26 April Friday

എണ്ണവില വർധനയുടെ‌ വറചട്ടിയിൽ ജനം

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021


ഇന്ധന വില കണ്ണിൽച്ചോരയില്ലാതെ വർധിപ്പിച്ച്‌ ജനങ്ങളെ എരിതീയിൽനിന്ന്‌ വറചട്ടിയിലേക്ക്‌ വലിച്ചെറിയുന്നു‌ കേന്ദ്ര സർക്കാർ. രാജ്യത്ത്‌ പെട്രോൾ വില ലിറ്ററിന്‌ നൂറ്‌ രൂപയും കടന്ന്‌ മാനംമുട്ടെ ഉയർത്തി. ഡീസൽ, പാചക വാതക വിലയും വർധിപ്പിച്ചു. കോവിഡ്‌ മഹാമാരിയും വിലക്കയറ്റവുംകൊണ്ട്‌ പൊറുതിമുട്ടിയ ജനങ്ങൾക്കുമേൽ നിത്യേനയെന്നോണം പുതിയ ദുരിതങ്ങൾ കെട്ടിവയ്‌ക്കാൻ മോഡി സർക്കാരിന്‌ ഒട്ടും മടിയില്ല. ജനങ്ങളുടെ ദുരിതം നാൾക്കുനാൾ വർധിക്കുന്നത്‌ തങ്ങൾക്ക്‌ പ്രശ്‌നമല്ലെന്ന മട്ടിലാണ്‌ കേന്ദ്രത്തിന്റെ പെരുമാറ്റം.

രണ്ടാഴ്‌ചയോളമായി എല്ലാ ദിവസവും ഇന്ധനവില വർധിപ്പിക്കുകയാണ്‌ എണ്ണക്കമ്പനികൾ. പെട്രോളിനൊപ്പം ഡീസലിനും പാചകവാതകത്തിനുമെല്ലാം വില ഉയർത്തുന്നു. രാജ്യത്താദ്യമായി രാജസ്ഥാനിലാണ്‌ പെട്രോൾ വില നൂറു രൂപ കടന്നത്‌. ഡീസൽ ലിറ്ററിന്‌ തൊണ്ണൂറ്‌ രൂപയോളമായി. പാചകവാതക വില 800 രൂപയായി ഉയർത്തി. വിലക്കുതിപ്പിൽ കേരളവും പിന്നാലെയുണ്ട്‌. സംസ്ഥാനത്ത്‌ പെട്രോൾ വില തൊണ്ണൂറ്റി രണ്ട്‌ രൂപയാക്കിക്കഴിഞ്ഞു. വില ഇനിയും ഉയർത്തുമെന്നാണ്‌ എണ്ണക്കമ്പനികൾ നൽകുന്ന സൂചന.

ഇന്ധന വില വർധനയിൽ ലോകത്ത്‌ ഒന്നാം സ്ഥാനത്താണ്‌ ഇന്ത്യ. ഒരു വർഷത്തിനിടെ രാജ്യത്ത്‌ 14 ശതമാനത്തോളമാണ്‌ വില വർധിപ്പിച്ചത്‌. ഇന്ത്യയിലെ പകുതി വിലയ്‌ക്കാണ്‌ അമേരിക്കയിലും ചൈനയിലുമെല്ലാം പെട്രോൾ വിൽക്കുന്നത്‌. നമ്മുടെ അയൽരാജ്യങ്ങളായ ശ്രീലങ്കയിലും പാകിസ്ഥാനിലും വില എത്രയോ കുറവാണ്‌. ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ നേപ്പാളിൽ വിൽപ്പന നടത്തുന്നതും കുറഞ്ഞ വിലയ്‌ക്ക്‌‌. എന്നാൽ, കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ചേർന്ന്‌ നിരന്തരം വില ഉയർത്തി ഇന്ത്യക്കാരെ കൊള്ളയടിക്കുന്നു.


 

അന്താരാഷ്‌ട്ര വിപണിയിൽ വില ഉയരുന്നതാണ്‌ ഇന്ധന വില വർധനയ്‌ക്ക്‌ കാരണമായി കേന്ദ്രം പറയുന്നത്‌. അന്താരാഷ്‌ട്ര വിപണിയിൽ വില കൂടുമ്പോൾ ഇന്ത്യയിൽ വില വർധിപ്പിക്കുകയും അന്താരാഷ്‌ട്ര വിപണിയിൽ വില കുറയുമ്പോൾ വില കുറയ്‌ക്കാതിരിക്കുകയുമാണ്‌ കേന്ദ്രവും എണ്ണക്കമ്പനികളും ചെയ്യുന്നത്‌. കോവിഡ്‌ കാലത്ത്‌ അന്താരാഷ്‌ട്ര വില കുറഞ്ഞപ്പോൾ നികുതി വർധിപ്പിച്ച്‌ ലാഭം ഉയർത്തുകയാണ്‌ കേന്ദ്രം ചെയ്‌തത്‌. വീണ്ടും വില കൂടിയപ്പോൾ നികുതി കുറയ്‌ക്കാതെ ആ ഭാരം കൂടി ജനങ്ങളുടെ തലയിൽ കെട്ടിവയ്‌ക്കുകയും ചെയ്‌തു. കേന്ദ്രസർക്കാർ ഇന്ധന വിൽപ്പന വലിയ വരുമാന മാർഗമാക്കി മാറ്റിയതാണ്‌ യഥാർഥത്തിൽ വിലക്കയറ്റത്തിന്‌ കാരണം. അസംസ്‌കൃത എണ്ണ സംസ്‌കരിച്ച്‌ വിൽക്കുന്നതിന്റെ ലാഭത്തിൽ തൃപ്‌തരാകാതെ വൻതോതിൽ നികുതിയും സെസും ചുമത്തുകയാണ്‌ കേന്ദ്രം. പെട്രോളിന്റെ കേന്ദ്ര എക്‌സൈസ്‌ നികുതി 38 രൂപയോളം വരും. ഡീസൽ വിലയിൽ 40 രൂപയിലധികം കേന്ദ്രനികുതിയാണ്‌.

മുമ്പൊക്കെ ഇന്ധന വില വർധിപ്പിക്കുക വിശദമായ ചർച്ചയ്‌ക്കും ആലോചനയ്‌ക്കും ശേഷമായിരുന്നു. വില നിശ്‌ചയിക്കാനുള്ള അധികാരം യുപിഎ സർക്കാർ എണ്ണക്കമ്പനികളെ ഏൽപ്പിച്ചതോടെയാണ്‌ തോന്നിയപോലെ വില വർധിപ്പിക്കുന്ന സ്ഥിതിയുണ്ടായത്. മോഡി സർക്കാർ അധികാരത്തിലെത്തിയപ്പോൾ വില വർധിപ്പിക്കുന്നത്‌ അനിയന്ത്രിതമായി. അടുത്തിടെയായി എണ്ണക്കമ്പനികൾ നിത്യേനയെന്നോണം വില ഉയർത്തുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ തരിമ്പും പരിഗണിക്കാത്ത കേന്ദ്ര സർക്കാർ എണ്ണക്കമ്പനികളുടെ കൊള്ളയ്‌ക്ക്‌ എല്ലാ സഹായവും പിന്തുണയും നൽകുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വില വർധന നിത്യോപയോഗ വസ്‌തുക്കളുടെ വിലക്കയറ്റത്തിന്‌ വഴിവയ്‌ക്കുമെന്ന് തീർച്ച. പച്ചക്കറിയടക്കമുള്ള അവശ്യ വസ്‌തുക്കൾക്ക്‌ വില കുതിച്ചുയർന്നു കഴിഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്ത്‌ ബാങ്ക്‌ വഴിയാക്കിയ പാചക വാതക സബ്‌സിഡി മോഡി സർക്കാർ എടുത്തുകളഞ്ഞ മട്ടാണ്‌. ഇതോടൊപ്പം പാചക വാതക വില ഉയർത്തുകയും ചെയ്‌തതിനാൽ അടുക്കളച്ചെലവ്‌ സാധാരണക്കാർക്ക്‌ താങ്ങാൻ പറ്റാതായി.

റിലയൻസ്‌ അടക്കമുള്ള കോർപറേറ്റുകൾക്ക്‌ ലാഭം കൊയ്യുന്നതിനായി സാധാരണക്കാരുടെ കീശ കൊള്ളയടിക്കുകയാണ്‌ മോഡി സർക്കാർ. കോവിഡ്‌ കാരണം ദുരിതത്തിലായ സാധാരണക്കാരെ ഒട്ടും പരിഗണിക്കാതെ കോർപറേറ്റുകൾക്കായി നിയമങ്ങളുണ്ടാക്കുന്ന തിരക്കിലാണവർ. കോർപറേറ്റുകളെ സദാ താലോലിക്കുന്ന കേന്ദ്രം സാധാരണ മനുഷ്യരോട്‌ ശത്രുതാപരമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌. എണ്ണവിലയിൽ ചുട്ടുപൊള്ളുന്ന മനുഷ്യരെ കാണാത്ത ഈ സർക്കാർ കോർപറേറ്റുകൾക്ക്‌ പാദസേവ ചെയ്യാൻ വേണ്ടി മാത്രമുള്ളതാണെന്ന്‌ പറയേണ്ടിവന്നിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top