25 September Monday

ഇന്ധനവില : കേന്ദ്രം കള്ളക്കളി നിർത്തണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 6, 2018


ഇന്ധനവില അനിയന്ത്രിതമായി തുടരുന്നതിനിടെ നാമമാത്രമായ വിലക്കുറവ്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കേന്ദ്രത്തിന്റെ തന്ത്രം . പെട്രോളിന്‌ പിന്നാലെ ഡീസലിന്റെയും ഔദ്യോഗിക വിലനിയന്ത്രണം നീക്കുകയും കമ്പനികൾ വിലപുതുക്കൽ ദിവസേനയാക്കുകയും ചെയ്‌തതോടെയാണ്‌  ജനങ്ങൾ പൊറുതിമുട്ടിയത്‌. അഞ്ച്‌  സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോഴാണ്‌ കേന്ദ്രത്തിന്റെ കള്ളക്കളി. ഒമ്പത‌് തവണയായി വർധിപ്പിച്ച എക്‌സൈസ്‌ തീരുവ 25 രൂപയ്‌ക്ക്‌ അടുത്താണ്‌. അതിൽനിന്നാണ്‌ ഒന്നര രൂപ കുറച്ചത്‌. ഒരു രൂപ കമ്പനികൾ കുറയ‌്ക്കണമെന്നും നിർദേശിച്ചു. സംസ്ഥാനങ്ങൾ വാറ്റിൽനിന്ന്‌ ഇത്രയും തുക കുറയ‌്ക്കണമെന്ന കെണിയും വച്ചു. കേന്ദ്രവുമായി തട്ടിക്കുമ്പോൾ വളരെ തുച്ഛമാണ്‌ സംസ്ഥാനങ്ങളുടെ നികുതിവരുമാനം. പ്രത്യേകിച്ചും ജിഎസ്‌ടി  നിലവിൽവന്നശേഷം. എന്നിട്ടും കേന്ദ്രം മുഖം തരിച്ചു നിൽക്കുന്ന ഘട്ടത്തിൽ കഴിഞ്ഞ ജൂണിൽ ഒരു രൂപ കേരളം കുറച്ചിരുന്നു. കേന്ദ്രം കള്ളക്കളികൾ നിർത്തി പഴയപോലെ ഇന്ധനവില സർക്കാർ നിയന്ത്രണത്തിലാക്കി ജനങ്ങൾക്ക്‌ ആശ്വാസം പകരുകയാണ്‌ വേണ്ടത്‌.

ബഹുഭൂരിപക്ഷം ജനങ്ങളുടെ ഉയർന്ന ജീവിതനിലവാരമാണ‌് മെച്ചപ്പെട്ട സമ്പദ‌്ഘടനയുടെ  സൂചകമെങ്കിൽ ഇന്ത്യയുടെ ഇന്നത്തെ നില പരിതാപകരമാണ‌്. ഒരുവശത്ത‌്  കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച വലിയൊരുവിഭാഗം ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കി. ഒപ്പം നിത്യോപയോഗസാധനങ്ങളുടെ കുതിച്ചുയരുന്ന വില അതിസമ്പന്നർ ഒഴിച്ചുള്ളവരെയെല്ലാം നരകിപ്പിക്കുന്നു. തുടർച്ചയായ ഇന്ധനവില വർധനയും  രൂപയുടെ വിലയിടിവും  സാമ്പത്തിക തകർച്ചയുടെ ആക്കം ഇരട്ടിപ്പിക്കുന്നു. ഉദാരവൽക്കരണത്തിന്റെ ദുരന്തഫലങ്ങളിൽനിന്ന‌് ജനങ്ങളെ രക്ഷിച്ച‌് നല്ലനാളുകൾ ഉറപ്പാക്കുമെന്ന വാഗ‌്ദാനംനൽകി അധികാരമേറ്റ നരേന്ദ്ര മോഡി സർക്കാരിന‌് ഇനി അവശേഷിക്കുന്നത‌് ഏതാനും മാസങ്ങൾ മാത്രം. ജനജീവിതം മെച്ചപ്പെടുത്താൻ മോഡി ചെയ്യാമെന്നേറ്റ കാര്യങ്ങൾ ഒാരോന്നായി പരിശോധിച്ചാൽ,  ഞെട്ടിപ്പിക്കുന്ന വിപരീതഫലങ്ങളാണ‌് കാണാൻകഴിയുക. 

പെട്രോൾവില നൂറിൽനിന്ന്‌ ഏറെ അകലെയല്ല. ഡീസൽ തൊട്ടു പിന്നാലെയുണ്ട‌്. 2014ൽ അസംസ‌്കൃത എണ്ണയുടെ വില ഉയർന്നുനിൽക്കുന്ന ഘട്ടത്തിലാണ‌് മോഡി തെരഞ്ഞെടുപ്പ്‌ നേരിട്ടത‌്. യുപിഎ സർക്കാർ പെട്രോൾ വിലനിയന്ത്രണം നീക്കി കമ്പനികൾക്ക‌് സ്വാതന്ത്ര്യം നൽകിയ സാഹചര്യത്തിൽ മുന്നോട്ടുകുതിച്ച ഇന്ധനവിലയെ പിടിച്ചുകെട്ടുമെന്നായിരുന്നു വാഗ‌്ദാനം. പെട്രോൾവില 50 രൂപയാക്കി കുറയ‌്ക്കുമെന്ന‌് പ്രഖ്യാപിച്ച മോഡി  വീണ്ടും ജനവിധി തേടുമ്പോൾ നൂറുകടന്ന‌് എത്ര മുന്നേറുമെന്നേ നോക്കേണ്ടതുള്ളൂ. 

എൻഡിഎ സർക്കാർ അധികാരമേറ്റ ഘട്ടത്തിൽത്തന്നെ അസംസ‌്കൃത എണ്ണവില കുറഞ്ഞുതുടങ്ങിയെങ്കിലും ഇന്ധനവില താഴേക്ക‌് വന്നില്ല. ക്രുഡ‌് ഓയിൽവില ബാരലിന‌് 30 ഡോളറായി കുറഞ്ഞ ഘട്ടത്തിലും  ജനങ്ങൾക്ക‌് ഒരു ആശ്വാസവും ലഭിച്ചില്ല . അധിക എക‌്സൈസ‌് തീരുവയിലൂടെ ഇന്ധനവില ഉയർത്തിനിർത്തി ജനങ്ങളെ കൊള്ളയടിച്ചു. എക്സൈസ് തീരുവ അടങ്കൽ 2014‐15ൽ 1,05,653 കോടിയും 17‐18ൽ 2,01,592 കോടിയുമാണ‌്. നടപ്പുസാമ്പത്തികവർഷം 2,57,850 കോടിയാണ‌് കേന്ദ്രം പ്രതീക്ഷിക്കുന്നത്. നാലുവർഷത്തിനുള്ളിൽ രണ്ടരമടങ്ങ‌് വർധന. ശുദ്ധീകരണച്ചെലവ‌് പെരുപ്പിച്ച‌് കാണിക്കുന്നതുൾപ്പെടെ  എല്ലാ മറിമായങ്ങളുടെയും ഗുണഭോക്താക്കൾ സ്വകാര്യ എണ്ണക്കമ്പനികളാണ‌്. പെട്രോളിനും ഡീസലിനുംപുറമെ നിരവധി അനുബന്ധ ഉൽപ്പന്നങ്ങൾ ഇത്തരം കമ്പനികൾ വിദേശത്തേക്ക‌് കയറ്റുമതി ചെയ്യുന്നുണ്ട‌്. റിലയൻസ‌് പെട്രോകെമിക്കൽസ‌് ഇൗ സാമ്പത്തികവർഷത്തിന്റെ ആദ്യ മൂന്നുമാസം മുൻവർഷത്തെ അപേക്ഷിച്ച‌്   അറ്റാദായത്തിൽ 30 ശതമാനം വർധനനേടി. രണ്ടാംപാദത്തിൽ ഇനിയും  വർധിക്കുമെന്നാണ‌് സൂചന. പെട്രോൾ , ഡീസൽ എന്നിവയ‌്ക്ക‌് സംസ‌്കരണച്ചെലവിന‌് പുറമെ ഒമ്പതുശതമാനം ലാഭം എന്നതായിരുന്നു നേരത്തെയുള്ള നിലയെങ്കിൽ ഇപ്പോൾ ഇത‌് 16 ശതമാനംവരെയാക്കി ഉയർത്തിയിട്ടുണ്ട‌്.

അന്തർദേശിയ എണ്ണവിപണിയിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾ ക്രൂഡ‌് ഓയിൽവിലയിൽ തുടരെ വർധന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ‌്. ഇതിന്റെമറവിൽ പാചകവാതക വിലയും തുടർച്ചയായി വർധിപ്പിക്കുന്നു. സബ‌്സിഡി സിലിണ്ടർ വില തുടർച്ചയായ അഞ്ചാംമാസമാണ‌് കൂട്ടിയത‌്.  879 രൂപ നൽകിയാൽമാത്രമേ സിലിണ്ടർ ലഭിക്കൂ. 376.60 രൂപ പിന്നീട‌് ബാങ്ക‌് അക്കൗണ്ടിൽ തിരിച്ചുനൽകും.  പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം സബ‌്സിഡി വേണ്ടെന്നുവച്ച സാധാരണക്കാർ ഇപ്പോൾ കുടുക്കിലായിരിക്കുകയാണ‌്.

ഇടത്തരം – ചെറുകിട കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത നിലയാണുള്ളത‌്. തൊഴിൽമേഖലയിലും പ്രതിസന്ധി രൂക്ഷമാണ‌് . പ്രതിമാസം 18000 രൂപ കുറഞ്ഞവേതനം, കൃഷിച്ചെലവിന്റെ ഒന്നര ഇരട്ടി കുറഞ്ഞ  താങ്ങുവില തുടങ്ങി അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതാവശ്യങ്ങളോട‌് അനുകൂലമായി പ്രതികരിക്കാൻ മോഡി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. വിദേശത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവരൽ, നോട്ടുപിൻവലിക്കൽ , പ്രതിവർഷം രണ്ടുകോടി പുതിയ തൊഴിൽ  തുടങ്ങിയ വിഷയങ്ങളിൽ അങ്ങേയറ്റം വഞ്ചനാപരമായ നിലപാടാണ‌് മോഡി സർക്കാർ സ്വീകരിച്ചത‌്. വായ‌്പാതട്ടിപ്പുകാരായ കോർപറേറ്റ‌്  ഭീമന്മാർക്ക‌് വിദേശത്ത‌് കടക്കാൻ സൗകര്യമൊരുക്കിയതും റഫേൽ ഇടപാടിൽ രാജ്യരക്ഷ മറന്ന‌് അനിൽ അംബാനിയെ പങ്കുകാരനാക്കിയതും രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന‌് സമാനമായ നടപടികളാണ‌്. ഇതിനെല്ലാമെതിരായ അതിശക്തമായ ജനവികാരമാണ‌്  അലയടിക്കുന്നത‌്. കിട്ടാവുന്ന ഏറ്റവുമടുത്ത സന്ദർഭത്തിൽ ഈ ഭരണത്തെ മാറ്റാനുള്ള ദൃഢനിശ്ചയമാണ‌് ഡൽഹിയിൽ സെപ‌്തംബർ അഞ്ചിന‌് നടന്ന കിസാൻ – മസ‌്ദൂർ സംഘർഷ‌് റാലിയിൽ പ്രതിഫലിച്ചത‌്.  ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ, രാജ്യവിരുദ്ധ നയങ്ങൾക്കെതിരെ  ജനുവരി എട്ടിനും ഒമ്പതിനും ദേശീയ പൊതുപണിമുടക്ക് നടത്താനുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ജീവനക്കാരുടെ ദേശീയ ഫെഡറേഷനുകളുടെയും പ്രഖ്യാപനം ഈ ദിശയിൽ വലിയ മുന്നേറ്റത്തിന‌്  വഴിതെളിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top