുണ്ട്‌. കോവിഡ്‌കാലത്ത്‌ ഏറ്റവും ആവശ്യമായ ആയിരക്കണക്കിനു നേഴ്സുമാർ നിർദാക്ഷിണ്യം പുറത്താക്കപ്പെട്ടു. എമിറേറ്റ്സ് എയർലൈൻസ്‌ നിരവധി ഇന്ത്യക്കാരുൾപ്പെടെ 600 പൈലറ്റുമാരെയാണ് കഴിഞ്ഞ ദിവസം പറഞ്ഞുവിട്ടത്. വ്യോമയാനമേഖലയിലെ  ഏറ്റവും വലിയ ഒറ്റദിന പിരിച്ചുവിടലാണിത്.

കോൺഗ്രസ്‌‐ ബിജെപി ഭരണങ്ങൾ നട്ടെല്ല് തകർത്ത്‌ കിടപ്പിലാക്കിയ  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അടുത്ത കാലത്തൊന്നും  കരകയറില്ലെന്ന്‌ മോഡിഭക്തരായ ഉപദേശകരും വലതുപക്ഷ ധനതത്വശാസ്‌ത്രജ്ഞരും ആവർത്തിച്ച്‌ മുന്നറിയിപ്പ്‌ നൽകിക്കൊണ്ടിരിക്കയാണ്‌. അവരുടെയെല്ലാം തുറന്നുപറച്ചിലുകൾ കാര്യമായ പ്രതീക്ഷകൾ അവശേഷിപ്പിക്കാത്തവിധം ആശങ്കാജനകവുമാണ്‌. നടപ്പ്‌ സാമ്പത്തികവർഷം രാജ്യവരുമാനത്തിൽ പന്ത്രണ്ടര ശതമാനത്തിന്റെ വീഴ്‌ചയുണ്ടാകുമെന്ന്‌ ഡോ. പ്രണോബ്‌ സെന്നിന്റെയും സമ്പദ്‌ഘടന വളർച്ച വീണ്ടെടുക്കുമെന്നതിൽ തികഞ്ഞ അനിശ്ചിതത്വമാണെന്നാണ്‌ കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യത്തിന്റെയും നിരീക്ഷണങ്ങൾ. അതിദരിദ്രർ തിങ്ങിപ്പാർക്കുന്ന ചേരികളിലാകും ഇനിയുള്ള നാളുകളിൽ കോവിഡ്‌ കൂടുതൽ മാരക പ്രഹരമുണ്ടാക്കുകയെന്ന ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ചി (ഐസിഎംആർ)ന്റെ കണ്ടെത്തൽ. മെയ്‌ മാസത്തിൽ ചില്ലറ വാഹനവിപണിയിലെ വിൽപ്പന 11 ശതമാനത്തിലേക്ക്‌ കൂപ്പുകുത്തിയെന്ന്‌ റിപ്പോർട്ട്‌. ജനലക്ഷങ്ങൾ സർവതും നഷ്ടമായി ആത്മഹത്യ അവസാന അഭയമാക്കാൻ നിർബന്ധിതമാകുന്ന പരിതാപകരമായ അവസ്ഥയിലും സാധാരണ മനുഷ്യരുടെ ചോരയൂറ്റുന്ന നടപടികളാണ്‌ കേന്ദ്ര സർക്കാരിൽനിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.


 

പെട്രോളിനും ഡീസലിനും തുടർച്ചയായ ആറാം  ദിവസവും വില കൂട്ടിയത്‌ നഗ്നമായ കൊള്ളയാണ്. ഒരു ലിറ്റർ പെട്രോളിന്3.32 രൂപയും ഡീസലിന് 3.26 രൂപയുമാണ് വർധിപ്പിച്ചത്‌. അന്താരാഷ്ട്ര കമ്പോളത്തിൽ  ക്രൂഡ്‌ ഓയിൽ വില വീപ്പയ്‌ക്ക്‌ 30 ഡോളറിൽ താഴെയാണ്‌.   ആ ഇടിവിന്റെ ആനുകൂല്യം സാധാരണക്കാർക്ക്‌ കിട്ടണമെന്നത്‌ സാമാന്യ നീതിമാത്രം. പകരം  തുടർച്ചയായി പിൻവാതിൽ ബാധ്യതകൾ അടിച്ചേൽപ്പിക്കുകയാണ്‌. 2014 മുതൽ  മോഡിയും അതിനുമുമ്പ്‌ മൻമോഹൻസിങ്ങും ഇന്ധനനിരക്കിന്റെ കാര്യത്തിൽ  ഉപയോക്താക്കളെ  ഒരുപോലെ വഞ്ചിക്കുകയായിരുന്നു. സർക്കാരിൽ നിക്ഷിപ്തമായിരുന്ന എണ്ണവിലനിർണയാവകാശം 2010 ജൂണിൽ മൻമോഹൻ സർക്കാരാണ്‌ കമ്പനികൾക്ക് കൈമാറിയത്‌. അന്താരാഷ്ട്രതലത്തിലെ വിലക്കുറവിന്റെ മെച്ചം ജനങ്ങൾക്ക് ലഭ്യമാക്കാനാണ്‌ ആ രീതി പിന്തുടർന്നതെന്നായിരുന്നു ന്യായീകരണം. എന്നാൽ, 2014ന് ശേഷം 13 വട്ടമാണ് നികുതി വർധിപ്പിച്ചത്. ഇപ്പോഴത്തെ വിലത്തകർച്ചയുമായി തുലനംചെയ്യുമ്പോൾ പെട്രോളിനും ഡീസലിനും ലിറ്ററിന് 20 രൂപയുടെയെങ്കിലും കുറവുണ്ടാകണം. എന്നാൽ,  മഹാമാരി വേട്ടയാടുമ്പോഴും  ജനങ്ങളിൽ വൻ ഭാരം അടിച്ചേൽപ്പിച്ച്‌ ഒരു ലക്ഷം കോടിയിലേറെ രൂപ ചോർത്തി. ഇന്ത്യയേക്കാൾ പിന്നോക്കം നിൽക്കുന്ന പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ എണ്ണവിലയെങ്കിലും മോഡി മനസ്സിൽ വയ്‌ക്കണമായിരുന്നു.

അന്താരാഷ്ട്ര കമ്പോളത്തിൽ എണ്ണവില ചെറുതായി കൂടുമ്പോൾ ആ ഭാരവും സാധാരണക്കാരുടെ മേൽ  കെട്ടിയേൽപ്പിക്കുന്നു. രാജ്യത്തെ എണ്ണവില വരുംദിവസങ്ങളിൽ  മൂന്നു രൂപകൂടി കൂട്ടുമെന്ന സൂചനയും വന്നുകഴിഞ്ഞു. മാർക്കറ്റിങ് മാർജിൻ (ലാഭം) പ്രതീക്ഷിത നിലയിലേക്ക് എത്തുംവരെ ഒരാഴ്ചമുതൽ പത്തു ദിവസംവരെ തുടർച്ചയായി  വില കൂട്ടാനാണ് കമ്പനികളുടെ നീക്കം. റെയിൽ സർവീസ്‌ ഏറെക്കുറെ നിശ്ചലമാവുകയും ബസുകൾ ഭാഗികമായിമാത്രം ഓടുകയും ചെയ്യുമ്പോൾ ഏറ്റവും അടിസ്ഥാനവിഭാഗങ്ങൾ യാത്രയ്‌ക്ക്‌ ആശ്രയിക്കുന്ന ചെറുവാഹനങ്ങൾക്കും അതിലെ തൊഴിലാളികൾക്കും കനത്ത ആഘാതമാണ്‌ അടിക്കടിയുള്ള ഇന്ധനവില വർധന. 

അടച്ചുപൂട്ടലിൽ‌ തൊഴിലും ജീവനോപാധിയും നഷ്ടമായ കോടിക്കണക്കിനു ജനങ്ങളെ വീണ്ടും കൗശലപൂർവം പിഴിയാൻ പല മാർഗങ്ങളും അവലംബിക്കുകയാണ്‌ മോഡി പരിവാരം. പ്രധാന പ്രതിപക്ഷമായ കോൺഗ്രസാകട്ടെ താമര ചൂടി  പഞ്ചനക്ഷത്ര സുഖവാസത്തിലും ‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തിലും അഭിരമിക്കുകയാണ്‌. ഒത്തുചേരലിന്‌ കൊറോണവ്യാപന ഭീഷണി തീർത്ത വല്ലാത്ത പരിമിതികളുണ്ടെങ്കിലും സിപിഐ എം 16ന്‌ ആഹ്വാനംചെയ്‌ത ദേശീയ പ്രതിഷേധ ദിനാചരണം ഇവിടെയാണ്‌ ശ്രദ്ധേയമാകുന്നത്‌.  കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രം അർഹമായ സഹായം അനുവദിക്കണമെന്ന ആവശ്യംകൂടി ഉന്നയിച്ച്‌ സംസ്ഥാനത്തെ രണ്ടു ലക്ഷം കേന്ദ്രത്തിൽ നടക്കുന്ന ധർണ വരാനിരിക്കുന്ന സമരമുന്നേറ്റങ്ങളുടെ സൂചനമാത്രമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top