19 April Friday

അക്രമവും സാമാന്യബോധം വെടിഞ്ഞ മാധ്യമങ്ങളും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 26, 2019


കാസർകോട‌് പെരിയയിൽ രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ കൊലചെയ്യപ്പെട്ട ഹീനമായ സംഭവം രാഷ‌്ട്രീയവൈരത്തിന്റെ പേരിലുള്ള അക്രമങ്ങൾ സംബന്ധിച്ച‌് പുതിയൊരു വിചിന്തനത്തിന‌് വഴിവച്ചിരിക്കുന്നു. സിപിഐ എം പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ നടന്ന കോൺഗ്രസ‌് അക്രമങ്ങളുടെ തുടർച്ചയായി നടന്ന കൊലപാതകം എന്ന നിലയിൽ സംഭവം  ഉടനെതന്നെ സിപിഐ എമ്മിനുമേൽ കുറ്റം ആരോപിക്കപ്പെട്ടു. എന്നാൽ, പാർടി ഇക്കാര്യത്തിൽ സുവ്യക്തമായ നിലപാടാണ‌് സ്വീകരിച്ചത‌്. ഈ കൊലപാതകത്തിൽ പാർടിക്ക‌് ബന്ധമില്ലെന്നും രാ‌ഷ‌്ട്രീയ എതിരാളികളെ ആക്രമിക്കുന്നതും കൊല ചെയ്യുന്നതും പാർടി അംഗീകരിക്കുന്നില്ലെന്നും പാർടിക്കാരായ ആർക്കെങ്കിലും ഇതുമായി ബന്ധമുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നും അർഥശങ്കയ‌്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. ഇത‌് കേവലമായ ഏതെങ്കിലും ഒരു സംഭവത്തിൽനിന്നുളവായ വികാരത്തെ ശമിപ്പിക്കാൻവേണ്ടി നടത്തിയ  പ്രതികരണമായിരുന്നില്ല.

അക്രമം തൊഴിലാളിവർഗ പ്രസ്ഥാനത്തിന‌് ഗുണകരമല്ലെന്ന‌ തിരിച്ചറിവാണ‌് സിപിഐ എമ്മിനുള്ളത‌്.  എന്നാൽ, സിപിഐ എം പ്രവർത്തകർ രാഷ‌്ട്രീയ സംഘർഷങ്ങളുടെ ഭാഗമാകുകയും കേസുകളിൽ പ്രതികളാകുകയും ചെയ്യാറുണ്ട‌്‌. ഇത‌് അവസാനിപ്പിക്കാനുള്ള വ്യക്തമായ തീരുമാനമാണ‌് കഴിഞ്ഞവർഷം തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനം കൈക്കൊണ്ടത‌്. രാഷ‌്ട്രീയ എതിരാളികളാൽ കൊല ചെയ്യപ്പെട്ട 577 രക്തസാക്ഷികളുടെ ബലികുടീരങ്ങളിൽനിന്ന‌് കൊളുത്തിയ ദീപശിഖകളാണ‌് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് സമ്മേളന നഗരിയിലേക്ക‌് എത്തിയത‌്. അക്രമരാഷ‌്ട്രീയത്തിന്റെ ഏറ്റവും വലിയ ഇര സിപിഐ എം ആണെന്നതിന‌് ഇതിൽപ്പരം തെളിവുവേണ്ട.  സമുന്നത നേതാവ‌്  അഴീക്കോടൻമുതൽ പാർടി അനുഭാവികൾവരെയുള്ള നിരവധി പേർ എതിരാളികളുടെ കൊലക്കത്തിയിൽ പിടഞ്ഞുവീണ‌്  ജീവൻ നഷ‌്ടപ്പെട്ട പ്രസ്ഥാനമാണ‌് സിപിഐ എം. മറ്റൊരു പാർടിക്കും  ഇത്രയും വില നൽകേണ്ടിവന്നിട്ടില്ല.  ഈ വസ‌്തുനിഷ‌്ഠ യഥാർഥ്യങ്ങൾ നിലനിൽകുമ്പോഴും പ്രത്യാക്രമണം പാടില്ലെന്ന‌് പറയാൻ സിപിഐ എമ്മിന‌് മാത്രമേ സാധിച്ചുള്ളൂ.

തീരുമാനങ്ങൾ പ്രഖ്യാപനങ്ങളിൽ ഒതുക്കുകയല്ല; പ്രാവർത്തികമാക്കുകയാണ‌് സിപിഐ എമ്മിന്റെ രീതി. തിരിച്ചടിക്ക‌് നിർബന്ധിതമാകുന്ന സാഹചര്യങ്ങളെ മുൻനിർത്തിപ്പോലും രാഷ‌്ട്രീയ അക്രമങ്ങൾ ന്യായീകരിക്കപ്പെട്ടുകൂടാ എന്ന നിലപാടാണ‌് സിപിഐ എം സ്വീകരിച്ചത‌്. പൊതുസമൂഹം ഇതിന‌് എല്ലാ പിന്തുണയും നൽകി

തീരുമാനങ്ങൾ പ്രഖ്യാപനങ്ങളിൽ ഒതുക്കുകയല്ല; പ്രാവർത്തികമാക്കുകയാണ‌് സിപിഐ എമ്മിന്റെ രീതി. തിരിച്ചടിക്ക‌് നിർബന്ധിതമാകുന്ന സാഹചര്യങ്ങളെ മുൻനിർത്തിപ്പോലും രാഷ‌്ട്രീയ അക്രമങ്ങൾ ന്യായീകരിക്കപ്പെട്ടുകൂടാ എന്ന നിലപാടാണ‌് സിപിഐ എം സ്വീകരിച്ചത‌്. പൊതുസമൂഹം ഇതിന‌് എല്ലാ പിന്തുണയും നൽകി. ഏതെങ്കിലും ഒരു  പാർടി വിചാരിച്ചാൽ ഒഴിവാക്കാനാകുന്നതല്ല അക്രമം.  എന്നാൽ, കേരളത്തിലെ ഏറ്റവും വലിയ രാഷ‌്ട്രീയ പാർടിയെന്ന നിലയിൽ ജനങ്ങളോട‌് കൂടുതൽ ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്ന‌് തുറന്നു പ്രഖ്യാപിക്കാൻ സിപിഐ എം മടിക്കുന്നില്ല.  കേരളത്തിന്റെ മണ്ണിൽനിന്ന‌് രാഷ‌്ട്രീയത്തിന്റെ പേരിലുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള സുപ്രധാന ചുവടുവയ‌്പ്പാണ‌് സിപിഐ എം നടത്തിയത‌്.

ഈ ശരിയായ നിലപാട‌് ഉൾക്കൊള്ളാനോ ക്രീയാത്മകമായി പ്രതികരിക്കാനോ കോൺഗ്രസിനോ സഖ്യകക്ഷികൾക്കോ സാധിച്ചില്ല. ഗ്രൂപ്പ‌ിന്റെ പേരിൽ സ്വന്തം പാർടിക്കാരെപോലും കൊലപ്പെടുത്തുന്ന, പാർടി ഒാഫീസുകളിൽ ബലാൽസംഗക്കൊലകൾ നടത്തുന്ന പാർടിയാണ‌് കോൺഗ്രസ‌്‌. അക്രമം അവസാനിച്ചു കാണാനല്ല; അതിന്റെ പേരിൽ മുതലെടുപ്പിനാണ‌് അവരുടെ താൽപ്പര്യം. ബീഡിക്കമ്പനി  ആക്രമിച്ച‌് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷയനുഭവിച്ച മമ്പറം ദിവാകരനും നാൽപാടി വാസുവിനെ വെടിവച്ചു കൊല്ലാൻ നേതൃത്വം നൽകിയ കെ സുധാകരനും  നിലമ്പൂർ രാധ കൊലക്കേസിലെ യഥാർഥ പ്രതികളും ഇപ്പോഴും  കോൺഗ്രസിൽ ഉന്നത നേതാക്കളാണ‌്. ഒരു ശാസനപോലും ഇവർക്ക‌് പാർടി നൽകിയതായി കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ കോൺഗ്രസിൽനിന്ന‌് നന്മ പ്രതീക്ഷിക്കുന്നതിൽ അർഥമില്ല.

പെരിയ സംഭവത്തിൽ സംസ്ഥാന സർക്കാരും സിപിഐ എമ്മും  സ്വീകരിച്ച മാതൃകാപരമായ  നടപടികളുടെ ഗുണഫലം നാടിന‌് ലഭിക്കത്തക്കവിധം എല്ലാ മാധ്യമങ്ങളും വിഷയം കൈകാര്യം ചെയ്യുമെന്ന‌് കരുതിയവർക്ക‌് തെറ്റി. പ്രാദേശികമായി പ്രതികാരബുദ്ധിയോടെ നടന്ന ഒരു സംഭവത്തെ എങ്ങനെ സിപിഐ എം പാർടിക്കും നേതൃത്വത്തിനും  എതിരെ തിരക്കാമെന്ന ഗവേഷണത്തിലായിരുന്നു ഒരു വിഭാഗം അച്ചടി, ദൃശ്യമാധ്യമങ്ങൾ. ക്വട്ടേഷൻ, ഗൂഢാലോചന, കണ്ണൂർ മോഡൽ തുടങ്ങി  സ്ഥിരംചേരുവകൾ  പ്രമുഖ മാധ്യമങ്ങൾ പുറത്തെടുത്തു. പൊലീസാകട്ടെ ഏറ്റവും വേഗത്തിൽ സംഭവത്തിന‌് തുമ്പുണ്ടാക്കാൻ പരിശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ പിറ്റേന്നുതന്നെ ഏഴു പ്രതികളെ  പിടികൂടി. ഇവരെ ഉപയോഗിച്ച‌് തെളിവുകളും ശേഖരിച്ചു.  പ്രതികൾ കുറ്റസമ്മതം നടത്തിയ വിവരവും പുറത്തുവന്നു. പ്രധാന പ്രതിയെ സിപിഐ എം പാർടി  അംഗത്വത്തിൽനിന്ന‌്  പുറത്താക്കുകയുംചെയ‌്തു.

ഇതൊന്നും മുഖവിലയ‌്ക്കെടുക്കാതെ ഏതാനും മാധ്യമങ്ങൾ കൂട്ടംചേർന്ന‌് സിപിഐ എം വിരുദ്ധവാർത്തകൾ ചമയ‌്ക്കുകയായിരുന്നു. സംഭവത്തെ തുടർന്ന‌് പെരിയയിലും പരിസരത്തും സിപിഐ എമ്മിനെതിരെ നടന്ന അക്രമവും കൊള്ളയും ഇവർ മറച്ചുവച്ചു. കൊല്ലപ്പെട്ടവരുടെ വീട‌് മന്ത്രി ചന്ദ്രശേഖരൻ സന്ദൾശിച്ചപ്പോൾ പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചതും സിപിഐ എം നേതാക്കൾ എത്തിയപ്പോൾ നടന്ന കൈയേറ്റ ശ്രമങ്ങളും ആസൂത്രണം ചെയ‌്തത‌് ചില ചാനലുകളുമായി ബന്ധപ്പെട്ടവർ ആയിരുന്നു. മുഖ്യമന്ത്രി എത്തിയാൽ ചാണകം തളിക്കണമെന്ന ഗൂഢാലോചനയ‌്ക്ക‌ുപിന്നിലും ഇവരുണ്ടായിരുന്നു. ഇനിയൊരു കൊലപാതകം ഉണ്ടാകരുതെന്ന സദുദ്ദേശമല്ല ചില മാധ്യമങ്ങളെ നയിച്ചത‌്. തങ്ങൾക്ക‌് വാർത്താവിഭവം ഉറപ്പാക്കാൻ ഒാരോ ദിവസവും പുതിയ സംഭവങ്ങൾ ഉണ്ടാകാൻ പാകത്തിലാണ‌് ഇവർ എരിതീയിൽ എണ്ണ ഒഴിക്കുന്നത‌്. ഇവരുടെ ദുഷ‌്ടചിന്ത ജനങ്ങൾ തിരിച്ചറിഞ്ഞത‌് ചില മാധ്യമങ്ങളെ പുനർചിന്തനത്തിന‌് പ്രേരിപ്പിച്ചിട്ടുണ്ട‌്. പെരിയയിലെ കോൺഗ്രസ‌് അക്രമം മറച്ചുവച്ചതിൽ കുറ്റസമ്മതം നടത്തുകയും ചിലദൃശ്യങ്ങൾ കാണിക്കുകയും ചെയ‌്ത ഏഷ്യാനെറ്റിന്റെ നടപടി സ്വാഗതാർഹമാണ‌്. രാഷ‌്ട്രീയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മുതലെടുപ്പും എല്ലാകാലത്തും ഉണ്ടാകും. മാധ്യമങ്ങളുടെ മൂല്യബോധവും ചുമതലകളുമെല്ലാം കുറച്ചുകൂടി വിശാലമായ വിഷയമാണ‌്.  എന്നാൽ, നാടിന്റെ ഭാവിയെ നിർണയിക്കുന്ന ഇത്തരം സുപ്രധാന സന്ദർഭങ്ങളിൽ ചുരുങ്ങിയത‌് സാമാന്യബോധമെങ്കിലും മാധ്യമങ്ങൾ കൈവിടരുത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top