29 March Friday

വ്യക്തിരഹസ്യങ്ങളും പെരുവഴിയിൽ?

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019


 

തികഞ്ഞ ഏകാധിപത്യ സ്വഭാവം കാണിച്ച്,  ഭരണഘടനാ തത്വങ്ങളാകെ പിച്ചിച്ചീന്തുന്ന  മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ തുടർച്ച വീണ്ടും. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധം മുഖവിലയ്ക്കെടുക്കാതെ പാർലമെന്റിന്റെ ഇരുസഭയിലെയും അംഗങ്ങൾ അടങ്ങുന്ന സംയുക്ത സെലക്ട് കമ്മിറ്റിക്ക് വ്യക്തിവിവര സംരക്ഷണ ബിൽ (പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ‐ പിഡിപി)വിട്ടത് മറ്റു വാർത്താ ശീർഷകങ്ങൾക്കിടയിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയതും നിസ്സാരമല്ല.  സെലക്ട് കമ്മിറ്റി 2020 ബജറ്റ് സമ്മേളനത്തിനുമുമ്പ് പാർലമെന്റിന് റിപ്പോർട്ട് കൈമാറണം. ജനാധിപത്യത്തിന്റെ അടിസ്ഥാനാശയങ്ങൾപോലും വകവയ്ക്കാത്ത സംഘപരിവാരഭരണം അത് നിയമമാക്കുമെന്നത് തീർച്ച.

ഭരണഘടന ഉറപ്പാക്കുന്ന പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനും കടന്നുകയറാനുമുള്ള വഴിയൊരുക്കുകയാണ് പ്രസിദ്ധീകരണത്തിന് നൽകിയ ഇപ്പോഴത്തെ  നിർദേശങ്ങൾ. അത് മാരക പ്രഹരമുള്ളതാകുമെന്ന് മനുഷ്യാവകാശപ്രവർത്തകരും നിയമവിദഗ്ധരും  അഭിപ്രായപ്പെട്ടു കഴിഞ്ഞു. ബില്ലിന്റെ പ്രഥമ കരടിന് രൂപംനൽകാൻ നിയുക്തമായ സമിതിയുടെ അധ്യക്ഷൻ ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ മൗലികമായ ചില ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ്."അപകടകരം' എന്ന ആദ്യ വിശേഷണംതന്നെ വലിയ സൂചനകൾ നൽകുന്നുണ്ട്. മുൻകരുതലുകളും രക്ഷാകവചങ്ങളും ഒഴിവാക്കപ്പെടുന്നതാണ് പ്രധാന ഭീഷണിയെന്ന്  സൂചിപ്പിച്ച അദ്ദേഹം, വ്യക്തിവിവരങ്ങളും അല്ലാത്തതുമായവ കൈക്കലാക്കാൻ സർക്കാരിന് ബ്ലാങ്ക് ചെക്ക് നൽകുകയാണെന്നും മുന്നറിയിപ്പ് നൽകുന്നു.

രാജ്യപരമാധികാരവും സുരക്ഷയും, നിയമസംവിധാനം, അന്യ രാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ സൗഹൃദം തുടങ്ങിയവയെ ബാധിക്കുമെന്ന് കേന്ദ്രത്തിന് തോന്നുന്ന എല്ലാത്തിലും സ്വകാര്യ വിവരങ്ങളും വിശദാംശങ്ങളും പിടിച്ചെടുക്കാൻ സൗകര്യമൊരുക്കുംവിധമാണ് നിർദിഷ്ട ബില്ലിന്റെ രൂപം.

വ്യക്തികളുടെ സ്വകാര്യ വിശദാംശങ്ങൾ രാജ്യസുരക്ഷയുടെ  പ്രശ്നങ്ങൾ മുൻനിർത്തി പ്രയോജനപ്പെടുത്തുമ്പോൾ ആവശ്യമായ രക്ഷാവ്യവസ്ഥകൾ പാലിക്കപ്പെടുമെന്ന് കരട് ബില്ലിൽ ഉറപ്പാക്കിയിരുന്നു. അതുപ്രകാരം നിയമാനുസൃതമായ ഏജൻസികൾക്ക് ചില നിബന്ധനകളും ഏർപ്പെടുത്തുകയുണ്ടായി. എന്നാൽ, അത്തരം ജാഗ്രതകളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. രാജ്യപരമാധികാരവും സുരക്ഷയും, നിയമസംവിധാനം, അന്യ രാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ സൗഹൃദം തുടങ്ങിയവയെ ബാധിക്കുമെന്ന് കേന്ദ്രത്തിന് തോന്നുന്ന എല്ലാത്തിലും സ്വകാര്യ വിവരങ്ങളും വിശദാംശങ്ങളും പിടിച്ചെടുക്കാൻ സൗകര്യമൊരുക്കുംവിധമാണ് നിർദിഷ്ട ബില്ലിന്റെ രൂപം. സെലക്ട് കമ്മിറ്റികൂടി തലയാട്ടിയാൽ അത് ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും കനത്ത തിരിച്ചടിയാകും. വ്യക്തിരഹസ്യങ്ങൾ പെരുവഴിയിലാക്കി സാധാരണ പൗരന്മാരുടെ നിത്യചലനങ്ങൾക്കുപോലും  വിലങ്ങിടാനുമാകും. ആറുവർഷത്തെ മോഡി ഭരണം ധൃതിപിടിച്ച് ചുട്ടെടുത്ത ബില്ലുകൾ പലതും ഈ ദിശയിലുള്ളവയായിരുന്നു. കശ്മീരിലും പൗരത്വ ഭേദഗതി നിയമത്തിലും എൻഐഎയ്ക്ക് അമിതാധികാരം നൽകിയതിലുമെല്ലാം നാമത് കണ്ടു.

ആധാർ കാർഡുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ പൗരന്റെ സ്വകാര്യത  കർശനമായി പാലിച്ചേ ഭരണകൂടം  പ്രവർത്തിക്കാവൂവെന്ന് നിരീക്ഷിച്ചിരുന്നു. സ്വകാര്യ വിവരശേഖരണത്തിൽ നിർബന്ധമായും പാലിക്കേണ്ട ചില നിബന്ധനകളും അടിവരയിടുകയുണ്ടായി. വിവരശേഖരണത്തിന്റെ ലക്ഷ്യം, നിയോഗിക്കുന്ന ഏജൻസി, അവ പിന്തുടരുന്ന രീതികൾ തുടങ്ങിയവ വെളിപ്പെടുത്തേണ്ടതുണ്ട്. അത്തരത്തിൽ പാർലമെന്റോ നിയമസഭകളോ നിയമനിർമാണം നടത്തുകയും വേണം. പുട്ടസ്വാമി കേസിലെ  അഭിപ്രായപ്രകടനവും അതിശ്രദ്ധേയം. ഭരണഘടനയുടെ  14, 19, 21 വകുപ്പുകളനുസരിച്ച്  സ്വകാര്യത  മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച,  സാമൂഹ്യമായി നാഴികക്കല്ലായ വിധിയാണ് ജസ്റ്റിസ് പുട്ടസ്വാമി കേസ്. റിട്ട് ഹർജിയിൽ 2017 ആഗസ്ത് 24ന് ഒമ്പതംഗ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.  ഖരക് സിങ്,  എം പി ശർമ കേസ് വിധികളെ തിരുത്തിക്കൊണ്ടാണ് ഭക്ഷണം, വെള്ളം, പാർപ്പിടം എന്നിവപോലെ  ജീവിക്കാനുള്ള അവകാശത്തിന്റെ പരിധിയിൽപ്പെടുന്നതാണ് സ്വകാര്യതയ്ക്കുള്ള അവകാശവുമെന്ന് വിധിച്ചത്. വ്യക്തികളെയും സമൂഹത്തെയും അന്യവൽക്കരിക്കുകയെന്നത് ഫാസിസ്റ്റ് പ്രകൃതമുള്ള എല്ലാ സംഘടനകളുടെയും ഭരണസംവിധാനങ്ങളുടെയും മുഖലക്ഷണമാണ്. അതിന് ഭയവും സംശയവും അരക്ഷിതാവസ്ഥയും ഇളക്കിവിടും. വ്യക്തിവിവര സംരക്ഷണ ബിൽ ആ അർഥത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top