20 April Saturday

ബിജെപിക്ക്‌ വോട്ടർമാരുടെ പ്രഹരം

വെബ് ഡെസ്‌ക്‌Updated: Saturday Nov 6, 2021


കർണാടകം മുതൽ ഹിമാചൽപ്രദേശ്‌വരെ 14 സംസ്ഥാനത്തും കേന്ദ്രഭരണപ്രദേശമായ  ദാദ്ര നഗർ ഹവേലിയിലുമായി മൂന്ന്‌ ലോക്‌സഭാ മണ്ഡലത്തിലും 29 നിയമസഭാ  മണ്ഡലത്തിലുമായി നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം മോദിസർക്കാരിന്‌ ജനങ്ങൾ നൽകിയ പ്രഹരമാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽവന്നശേഷം ഏത്‌ അതിരുവിട്ട നടപടിക്കും ജനങ്ങളുടെ അനുമതിയുണ്ടെന്ന്‌ അവകാശപ്പെട്ട്‌ പ്രവർത്തിക്കുകയാണ്‌ മോദിസർക്കാർ. ജമ്മു–കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്‌, തരംതാഴ്‌ത്തി വെട്ടിമുറിച്ചതുമുതൽ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന കാർഷികപരിഷ്‌കാരങ്ങൾ നടപ്പാക്കിയതിൽവരെ കേന്ദ്രത്തിന്റെ അമിതാധികാരപ്രയോഗം പ്രകടമായി. ദേശീയ ആസ്‌തികൾ ഒന്നടങ്കം കോർപറേറ്റുകൾക്ക്‌ തീറെഴുതുന്ന പദ്ധതിയും പ്രഖ്യാപിച്ചിരിക്കുകയാണ്‌.

ഇത്തരം നയസമീപനങ്ങളിലെ ജനവിരുദ്ധതയും അപകടവും  ചൂണ്ടിക്കാണിക്കുന്നവരെ ആക്ഷേപിക്കാനും ദേശദ്രോഹികളായി മുദ്രകുത്താനുമാണ്‌ കേന്ദ്രവും ബിജെപിയും ശ്രമിച്ചുവരുന്നത്‌. കോർപറേറ്റ്‌ പ്രീണനംമാത്രമാണ്‌ കാർഷികനിയമങ്ങളുടെ ലക്ഷ്യമെന്ന്‌ വ്യക്തമായി ചൂണ്ടിക്കാണിച്ച്‌ ഒരു വർഷത്തിലേറെയായി സമരം ചെയ്യുന്ന കർഷകരുമായി ചർച്ചയ്‌ക്കുപോലും സർക്കാർ തയ്യാറല്ല. ഉത്തർപ്രദേശിലെ ലഖിംപുരിൽ കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ്‌ മിശ്രയുടെ അകമ്പടിവാഹനങ്ങൾ കർഷകർക്കുമേൽ ഓടിച്ചുകയറ്റിയ സംഭവത്തിനുശേഷവും മന്ത്രി അധികാരത്തിൽ തുടരുന്നു. സമരംചെയ്യുന്ന കർഷകരെ അജയ്‌ മിശ്ര ഭീഷണിപ്പെടുത്തുന്നതിന്റെ  ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അകമ്പടിവാഹനത്തിൽ ഉണ്ടായിരുന്ന മന്ത്രിപുത്രൻ ആശിഷ്‌ മിശ്രയെ സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന്‌ യുപി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തെങ്കിലും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്‌.  മോദിസർക്കാർ വന്നശേഷം പെട്രോ ളിന്റെയും ഡീസലിന്റെയും എക്‌സൈസ്‌ തീരുവയിൽ യഥാക്രമം 23.42, 28.52 വീതം രൂപയുടെ വർധനയാണ്‌ വരുത്തിയത്‌. ഇത്തരത്തിൽ ലക്ഷക്കണക്കിനു കോടി രൂപ ജനങ്ങളെ പിഴിഞ്ഞെടുത്ത കേന്ദ്രം മറുവശത്ത്‌ കോർപറേറ്റുകൾക്ക്‌ വാരിക്കോരി ഇളവുകൾ നൽകി. കോവിഡ്‌ വാക്‌സിനേഷനിലും സ്വകാര്യകോർപറേറ്റുകൾക്ക്‌ അനുകൂലമായി കള്ളക്കളി നടത്തി. പെഗാസസ്‌ ചാരപ്പണിപോലുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ മുഖം കൂടുതൽ വികൃതമായി.

ഭരണഘടനാപരമായ  ജനാധിപത്യത്തെ  അട്ടിമറിക്കാൻ ശ്രമിക്കുന്ന മോദിസർക്കാരിനെ ജനങ്ങൾ സസൂക്ഷ്‌മം നിരീക്ഷിക്കുന്നുവെന്നതിന്‌ ഉപതെരഞ്ഞെടുപ്പ്‌ ഫലം അടിവരയിടുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെയും കേന്ദ്രമന്ത്രി അനുരാഗ്‌ ഠാക്കൂറിന്റെയും തട്ടകമായ ഹിമാചലിലെ ജനവിധി  കേന്ദ്രസർക്കാരിന്‌ വൻതിരിച്ചടിയാണ്‌. 2019ൽ നാല്‌ ലക്ഷം വോട്ടിനു ജയിച്ച  മണ്ഡി ലോക്‌സഭാ മണ്ഡലം നഷ്ടമായി. സ്ഥാനാർഥിയായി കാർഗിൽ യുദ്ധനായകൻ ബ്രിഗേഡിയർ(റിട്ട.) ഖുശാൽ താക്കൂറിനെ രംഗത്തിറക്കിയിട്ടും ബിജെപിക്ക്‌ കടന്നുകൂടാനായില്ല. അടുത്ത വർഷം  നവംബറിൽ പൊതുതെരഞ്ഞെടുപ്പ്‌ നടക്കേണ്ട സംസ്ഥാനത്ത്‌ മൂന്ന്‌ നിയമസഭാ മണ്ഡലത്തിലും പരാജയപ്പെട്ടു.  മഹാരാഷ്ട്രയുടെ സമീപപ്രദേശമായ ദാദ്ര നഗർ ഹവേലിയിൽ കേന്ദ്രഭരണസംവിധാനങ്ങൾ  ഒന്നടങ്കം ഉപയോഗിച്ചിട്ടും ബിജെപിക്ക്‌ ജയിക്കാൻ കഴിഞ്ഞില്ല. കർഷകസമരത്തിന്റെ പ്രധാനകേന്ദ്രങ്ങളായ ഹരിയാനയിലും രാജസ്ഥാനിലും ദയനീയമായി പരാജയപ്പെട്ടു.

രാജസ്ഥാനിലെ വല്ലഭ്‌നഗറിൽ നാലാം സ്ഥാനത്തേക്കും ദരിയാവാഡിൽ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. കർണാടകത്തിൽ മുഖ്യമന്ത്രി ബസവ്‌രാജ്‌ ബൊമ്മെയുടെ സ്വന്തം ജില്ലയായ ഹാവേരിയിലെ ഹനഗൽ സീറ്റ്‌ നഷ്ടപ്പെട്ടു. അസമിലും മധ്യപ്രദേശിലും ബിജെപിക്ക്‌ നേട്ടമുണ്ടാക്കാനായത്‌ കോൺഗ്രസ്‌ പാളയത്തിലെ പോരിന്റെയും കൂറുമാറ്റത്തിന്റെയും സാഹചര്യത്തിലാണ്‌. ഭൂരിപക്ഷവർഗീയതമാത്രം പ്രചരിപ്പിച്ച്‌ മുന്നേറാൻ ശ്രമിച്ച ബംഗാളിൽ  നാലിൽ മൂന്ന്‌ സീറ്റിലും  കെട്ടിവച്ച കാശ്‌ ബിജെപിക്ക്‌ നഷ്ടപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എൻഡിഎയുമായി സഹകരിക്കുന്ന  പ്രാദേശികകക്ഷികൾ നേടിയ വിജയം ബിജെപിയുടെ മികവായി കരുതാൻ കഴിയില്ല.  ഫലം വന്നതിന്റെ പിറ്റേന്ന്‌ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്‌ തീരുവയിൽ യഥാക്രമം അഞ്ച്‌, 10 രൂപ വീതം കുറവ്‌ വരുത്തിയതിൽനിന്ന്‌ കേന്ദ്രത്തിന്റെയും ബിജെപിയുടെയും ഞെട്ടൽ വ്യക്തമാണ്‌. എന്നാൽ, അടിസ്ഥാന നയങ്ങളിൽ മാറ്റം വരുത്താനോ യാഥാർഥ്യബോധത്തോടെ പ്രതികരിക്കാനോ കേന്ദ്രസർക്കാരും ബിജെപിയും തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കാനാകില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top